Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗുഹയിൽ തപസ്സിരിക്കുന്ന സന്യാസി മഹാമന്ത്രം ഉരുവിട്ട് സ്വന്തം ശരീരത്തെ പ്രകാശ ശരീരമാക്കുന്നു; ശരീരം മൊത്തം പ്രകാശിക്കുന്നത് സൂര്യപ്രകാശത്തെ അകത്തേക്ക് വലിച്ച് കയറ്റുന്നതുകൊണ്ടെന്ന് അനുയായികൾ; വാട്സാപ്പിൽ വൈറലായ ദിവ്യാത്ഭുത വീഡിയോയുടെ യാഥാർത്ഥ്യമെന്ത്?

ഗുഹയിൽ തപസ്സിരിക്കുന്ന സന്യാസി മഹാമന്ത്രം ഉരുവിട്ട് സ്വന്തം ശരീരത്തെ പ്രകാശ ശരീരമാക്കുന്നു; ശരീരം മൊത്തം പ്രകാശിക്കുന്നത് സൂര്യപ്രകാശത്തെ അകത്തേക്ക് വലിച്ച് കയറ്റുന്നതുകൊണ്ടെന്ന് അനുയായികൾ; വാട്സാപ്പിൽ വൈറലായ ദിവ്യാത്ഭുത വീഡിയോയുടെ യാഥാർത്ഥ്യമെന്ത്?

എം റിജു

സൂര്യപ്രകാശത്തെ വലിച്ചെടുത്ത് സ്വന്തം ശരീരം മൊത്തം പ്രകാശിപ്പിക്കാൻ കഴിയുന്ന തമിഴ്‌നാട്ടിലെ ഒരു സന്യാസിയുടെ വീഡിയോയാണ്, കേരളത്തിലെ വാട്സാപ്പ് ഗ്രൂപ്പകളിലടക്കം ഇപ്പോൾ വൈറൽ ആവുന്നത്. ഒരു ഗുഹയിൽ ഇരിക്കുന്ന ഒരു സിദ്ധന്റെ ശരീരം മൊത്തം പ്രകാശിക്കുന്നതുപോലെയാണ് നാം വീഡിയോയിൽ കാണുന്നത്. ഒപ്പം അനുയായികൾ മന്ത്രം ഉരുവിടുന്നതും കേൾക്കാം. ഇത് സൂര്യപ്രകാശത്തെ ശരീരത്തിലേക്ക് വലിച്ചുകയറ്റി, പ്രകാശമാക്കുന്നതാണെന്നാണ് പ്രചാരണം.

തഞ്ചാവൂർ ജില്ലയിലെ സെഞ്ചിക്കടുത്തുള്ള ദേവദാനപട്ടി മല ഗുഹയിൽ ഉച്ചയ്ക്ക് 12 മണിയോടെ സൂര്യപ്രകാശത്തിൽ മഹാമന്ത്രം ഉരുവിട്ട് വല്ലാരുടെ ശിഷ്യനായ ശ്രീ രംഗനാഥൻ തന്റെ ശരീരത്തെ പ്രകാശശരീരമാക്കി മാറ്റി എന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിന്റെ യഥാർത്ഥ്യം പരിശോധിക്കുകയാണ്, ശാസ്ത്രപ്രചാരകനും പ്രഭാഷകനുമായ ശാസ്ത്രലോകം ബൈജുരാജ്.

എന്താണ് ഇതിന്റെ രഹസ്യം?

തന്റെ പുതിയ വീഡിയോയിൽ ശാസ്ത്രലോകം ബൈജുരാജ് അനാവരണം ചെയ്യുന്നത് ഈ വിഷയമാണ്. -'കുറച്ചുദിവസങ്ങളായി വൈറലായ ഒരു വീഡിയോ ആണിത്. പലരും ഇത് അയച്ചുതരുന്നുണ്ട്. ശരീരം പ്രകാശമാക്കിയ വല്ലലാർ വിദ്യാർത്ഥിയെന്നാണ് പ്രചാരണം. വല്ലലാർ എന്ന് പറയുന്നത് ഒരു ആൾദൈവമാണ്. 1823 ഒക്്ടോബർ 5ന് തമിഴ്‌നാട്ടിലെ മരുത്തൂറിലാണ് വല്ലലാർ ജനിച്ചത്. 1874 ജനുവരി 30ന് തൈപ്പൂയ്യം നാളിൽ അദ്ദേഹം പ്രകാശത്തിൽ ലയിച്ചുവെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന് ചുറ്റം ഇതുപോലെയുള്ള ദിവ്യപ്രകാശം ഉണ്ടെന്ന് പറയപ്പെടുന്നു. ചരിത്രത്തിൽ, ഏറ്റവും അവസാനമായി പ്രകാശശരീരമുള്ള വ്യക്തിയായിട്ടയാണ്, വല്ലലാർ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ശിഷ്യനാണ് ഈ വീഡിയോ ചെയ്തിട്ടുള്ള രംഗനാഥൻ.

ഈ വീഡിയോ കാണുന്ന പലർക്കും മനസ്സിലായിട്ടുണ്ടാവും ഇത് ക്യാമറ, എക്പോഷറിൽ വന്നിരിക്കുന്ന പിശകാണ് എന്ന്. ഗുഹയിൽ പൊതുവേ ഇരുട്ടായിരിക്കും. എന്നാൽ നട്ടുച്ച സമയത്ത്, 12 മണിക്ക് ഗുഹയിലേക്ക് സൂര്യപ്രകാശം നല്ല ശക്തിയിൽ വീഴുന്നുണ്ട്. അത് ഇദ്ദേഹത്തിന്റെ ശരീരത്തിൽ പതിക്കയാണ്. ദേഹത്ത് വെളുത്ത തുണിയുള്ളതിനാൽ വളരെ പ്രകാശിക്കും. വളരെയധികം കോൺട്രാസ്റ്റാണ് അവിടെയുണ്ടാവുക.

പണ്ട് നമ്മൾ ക്യാമറയിൽ ഫോട്ടോ എടുക്കുമ്പോൾ ലൈറ്റ് അഡ്ജസ്റ്റ് ചെയ്തില്ലെങ്കിൽ ഇതുപോലെ സംഭവിക്കും. ഒന്നുകിൽ വല്ലാതെ വെളുത്തിരിക്കും. അല്ലെങ്കിൽ കറുത്തുപോവും. വാഷ്്ഡ് ഔട്ട് എന്നാണ് അതിന് പറയുക. ഇന്നത്തെ കാലത്ത് അങ്ങനെയൊന്നും വരാറില്ല. ഓട്ടോ എക്പോഷറും, ഓട്ടോ ബ്രൈറ്റ്നെസ്സുമെല്ലാം ഇന്നത്തെ ക്യാമറയിൽ ഉണ്ട്. എന്നാൽ പണ്ടത്തെ ക്യാമറയിൽ, മിക്കവാറും ഇതുപോലെയൊക്കെയാണ് കാണുക.''- ബൈജുരാജ് പറയുന്നു.

തുടർന്ന് ബൈജുരാജ് ഓട്ടോ എക്പോഷർ കൂട്ടി സ്വന്തം ചിത്രം വെളുപ്പിച്ച് കാണിക്കുന്നു. ഇതോടൊപ്പം വെള്ള ബനിയൻ കൂടി ധരിച്ചാൽ മൊത്തം പ്രകാശമായി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'ഈ വീഡിയോ നോക്കിയാൽ അറിയാം, ഇദ്ദേഹത്തിന്റെ പുറകേ നിൽക്കുന്ന വെളുത്ത വസ്ത്രമിട്ട ആളുകളുടെ ചുറ്റിലും പ്രകാശം കാണാം. ഇതുപോലുള്ള ഫിസിക്സ് അല്ലെങ്കിൽ സ്വാഭാവികമായ പ്രകൃതി പ്രതിഭാസങ്ങളാണ് പണ്ടത്തെ ആളുകൾ ദിവ്യം അല്ലെങ്കിൽ അത്ഭുത പ്രതിഭാസങ്ങളായി കണ്ടിരുന്നത്. ''- ബൈജുരാജ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP