Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

കഴിക്കാൻ കിട്ടീട്ട് വേണ്ടേ പൈസ കൊടുത്ത് പഠിക്കാൻ; ടെറസിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് വീൽച്ചെയറിൽ; ആറുവർഷം മുമ്പുണ്ടായ അപകടത്തിൽ പതറാതെ തളരാതെ ആദ്യം എഴുതിയെടുത്തത് നെറ്റ്; ഇപ്പോൾ സിവിൽ സർവീസും; വയനാട്ടിലെ ഷെറിൻ ഷഹാന അങ്ങനെ ആളൊരു സംഭവമായി

കഴിക്കാൻ കിട്ടീട്ട് വേണ്ടേ പൈസ കൊടുത്ത്  പഠിക്കാൻ; ടെറസിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് വീൽച്ചെയറിൽ; ആറുവർഷം മുമ്പുണ്ടായ അപകടത്തിൽ പതറാതെ തളരാതെ ആദ്യം എഴുതിയെടുത്തത് നെറ്റ്; ഇപ്പോൾ സിവിൽ സർവീസും; വയനാട്ടിലെ ഷെറിൻ ഷഹാന അങ്ങനെ ആളൊരു സംഭവമായി

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: ഷെറിൻ ഷഹാനയുടെ ജീവിതത്തിൽ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. മഴ പെയ്ത് നനഞ്ഞ ടെറസിൽ നിന്ന് ഈർപ്പം മാറാനിട്ട വസ്ത്രങ്ങൾ എടുക്കാൻ പോയതായിരുന്നു. അപകടം വരാൻ അധികം നേരം വേണ്ടല്ലോ. കാൽവഴുതി സൺഷെയ്ഡിൽ ഇടിച്ച് താഴേക്ക് വീണപ്പോൾ എല്ലാം അവസാനിച്ചെന്ന് കരുതി. കാരണം നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും, രണ്ടുവാരിയെല്ലുകൾ പൊട്ടുകയും ചെയ്തതോടെ, ഡോക്ടർമാർ പോലും ശുഭപ്രതീക്ഷ വച്ചില്ല. എന്നാൽ, അവിടെ നിന്നാണ് വീൽച്ചെയറിൽ ഇരുന്ന് നെറ്റും, ഇപ്പോൾ സിവിൽ സർവീസും ഷെറിൻ ഷഹാന എഴുതിയെടുത്തത്. ആർക്കും പ്രചോദനമാകുന്ന, ജീവിതത്തോട് പോസിറ്റീവായി പ്രതികരിക്കാൻ തോന്നുന്ന, തൊട്ടാവാടികൾക്ക് ആത്മവിശ്വാസം നൽകുന്ന ഷെറിന്റെ(25) ജീവിത കഥ.

ആറുവർഷം മുമ്പായിരുന്നു ഷെറിനെ വീൽച്ചെയറിലാക്കിയ അപകടം. ഇപ്പോൾ, രണ്ടാമതൊരു അപകടം സംഭവിച്ച് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ കഴിയവേയാണ് മധുരം നുണയാൻ പാകത്തിൽ വാർത്തയെത്തിയത്. വയനാട് കമ്പളക്കാട് തെനൂട്ടികല്ലിങ്ങൽ വീട്ടിലെ പെൺകുട്ടി 913-ാം റാങ്കുകാരിയായാണ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്. ഷെറിന് അപകടം സംഭവിക്കുന്നതിന് രണ്ടുവർഷം മുമ്പാണ് പിതാവ് ഉസ്മാൻ വിടവാങ്ങിയത്. ഇപ്പോൾ ഉമ്മ ആമിനയാണ് ഷെറിനെ ഏറ്റവും അധികം പിന്തുണയ്ക്കുന്നത്. താമരശ്ശേരിയിൽ വെച്ചുണ്ടായ അപകടത്തില് കാലിന് പരിക്കേറ്റാണ് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്നത്.

22 ാം വയസിലെ അപകടത്തിൽ പൂർണമായി കിടക്കയിൽ കഴിയേണ്ട വന്ന ഷെറിന് ഇതൊരു വലിയ ഉയിർത്തെഴുന്നേൽപ്പാണെന്ന് പറയാതെ വയ്യ. ഡിഗ്രിയും പിജിയും പൊളിറ്റിക്കൽ സയൻസിലായിരുന്നു.കിടക്കയിൽ നിന്നെണീക്കാൻ കഴിയാതിരുന്ന കാലത്ത് പത്രങ്ങളും പുസ്തകങ്ങളുമായിരുന്നു കൂട്ട്.

പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിൽ നിന്നാണ് ഷെറിൻ പരിശീലനം നേടിയത്. അബ്‌സല്യൂട്ട് ഐഎഎസ് അക്കാദമി 'ചിത്രശലഭം' എന്ന പദ്ധതിയിലെ ആദ്യ ബാച്ചിലെ 25 പേരിൽ ഒരാളാണ് ഷെറിൻ. പൊളിറ്റിക്കൽ സയൻസിൽ നെറ്റും ജെആർഎഫും നേടിയ ഷെറിൻ മലയാളത്തിലാണ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്.

കഷ്ടപ്പാടിന്റെ നാളുകളെ ഷെറിൻ തരണം ചെയ്ത കഥ പറയുന്നു സഹോദരി ജാലിഷ ഉസ്മാൻ

ഷെറിൻ, എന്റെ ചെറിയ അനിയത്തി വീടിന്റെ മുകളിൽ നിന്ന് വീണ്ത് 2017 ലാണ്. റിസൽറ്റ് കിട്ടിയത് ക്വാഡ്രാപ്ലീജിയ ആയിട്ടാണ്. ആള് വീൽ ചെയറിലായി. തുടർന്ന് ബെഡ്സോറുകൾ, പൊള്ളലുകൾ, വീഴ്ചകൾ ഒരുപാട് കഷ്ടപ്പെട്ടു, ഞങ്ങള് പെൺകുട്ടികളെ തനിച്ചാക്കി 2015ൽ ഉപ്പച്ചി യാത്ര ആയതുകൊണ്ട് കാര്യങ്ങൾ അത്രയ്ക്ക് രസം ഉണ്ടായിരുന്നില്ല. പട്ടിണിക്കൊക്കെ ആശ്വാസം കിട്ടിയത് എനിക്ക് ജോലി ആയപ്പോഴാണ്. ഉമ്മച്ചി ഡയബറ്റിക് ആയി വല്യ ആരോഗ്യം, അല്ല തീരെ ആരോഗ്യം ഇല്ലാത്ത ആളാണ്. നമ്മളൊരു മുഴു കടലിൽ ആയിരുന്നെന്ന് വേണം ചുരുക്കി പറയാൻ. നമ്മൾ പഠിച്ചതൊക്കെ ഗവൺമെന്റ് സ്‌കൂളിലാണ്, ഷെറിൻ പിജി വരെ ചെയ്തത് ബത്തേരി സെന്മേരിസിൽ പൊളിറ്റിക്കൽ സയൻസിൽ. വല്യ കാര്യമായി ഫിനാഷ്യൽ ഇൻവെസ്‌റ്‌മെന്റ് ഒന്നും ഇതിലൊന്നും നടത്തീട്ടില്ല, കഴിക്കാൻ കിട്ടീട്ട് വേണ്ടേ പൈസ കൊടുത്ത് പഠിക്കാൻ.

അങ്ങനെ ഒക്കെ പോകുന്നതിനിടക്ക് ഷെറിൻ നെറ്റ് ക്ലിയർ ചെയ്തു. പിന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ phd ക്ക് ജോയിൻ ചെയ്തു ഈ അടുത്ത്. കഴിഞ്ഞ ആഴ്ച 16 മെയ് ഷെറിൻ കോഴിക്കോട് നിന്ന് വരുന്ന വഴി കാർ ആക്‌സിഡന്റ് ആയി. കാര്യമായി പരിക്ക് പറ്റി. ഉമ്മ, ഏടത്തിയുടെ മകൾ , ഷെറിന്റെ സുഹൃത്ത് അഭിഷേഖ്, ഷെറിൻ, എല്ലാർക്കും. ആദ്യം കോഴിക്കോട് മെഡിക്കൽ കോളജിൽ ആയിരുന്നു. പിന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പൊ ആളൊരു സർജറി കാത്തു കിടക്കുവാണ്.

വെൽ, പറഞ്ഞു വന്നത് ആള് ഇന്ന് സിവിൽ സർവീസ് ക്ലിയർ ചെയ്തു..! അങ്ങനെ വയനാട്ടിലെ രണ്ടാമത്തയോ മറ്റോ ആണ് , ആളൊരു സംഭവമായി.വഴിയിൽ ഒരുപാട് പേര് സഹായിച്ചു, തുമ്മാരുകുടി സാർ , ശാലിനിയേച്ചി, അഭിഷേക് സർ, ആനീസ്‌ക്ക, സെയ്ദലേവി സർ, ജോബിൻ സർ, അസ്‌ക്കാക്ക, നജീബ്ക്ക, ആഷിഫ് സർ, ഇസ്മാൽ സർ അങ്ങനെ അങ്ങനെ എനിക്കറിയാവുന്നതും അവൾക്ക് അറിയാവുന്നതുമായി ഒരുപാട് പേര്. ല്ലാവർക്കും നന്ദി... ഒരുപാട് സ്‌നേഹം. നിങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ ഒന്നും ഒന്നും ഉണ്ടാവില്ലായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP