Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാഗ്ദാദിയെ ഒറ്റിയ ചാരന് കിട്ടുക 25 മില്യൺ യുഎസ് ഡോളർ; 178 കോടിയോളം രൂപ വരുന്ന തുക പോകുന്നത് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസിലെ ഒരംഗത്തിന്; ഡിഎൻഎ പരിശോധനക്കായി അടിവസ്ത്രം മോഷ്ടിച്ച് ബാഗ്ദാദിയെന്ന് ഉറപ്പിച്ചതും ഈ പേരുവെളിപ്പെടാത്ത ചാരൻ തന്നെ; രണ്ടും കൽപ്പിച്ച് ഇറങ്ങിയത് ഐഎസിന്റെ ആക്രമണത്തിൽ അടുത്ത ബന്ധു കൊല്ലപ്പെട്ടതോടെ; ആഗോള ഭീകരതയുടെ രാജാവിനെ അമേരിക്ക ആവിയാക്കിയത് കൃത്യമായ ചാരവലയം തീർത്ത്

ബാഗ്ദാദിയെ ഒറ്റിയ ചാരന് കിട്ടുക 25 മില്യൺ യുഎസ് ഡോളർ; 178 കോടിയോളം രൂപ വരുന്ന തുക പോകുന്നത് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസിലെ ഒരംഗത്തിന്; ഡിഎൻഎ പരിശോധനക്കായി അടിവസ്ത്രം മോഷ്ടിച്ച് ബാഗ്ദാദിയെന്ന് ഉറപ്പിച്ചതും ഈ പേരുവെളിപ്പെടാത്ത ചാരൻ തന്നെ; രണ്ടും കൽപ്പിച്ച് ഇറങ്ങിയത് ഐഎസിന്റെ ആക്രമണത്തിൽ അടുത്ത ബന്ധു കൊല്ലപ്പെട്ടതോടെ; ആഗോള ഭീകരതയുടെ രാജാവിനെ അമേരിക്ക ആവിയാക്കിയത് കൃത്യമായ ചാരവലയം തീർത്ത്

മറുനാടൻ ഡെസ്‌ക്‌

 വാഷിങ്ടണ്: ഇസ്ലാമികക്ക് സ്റ്റേറ്റ് തലവൻ അബൂബക്കൽ അൽബാഗ്ദാദിയെ തീർക്കാനുള്ള യുഎസ് ഓപ്പറേഷനിൽ ഏറ്റവും നിർണ്ണായകമായത് സിഐഐയുടെ ഇന്റലിജൻസ് തന്നെ. ബാഗ്ദാദിയെ ഒറ്റിയ ചാരന് കിട്ടുക 25 മില്യൺ യുഎസ് ഡോളർ അഥവാ 178 കോടിയോളം രൂപയാണ്. വൈറ്റ്ഹൗസോ, പെന്റഗണ്ണോ, സിഐഎയോ ഒന്നും ഇക്കാര്യം സ്ഥരീകരിച്ചിട്ടില്ലെങ്കിലും ഐഎസിനെതിരെ പോരാടുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസിലെ ഒരംഗത്തിനാണ് ഈ തുക ലഭിക്കുക എന്നാണ് വിദേശമാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്. ഡിഎൻഎ പരിശോധനക്കായി അടിവസ്ത്രം മോഷ്ടിച്ച് ഇത് ബാഗ്ദാദിയെന്ന് ഉറപ്പിച്ചതും ഈ പേരുവെളിപ്പെടാത്ത ചാരൻ തന്നെയാണ്.

സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ ഒളിത്താവളവും സിറിയൻ അതിർത്തിയിൽ കൂടുതൽ സുരക്ഷ തേടി ബാഗ്ദാദി നീങ്ങാനിടയുള്ള വിവരവും യുഎസ് സേനയ്ക്ക് കൈമാറിയത് ഇയാളായിരുന്നു. ബാഗ്ദാദിയെ സൈന്യം വളയുന്ന സമയത്തും ഇയാൾ അവിടെയുണ്ടായിരുന്നതായാണ് യുഎസ് നൽകുന്ന വിവരം. മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച ബാഗ്ദാദിക്കായുള്ള തിരച്ചിലിന് വ്യക്തമായ രൂപരേഖ നൽകിയത് ഈ ചാരൻ നൽകിയ നിർണായക വിവരമാണ്. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ യുഎസ് പുറത്തു വിട്ടിട്ടില്ലെങ്കിലും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസിലെ ഒരംഗമാണ് ഇയാളെന്ന് സൂചനകളുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങൾ കടത്തിയതും ഇയാളാണെന്ന് എസ്ഡിഎഫ് മേധാവി ജനറൽ മസ്ലൂം ആബ്ദി മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തിൽ അടുത്ത ബന്ധു കൊല്ലപ്പെട്ടതോടെയാണ് ഇയാൾ ഐഎസ് എന്ന ഭീകരസംഘടനയ്‌ക്കെതിരെ പ്രവർത്തിക്കാനാരംഭിച്ചത്. ഇയാളുടെ കായികവും മാനസികവുമായ വൈദഗ്ധ്യം എസ്ഡിഎഫ് ഉപയോഗപ്പെടുത്തി. കുർദുകൾ നേതൃത്വം നൽകുന്ന സൈനികസംഘത്തിലെ ഒരു പ്രധാനിയായിരുന്നു ഇയാളെന്നാണ് വിവരം. ഒക്ടോബർ 26 ന് ബാഗ്ദാദിയുടെ വധത്തിന് ശേഷം ഇയാൾ കുടുംബാംഗങ്ങളോടൊപ്പം ഇദ്‌ലിബിൽ നിന്ന് രക്ഷപ്പെട്ടതായി പറയപ്പെടുന്നു. പെന്റഗണോ വൈറ്റ്ഹൗസോ ചാരന്റെ ഈ പ്രത്യേക സഹായത്തെ കുറിച്ച് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ബാഗ്ദാദിയെ ഇല്ലാതാക്കാൻ ലഭിച്ച എസ്ഡിഎഫിന്റെ സഹായത്തിന് യുഎസ് നന്ദി പ്രകടിപ്പിച്ചിരുന്നു. ബാഗ്ദാദിയെ കുറിച്ചുള്ള വ്യക്തിഗതവിവരങ്ങൾ ചാരൻ നൽകിയതായാണ് അനൗദ്യോഗികവിവരം. ഇയാളുടെ സഹായം ലഭ്യമായിരുന്നില്ലെങ്കിൽ ഒരു പക്ഷേ ബാഗ്ദാദിയെ വധിക്കുക എന്ന യുഎസ് ലക്ഷ്യം ഇപ്പോൾ നടപ്പിലാകുമായിരുന്നില്ല എന്ന സൂചന ഔദ്യോഗികവൃത്തങ്ങൾ കൈമാറി.

ഇയാളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പല ദിക്കുകൾ കേന്ദ്രീകരിച്ച് ബാഗ്ദാദിക്കായി നടത്തിയിരുന്ന അന്വേഷണം ബാരിഷയിലെ ഇദ്‌ലിബ് പ്രവിശ്യയിലേക്ക് ചുരുക്കാൻ യുഎസ് സൈന്യത്തെ സഹായിച്ചത്. നിറയെ തുരങ്കങ്ങൾ നിറഞ്ഞ സ്ഥലത്ത് സുരക്ഷിതനാണെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും കൂടുതൽ സുരക്ഷയ്ക്കായി സിറിയൻ അതിർത്തിയിലേക്ക് നീങ്ങാനൊരുങ്ങിയിരുന്ന ബാഗ്ദാദിയെ എന്നേക്കുമായി ഇല്ലായ്മ ചെയ്യാൻ സഹായിച്ച ആൾക്ക് മികച്ച പ്രതിഫലം നൽകാൻ തന്നെയാണ് യുഎസ് തീരുമാനം.

അതേസമയം വർഷങ്ങളായി ബാഗ്ദാദിയുടെ അനുയായി ആയി നടന്ന വിശ്വസ്തൻ അൽ എതാവിയും യുഎസിന് നിർണ്ണായക വിവരങ്ങൾ കൈമാറിയിട്ടുണ്ട്്. ലക്ഷക്കണക്കിന് ഡോളറാണ് ഇയാളും ഈ വിവരത്തിന് പ്രതിഫലം കൈപ്പറ്റിയതായണ്് അറിയുന്നത്. അൽ എതാവി എന്നപേരുപോലും വ്യാജമാണെന്നും യഥാർഥ പേര് സുരക്ഷാഭീഷണിയെ തുടർന്ന് അധികൃതർ മറച്ചുവെക്കുകയാണെന്നുമാണ് പറയുന്നത്. ഐഎസിന്റെ ബുദ്ധികേന്ദ്രങ്ങളിൽ ഒന്നായിരുന്ന ഇദ്ദേഹം. ഇടക്കാലത്ത് ബാഗ്ദാദിയോട ഇയാൾക്ക് തോന്നിയ പകയും ഐഎസ് വിട്ടുവരണമെന്ന് ആഗ്രഹവും ഇറാഖി- യുഎസ് ഇന്റലിജൻസ് കേന്ദ്രങ്ങൾ മുതലെടുക്കുകായിരുന്നു.

ബാഗ്ദാദിക്ക് യുഎസ് വൻ തുക വിലയിട്ടതറിഞ്ഞ് ചില ഇറാഖി ഉദ്യോഗസ്ഥർ വഴി ഇയാൾ സമീപിക്കയായിരുന്നെന്നാണ് പറയുന്നത്. വേഷം മാറി നടക്കുന്ന ബാഗ്ദാദിയെ തിരിച്ചറിഞ്ഞതും ഇയാൾ തന്നെയാണ്.വർഷങ്ങളായി എവിടെയാണെന്നു പോലും അറിയാതിരുന്ന ബഗ്ദാദിയുടെ രക്ഷപ്പെടൽ രീതികളടക്കം ഇന്റലിജൻസിന് ഇങ്ങനെയാണ് ലഭിച്ചത്. ഭീകര തലവൻ പല അവസരങ്ങളിലും നിർണായക ചർച്ചകൾ അടുത്ത സഹായികളുമായി നടത്താറുണ്ടായിരുന്നു. പച്ചക്കറികൾ നിറച്ച ബസുകളിൽ സഞ്ചരിച്ചുകൊണ്ടായിരുന്നു ഈ ചർച്ചകൾ നടന്നിരുന്നത്. മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ടു കടന്നു കളയുന്നതിനായിരുന്നു ഇത്തരം യാത്രകൾ. തുർക്കിയുടെ പിടിയിലായ ശേഷം ഇറാഖിന് കൈമാറിയ ഇസ്മായിൽ അൽ എതാവിയാണ് ബഗ്ദാദിയുടെ രഹസ്യ നീക്കങ്ങൾ എങ്ങനെയാണെന്നു വെളിപ്പെടുത്തിയത്. താനുൾപ്പെടെ അഞ്ചു പേരുടെ വിവരങ്ങളാണ് എതാവി കൈമാറിയത്. സിറിയ ഉൾപ്പെടെ ഭീകര തലവനുമായി കൂടിക്കാഴ്ച നടത്തുന്ന ഇടങ്ങളുടെ വിവരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർക്കു ലഭിച്ചു.

ബഗ്ദാദിയെ എങ്ങനെ കണ്ടെത്തുമെന്നു തല പുകച്ചുകൊണ്ടിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കു ലഭിച്ച നിർണായക സഹായമായിരുന്നു എതാവി. ഇസ്ലാമിക് സയൻസിൽ പിഎച്ച്ഡി ഉള്ള എതാവി ഐഎസ് മേധാവിയുടെ അഞ്ചു പ്രധാന സഹായികളിൽ ഒരാളാണ്. 2006 അൽ ഖായ്ദയിൽ ചേർന്ന ഇയാളെ 2008ൽ യുഎസ് സൈന്യം പിടികൂടി. തുടർന്ന് നാലു വർഷത്തോളം ഇയാൾ ജയിൽ വാസത്തിലായിരുന്നെന്നും ഇറാഖി ഉദ്യോഗസ്ഥർ പറയുന്നു. മതപരമായ നിർദ്ദേശങ്ങൾ നൽകുന്നതിനും കമാൻഡർമാരെ തിരഞ്ഞെടുക്കുന്നതിനുമാണ് ഇസ്മായിൽ എതാവിയെ ബഗ്ദാദി ഉപയോഗിച്ചിരുന്നത്. 2017ൽ ഐഎസിനു വൻ തിരിച്ചടിയേറ്റപ്പോൾ ഭാര്യയോടൊപ്പം എതാവി സിറിയയിലേക്കു കടന്നു.

2019ൽ യുഎസ്, തുർക്കി, ഇറാഖ് ഇന്റലിജൻസ് ഏജൻസികൾ സംയുക്തമായി നടത്തിയ നീക്കത്തിൽ നാല് ഇറാഖികളെയും ഒരു സിറിയക്കാരനെയും പിടികൂടി. ഭീകര സംഘടനയുടെ മുതിർന്ന നേതാക്കളായിരുന്നു പിടിയിലായവരെല്ലാം. ഇവരിൽനിന്നു സിറിയയിൽ ബഗ്ദാദി എത്തുന്ന സ്ഥലങ്ങളെക്കുറിച്ചെല്ലാം കൃത്യമായ വിവരങ്ങൾ ലഭ്യമായി. ഈ പ്രദേശങ്ങളിൽ ആൾക്കാരെയും നിയോഗിച്ചു. തുടർന്ന് 2019ന്റെ പകുതിയോടെ ഇദ്‌ലിബാണ് ബഗ്ദാദിയുടെ ഒളിസങ്കേതമെന്നു വ്യക്തമായി. കുടുംബവും മൂന്ന് സഹായികളുമൊത്ത് ഇവിടെ ബഗ്ദാദി ഗ്രാമങ്ങൾ തോറും സഞ്ചരിക്കുകയാണെന്ന വിവരം ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP