Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202228Wednesday

ഭാര്യയുടെ പ്രസവശുശ്രുഷക്ക് എത്തിയ വേലക്കാരി ഗർഭിണിയായത് മാർക്സിൽ നിന്ന്; സുഹൃത്തിനുവേണ്ടി ഗർഭം ഏറ്റെടുത്തത് ഏംഗൽസ്; കുഞ്ഞിനെ ദരിദ്ര കുടുംബത്തെ വളർത്താൻ എൽപ്പിച്ചു; സ്വത്തിൽ ചില്ലിക്കാശ് കൊടുത്തില്ല; മാർക്സിന്റെ ലൈംഗിക ജീവിതം ചർച്ചയാവുമ്പോൾ

ഭാര്യയുടെ പ്രസവശുശ്രുഷക്ക് എത്തിയ വേലക്കാരി ഗർഭിണിയായത് മാർക്സിൽ നിന്ന്; സുഹൃത്തിനുവേണ്ടി ഗർഭം ഏറ്റെടുത്തത് ഏംഗൽസ്; കുഞ്ഞിനെ ദരിദ്ര കുടുംബത്തെ വളർത്താൻ എൽപ്പിച്ചു; സ്വത്തിൽ ചില്ലിക്കാശ് കൊടുത്തില്ല; മാർക്സിന്റെ ലൈംഗിക ജീവിതം ചർച്ചയാവുമ്പോൾ

എം റിജു

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം കെ മുനീർ, എംഎസ്എഫ് ക്യാമ്പിൽ കാൾ മാർക്സിനെ അധിക്ഷേപിച്ചുവെന്നതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ വിവാദം നടക്കുന്ന സമയമാണിത്. മാർക്സ് കടുത്ത മദ്യപാനിയും, വേലക്കാരിയിൽ കുഞ്ഞിനെ ഉണ്ടാക്കിയ ആളുമാണെന്നാണ് മുനീർ ഉയർത്തിയ വിമർശനം. പക്ഷേ വിഷയത്തിന്റെ മെറിറ്റിലേക്ക് കടക്കുമ്പോൾ സംഭവം സത്യമാണെന്ന് കാണാം. ഇത് നേരത്തെ വാർത്തയായതാണ്.

മാർക്സിന്റെ ആരും അത്രയൊന്നും അറിയാത്ത സ്വകാര്യ ജീവിതത്തിലേക്ക് വെളിച്ചും വീശിയത്, പ്രസിദ്ധ അന്വേഷണാത്മക പത്രപ്രവർത്തകയായ മേരി ഗബ്രിയേൽ, എഴുതിയ ലൗവ് ആൻഡ് കാപ്പിറ്റൽ എന്ന പുസ്തകമാണ്. മാർക്സിന് വേലക്കാരിയിൽ ഉണ്ടായ കുട്ടി എവിടെയാണെന്നുപോലും പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട്. കേരളത്തിൽ പ്രണയത്തിന്റെയും കാൽപ്പനികതയുടെയും ഐക്കൺ കൂടിയാണ് കാൾ മാർക്സ്. അദ്ദേഹം ഭാര്യ ജെന്നിക്ക് എഴുതിയ പ്രണയ കവിതകളൊക്കെ ഇവിടെയും ബെസ്റ്റ് സെല്ലറാണ്. എന്നാൽ ഏത് മനുഷ്യസഹജമായ എല്ലാ സ്വഭാവിവിശേഷങ്ങളും ഉള്ളവരായിരുന്നു, മാർക്സും ഏംഗൽസും. അവർ കേരളത്തിലെ ചില കമ്യൂണിസ്റ്റുകാർ ഇന്ന് പ്രകടിപ്പിക്കുന്നപോലെ ദൈവങ്ങൾ ഒന്നും ആയിരുന്നില്ല. മാത്രമല്ല, 150 വർഷങ്ങൾക്കു മുമ്പ് യൂറോപ്പിലെ സമൂഹം ഇന്നത്തെ കേരള സമൂഹത്തേക്കാൾ മികച്ചതായിരുന്നു. ഉഭയസമ്മതേത്തോടെയുള്ള ലൈംഗിക ബന്ധങ്ങൾ അവിടെ പീഡനങ്ങൾ ആയിരുന്നില്ല.

പട്ടിണിയും ദാരിദ്ര്യവുമായി ആ യുവത്വം

1843 ജൂൺ 19 നാണ് കാൾ മാർക്സും പ്രഭുകുമാരിയായ ജെന്നിവോൺ വെസ്റ്റ്ഫാലനും വിവാഹിതരായത്. 25കാരൻ കാൾ, ജെന്നിയെ വിവാഹം ചെയ്യുമ്പോൾ അവർക്ക് 29 വയസ്സുണ്ട്. ജെന്നി, മാർക്സിന്റെ ഏഴു മക്കൾക്ക് ജന്മം നൽകി. അവസാനത്തെ പ്രസവ സമയത്ത് ജെന്നിക്ക് 43 വയസ്സായിരുന്നു. പതിനാലു വർഷങ്ങൾക്കിടയിലായിരുന്നു ഏഴ് പ്രസവങ്ങൾ. ഇതിൽ മൂന്ന് കുട്ടികൾ മരിച്ചുപോയി. പട്ടിണിയും ദാരിദ്രവുമായിരുന്നു അക്കാലത്ത് ആ കുടുംബത്തെ നയിച്ചത്. ഈ കാര്യങ്ങളൊക്കെ ലൗവ് ആൻഡ് കാപ്പിറ്റൽ എന്ന പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്.

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താതെയും തൊഴിലൊന്നും എടുക്കാതെയും മദ്യപാനവും എഴുത്തുമായി മാർക്സ് നടന്നപ്പോൾ ഭാര്യ ജെന്നി വല്ലാതെ പ്രയാസപ്പെട്ടുവെന്ന പുസ്തകം ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഇതിനിടയിൽ വേണ്ട പരിചരണവും ചികിത്സയും ലഭിക്കാതെ മക്കൾ പലതും മരണപ്പെട്ടുകൊണ്ടിരുന്നു. മൂലധനം എഴുതി പൂർത്തിയാക്കുമ്പോൾ മാർക്സിന് അവശേഷിച്ചത് മൂന്ന് പെൺകുട്ടികളാണ്. പിന്നെ വേലക്കാരിയിൽ ഉണ്ടായ അവിഹിത ജന്മമായ ചിത്രത്തിലില്ലാത്ത ഫ്രെഡ്ഡിയും.

രണ്ടാം കുഞ്ഞിന്റെ ജന്മമടുത്ത അവസരത്തിലായിരുന്നു, ജെന്നിയുടെ അമ്മ മകളെ സഹായിക്കാനും കുട്ടികളെ പരിചാരിക്കാനുമായി ഹെലെൻ ദിമെത്തി എന്ന വേലക്കാരിയെ (കൊച്ചുലെൻ ) ബ്രസൽസിലേക്ക് അയച്ചത്. 1845 ഏപ്രിലിൽ. ചെമ്പൻ മുടിയും നീലക്കണ്ണുകളുമുള്ള ഹെലെൻ സുന്ദരിയായിരുന്നു. അവിടെ വരുമ്പോൾ വയസ്സ് ഇരുപത്തഞ്ച്. മാർക്സിനേക്കാൾ രണ്ട് വയസ്സ് ഇളപ്പം. തന്റെ പതിനൊന്നാം വയസ്സ് മുതൽ ജെന്നിയുടെ വീട്ടിൽ പരിചാരികയായിരുന്ന അവൾ സ്വയം ആ കുടുംബത്തിനു വേണ്ടി സമർപ്പിച്ചു. വിവാഹാലോചനകൾ എല്ലാം ഒഴിവാക്കി. ഹെലൻ പിന്നീട് മാർകസിന്റെ ജീവിതത്തിൽ നിറഞ്ഞു നിന്നു. ഹെലൻ കടന്നുവരുന്ന അക്കാലത്ത് തന്നെയായിരുന്നു മാർക്സുമായി എംഗൽസ് അടുത്ത സൗഹൃദം സ്ഥാപിക്കുന്നത്. അവർ പിന്നീട് ഇരുകൈകളായി ജീവിച്ചു. ആദർശ ജീവിതത്തിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും കുടുംബ കാര്യങ്ങളിലും. മാർക്സിന്റെ കുടുംബജീവിതത്തിലെ കാറ്റിനും കോളിനും ഒരുപോലെ സാക്ഷിയായ രണ്ട് വ്യക്തിത്വങ്ങൾ എംഗൽസ്, ഹെലെൻ എന്നിവരാണെന്ന് പറയാം. മാർക്സിന്റെ മരണാനന്തരം ഹെലൻ എംഗൽസിനൊപ്പമായിരുന്നു.

ഗർഭം ഏറ്റെടുത്ത് ഏംഗൽസ്

ജെന്നി ഇല്ലാത്ത പല അവസരങ്ങളും മാർക്സ്, കൊച്ചുലെൻ എന്ന വേലക്കാരിയുമായി അടുത്തു. ഇതിന്റെ ഫലമായി അവൾ ഗർഭിണിയായി. 1851 ജൂൺ 23 ന്. ഒരാൺകുഞ്ഞിന് ജന്മം നൽകി. ഹെന്റി ഫെഡറിക്ക് എന്ന് പേരിട്ടു. ആറാഴ്ച കഴിഞ്ഞ് ജനനം രജിസ്റ്റർ ചെയ്യുമ്പോൾ അമ്മ കുട്ടിയുടെ അച്ഛന്റെ പേര് കൊടുത്തില്ല. അവൻ ഫ്രെഡറിക്ക് ഡിമത്ത് എന്ന് അമ്മയുടെ കുടുംബപ്പേര് കുട്ടിയുടെ ചേർത്തു അറിയപ്പെട്ടു.

ഗർഭം പ്രകടമായപ്പോൾ തന്നെ ആ കുടുംബത്ത് പ്രശ്നങ്ങൾ തലപൊക്കുക സ്വാഭാവികം. കുട്ടിയുടെ അച്ഛൻ താനല്ലെന്ന് വരുത്താനുള്ള മാർക്സിന്റെ ശ്രമങ്ങൾ പാളുന്നുണ്ടായിരുന്നു. സൽപ്പേരിനെക്കുറിച്ച് വലിയ ആധിയൊന്നുമില്ലാതിരുന്ന എംഗൽസ് തന്റെ രാഷ്ട്രീയ സൈദ്ധാന്തികന്റെ മുഖം രക്ഷിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. പിതൃത്വം ഏറ്റെടുക്കാനുള്ള ധീരത കാണിച്ചില്ലെങ്കിലും, ജെന്നിയെയും കുട്ടികളെയും മറ്റു ബന്ധപ്പെട്ടവരെയും അങ്ങനെ തെറ്റിദ്ധരിപ്പിക്കാനുള്ള അടവുകൾ അയാൾ കാണിച്ചു. സുഹൃത്തിനെ തൽക്കാലം മുഖപടമണിയിച്ചു. കുലീനയും സഹന ശീലയുമായ ജെന്നിയുടെ പക്വമായ നിലപാട് നിമിത്തം കുടുംബത്ത് പറയത്തക്ക പ്രശ്നങ്ങൾ ഉണ്ടായില്ല. അവളെ പറഞ്ഞു വിടുകയെന്ന കടുത്ത തീരുമാനം സ്വാഭാവികമായും ചർച്ചയ്ക്ക് വരും. അതിനുമുന്നേ, അവൾ ആ കുഞ്ഞിനെ കിഴക്കൻ ലണ്ടനിലെ ലെവി എന്നറിയപ്പെട്ട ദരിദ്ര കുടുംബത്തെ ഏൽപിച്ചു. അങ്ങനെ ആ കുഞ്ഞിന് അമ്മയും ഇല്ലാതായി. ( നേരത്തെ കേരളം ചർച്ച ചെയത് അനുപമ സംഭവം ഓർത്തുനോക്കുക. ചരിത്രം ആവർത്തിക്കുന്നു)

മാർക്‌സിന്റെ മദ്യോത്സവങ്ങൾ

മാർസിനെ ഒരു തികഞ്ഞ മദ്യപാനിയായും പുസ്തകം ചിത്രീകരിക്കുന്നു. ജെന്നി കൂടെയില്ലാത്ത ഘട്ടം പലതവണ ഉണ്ടായിട്ടുണ്ട്. മാർക്സിന്റെ മദ്യോൽസവ നാളുകൾ ആയിരിക്കും ആ ദിനങ്ങൾ. കൂട്ടുകാരായ ലീബ്നിറ്റിക്, എഡ്ഗാർ ബോവർ എന്നിവരോടൊപ്പം ചേർന്നുള്ള മദ്യോത്സവ നാളുകൾ അവിസ്മരണീയങ്ങളാണ്. വഴിയിലുള്ള എല്ലാ പബ്ബിലും കയറി കുടിക്കുക എന്നതായിരുന്നു രീതി. വഴിയിൽ കാണുന്ന ചരൽക്കല്ലുകൾ എടത്ത് കണ്ടിടത്തേക്ക് എറിഞ്ഞും ബഹളം വെച്ചും നിരത്തുകളിൽ ഇഴഞ്ഞാണ് അവർ നീങ്ങുകയെന്ന് ലൗ ആൻഡ് കാപ്പിറ്റിൽ എന്ന പുസ്തകം പറയുന്നു. നാലഞ്ച് വഴിവിളക്കുകൾ കല്ലേറിഞ്ഞ് അവർ പൊട്ടിച്ചിരിക്കും. ഒരിക്കൽ കള്ളുകുടിയന്മാരുടെ കൂട്ടത്തിൽ വെച്ച് ഒരു ഇംഗ്ലീഷ്‌കാരൻ അപമാനിച്ചതിന് എംഗൽസ് അയാളെ കുടകൊണ്ട് കണ്ണിനു കുത്തിയതും നഷ്ടപരിഹാരം അടയ്ക്കേണ്ടി വന്നതും സംഭവിച്ചതാണ്.യങ്ങ് കാൾ മാർക്സ് എന്ന സിനിമയിലും ഈ സംഭവങ്ങൾ പറയുന്നുണ്ട്.

സത്യത്തിൽ ഏംഗൽസിന്റെ ചെലവിലാണ് മാർകസ് ജീവിച്ചതുപോലും. എംഗൽസ് വിവാഹം കഴിച്ചിരുന്നില്ല. രണ്ട് ദശകത്തോളം കൂടെ ജീവിച്ചിരുന്ന മേരി ബേൺസിനെ എംഗൽസ് വിവാഹം ചെയ്തിട്ടില്ലായിരുന്നു. മേരിക്ക് ശേഷം 'ഭാര്യ'യായി ഉണ്ടായിരുന്ന മേരിയുടെ സഹോദരി ലിസ്സി ബേൺസിനെയും എംഗൽസ് അവരുടെ അവസാന കാലം വരെ വിവാഹം ചെയ്തിട്ടില്ലായിരുന്നു. അവളുടെ മരണത്തിന്റെ തലേന്നാൾ വീട്ടിൽ വന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വികാരിയച്ചൻ ഔദ്യോഗികമായി വിവാഹിതരാക്കുകയായിരുന്നു. ഏംഗൽസിലും പല സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു. അടുത്ത പാർട്ടി സുഹൃത്തുക്കൾ പലരുടെയും ധാർമിക ജീവിതത്തിന്റെ നിലവാരം പാടേ മോശമായിരുന്നു. മാർക്സിന്റെ കുടുംബത്തോടൊപ്പം കുറച്ചു കാലം ജീവിച്ച പീപ്പർ വീണ്ടുമൊരിക്കൽ അവിടെ വന്നത് മാരകമായി സിഫിലിസ് ബാധിച്ചാണ്. വേശ്യകളുമായി ജീവിച്ചു സമ്പാദ്യമെല്ലാം തീരുമ്പോൾ വീണ്ടും മാർക്സിനെ സമീപിക്കും. മറ്റൊരു നേതാവ് ലൂപ്പസ് മദ്യത്തിന്നടിമയായിരുന്നു, വേശ്യാലയങ്ങളിലെ സ്ഥിരം സന്ദർശകനായിരുന്നു.

മൂലധനം എഴുതിക്കഴിഞ്ഞ നാൾ മുതൽ മാർക്സ് സമ്പന്നനാണ്. അത്രകാലം നേരിട്ട സാമ്പത്തിക പ്രതിസന്ധികൾ ഒന്നൊന്നായി മറികടന്നു. ഇക്കാലത്തെപ്പോഴെങ്കിലും തനിക്ക് വേലക്കാരിയിൽ പിറന്ന ഫ്രെഡ്ഡിയെ മാർക്സ് ഓർത്തില്ല, ബന്ധപ്പെട്ടില്ല, സാമ്പത്തികമായോ മറ്റോ സഹായിച്ചില്ല. മരണ ഒസ്യത്തിൽ പോലും ഫ്രെഡ്ഡിയെ മാർക്സ് വിട്ടുകളഞ്ഞു. 1883 മാർച്ച് 14 ന് തന്റെ അറുപത്തിനാലാം വയസിലാണ് മാർക്സ് മരിക്കുന്നത്.

മൂത്തമകൾ കൊച്ചു ജെന്നിക്ക് ഫ്രെഡ്ഡിയെ നന്നായി അറിയാമായിരുന്നെന്ന് പുസ്തകം പറയുന്നു. അച്ഛന്റെ വിശാലമായ നെറ്റിയും വളഞ്ഞ പുരികവും ഉയർന്നു നിൽക്കുന്ന മൂക്കും ശരീര പ്രകൃതവും ഒപ്പിയെടുത്തിട്ടുള്ള ഫ്രെഡ്ഡിയെ മറ്റൊരു മകൾ ലോറയും തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഫ്രെഡ്ഡി അമ്മയുമായി ഇടയ്ക്കെല്ലാം ബന്ധപ്പെട്ടിരുന്നു. മാർക്സിനു ശേഷം എംഗൽസിനോടൊപ്പം ജീവിക്കുകയായിരുന്നു അവർ. മാർക്സിന്റെ കൃതികളുടെ റോയൽറ്റി മക്കൾക്ക് ലഭിച്ചു കൊണ്ടിരുന്നു. പക്ഷേ, ഫ്രെഡ്ഡിക്ക് ഒന്നും ലഭിച്ചില്ലെന്നും ലൗ ആൻഡ് കാപ്പിറ്റൽ എന്ന പുസ്തകം ചൂണ്ടിക്കാട്ടുന്നു. ഒസ്യത്തിൽ സ്വന്തം മകനെ മറന്നതിന്റെ പേരിലാണ്, മാർകസിനുനേരെ വിമർശനം ഉണ്ടായത്. ഫ്രഡ്ഡിക്ക് ഏംഗൽസിൽനിന്നും സമ്പത്തായി ഒന്നും കിട്ടിയില്ല. മാർക്സിന് വേലക്കാരിയിൽ കുട്ടിയുണ്ടായ കാര്യം ഇപ്പോൾ വിക്കിപീഡിയപോലും ചേർത്തിട്ടുണ്ട്.

ഹെലെനെ എന്ന പരിചാരിക മാർക്സിന്റെയും എംഗൽസിന്റെയും പൊളിറ്റിക്കൽ ആശയങ്ങളോടു ഏറെ യോജിപ്പുള്ള, നല്ല വായനയുള്ള ഒരു സ്ത്രീയായിരുന്നു പുസ്തകം പറയുന്നത്. അല്ലാതെ മുനീർ ദുസ്സൂചന നൽകുന്നപോലെ മാർക്സ് അവരെ പീഡിപ്പിക്കുക ആയിരുന്നില്ല. തീവ്രമായ പ്രണയം തന്നെയായിരുന്നു ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നത്. മരണശേഷം ഹെലനെ അടക്കിയത് പോലും ഹൈഗേറ്റിലെ മാർക്സ് കുടുംബത്തിന്റെ കല്ലറക്കൊപ്പമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP