Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202421Sunday

അച്ഛന്റെ പാത വിട്ട് സഞ്ചരിച്ച മകൻ എന്നും റോൾ മോഡലാക്കിയത് ഇളയച്ഛനെ; സഹോദര പുത്രന് സിറ്റിങ് സീറ്റ് വിട്ടൂകൊടുത്ത് പാലു കൊടുത്ത് വളർത്തിയെങ്കിലും മകൾ സുപ്രിയ സുളെ കളത്തിലിറങ്ങിയതോടെ കഥ മാറി; വരൾച്ച നേരിടാൻ അണക്കെട്ടുകൾ മൂത്രമൊഴിച്ച് നിറയ്ക്കാനാകുമോ എന്നുചോദിച്ച താന്തോന്നി; ശരദ് പവാറിനെയും വെട്ടിലാക്കിയ ആരെയും കൂസാക്കാത്ത എൻസിപിയിലെ 'ദാദ' അജിത് പവാറിന്റെ കഥ

അച്ഛന്റെ പാത വിട്ട് സഞ്ചരിച്ച മകൻ എന്നും റോൾ മോഡലാക്കിയത് ഇളയച്ഛനെ;  സഹോദര പുത്രന് സിറ്റിങ് സീറ്റ് വിട്ടൂകൊടുത്ത് പാലു കൊടുത്ത് വളർത്തിയെങ്കിലും മകൾ സുപ്രിയ സുളെ കളത്തിലിറങ്ങിയതോടെ കഥ മാറി; വരൾച്ച നേരിടാൻ അണക്കെട്ടുകൾ മൂത്രമൊഴിച്ച് നിറയ്ക്കാനാകുമോ എന്നുചോദിച്ച താന്തോന്നി; ശരദ് പവാറിനെയും വെട്ടിലാക്കിയ ആരെയും കൂസാക്കാത്ത എൻസിപിയിലെ 'ദാദ' അജിത് പവാറിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

 മുംബൈ: അധികാരത്തിന് വേണ്ടി മറു കണ്ടം ചാടൽ ദാദയ്ക്ക് പുതുമയല്ല. ബംഗാളിലെ ദാദ സൗരവ് ഗാംഗുലി ആണെങ്കിൽ മഹാരാഷ്ട്രയിലെ ദാദ അജിത് പവാറാണ്. ശരദ് പവാറിന്റെ തണലിൽ നിന്നു മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ 'ദാദ'യായ അജിത് പവാർ സകലരെയും അദ്ഭുതപ്പെടുത്തുന്ന രാഷ്ട്രീയ നാടകം കളിച്ചാണ് ബിജെപി ക്യാമ്പിലെത്തിയതെങ്കിലും, അപ്രതീക്ഷിതമല്ല ഈ കരുനീക്കം. ഒരുപക്ഷേ ചാഞ്ചാടി നിന്ന അജിത്തിന്റെ മറുകണ്ടം ചാടൽ ശരദ് പവാറിന്റെ ആശീർവാദത്തോടെ ആവാം.

ആരെയും കൂസാത്ത പ്രകൃതമാണ് ദാദയ്ക്ക്. അജിത് കരുത്തനായതു ഇളയച്ഛന്റെ തണലിലാണ്. എന്നാൽ 2009 മുതൽ ഭിന്നതകൾ തുടങ്ങി. 2009 ൽ അശോക് ചവാനെ മാറ്റി പൃഥിരാജ് ചവാനെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയപ്പോൾ 62 എൻസിപി എംഎൽഎമാരുടെ ഒപ്പുമായി ശരദ് പവാറിനെ സമീപിച്ചു വിലപേശിയാണ് ഉപമുഖ്യമന്ത്രി സ്ഥാനം നേടിയെടുത്തത്. 2012 ൽ അഴിമതി ആരോപണം നേരിട്ടപ്പോൾ രാജിവച്ചു.. കോൺഗ്രസിനെതിരെ എന്നു തോന്നിയ നീക്കം യഥാർഥത്തിൽ ശരദ് പവാറിനും പ്രഫുൽ പട്ടേലിനുമെതിരായിരുന്നു. മൂന്നുമാസത്തിനുശേഷം അജിത് തിരിച്ചുവന്നു.

അണക്കെട്ടുകൾ മൂത്രമൊഴിച്ച് നിറയ്ക്കാനാകുമോ?

വരൾച്ച നേരിടാൻ അണക്കെട്ടുകൾ മൂത്രമൊഴിച്ച് നിറയ്ക്കാനാകുമോയെന്നു അജിത് ചോദിച്ചത് 2013 ൽ വലിയ ചർച്ചയായിരുന്നു. സോലാപ്പുരിലെ കർഷകർ വരൾച്ചയിൽ പൊറുതിമുട്ടി മുംബൈ ആസാദ് മൈതാനത്ത് സമരം നടത്തുന്നതിനിടെയായിരുന്നു ചോദ്യം. ഒടുവിൽ നിയമസഭയിൽ മാപ്പുപറഞ്ഞു. 2005 ൽ ഉപമുഖ്യമന്ത്രി ആർ ആർ പാട്ടീലിനു ഗുഡ്ക ഉപയോഗം നിർത്താൻ പ്രേരണയായത് അജിത് പവാറിന്റെ പരിഹാസവും വിമർശനവുമാണ്. പാട്ടീലുമൊത്ത് വിദേശത്തു പോകാൻ തനിക്കു പേടിയാണെന്നും ഗുഡ്ക ഉപയോഗിക്കുന്നതിനാൽ അദ്ദേഹം അവിടെ അറസ്റ്റിലാകുമെന്നും അജിത് തട്ടിവിട്ടു. സത്യപ്രതിജ്ഞാ ദിവസം ഗുഡ്ക ഉപയോഗിക്കാനാവാതിരുന്നതിനാൽ പാട്ടീലിന്റെ കൈവിറച്ചിരുന്നെന്നും പറഞ്ഞു. 25 വർഷമായുള്ള ശീലം മാറ്റാൻ ഇതോടെ പാട്ടീൽ തീരുമാനിച്ചു-അങ്ങനെ അജിത്ത് പവാറിനെ കുറിച്ചുള്ള കഥകൾ ഏറെയാണ്.

അച്ഛനെ പോലെ സിനിമാക്കാരനായില്ല

പ്രശസ്ത ചലച്ചിത്രകാരൻ വി. ശാന്താറാമിനൊപ്പം പ്രവർത്തിച്ചിട്ടുള്ള ആളാണ് അജിത്തിന്റെ പിതാവ് അനന്ത്റാവു. അച്ഛനെ പോലെ സിനിമാക്കാരനാകാനായിരുന്നില്ല അജിത്ത് താൽപ്പര്യം. ഇളയച്ഛന്റെ വഴിയേ രാഷ്ട്രീയത്തിലെത്തി. വിശ്വസ്തനാവുകയും ചെയ്തു. 1967 മുതൽ ശരദ് പവാർ തുടർച്ചയായി 6 വട്ടം വിജയിച്ച ബാരാമതി നിയമസഭാ മണ്ഡലം സഹോദരപുത്രൻ അജിത്തിനു കൈമാറിയത് 1991 ലായിരുന്നു. പിന്നീട് തുടർച്ചയായി ജയിച്ചത് 7 വട്ടം. പ്രശ്നങ്ങൾ കത്തി കയറയുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെയാണ്. 2004ൽ തുടങ്ങിയ അസ്വസ്ഥതകൾക്കാണ് പുതിയ മാനങ്ങൾ വന്നത്.

സുപ്രിയ വന്നപ്പോൾ കളം മാറി

2004 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെക്കാൾ 2 സീറ്റ് കൂടുതൽ നേടിയെങ്കിലും കോൺഗ്രസിനു മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകാൻ പവാർ തയാറായി. 2 ഉപമുഖ്യമന്ത്രിമാർ എൻസിപിക്ക് എന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഒന്ന് മതി എന്നുപറഞ്ഞു. ആർ.ആർ. പാട്ടീലിനെ ഉപമുഖ്യമന്ത്രിയാക്കി. അതിന് ശേഷം മകൾ സുപ്രിയ സുളെയെ പാർട്ടിയിലേക്ക് കൊണ്ടുവന്നു ശരദ് പവാർ അജിത്തിനു വ്യക്തമായ സന്ദേശം നൽകി. രാജ്യസഭയിലേക്ക് മകളെ ജയിപ്പിച്ചെടുത്തു. ശിവസേന സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ബാൽ താക്കറെ നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. സുപ്രിയ ദേശീയ രാഷ്ട്രീയത്തിലും അജിത് സംസ്ഥാന രാഷ്ട്രീയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും വിധമായിരുന്നു പവാറിന്റെ സമവാക്യം. എന്നാൽ പതിയെ സുപ്രിയ സംസ്ഥാന രാഷ്ട്രീയത്തിലും തിരിഞ്ഞു. ഇതോടെ പ്രശ്നങ്ങൾ തുടങ്ങി.

മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിതിയിൽ ശരത് പവാറിനും അജിത്തിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് (ഇഡി) കേസെടുത്തതിനു പിന്നാലെ അജിത് എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. ശരത് പവാറിനെതിരെ കേസെടുത്തതിൽ മനംനൊന്താണു രാജിയെന്നു പ്രഖ്യാപിച്ച അജിത് രാഷ്ട്രീയം വിടുമെന്നും സൂചന നൽകി. ശരത്പവാറുമായുള്ള ഭിന്നതയെത്തുടർന്നാണു രാജിയെന്നു വ്യാഖ്യാനിക്കപ്പെട്ടെങ്കിലും വീണ്ടും ബാരാമതിയിൽ മൽസരിച്ചു. അന്ന് മുതൽ തന്നെ ഭിന്നത തുടങ്ങിയിരുന്നു. രാഷ്ട്രീയത്തിലെ വളർത്തച്ഛനായ ശരത് പവാറിനെ പിന്നിൽ നിന്ന് കുത്തി മുമ്പോട്ട് പോകുന്നു. കേസിന്റെ കാലത്ത് വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ അജിത്, തന്റെ സാന്നിധ്യം ശരദ് പവാറിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുമോ എന്നു വരെ ചോദിച്ച് പൊട്ടിക്കരഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ താനും സുപ്രിയയും മൽസരിക്കുമെന്നു ശരത് പവാർ പറഞ്ഞെങ്കിലും തന്റെ മകൻ പാർഥിനെയും രംഗത്തിറക്കണമെന്ന് അജിത് വാശിപിടിച്ചു. കുടുംബത്തിൽ നിന്നു 2 സ്ഥാനാർത്ഥികൾ മാത്രമെന്ന വാക്കു പാലിക്കാൻ ശരത് പവാർ പിന്മാറി. മാവലിൽ പാർഥ് 2 ലക്ഷത്തിലേറെ വോട്ടിനു തോറ്റു. ഇതിന് കാരണം പവാറിന്റെ മനസ്സില്ലാ മനസ്സോടെയുള്ള പ്രചാരണമാണെന്ന് അജിത് കുറ്റപ്പെടുത്തി. പിന്നെ ഇളയച്ഛനിൽ നിന്ന് മാറി നടന്നു. മൊത്തം 95,000 കോടി രൂപയുടെ അഴിമതിക്കേസുകളാണ് അജിത് പവാറിനെതിരെ ഉണ്ടായിരുന്നത്.

ഇതിൽ 70,000 കോടി രൂപയുടെ അഴിമതി ആരോപണം അജിത് പവാർ അടക്കം എൻസിപി മന്ത്രിമാർക്കെതിരെ ദേവേന്ദ്ര ഫഡ്നാവിസ് ഉയർത്തിക്കൊണ്ടുവന്നതാണ്. 25,000 കോടി രൂപയുടെ മഹാരാഷ്ട്ര സഹകരണ ബാങ്ക് കുംഭകോണമാണ് അജിത്തിനെതിരെയുള്ള മറ്റൊരു പ്രധാന കേസ്. ഇതേ ഫഡ്നാവിസിനെയാണ് ഇപ്പോൾ അജിത് പവാർ പിന്തുണയ്ക്കുന്നത്.

അജിത് പവാർ 'മുങ്ങൽ വിദഗ്ധൻ'

2019 ൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഏകദേശം ഒരുമാസം മുമ്പ് അജിത് പവാർ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി സ്പീക്കർക്ക് മെയിലിൽ അയച്ച ശേഷം മുങ്ങിയിരുന്നു. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് കുംഭകോണ കേസിൽ, തന്റെയും അമ്മാവൻ ശരദ് പവാറിന്റെയും ഒക്കെ പേരുകൾ ഇഡി അന്വേഷണത്തിന്റെ പരിധിയിൽ വന്നതോടെയായിരുന്നു രാജി വച്ച് മുങ്ങൽ.

പിന്നീട് തിരഞ്ഞെടുപ്പിന് ശേഷം തൂക്ക് സഭ വന്നതോടെ, മഹാവികാസ് അഘാഡി സഖ്യ സർക്കാരിന് ശരദ് പവാർ ശ്രമിക്കുന്നതിനിടെ രണ്ടാമതും അജിത് പവാറിനെ കാണാതായി. രാജ്ഭവനിൽ ദേവേന്ദ് ഫട് നാവിസിന് ഒപ്പമാണ് പിന്നെ പൊങ്ങിയത്. ഫട്നാവിസ് സർക്കാർ ഉണ്ടാക്കിയെങ്കിലും, 72 മണിക്കൂർ ആയുസേ ഉണ്ടായിരുന്നുള്ളു എന്നത് മറ്റൊരു കാര്യം.

ഏപ്രിൽ 7ന് പൂണെയിലെ പൊതുപരിപാടി വേണ്ടെന്ന് വച്ച് വീണ്ടും മുങ്ങിയതോടെ എം വി എ സഖ്യം വിട്ട് ബിജെപിക്ക് കൈകൊടുക്കുമെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങി. താൻ വീട്ടിൽ വിശ്രമത്തിലാണെന്നൊക്കെ അജിത് പവാർ പറഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ സ്വഭാവം അറിയാവുന്ന ആരും അതുമുഖവിലയ്ക്ക് എടുത്തിട്ടില്ല.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ മഹാരാഷ്ട്രയിൽ രണ്ടു പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങൾ ഉണ്ടായേക്കുമെന്ന് വഞ്ചിത് ബഹുജൻ അഘാഡി നേതാവ് പ്രകാശ് അംബേദ്കർ പറഞ്ഞതിന് പിന്നാലെയാണ് ഏക്‌നാഥ് ഷിൻഡെയ്ക്ക് പകരമായി അജിത് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ വന്നത്.

അജിത് പവാറും 35 എൻ.സി.പി എംഎൽഎമാരും പാർട്ടി മാറി ബിജെപിയിൽ ചേരുമെന്നും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. കേന്ദ്ര ഏജൻസികളെ ഭയന്ന് ആരെങ്കിലും ബിജെപിയിൽ ചേർന്നാൽ ഇ.ഡിയുടെ മുന്നിലെ മേശയിലുള്ള ഫയലുകൾ കബോർഡിലേക്ക് മാറ്റി സൂക്ഷിക്കുമെന്ന് ശരദ് പവാർ പറഞ്ഞതായി ശിവസേനയുടെ സഞ്ജയ് റാവുത്ത് മുമ്പ് പറഞ്ഞിരുന്നു. ശിവസേനയെ പിളർത്തിയതുപോലെ എൻ.സി.പി.യെ പിളർത്താനാണ് ബിജെപി. ശ്രമിക്കുന്നതെന്നും കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി. ഇതിനായി ഉപയോഗിക്കുകയാണെന്നും സഞ്ജയ് റാവുത്ത് ആരോപിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുംബൈ സന്ദർശനത്തിനുപിന്നാലെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ അഭ്യൂഹങ്ങളും ശക്തമായത്. എൻസിപിയുടെ മുഴുവൻ എംഎൽഎമാരെയും ഒപ്പം നിർത്താൻ ആയില്ലെങ്കിലും 15 ഓളം എംഎൽഎമാർക്കൊപ്പം അദ്ദേഹം ബിജെപി പാളയത്തിലേക്ക് പോകുമെന്നായിരുന്നു അഭ്യൂഹം. അതിനിടെയാണ് സംസ്ഥാന സഹകരണബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലെ കുറ്റപത്രത്തിൽ നിന്ന് അജിത്പവാറിനെയും ഭാര്യയെയും ഇ.ഡി. ഒഴിവാക്കിയത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവസേനയുമായി ചേർന്ന് ബിജെപി. 41 സീറ്റുകൾ മഹാരാഷ്ട്രയിൽ നേടിയിരുന്നു. പിന്നീട് തെറ്റിപ്പിരിഞ്ഞ ശിവസേനയെ പിളർത്തി. ഏക്നാഥ് ഷിൻഡേ വിഭാഗത്തെ മാത്രം ആശ്രയിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ വലിയ വിജയം നേടാനാവില്ലെന്ന കണക്കുകൂട്ടലിലാണ് അജിത്പവാറിനെ കൂടെ കൂട്ടാൻ ബിജെപി ശ്രമിച്ചത്.

'ഇപ്പോൾ നല്ല വെയിലാണ്, പക്ഷേ 15 മിനിറ്റിനകം മഴ പെയ്യുമോ എന്ന് എനിക്ക് പ്രവചിക്കാനാവില്ല' ശരദ് പവാറിന്റെ മകളും ബാരാമതി എംപിയുമായ സുപ്രിയ സുലെയുടെ പരാമർശം തന്നെയാണ് അജിത് പവാറിന്റെ കാര്യത്തിലും പ്രസക്തം. ശരദ് പവാറിന്റെ പ്രേരണയിൽ ഇടക്കാലത്ത് അച്ചടക്കമുള്ള കുട്ടിയായി മാറിയ അജിത് പവാർ വീണ്ടും മറുകണ്ടം ചാടി ഇളയച്ഛനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP