Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ഡൗണിനിടയിൽ പി.വി അൻവർ എംഎ‍ൽഎക്കെതിരായ പരാതിക്കാരിയുടെ റബർ എസ്റ്റേറ്റിന് തീയിട്ടു; 16ഏക്കറിൽ റബറും തേക്കുമരങ്ങളുമടക്കം കത്തി നശിച്ചു; രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി ജയ മുരുഗേഷ്; സ്വാഭാവികമായ കാട്ടുതീ അല്ലെന്നും പലയിടങ്ങളിൽ നിന്നായി കത്തിച്ചതെന്നും പരാതി

ലോക്ഡൗണിനിടയിൽ പി.വി അൻവർ എംഎ‍ൽഎക്കെതിരായ പരാതിക്കാരിയുടെ റബർ എസ്റ്റേറ്റിന് തീയിട്ടു; 16ഏക്കറിൽ റബറും തേക്കുമരങ്ങളുമടക്കം കത്തി നശിച്ചു; രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി ജയ മുരുഗേഷ്; സ്വാഭാവികമായ കാട്ടുതീ അല്ലെന്നും പലയിടങ്ങളിൽ നിന്നായി കത്തിച്ചതെന്നും പരാതി

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് ലോക്ഡൗണിനിടയിൽ പി.വി അൻവർ എംഎ‍ൽഎക്കെതിരായ പരാതിക്കാരിയുടെ റബർ എസ്റ്റേറ്റിന് തീയിട്ടു.16ഏക്കറിൽ റബറും തേക്കുമരങ്ങളുമടക്കം കത്തി നശിച്ചു. രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി കൊല്ലം ചന്ദനതോപ്പ് സ്വദേശിനി ജയ മുരുഗേഷ്. പൂക്കോട്ടുംപാടം റീഗൾ എസ്റ്റേറ്റിലെ 16 ഏക്കറിൽ റബറും തേക്കുമരങ്ങളുമടക്കം കത്തി രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി കൊല്ലം ചന്ദനതോപ്പ് സ്വദേശിനി ജയ മുരുഗേഷ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

സ്വാഭാവികമായ കാട്ടുതീ അല്ലെന്നും പലയിടങ്ങളിൽ നിന്നായി കത്തിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്. ഇന്നു രാവിലെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും വനം വകുപ്പ് അധികൃതരും ചേർന്നാണ് തീ അണച്ചത്.

റീഗൾ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയിലാണ് പി.വി അൻവർ എംഎ‍ൽഎക്കെതിരെ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തിരുന്നത്. ഇതിനു ശേഷം ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് നിരന്തരം എസ്റ്റേറ്റിൽ നാശനഷ്ടങ്ങളുണ്ടാക്കുകയാണെന്നും പരാതിയിൽ പറയുന്നു. എസ്റ്റേറ്റ് കത്തിക്കുമെന്ന് എംഎ‍ൽഎയുടെ സഹായി കൈനോട്ട് അൻവർ ഭീഷണി മുഴക്കുന്നതായി കാണിച്ച് ജയ മുരുഗേഷ് മാർച്ച് ഏഴിന് പൂക്കോട്ടുംപാടം പൊലീസിലും നിലമ്പൂർ നോർത്ത് ഡി.എഫ്.ഒക്കും പരാതി നൽകിയിരുന്നു.

രണ്ടു തവണ എസ്റ്റേറ്റിലെ കുഴൽകിണറിലെ മോട്ടോർ മോഷ്ടിച്ച് പൈപ്പുകൾ മുറിച്ച് കുഴൽകിണർ ഉപയോഗ ശ്യൂന്യമാക്കിയിരുന്നു. ആറു ലക്ഷം രൂപയുടെ നഷ്ടമാണ് ഇത് മൂലം ഉണ്ടായത്. ഇത് സംബന്ധിച്ച പരാതിയിൽ പൂക്കോട്ടുംപാടം പൊലീസ് മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖ്, അൻവർ കൈനോട്ട്്, പാട്ടക്കരിമ്പ് വേങ്ങാപരത സ്വദേശി മുസ്തഫ എന്നിവർക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റു ചെയ്ത് നിയമനടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല.

നിരോധനാജ്ഞയും ലോക്കേഡൗണും നിലനിൽക്കുമ്പോൾ മാർച്ച് 29ന് രാത്രിയാണ് രണ്ടാം തവണ കുഴൽകിണറിലെ മോട്ടോർ കവരുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തത്. എസ്റ്റേറ്റിൽ അന്യായമായി പ്രവേശിക്കുകയോ നാശനഷ്ടങ്ങൾവരുത്തുകയോ ചെയ്യരുതെന്ന് മഞ്ചേരി മുൻസിഫ് കോടതി ഇൻജക്ഷൻ ഉത്തരവ് ലംഘിച്ച് എസ്റ്റേറ്റിൽ നിന്നും റബർ മരങ്ങൾ മുറിച്ചു കടത്തിയിരുന്നു. എസ്റ്റേറ്റിലേക്കുള്ള വഴി തടസപ്പെടുത്തിയത് കോടതി കമ്മീഷന്റെ സാന്നിധ്യത്തിലാണ് നീക്കം ചെയ്തത്. നേരത്തെ എസ്റ്റേറ്റിൽ ആദിവാസികളെകൊണ്ട് കുടിൽകെട്ടിച്ചും സമരം നടത്തിയിരുന്നു. സർക്കാർ വീടനുവദിച്ചവരാണ് കുടിൽകെട്ടിയതെന്നു കണ്ടെത്തിയതോടെ കോടതി ഉത്തരവിനെ തുടർന്ന് പൊലീസ് കുടിലുകൾ പൊളിച്ചു നീക്കുകയായിരുന്നു.

ജയമുരുഗേഷിനെതിരെ ആദിവാസി പീഡനനിരോധന പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാൽ പരാതി കളവാണെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ശേഖരിച്ച് പി.വി അൻവറിനെതിരെ പരാതി നൽകിയ ജയ മുരുഗേഷിന്റെ ഭർത്താവ് മുരുഗേഷ് നരേന്ദ്രനെ കൈനോട്ട് അൻവർ ഫോണിൽ വിളിച്ച് കൈയും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP