Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദുരിത ജീവിതത്തിന്റെ കൈയ്പുനീർ മറന്ന് ഗണപതിക്ക് തേങ്ങ ഉടയ്ക്കാൻ നമ്പി നാരായണൻ എത്തി ; ഇന്ത്യ വെന്നിക്കൊടി പാറിക്കുമ്പോൾ ആദ്യം ഓർക്കേണ്ടത് നമ്മൾ കള്ളനാക്കിയ ഈ മഹാ ശാസ്ത്രജ്ഞനെ

ദുരിത ജീവിതത്തിന്റെ കൈയ്പുനീർ മറന്ന് ഗണപതിക്ക് തേങ്ങ ഉടയ്ക്കാൻ നമ്പി നാരായണൻ എത്തി ; ഇന്ത്യ വെന്നിക്കൊടി പാറിക്കുമ്പോൾ ആദ്യം ഓർക്കേണ്ടത് നമ്മൾ കള്ളനാക്കിയ ഈ മഹാ ശാസ്ത്രജ്ഞനെ

തിരുവനന്തപുരം: ശുഭകാര്യങ്ങൾ ഉറപ്പാക്കാൻ ഗണപതി ഭഗവാന് തേങ്ങയുടച്ചാൽ മതിയെന്നാണ് ഹിന്ദു വിശ്വാസം. മഴപെയ്യാനും പെയ്യാതിരിക്കാനും ഗണപതിക്ക് തേങ്ങയുടയ്ക്കും. ഗണപതി ഭഗവാൻ കനിയുമെന്നും വിശ്വാസികൾക്ക് ഉറപ്പാണ്. വിശ്വാസവും ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമില്ല. പക്ഷേ ഈശ്വര വിശ്വാസത്തിന്റെ കരുത്ത് ഇന്ത്യൻ ശാസ്ത്ര ലോകത്തിന്റേയും ആത്മവിശ്വാസങ്ങളിലൊന്നാണ്.

മംഗൾയാൻ ചരിത്രദൗത്തിലേക്ക് നീങ്ങുമ്പോൾ തിരുവനന്തപുരത്തെ പഴവങ്ങാടി ഗണപതി കോവിലിൽ പ്രാർത്ഥിച്ചും തേങ്ങയുടച്ചും വിജയവാർത്തയ്ക്കായി വിശ്വാസികൾ കാത്തിരുന്നു. മന്ത്രി വി എസ്. ശിവകുമാറും എത്തി. പക്ഷേ യഥാർത്ഥ ഹീറോ നമ്പി നാരായണനായിരുന്നു. ഇന്ത്യക്ക് മുഴുവൻ ഈ പേരുകാരനെ അറിയാം.

1970കളിൽ റോക്കറ്റുകൾക്കായി ദ്രാവകഇന്ധനസാങ്കേതികവിദ്യയും ഖരഇന്ധന സാങ്കേതികവിദ്യയും ഐ.എസ്.ആർ.ഒ വികസിപ്പിക്കുന്നുണ്ടായിരുന്നു. ഇതിൽ ദ്രാവകഇന്ധനസാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തവരിൽ പ്രധാനിയായിരുന്നു നമ്പി നാരായണൻ. അതിശീതീകൃത ദ്രവഇന്ധനങ്ങളും അവക്ക് വേണ്ട എഞ്ചിനുകളും വികസിപ്പിക്കുന്നതിലും മിടുക്കൻ. ഈ മിടുക്കുതന്നെയാണ് മംഗൾയാനുമായി പോയ പി.എസ്.എൽ.വിയേയും നയിച്ചത്. അതുകൊണ്ട് കൂടിയാണ് മംഗൾയാന്റെ വിജയം ദിവസം ഗണപതിക്ക് തേങ്ങയുടയ്ക്കുന്ന വിശ്വാസി കൂട്ടത്തിൽ ഈ ശാസ്ത്രജ്ഞനും എത്തിയത്.

ചാരനനെന്ന് മുദ്രകുത്തി നമ്പി നാരായണനെ ഒറ്റിക്കൊടുത്തവർക്ക് രാജ്യം മാപ്പുകൊടുക്കില്ലെന്ന് ഇനി പറഞ്ഞിട്ടു കാര്യമില്ല. ചെയ്തത് ക്രൂരത തന്നെയാണ്. ഐഎസ്ആർഒയുടെ ഭാഗമായി നമ്പി നാരായണൻ കുറേക്കാലം കൂടി ജോലി ചെയ്തിരുന്നെങ്കിൽ മംഗൾയാനെന്ന ശാസ്ത്ര നേട്ടം ഇതിന് മുമ്പേ ഇന്ത്യയ്ക്ക് സ്വന്തമാകുമായിരുന്നുവെന്ന് കരുതുന്നവരുണ്ട്. ഒരു പക്ഷേ ഐഎസ്ആർഒയുടെ ചെയർമാൻ പദവിയിലും നമ്പി നാരായണൻ എത്തിയേനേ. പക്ഷേ കുതന്ത്രങ്ങളൊരുക്കി അതെല്ലാം നിഷേധിച്ചു. നമ്പി നാരായണന് മാനസിക-സാമ്പത്തിക നഷ്ടങ്ങളാണ് ഇതുമൂലം ഉണ്ടായതെങ്കിൽ രാജ്യത്തിനുണ്ടായത് ശാസ്ത്ര കുതിപ്പിന്റെ അനന്ത സാധ്യതകളാണ്.

1994ൽ ചാരവൃത്തി ആരോപിച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് അൻപതു ദിവസം ജയിലിൽ അടച്ചു. ഐ.എസ്.ആർ.ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിൻ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു ആരോപണം. പിന്നീട് 1998ൽ സുപ്രീം കോടതി നമ്പി നാരായണനെ കുറ്റവിമുക്തനാക്കി. എന്നിട്ടും നിയമപോരാട്ടം തുടരേണ്ട അവസ്ഥയിലാണ് നമ്പി നാരായണൻ. ആരോടും പരിഭവമില്ല. പക്ഷേ തനിക്കുണ്ടായത് ഇനിയാർക്കും വരരുതെന്ന പ്രാർത്ഥനയാണ് മംഗൾയാൻ വിജയ ദിവസത്തിലും ഈ നാഗർകോവിലുകാരന്റെ മനസ്സിൽ.

ഒരിക്കലും പുറത്തു കടക്കാനാവാത്ത ആഘാതമാണ് ചാരക്കേസ് തനിക്ക് നൽകിയതെന്ന് നമ്പി നാരായണൻ പറയുന്നതിൽ തന്നെ എല്ലാം വ്യക്തം. ഒന്നു ആഘോഷിക്കാനുള്ള അവസ്ഥയിലല്ല ഞാനെന്നും നമ്പി നാരയണൻ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും മംഗൾയാന്റെ വിജയം മാറോടണയ്ക്കാൻ നമ്പി നാരായണനെത്തി.

എന്താണ് ചാര കേസ്? നിലവിലില്ലാത്ത ഒരു സാങ്കേതിക വിദ്യ ചോർത്തിക്കൊടുത്തു എന്നതായിരുന്നു നമ്പി നാരായണന്റെ പേരിലുള്ള കുറ്റം. ഐ എസ് ആർ ഒയിലെ ഡോകുമെന്റേഷൻ സെക്ഷനിൽ നിന്ന് രേഖകൾ പുറത്തേക്ക് കൊണ്ടുപോയിട്ടുണ്ടെന്നാണ് കേരളാ പൊലീസ് കണ്ടെത്തിയത്. പിന്നീട് സിബിഐ. അന്വേഷിച്ചപ്പോൾ സത്യമെത്തി. പിന്നീട് നിയമപോരാട്ടത്തിലൂടെ നഷ്ടപരിഹാരവും കേരള സർക്കാരിൻ നിന്ന് കിട്ടി. എന്നാൽ പത്ത് ലക്ഷം രൂപ കിട്ടിയാൽ തീരുന്നതല്ല നമ്പി നാരായണൻ അനുഭവിച്ച് പീഡനങ്ങൾ. എന്നിട്ടും എല്ലാം ഉള്ളിലൊതുക്കി മറന്നമട്ടിൽ ചിരിക്കുകയാണ് ഈ പ്രതിഭ.

ഇത് ഒരേ സമയം വലിയൊരു തമാശയും ദുരന്തവുമായിട്ടാണ് എനിക്ക് തോന്നുന്നത്. ഒരു മീൻ കുട്ടയിൽ വച്ച് കടത്തിക്കൊടുക്കാൻ കഴിയുന്നതാണോ ഈ സങ്കേതിക വിദ്യ. ക്രയോജെനിക് എന്ന് നേരാംവണ്ണം ഉച്ചരിക്കാൻ സാധിക്കാനറിയാത്തവരാണ് ഈ കേസ് അന്വേഷിച്ചത്. ഞങ്ങൾ പലരും ഒരുപാടു സമയം ഡോകുമെന്റേഷൻ സെക്ഷനിൽ ചിലവഴിക്കുമായിരുന്നു. അവിടെ നിന്ന് നോക്കി തീർക്കാൻ സാധിക്കാത്ത ഡോക്കുമെന്റുകൾ ഐ എസ് ആർ ഒയിൽ നിന്നു തിരിച്ചുള്ള യാത്രയിലാണ് ഞങ്ങൾ വായിക്കുന്നത്. യഥാർത്ഥത്തിൽ 8 മണിക്കൂർ കൊണ്ട് ചെയ്തു തീർക്കാൻ സാധിക്കുന്ന ജോലിയല്ല ഐ എസ് ആർ ഒയിലേത്. അങ്ങനെയാണെങ്കിൽ ഈ നേട്ടങ്ങളൊന്നും കൈവരിക്കാൻ സാധിക്കുമായിരുന്നില്ല. ചാര കേസോടെ എന്താ സംഭവിച്ചത്? ആരും തന്നെ ഡോകുമെന്റേഷൻ സെക്ഷനിൽ പോകാതെയായി. പുതിയ അറിവ് നേടാനുള്ള, സ്വയംനവീകരിക്കാനുള്ള ആഗ്രഹമാണ് ചാര കേസോടെ പൂർണ്ണമായും ഇല്ലാതായത്. ഇതിന് ശേഷം പുതിയ സങ്കേതികവിദ്യയൊന്നും ഐ എസ് ആർ ഒയുടെ പട്ടികയിൽ ഇടം പിടിച്ചില്ല എന്നതാണ് യാഥാർത്ഥ്യം-എല്ലാം അമർഷവും നമ്പി നാരായണന്റെ ഈ വാക്കുകളിൽ ഉണ്ട്.

 ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാരായ വിക്രംസാരാഭായിയുടെയും സതീഷ് ധവാന്റെയും പ്രിയ ശിഷ്യൻ കൂടിയായിരുന്നു നമ്പി നാരായണൻ. തുടക്കത്തിൽ റഷ്യയായിരുന്നു ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയും ഉപദേഷ്ടാവും സഹായിയും. റഷ്യയുടെ സഹായത്തോടെ ബഹിരാകാശ സാങ്കേതികവിദ്യകളും റോക്കറ്റ് വിക്ഷേപണ പദ്ധതികളും തദ്ദേശീയമായി വികസിപ്പിച്ചെടുക്കാൻ നേതൃത്വം നൽകിയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് നമ്പി നാരായണൻ. 1966 മുതൽ1994 വരെയുള്ള 28 വർഷക്കാലം ഐ എസ് ആർ ഒയിൽ പ്രവർത്തിച്ച് ലോകശാസ്ത്രലോകത്തെ പ്രധാന ബഹിരാകാശ ശാസ്ത്രജ്ഞനായി  മാറി.

1966 സെപ്റ്റംബർ 12നാണ് ഐ എസ് ആർ ഒയിൽ ജോലിയിൽ പ്രവേശിക്കുന്നത്. അന്ന് നമ്പി നാരയണൻ മാത്രമായിരുന്നു അവിടത്തെ എഞ്ചിനീയറിങ് ബിരുദധാരി. പിന്നീട് അമേരിക്കയിലെ പ്രിൻസ്‌റ്റെൻ സർവകലാശാലയിൽ എറോസ്‌പേസ് മെക്കാനിക്കൽ എഞ്ചിനീയറിംഗിന് പ്രവേശനം കിട്ടി.മ കിച്ച അദ്ധ്യാപകരുടെ ശിക്ഷണത്തിൽ റിക്കോർഡ് വേഗത്തിലാണ് പഠനം പൂർത്തിയാക്കി. സർവ്വകലാശാല തന്നെ റോക്കറ്റ് ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട വിവിധ കമ്പനികൾ സന്ദർശിക്കാനും കാര്യങ്ങൾ നേരിട്ടു കണ്ടു പഠിക്കുന്നതിനും നമ്പി നാരയണന് അവരമൊരുക്കി. ഇതിലൂടെ ബഹിരാകാശ ഗവേഷണത്തിൽ വ്യക്തമായ കാഴ്ചപ്പാടുമായി

ഇന്ത്യൻ ശാസ്ത്രലോകത്തെ അഭിമാന നെറുകയിലെത്തിച്ച മുൻ രാഷ്ട്രപതി കൂടിയായ അബ്ദുൽ കലാമിന് ഖര ഇന്ധന സങ്കേതികവിദ്യയിലായിരുന്നു താത്പര്യം. നമ്പി നാരായണന്റെ മേഖല ദ്രവ ഇന്ധനമായിരുന്നു. ഫ്രാൻസിന്റെ സഹകരണത്തോടെ ദ്രവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഒരു റോക്കറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള ശ്രമത്തിൽ ഈ മലയാളിയും പങ്കാളിയായി. അതാണ് വികാസ് എഞ്ചിൻ. പിന്നീട് പി എസ് എൽ വിയിൽ ഈ എഞ്ചിൻ ഒരു പ്രധാന ഘടകമായി മാറി. 22 വിക്ഷേപണങ്ങളിൽ ഇത് വിജയകരമായി ഉപയോഗിച്ചു.

പിന്നീട് ക്രയോജെനിക്കിലായി നമ്പി നാരായണന്റെ ശ്രദ്ധ. ക്രയോജെനിക് സങ്കേതിക വിദ്യ കൈവരിച്ചാൽ മാത്രമേ ഭൂതല ഉപഗ്രഹം വിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ. ഇന്ത്യയ്ക്ക് ബഹിരാകാശ ശക്തിയാകണമെങ്കിൽ അത് വേണം. അത് സാധിച്ചിരുന്നെങ്കിൽ രാജ്യത്തിന് വലിയ വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞേനെ. ഇപ്പോഴും ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യയിൽ പൂർണ്ണ സജ്ജത ഇന്ത്യ നേടിയിട്ടില്ല. ചാരക്കേസിൽ നമ്പി നാരയണനെന്ന പ്രതിഭയെ തകർത്തില്ലായിരുന്നെങ്കിൽ ഈ നേട്ടവും രാജ്യത്തിന് ഇതിന് മുമ്പേ സ്വന്തമായേനെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP