Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202219Friday

ജെപി നഡ്ഡയുടെ അയൽക്കാരൻ അമിത് ഷായെ കാണാൻ വിസിറ്റിങ് കാർഡ് നൽകിയപ്പോൾ രണ്ടുമണിക്കൂർ കാത്തിരിക്കണമെന്ന്; വെറും അഞ്ചുമിനിറ്റിൽ ഷാ വിളിപ്പിച്ചു; ശേഷം ചരിത്രം; ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്ന പദവിയിൽ എത്തുമ്പോൾ പഴയ അദ്ഭുതക്കുട്ടിക്ക് സന്തോഷം മാത്രം

ജെപി നഡ്ഡയുടെ അയൽക്കാരൻ അമിത് ഷായെ കാണാൻ വിസിറ്റിങ് കാർഡ് നൽകിയപ്പോൾ രണ്ടുമണിക്കൂർ കാത്തിരിക്കണമെന്ന്; വെറും അഞ്ചുമിനിറ്റിൽ ഷാ വിളിപ്പിച്ചു; ശേഷം ചരിത്രം; ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്ന പദവിയിൽ എത്തുമ്പോൾ പഴയ അദ്ഭുതക്കുട്ടിക്ക് സന്തോഷം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഷ്ട്രീയം ഭാഗ്യനിർഭാഗ്യങ്ങളുടെ കലയാണ്. പ്രവചനാതീതമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഭാഗ്യ നിർഭാഗ്യങ്ങൾ എങ്ങനെ കറങ്ങിത്തിരിഞ്ഞു വരുമെന്ന് ആർക്കും പ്രവചിക്കാനും സാധ്യമല്ല. രാഷ്ട്രീയം ഭാഗ്യ നിർഭാഗ്യങ്ങളുടെ കലയാണെന്ന മന്ത്രിക്കൽ രാഷ്ട്രീയക്കാരുടെ മനസ്സിൽ എപ്പൊഴുമുണ്ടാവും. ദേശിയ ഹജ്ജ്കമ്മിറ്റി ചെയർമാനായി ബിജെപി. ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന് മാത്രമല്ല, കേരളത്തിനും, വിശേഷിച്ച് കണ്ണൂരിനും വലിയ അംഗീകാരം തന്നെ.

ഇതാദ്യമായാണ് ദക്ഷിണേന്ത്യയിൽ നിന്ന് ഒരാൾ ഈ പദവിയിലെത്തുന്നത്. ഇ.അഹമ്മദിനുപോലും ലഭിക്കാത്ത അംഗീകാരമാണ് അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചത്. വർഷംതോറും പ്രത്യേക ഹജ്ജ് ക്വാട്ടയിലൂടെ ലക്ഷക്കണക്കിന് ആൾക്കാരാണ് ഹജ്ജിന് പോകുന്നത്. ഇവർക്കുള്ള സേവനസൗകര്യങ്ങളുടെയെല്ലാം ചുക്കാൻ പിടിക്കേണ്ടത് ഹജ്ജ് കമ്മിറ്റി ചെയർമാന്റെ ഉത്തരവാദിത്വം കൂടിയാണ്. മുംബൈയാണ് ആസ്ഥാനം. വരുന്ന 26-ന് ഹജ്ജ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.

ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്ന പദവിയും അപ്രതീക്ഷിതമാണ്. കേരളത്തിൽ ബിജെപി. ലക്ഷ്യംവെക്കുന്ന ന്യൂനപക്ഷരാഷ്ട്രീയ പിന്തുണ തന്നെയാണ് അബ്ദുള്ളക്കുട്ടിക്ക് നൽകിയ ഈ അംഗീകാരത്തിലൂടെ നേതൃത്വം ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഹജ്ജിന് പോകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മറ്റൊന്ന് യു.പി.യാണ്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ള ഹജ്ജ് തീർത്ഥാടകരുടെ എംബാർക്കേഷൻ കേന്ദ്രം കൊച്ചിയാണ്. പുതിയ നിയമനത്തിൽ സന്തോഷവാനാണ് അബ്ദുള്ളക്കുട്ടി. ഇതിൽപ്പരം വലിയൊരു അംഗികാരം കിട്ടാനില്ലെന്നാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. ഹജ്ജ് തീർത്ഥാടകർക്കുവേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഉപാധ്യക്ഷ പദവി ഏറ്റെടുത്തതും സംഭവം

അബ്ദുള്ളക്കുട്ടി ബിജെപിയുടെ ഡൽഹി ആസ്ഥാനത്ത് നിന്ന് പാർട്ടിയുടെ ഉപാധ്യക്ഷ പദം ഏറ്റെടുത്തതും സംഭവമാണ്. കേരളത്തിലെ ബിജെപിക്കാർ ഞെട്ടിയ നിയമനം. സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും പുറത്തായി എങ്ങുമെല്ലാത്ത അവസ്ഥയിൽ ദുബായിൽ ബിസിനസ് ചെയ്യാൻ തീരുമാനിച്ചശേഷം ഡൽഹിയിൽ എത്തിയപ്പോൾ അമിത് ഷായെ കണ്ടതാണ് അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ നിർണ്ണായകമായി മാറിയത്.

ആ നിർണായകമായ കൂടിക്കാഴ്ച തന്നെയാണ് അബ്ദുള്ളക്കുട്ടിയുടെയും കേരള ബിജെപിയുടെയും രാഷ്ട്രീയ ജാതകം തിരുത്തിക്കുറിക്കാൻ ഇടയാക്കിയതും. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളക്കുട്ടിയെ തിരഞ്ഞടുത്തപ്പോൾ ആദ്യം വന്ന ഫോൺ കോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ആയിരുന്നു. രണ്ടേ രണ്ടു മിനിട്ട് മാത്രമാണ് സംസാരിച്ചതെങ്കിലും അബ്ദുള്ളക്കുട്ടി ആ സമയത്ത് വിസ്മയഭരിതനായിരുന്നു.

അമിത് ഷാ പ്രസിഡന്റ് ആയ സമയത്താണ് അബ്ദുള്ളക്കുട്ടി അമിത് ഷായെ നേരിൽ കാണുന്നത്. അതിനു വഴിവേച്ചതോ സിപിഎം എംപിയായ മാറിയ സമയത്ത് അന്ന് എംപിയായിരുന്ന ഇപ്പോഴത്തെ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായുള്ള അടുപ്പവും. അബ്ദുള്ളക്കുട്ടി എംപിയായിരുന്ന സമയത്ത് ഡൽഹിയിലെ എംപി ക്വാർട്ടെഴ്സിൽ അബ്ദുള്ളക്കുട്ടിയുടെ അയൽക്കാരൻ ജെ.പി. നഡ്ഡയായിരുന്നു. നഡ്ഡയുമായുള്ള അന്നത്തെ പരിചയം കാരണമാണ് ബിജെപി അധ്യക്ഷനായ അമിത്ഷായെ നേരിട്ട് കാണാൻ അബ്ദുള്ളകുട്ടിക്ക് ഇടവരുത്തിയത്. മാസങ്ങൾക്ക് മുൻപ് അമിത് ഷാ അധ്യക്ഷൻ ആയ സമയത്ത് അമിത് ഷായെ കാണാൻ പോയപ്പോൾ വിസിറ്റിങ് കാർഡ് ആണ് അബ്ദുള്ളക്കുട്ടി അമിത് ഷായുടെ സെക്രട്ടറിക്ക് നീട്ടിയത്.

വിസിറ്റിങ് കാർഡ് കണ്ടപ്പോൾ രണ്ടു മണിക്കൂർ കഴിഞ്ഞാൽ അമിത് ഷായെ കാണാം എന്നാണ് സെക്രട്ടറി പറഞ്ഞത്. സെക്രട്ടറിയുടെ രണ്ടു മണിക്കൂർ അമിത് ഷായ്ക്ക് വെറും അഞ്ചു മിനിറ്റായിരുന്നു. വിസിറ്റിങ് കാർഡ് കൈമാറി വെറും അഞ്ചു മിനിട്ട് കൊണ്ടാണ് അമിത് ഷായെ സന്ദർശിക്കാൻ അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞത്. ഈ സന്ദർശനം മാറ്റിയത് അബ്ദുള്ളക്കുട്ടിയുടെ തലക്കുറി തന്നെയാണ്. വിസിറ്റിങ് കാർഡ് കണ്ടു കണ്ണ് തള്ളിയ അമിത് ഷാ വെറും അഞ്ചു മിനിട്ട് കൊണ്ടാണ് അബ്ദുള്ളക്കുട്ടിക്ക് കൂടിക്കാഴ്ച അനുവദിച്ചത്. രണ്ടു തവണ കണ്ണൂരിലെ സിപിഎം എംപി, എസ്എഫ്ഐയുടെ മുൻ സംസ്ഥാന പ്രസിഡന്റ്, സിപിഎം കോട്ടയായ കണ്ണൂരിൽ രണ്ടു തവണ കോൺഗ്രസ് നിയമസഭാംഗം. ഇതെല്ലാമായ അബ്ദുള്ളക്കുട്ടിയാണ് അമിത് ഷായെ കാണാൻ വന്നത്.

അബ്ദുള്ളക്കുട്ടിയുടെ സംസാരം ഞെട്ടിച്ചത് അമിത് ഷായെയാണ്. രാഷ്ട്രീയത്തിൽ ഒന്നുമല്ലാത്ത അവസ്ഥയാണ്. ദുബായിൽ ബിസിനസ് ചെയ്യാൻ പോവുകയാണ് എന്നാണ് അമിത് ഷായോടു അബ്ദുള്ളക്കുട്ടി പറഞ്ഞത്. ഈ ലക്ഷ്യത്തോടെയാണ് അബ്ദുള്ളക്കുട്ടി ഡൽഹിയിൽ എത്തിയതും. സംസാരമധ്യെ അമിത് ഷാ ചോദിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നോ എന്നും. പ്രധാനമന്ത്രിയല്ലേ അങ്ങനെ കാണാൻ കഴിയുമോ എന്നാണ് അബ്ദുള്ളക്കുട്ടി തിരിച്ചു ചോദിച്ചത്. പിന്നെയെല്ലാം ചടുല വേഗത്തിലായിരുന്നു. അമിത് ഷാ സെക്രട്ടറിയെ വിളിക്കുന്നു. അമിത് ഷായുടെ കാറ് തയ്യാറാകുന്നു. സെക്രട്ടറി അമിത് ഷായുടെ കാറിൽ അബ്ദുള്ളക്കുട്ടിയെ കൂട്ടി പ്രധാനമന്ത്രിയെ കാണാൻ പോകുന്നു. കുറച്ച് നേരമുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞത് ദുബായിൽ ഒന്നും പോകേണ്ടതില്ല. രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുമില്ലാ എന്നായിരുന്നു. മോദി സ്തുതി കാരണം സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും പുറത്തായ അബ്ദുള്ളക്കുട്ടിയാണ് തന്റെ മുന്നിൽ ഉള്ളത് എന്ന വസ്തുത മോദിക്ക് അറിയാമായിരുന്നു. പോകുമ്പോൾ നേരെ അമിത് ഷായെ തന്നെ കാണാനാണ് മോദി പറഞ്ഞത്. പിന്നീടുള്ളത് ചരിത്രവുമായി..

അമിത് ഷായോട് അബ്ദുള്ളക്കുട്ടി പറഞ്ഞത് എനിക്ക് ബിജെപിയോട് ഒരു എതിർപ്പും ഇല്ലെന്നും ബിജെപിയിൽ ചേരാൻ സന്തോഷം ആണെന്നുമായിരുന്നു. എങ്കിൽ ബിജെപിയിൽ മെമ്പർഷിപ്പ് എടുത്തുകൂടെ എന്ന് ചോദിച്ചപ്പോൾ കേരളത്തിൽ പോയി മെമ്പർഷിപ്പ് എടുക്കാം എന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. കേരളത്തിലെ അവസ്ഥ അറിയാമായിരുന്ന അമിത് ഷാ ചിരിച്ചുകൊണ്ട് പറഞ്ഞത് മെംബർഷിപ്പ് എടുക്കാനായി കേരളത്തിൽ ഒന്നും പോകേണ്ട. ഇവിടെ നിന്ന് തന്നെ മെമ്പർഷിപ്പ് നൽകും എന്നായിരുന്നു. അമിത് ഷാ പ്രസിഡന്റും ജെ.പി.നഡ്ഡ വർക്കിങ് പ്രസിഡനറും ആയിരുന്ന സമയത്ത് പഴയ സുഹൃത്തായ നഡ്ഡയിൽ നിന്നാണ് മെമ്പർഷിപ്പ് അബ്ദുള്ളക്കുട്ടി ഏറ്റുവാങ്ങിയത്. അത് 2019 ജൂണിലായിരുന്നു. അതിന്റെ തുടർച്ചയായി അബ്ദുള്ളക്കുട്ടിയെ തേടിവന്നതാണ് ബിജെപി ദേശീയ ഉപാദ്ധ്യക്ഷ സ്ഥാനം. ഇപ്പോൾ ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവിയും.

അംഗീകാരങ്ങൾ അപ്രതീക്ഷിതം

അംഗീകാരങ്ങൾ പലപ്പോഴും അപ്രതീക്ഷിതമായിരുന്നു അബ്ദുള്ളക്കുട്ടിക്ക്. സിപിഎമ്മിൽ വളരെ തുടക്കത്തിൽത്തന്നെ എംപി. ആയ അദ്ദേഹം രണ്ടുതവണ തുടർന്നു. പിന്നീട് കോൺഗ്രസിലെത്തിയ അദ്ദേഹം രണ്ടുതവണ എംഎ‍ൽഎ. ആയി. അതിനുശേഷമാണ് അപ്രതീക്ഷിതമായി എല്ലാവരെയും ഞെട്ടിച്ച് അബ്ദുള്ളക്കുട്ടി ബിജെപി.യിലെത്തിയത്. ലക്ഷദ്വീപിന്റെ ചുമതലയുള്ള പ്രഭാരിയുമാണ് ഇപ്പോൾ അബ്ദുള്ളക്കുട്ടി.

അരുവാനപ്പള്ളി പുതിയപുരക്കൽ അബ്ദുള്ളക്കുട്ടി എന്ന എ.പി. അബ്ദുള്ളക്കുട്ടി, അഞ്ച് തവണ കണ്ണൂരിൽ നിന്ന് ലോക്സഭാ അംഗമായ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ 1999ലും 2004ലും ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതോടെയാണ് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. 2009ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രശംസിച്ചതിന് സിപിഎമ്മിൽ നിന്ന് പുറത്താക്കി. തുടർന്ന് കോൺഗ്രസ് അംഗമായി. 2009ലും 2011ലും കോൺഗ്രസ് പ്രതിനിധിയായി കണ്ണൂരിൽ നിന്ന് നിയമസഭയിലെത്തി.

1967 മെയ് എട്ടിന് കണ്ണൂർ ജില്ലയിലെ നാറാത്ത് പഞ്ചായത്തിൽ ടി.പി. മൊയ്തീന്റെയും എ.പി. സൈനബയുടെയും അഞ്ചു മക്കളിൽ മൂന്നാമനായാണ് അബ്ദുള്ളക്കുട്ടിയുടെ ജനനം. നാറാത്ത് എൽപി സ്‌കൂൾ, കമ്പിൽ മാപ്പിള ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ
നിന്നായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്എൻ കോളേജിൽ നിന്ന് പ്രീഡിഗ്രിയും മലയാളത്തിൽ ബിരുദവും നേടി. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നു നിയമബിരുദവും നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP