Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വികസന നായകനായ ഉമ്മൻ ചാണ്ടി സമ്മതിക്കാത്തതുകൊണ്ട് കേരളത്തിന് നഷ്ടമാകുന്നത് കോടികളുടെ വൈദ്യുതി; കരാർ ഒപ്പിട്ട ഉമ്മൻ ചാണ്ടിതന്നെ നടപ്പിലാക്കാതിരിക്കാനും ചരടുവലിച്ചു: കേരളത്തിന്റെ വൈദ്യുതി ക്ഷാമത്തിന്റെ കാരണം തേടി പോകുമ്പോൾ കണ്ടുമുട്ടുന്ന ഞെട്ടിക്കുന്ന കാഴ്ചകളിൽ ഒന്ന്

വികസന നായകനായ ഉമ്മൻ ചാണ്ടി സമ്മതിക്കാത്തതുകൊണ്ട് കേരളത്തിന് നഷ്ടമാകുന്നത് കോടികളുടെ വൈദ്യുതി; കരാർ ഒപ്പിട്ട ഉമ്മൻ ചാണ്ടിതന്നെ നടപ്പിലാക്കാതിരിക്കാനും ചരടുവലിച്ചു: കേരളത്തിന്റെ വൈദ്യുതി ക്ഷാമത്തിന്റെ കാരണം തേടി പോകുമ്പോൾ കണ്ടുമുട്ടുന്ന ഞെട്ടിക്കുന്ന കാഴ്ചകളിൽ ഒന്ന്

തിരുവനന്തപുരം: ഏതു ദേശത്തും വികസനപദ്ധതികളെത്തുമ്പോൾ ഒപ്പമെത്തേണ്ട ഒന്നാണ് വൈദ്യുതി. നിരവധി പദ്ധതികൾ കേരളത്തിനായി കൊണ്ടുവന്നെന്നും വന്നുകൊണ്ടിരിക്കുന്നുവെന്നുമെല്ലാം അവകാശപ്പെട്ട് വികസന നായകനായി കോൺഗ്രസ് അവരോധിച്ച ഉമ്മൻ ചാണ്ടി കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയുടെ വഴിയിൽ വില്ലനായി നിന്നുവെന്നു കേട്ടാൽ ആരും ഞെട്ടും. പക്ഷേ, അതാണ് സത്യം. കൂടംകുളം ആണവനിലയത്തിൽ നിന്ന് കേരളത്തിലേക്ക് വൈദ്യുതിയെത്തിക്കേണ്ട പവർ ഹൈവേയിലെ പ്രധാന 'മാർഗതടസ്സം' ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയുമാണ്. കേരളത്തിന് ലഭിക്കേണ്ട 266 മെഗാവാട്ട് വൈദ്യുതിയാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തടസ്സം സൃഷ്ടിച്ചതിലൂടെ കേരളത്തിന് വർഷങ്ങളായി നഷ്ടപ്പെടുന്നത് എന്നുകൂടിയറിയുമ്പോൾ വെളിപ്പെടുന്നത് വികസന നായകന്റെ മറ്റൊരു മുഖമാണ്. 

തന്നെ സന്ദർശിച്ച വേളയിൽ കേരളത്തിന്റെ ഊർജപ്രതിസന്ധി വിഷയം സംസാരിച്ച മുഖ്യമന്ത്രി പിണറായിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമായും ചൂണ്ടിക്കാണിച്ച വിഷയവും ഇതുതന്നെ. നിങ്ങൾക്ക് വൈദ്യുതി വേണമെങ്കിൽ കൂടംകുളം ലൈൻ പൂർത്തിയാക്കാനും ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കാനുമായിരുന്നു മോദിയുടെ നിർദ്ദേശം. ഇക്കാര്യങ്ങൾ ഉടനെ നടപ്പിലാക്കാമെന്ന് ഉറപ്പുകൊടുത്ത് മുഖ്യമന്ത്രി പിണറായി ഡൽഹിയിൽ നിന്ന് തിരിച്ചെത്തുമ്പോൾ, ഉമ്മൻ ചാണ്ടി സർക്കാർ സ്ഥാനമേറ്റതോടെ 2011ൽ നിലച്ചുപോയ പവർഹൈവേക്കായി വഴിവെട്ടുകയാകും അദ്ദേഹത്തിന്റെ ആദ്യനടപടികളിലൊന്ന് എന്നു തീർച്ച.

തുടങ്ങിയതും നീയേ..... തടഞ്ഞതും നീയേ...

2003ൽ, ഏതാണ്ട് 13 വർഷംമുമ്പ് ഉമ്മൻ ചാണ്ടിതന്നെ മുഖ്യമന്ത്രിയായിരിക്കന്ന കാലത്താണ് 400 കെ വി ലൈനിന് സ്ഥലമേറ്റെടുത്തു നൽകാമെന്ന ഉറപ്പുനൽകി പവർഗ്രിഡ് കോർപ്പറേഷനുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. ആര്യാടൻ മുഹമ്മദ് തന്നെയായിരുന്നു അന്നും വൈദ്യുതി മന്ത്രി. ഇതോടെ പവർഗ്രിഡ് കോർപ്പറേഷൻ ലൈൻവലിക്കാനുള്ള പ്രാരംഭ നടപടികളും സർവേകളുമെല്ലാം ആരംഭിച്ചു. ഇതിനിടെ സർക്കാർ മാറി. വിഎസിന്റെ നേതൃത്വത്തിൽ എൽഡിഎഫ് അധികാരത്തിലെത്തി. സംസ്ഥാനത്തിന്റെ വികസനത്തിന് വൻ മുതൽക്കൂട്ടാകുന്ന പവർഹൈവേ കൊണ്ടുവരാൻ പവർഗ്രിഡ് കോർപ്പറേഷൻ സർവേ ആരംഭിക്കുകയും ചെയ്തു. കൊല്ലം മുതൽ തൃശൂർ വരെ 65 മീറ്റർ വീതിയിൽ 210 കിലോമീറ്ററായിരുന്നു നിർദിഷ്ട 400 കെ.വി പവർഹൈവേ. കോട്ടയം ജില്ലയിൽ ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളയിലായിരുന്നു ഏറ്റവുമധികം എതിർപ്പ്. അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മൻ ചാണ്ടിതന്നെ ആക്ഷൻകൗൺസിലിന്റെ സമരങ്ങൾ ഉദ്ഘാടനം ചെയ്യാൻ മുൻനിരയിൽ നിന്നു. ലൈൻ വലിക്കാൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നേരിട്ടുവിളിച്ചുചേർത്ത യോഗങ്ങളെല്ലാം അലസിപ്പിരിഞ്ഞു. ഒടുവിൽ കൂടംകുളത്തുനിന്ന് വൈദ്യുതി ഉൽപ്പാദനം തുടങ്ങിയിട്ടും ഇവിടെ ലൈൻ വലിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ല.

സർവേ വിവരം പരസ്യമായതോടെ ശക്തമായ എതിർപ്പാണ് നാല് ജില്ലകളിലെ കർഷകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ കർഷകർ കൂടംകുളം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 2006 മുതൽ അഞ്ഞൂറിലേറെ പ്രക്ഷോഭങ്ങൾ നടത്തി. കൊല്ലം ജില്ലയിലെ അതിർത്തി ഗ്രാമങ്ങൾ ഉൾപ്പെടുന്ന തെന്മല ആര്യങ്കാവ് പഞ്ചായത്തുകളിൽ ലൈൻ വലിക്കുന്നത് സംബന്ധിച്ച് കാര്യമായ എതിർപ്പ് ഉണ്ടായിരുന്നില്ല. പത്തനംതിട്ട ജില്ലയിലെ മൂഴിയാർ ശബരിഗിരി ജലവൈദ്യുതി പദ്ധതിയിൽ നിന്നും മിച്ചം വരുന്ന വൈദ്യുതി ഇടമൺ സബ് സ്‌റ്റേഷനിൽ എത്തിച്ച് തമിഴ്‌നാടിന് വിൽക്കുന്നതിനായി നിർമ്മിച്ച ഇടമൺ-മധുര 220 കെ.വി. ലൈൻ, കൂടംകുളത്തുനിന്നുള്ള 400 കെ.വി ലൈനായി ഉയർത്തുകയായിരുന്നു ചെയ്തത്. ലൈൻ കടന്നുപോകുന്നിടങ്ങളിൽ ജനങ്ങളെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ എതിർപ്പ് തുടർന്നു.

 

കോട്ടയം ജില്ലയിൽ ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളയിലായിരുന്നു ഏറ്റവുമധികം എതിർപ്പ്. അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മൻ ചാണ്ടിതന്നെ ആക്ഷൻകൗൺസിലിന്റെ സമരങ്ങൾ ഉദ്ഘാടനം ചെയ്യാൻ മുൻനിരയിൽ നിന്നു. ലൈൻ വലിക്കാൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നേരിട്ടുവിളിച്ചുചേർത്ത യോഗങ്ങളെല്ലാം അലസിപ്പിരിഞ്ഞു. ഒടുവിൽ കൂടംകുളത്തുനിന്ന് വൈദ്യുതി ഉൽപ്പാദനം തുടങ്ങിയിട്ടും ഇവിടെ ലൈൻ വലിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ല. എങ്കിലും വി എസ് സർക്കാരിന്റെ കാലത്തുകൊല്ലം, എറണാകുളം ജില്ലയിലെ പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടാകുകയും കോട്ടയം, പത്തനംതിട്ട പ്രദേശങ്ങളിൽ പലയിടത്തും സർവേ പൂർത്തിയാകുകയും ചെയ്തു. എന്നാൽ പദ്ധതിക്ക് ഒപ്പുവച്ച ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിലും പരിസരങ്ങളിലും അതിനെതിരെ സമരങ്ങൾ തുടർന്നു. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലെത്തിയതോടെ 2011 ജൂലായിൽ പവർഹൈവേയ്ക്കുള്ള പ്രവർത്തനങ്ങൾ പൂർണമായും നിലച്ചു.

കൂടംകുളം വൈദ്യുതി കേരളത്തിന്റെ അവകാശം

കേരളമുൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാണ് കൂടംകുളം ആണവനിലയത്തിൽ നിന്നുള്ള വൈദ്യുതിയുടെ അവകാശമുള്ളത്. ഇതുപ്രകാരം ഉത്്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 26.6 ശതമാനം വൈദ്യുതി കേരളത്തിനുള്ളതാണ്. തമിഴ്‌നാട്, കർണാടകം, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങൾക്കായി ബാക്കി വൈദ്യുതിയും പവർഗ്രിഡ് കോർപ്പറേഷൻ നൽകും. കൂടംകുളത്ത് 1000 മെഗാവാട്ട് ശേഷിയുള്ള ആദ്യ ആണവ റിയാക്ടർ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ മുതൽ കേരളത്തിന് ഈ വൈദ്യുതിക്ക് അവകാശമുണ്ടെങ്കിലും പവർഹൈവേ വരാത്തതിനാൽ വൻ നഷ്ടമാണ് വർഷങ്ങളായി സർക്കാരിന് ഉണ്ടാവുന്നത്. ഈ വൈദ്യുതി വഴിതിരിച്ചുവിട്ട് കേരളത്തിലെത്തിക്കാൻ ശ്രമമുണ്ടായെങ്കിലും പ്രസരണനഷ്ടം കൂടുമെന്നതിനാൽ ഗുണംചെയ്തില്ല. നേരത്തെ ടവർ നിൽക്കുന്ന കരഭൂമിക്ക് 70 ശതമാനം വിപണിവിലയും വയൽമേഖലയ്ക്ക് 40 ശതമാനം വിപണിവിലയും നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനു പകരമായാണ് ന്യായവിലയുടെ അഞ്ചിരട്ടി വിപണിവില കണക്കാക്കി നഷ്ടപരിഹാരം നൽകാമെന്ന നിലപാട് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. ഒപ്പം ടവർ നിൽക്കുന്ന സ്ഥലത്തിന് നൂറ് ശതമാനവും വൈദ്യുതി ലൈനിന് താഴെയുള്ള സ്ഥലത്തിന് വിപണി വിലയുടെ എഴുപത് ശതമാനവും നഷ്ടപരിഹാരം നൽകുമെന്നും സമ്മതിച്ചു. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് ഇതിനെ എതിർത്തെങ്കിലും മുഖ്യമന്ത്രി ശക്തമായ സമീപനം സ്വീകരിക്കുകയായിരുന്നു.

ഇപ്പോൾ രണ്ടാമത്തെ റിയാക്ടറും ട്രയൽറൺ നടക്കുകയാണ് കൂടംകുളത്ത്. ഇതുൾപ്പെടെ കൂടംകുളം നിലയും പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങുമ്പോൾ കേരളത്തിന് 1000 മെഗാവാട്ടിലേറെ വൈദ്യുതി ലഭിക്കും. വൈദ്യുതി എത്തിക്കുന്ന ലൈൻവലിക്കാൻ നടപടിയൊന്നുമെടുത്തില്ലെങ്കിലും കൂടംകുളത്തുനിന്ന് 26.6 ശതമാനത്തിൽ കൂടുതൽ വൈദ്യുതിക്ക് അർഹതയുണ്ടെന്ന് നിലവിൽ കേരളത്തിന് അവകാശമുള്ള 26.6% എന്നത് ഉയർത്തണമെന്ന് കഴിഞ്ഞ സർക്കാരിന്റകാലത്ത് ഉമ്മൻ ചാണ്ടിയും ആര്യാടൻ മുഹമ്മദും ഉൾപ്പെടെയുള്ളവർ കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നത് മറ്റൊരു തമാശ.

ആര്യാടൻ എതിർത്തിട്ടും നഷ്ടപരിഹാരം അഞ്ചിരട്ടിയാക്കി

ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറിയതോടെ സർവേ പോലും നിലച്ചതോടെ പവർഗ്രിഡ് കോർപ്പറേഷൻ ആശങ്കയിലായി. പദ്ധതി നടത്താനായി അവർ കോടതിയെപ്പോലും സമീപിച്ചു. എന്നിട്ടും സർക്കാർ അനങ്ങിയില്ല. ഇതോടെ പദ്ധതി അവസാനിപ്പിക്കുമെന്ന് അവർ അന്ത്യശാസനം നൽകി. ഇതിനിടെയാണ് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ, കൊച്ചി സ്മാർട്ട്‌സിറ്റി തുടങ്ങി നിരവധി പദ്ധതികൾക്ക് വൈദ്യുതി തടസ്സമാകുമെന്ന നിലവന്നു. ഇതിന് കൂടംകുളം വൈദ്യുതി മാത്രമേ രക്ഷയുള്ളൂ എന്നുവന്നതോടെ ഉമ്മൻ ചാണ്ടി സർക്കാർ സമരക്കാരുടെ യോഗംവിളിക്കാൻ തയ്യാറായി. അങ്ങനെ കഴിഞ്ഞവർഷം ആദ്യം ആക്ഷൻ കൗൺസിലുമായി ചർച്ചനടത്തി 1020 കോടിയുടെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു. ഭൂമിയുടെ ന്യായവിലയുടെ അഞ്ചിരട്ടി തുക നഷ്ടപരിഹാരം നൽകാനായിരുന്നു ധാരണയുണ്ടാക്കിയത്.

ഒത്തുതീർപ്പു പ്രകാരം ലൈൻ കടന്നുപോകുന്ന സ്ഥലത്തിനു കരനിലം വ്യത്യാസമില്ലാതെയാണു നഷ്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്. നഷ്ടപരിഹാരത്തുക കെഎസ്ഇബിയും സർക്കാരും ചേർന്ന് നൽകണം. കൊല്ലംമുതൽ കൊച്ചിവരെ 438 ടവറുകളാണ് ആവശ്യം. ടവർ ഒന്നിനു പത്തുമുതൽ 28 സെന്റ് വരെ സ്ഥലം വേണം. നേരത്തെ ടവർ നിൽക്കുന്ന കരഭൂമിക്ക് 70 ശതമാനം വിപണിവിലയും വയൽമേഖലയ്ക്ക് 40 ശതമാനം വിപണിവിലയും നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനു പകരമായാണ് ന്യായവിലയുടെ അഞ്ചിരട്ടി വിപണിവില കണക്കാക്കി നഷ്ടപരിഹാരം നൽകാമെന്ന നിലപാട് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. ഒപ്പം ടവർ നിൽക്കുന്ന സ്ഥലത്തിന് നൂറ് ശതമാനവും വൈദ്യുതി ലൈനിന് താഴെയുള്ള സ്ഥലത്തിന് വിപണി വിലയുടെ എഴുപത് ശതമാനവും നഷ്ടപരിഹാരം നൽകുമെന്നും സമ്മതിച്ചു. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് ഇതിനെ എതിർത്തെങ്കിലും മുഖ്യമന്ത്രി ശക്തമായ സമീപനം സ്വീകരിക്കുകയായിരുന്നു.

കൊല്ലം ഇടമൺ മുതൽ കൊച്ചിവരെ 334 വീടുകൾക്ക് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത്. കോട്ടയം-123, പത്തനംതിട്ട-135, കൊല്ലം-39, എറണാകുളം-37 എന്നിങ്ങനെയാണ് വീടുകളുടെ കണക്ക്. ഓരോ വീടിനും ഒറ്റത്തവണയായി ഒരുലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുക. വീട് ഒഴിയണമെന്ന നിബന്ധനയും ഇല്ല. ടവർ നിർമ്മിക്കുന്ന സ്ഥലത്ത് നാമമാത്രമായ ഭൂമി അധികം വരുന്ന സാഹചര്യം ഉണ്ടായാൽ ഈ ഭൂമിക്കുകൂടി നഷ്ടപരിഹാരം നൽകും.നഷ്ടപ്പെടുന്ന വിളകൾക്ക് പരമാവധി വിലനൽകും.

ഇക്കാര്യത്തിൽ കാഷ്യൂ ഡവലപ്‌മെന്റ് ബോർഡ്, റബർ ബോർഡ്, ഓയിൽപാം, കോഫി ബോർഡ്, എന്നീ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന മാനദണ്ഡം പാലിക്കും. മുറിക്കേണ്ടിവരുന്ന മരങ്ങളുടെ പട്ടിക നിശ്ചയിച്ച് നോട്ടീസ് നൽകി 45 ദിവസത്തിനുള്ളിൽ പണം ഉടമയ്ക്ക് കൈമാറും. ടവർ നിർമ്മിക്കുന്ന സ്ഥലം അളന്നുതിട്ടപ്പെടുത്തി കഴിഞ്ഞാൽ ഒരു മാസത്തിനുള്ളിൽപണം നൽകും. ഈ നിബന്ധനകളോടെ സമരം ഒത്തുതീർപ്പായെങ്കിലും കോട്ടയം ജില്ലയിൽ, പ്രത്യേകിച്ച് പുതുപ്പള്ളി മണ്ഡലത്തിൽ 18 കിലോമീറ്റർ സർവേ നടത്താൻപോലും പവർഗ്രിഡ് കോർപ്പറേഷനെ അനുവദിച്ചില്ല. കാര്യങ്ങൾ കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്തുതന്നെ നിൽക്കുകയാണെന്നു ചുരുക്കം.

സ്ഥലമെടുത്താൽ ഒരുവർഷത്തിനകം എല്ലാം ശരിയാകും

വി എസ് സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിക്കാരുമുൾപ്പെടെ ഉയർത്തിയതുപോലുള്ള പ്രതിബന്ധങ്ങൾ മറികടക്കാൻ പിണറായി സർക്കാരിനായാൽ ഒരുവർഷത്തിനകംതന്നെ പവർഹൈവേ പ്രാബല്യത്തിലാക്കാനാകുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നു. ദേശീയതലത്തിൽ പ്രവർത്തനമികവിനുള്ള നവരത്‌ന ശ്രേണിയിലെ സ്ഥാപനമാണ് പിജിസിഎൽ. ഏറ്റെടുക്കുന്ന പദ്ധതികൾ സമയത്തിനുമുന്നേ പൂർത്തിയാക്കുന്ന സ്ഥാപനം. അതിനാൽ കേരളത്തിൽ സ്ഥലമേറ്റെടുക്കുന്ന മുറയ്ക്ക് ടവറുകൾ സ്ഥാപിക്കാനാകും. ഏതായാലും ഉമ്മൻണ്ടിയുടെ വികസന നയത്തിലെ ഈ കാപട്യം തുറന്നുകാട്ടി പവർഹൈവേയുടെ കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ഇടതുപക്ഷവും തയ്യാറാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP