Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

സൈനിക ആക്രമണത്തിന്റെ പദ്ധതി തയ്യാറാക്കിയത് അജിത് ഡോവൽ; ഭീകരക്യാമ്പുകൾ തകർക്കും മുമ്പ് തെളിവുകൾ ശേഖരിച്ചു; മൂന്ന് കിലോ മീറ്റർ കടന്നുള്ള ആക്രമണം 71ലെ യുദ്ധത്തിന് ശേഷം ആദ്യം

സൈനിക ആക്രമണത്തിന്റെ പദ്ധതി തയ്യാറാക്കിയത് അജിത് ഡോവൽ; ഭീകരക്യാമ്പുകൾ തകർക്കും മുമ്പ് തെളിവുകൾ ശേഖരിച്ചു; മൂന്ന് കിലോ മീറ്റർ കടന്നുള്ള ആക്രമണം 71ലെ യുദ്ധത്തിന് ശേഷം ആദ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ തിരിച്ചടിക്ക് ഏകോപനം നൽകിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അതീവ രഹസ്യമായി നടന്ന നീക്കത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധ മന്ത്രി മനോഹർ പരീക്കറിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. സൈന്യത്തിന് പുറത്ത് ഇക്കാര്യങ്ങൾ നിയന്ത്രിച്ചത് അജിത് ഡോവലായിരുന്നു. കരസേനാ മേധാവിയുമായി നേരിട്ടായിരുന്നു ഡോവൽ ഇടപെട്ടത്. പാക്കിസ്ഥാനെ നയതന്ത്രതലത്തിൽ ഒറ്റപ്പെടുത്തിയ ശേഷം തിരിച്ചടിയെന്ന തന്ത്രം മെനഞ്ഞതും ഡോവലായിരുന്നു. ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാന് എതിരാണെന്ന് ലോകത്തെ അറിയിച്ച ശേഷം മോദിയുടെ അനുമതിയോടെ ഡോവൽ സൈന്യത്തെ അതിർത്തി കടന്നുള്ള ആക്രമണത്തിന് നിയോഗിക്കുകയായിരുന്നു.

Stories you may Like

പാക്ക് അധിനിവേശ കശ്മീരിലെ ഏഴോളം ഭീകര താവളങ്ങൾ ഒരാഴ്ചയോളം നിരീക്ഷിച്ചതിനുശേഷമായിരുന്നു ഇത്. റോയുടെ തലവനെന്ന നിലയിൽ ഈ മേഖലയെ കുറിച്ച് വ്യക്തമായ ധാരണ ഡോവലിനുണ്ട്. എല്ലാം മനസ്സിലാക്കിയ ശേഷം നിയന്ത്രണരേഖ കടന്ന് മൂന്നു കിലോമീറ്ററോളം ഉള്ളിലേക്കെത്തിയ ഇന്ത്യൻ സൈന്യം, ഭീകരരുടെ താവളങ്ങൾക്കുനേരെ ആക്രമണം നടത്തുകയായിരുന്നു. അർധരാത്രിയോടെ ആരംഭിച്ച ആക്രമണം പുലർച്ചെ 4.30ഓടെ അവസാനിപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ 38 ഭീകരരെ വധിച്ചു. ഇതിനൊപ്പം ഭീകരർക്കു സഹായം ചെയ്തവരെയും ഇടനിലക്കാരെയും വധിച്ചു. ഉറിയിലെ സേനാതാവളം ആക്രമിച്ചതിനോട് വൈകാരികമായി പ്രതികരിക്കാതെ, വ്യക്തമായി ആസൂത്രണം ചെയ്ത ശേഷമായിരുന്നു ഇന്ത്യയുടെ സൈനിക നീക്കം അങ്ങനെ ലക്ഷ്യം കണ്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം. മ്യാന്മാറിലേതിന് സമാനമായ അക്രമണമാണ് ഇവിടേയും നടന്നത്. മ്യാന്മ്യാറിലും ഡോവലായിരുന്നു ആക്രമണ പദ്ധതിയുടെ സൂത്രധാരൻ.

രാത്രിയുടെ മറവിൽ പാക്കിസ്ഥാനെ ആക്രമിക്കുകയെന്നതായിരുന്നു ഡോവൽ നൽകിയ നിർദ്ദേശം. വ്യക്തമായ പദ്ധതികൾ കരസേനാ മേധാവിയുമായി ചേർന്ന് ഡോവൽ തയ്യാറാക്കി. ആക്രമണത്തിന്റെ ഓരോ ഘ്ട്ടവും ഡോവൽ നിരീക്ഷിക്കുകയും ചെയ്തു. കൃത്യമായി തന്നെ കാര്യങ്ങൾ പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അറിയിക്കുകയും ചെയ്തു. ബലൂചിസ്ഥാൻ വിഷയം പാക്കിസ്ഥാനെതിരെ ശക്തമായ ആയുധമാക്കി ഇന്ത്യ മാറ്റിയതിന് പിന്നിലും ഡോവലിന്റെ ഇടപെടലാണുള്ളത്. ഭീകരർക്കെതിരായ ഇന്ത്യൻ സൈന്യത്തിന്റെ നടപടികൾ ഏകോപിപ്പിക്കാൻ ഡോവലിനെയാണ് കേന്ദ്രസർക്കാർ ചുമതലയേൽപ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ നാലു മേഖലകളിലെ എട്ടിടങ്ങളിലാണ് ഇന്ത്യൻ സേന പ്രത്യാക്രമണം നടത്തിയത്. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരോട് ഏത് സമയവും തിരിച്ചടി നൽകുമെന്ന സൂചന നൽകിയിരുന്നു.

ഇന്ത്യൻ സൈന്യം 1971ലെ യുദ്ധത്തിനുശേഷം കശ്മീരിലെ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തുന്നത് ഇതാദ്യമെന്നാണ് ഇന്ത്യ ഔദ്യോഗികമായി അവകാശപ്പെടുന്നത്.കാർഗിലിൽ നൂറുകണക്കിനു പാക്ക് സൈനികരും ഭീകരന്മാരും നുഴഞ്ഞുകയറി, ഇന്ത്യയുടെ ഭൂമി പിടിച്ചപ്പോൾപോലും രണ്ടു വ്യോമസേനാവിമാനങ്ങൾ വഴിതെറ്റി കടന്നതല്ലാതെ ഇന്ത്യ കരസേനയെയോ വ്യോമസേനയെയോ നിയന്ത്രണരേഖ കടക്കാൻ അനുവദിച്ചില്ല. 1993 ൽ ശ്രീനഗറിലെ ഹസ്രത്ത്ബാൽ പള്ളി ഭീകരർ പിടിച്ചെടുത്ത സമയത്തും 1995 ൽ ചരാരെ ഷരീഫ് പള്ളി ഭീകരർ കത്തിച്ചസമയത്തും 1999 ൽ കാർഗിലിൽ നുഴഞ്ഞുകയറ്റം നടത്തിയപ്പോഴും, 2001ൽ പാർലമെന്റ് ആക്രമിക്കപ്പെട്ടപ്പോഴും 2008 ൽ മുംബൈ ഭീകരാക്രമണം നടന്നപ്പോഴും നിയന്ത്രണരേഖ കടന്നുള്ള തിരിച്ചടി അന്നത്തെ ഭരണകൂടങ്ങൾ ആലോചിച്ചിരുന്നു. എന്നാൽ അത്തരമൊരു നീക്കത്തിന് ആവശ്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അഭാവവും ലോകാഭിപ്രായം അനുകൂലമാവില്ലെന്ന ആശങ്കയുമെല്ലാം പരിഗണിച്ച് ഒഴിവാക്കുകയായിരുന്നു.

നിയന്ത്രണരേഖ കടന്നുള്ള ആക്രമണത്തിന്റെ വിപത്തുകൾ ആലോചിച്ചാണു പലപ്പോഴും അതു വേണ്ടെന്നുവച്ചിരുന്നത്. ഇപ്പോഴും സൈന്യത്തിന് മുന്നിൽ ഈ പ്രശ്‌നം ഉണ്ടായിരുന്നു. പാക് അധിനിവേശ കാശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ അവിടെ നടക്കുന്ന ഭീകരതയെ ചെറുക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നായിരുന്നു ഡോവലിന്റെ നിലപാട്. ഇത് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താൻ കരുതലോടെ തെളിവ് ശേഖരണം നടത്തി. ഇത് പൂർത്തിയായ ശേഷമായിരുന്നു ആക്രമണം. ഉറി ആക്രമണത്തിന് തിരിച്ചടി കൃത്യമായ സമയത്തുണ്ടാകുമെന്ന് മോദി പറഞ്ഞിരുന്നു. തെളിവ് ശേഖരണം പൂർത്തിയാക്കാനായിരുന്നു ഈ കാത്തിരിപ്പ്. അതിന് ശേഷം കമാണ്ടോകളെ നിയോഗിച്ചു. അക്രമണം നടന്നാൽ അത് പാക്കിസ്ഥാൻ നിഷേധിക്കുമെന്നും വ്യക്തമായിരുന്നു. അതിനാൽ അതും വിഡിയോയിൽ പകർത്തി. ഓപ്പറേഷന് പോകുന്ന ഇന്ത്യൻ സൈനികർക്ക് അപകടമുണ്ടായാൽ അവരെ അവിടെ ഉപേക്ഷിക്കരുതെന്നും ഡോവൽ നിർ്‌ദ്ദേശിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ഇന്ത്യൻ സൈനികരെ രക്ഷിക്കുന്നതിന് പ്രാധാന്യം നൽകണമെന്നായിരുന്നു നിർദ്ദേശം. ഇത് ഇന്ത്യൻ സൈന്യത്തിന്റെ ആത്മബലവും ഉയർത്തി.

മോദി മന്ത്രിസഭ എത്തിയതു മുതൽ ചർച്ച ചെയ്യപ്പെടുന്നതാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഇടപെടലുകൾ. സൈന്യത്തിനും പ്രധാനമന്ത്രിക്കും ഇടയിലെ കണ്ണിയാണ് ഡോവൽ. സൂപ്പർ പ്രതിരോധ മന്ത്രിയെന്ന നിലയിലാണ് ഇടപെടൽ. എന്നാൽ പ്രതിരോധ മന്ത്രി മനോഹർ പരീക്കറുമായി പ്രശ്‌നമുണ്ടാക്കാതെ ഡോവലിന് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നു. പ്രധാനമന്ത്രിയുടെ വിശ്വസ്തനെന്ന പേരാണ് ഇതിന് കാരണം. ഇന്ത്യയുടെ എക്കാലത്തേയും മികച്ച റോ ഉദ്യോഗസ്ഥനാണ് അജിത് ഡോവൽ. പാക്കിസ്ഥാനിൽ വേഷം മാറി ഏഴ് വർഷത്തോളം ജോലിയെടുത്ത ചാരൻ. അതുകൊണ്ട് തന്നെ പാക്കിസ്ഥാനിലെ തീവ്രവാവദ പ്രസ്ഥാനങ്ങളെ കുറിച്ച് ആഴത്തിലുള്ള അറിവ് ഡോവലിനുണ്ട്. ഇതു തന്നെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ തന്ത്രങ്ങളൊരുക്കാൻ ഇപ്പോഴും സഹായിക്കുന്നത്. സിസ് തടവിൽ നിന്നും 40 മലയാളി നേഴ്‌സുമാരെ രക്ഷിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന നിലയിലാണ് അജിത് ഡോവൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ആദ്യം വാർത്തകളിൽ നിറയുന്നത്.

ഐസിസ് തടങ്കലിൽ നിന്ന് ബന്ദികളെ മോചിപ്പിക്കുകയെന്ന ദൗത്യം ഒറ്റയ്ക്ക് എറ്റെടുത്ത് വിജയിപ്പിച്ച വ്യക്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിൽ കണ്ണും കാതും തുറന്ന് ഡോവലിരിക്കുമ്പോൾ കോർപ്പറേറ്റുകളും പിടിക്കപ്പെട്ടു. ബജറ്റ് രേഖാ ചോർച്ച കണ്ടെത്തിയതും പ്രതികളെ പിടികൂടിയതിന് പിന്നിലും ഡോവലിന്റെ കണ്ണുകൾ തന്നെയെന്നാണ് സൂചന. ആരും തൊടാൻ മടിക്കുന്ന റിലയൻസ് സാമ്രാജ്യത്തിനും അങ്ങനെ ഡോവലിന്റെ പ്രഹരമേറ്റു. മ്യാന്മ്യാറിലെ ഇടപെടലും ഡോവലിന്റെ പ്രസക്തി ഉയർത്തി. ലോകത്തെ മുൻനിര രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളും മുൻരഹസ്യാന്വേഷണ വിഭാഗം തലവനുമായ അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മോദി നിയമിച്ചതും വ്യക്തമായ കാഴ്ചപ്പാടുമായാണ്. 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് ഡോവൽ 2005ൽ സർവ്വീസിൽ നിന്നും വിരമിച്ചതാണ്. ഇന്ത്യൻ സൈന്യത്തിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ കീർത്തി ചക്ര ലഭിച്ച രാജ്യത്തെ ആദ്യ പൊലീസ് ഉദ്യോഗസ്ഥനാണ്.

സർവ്വീസിലെ 37 വർഷങ്ങളിൽ 33 വർഷവും രഹസ്യാന്വേഷണ വിഭാഗത്തിലാണ് ഡോവൽ പ്രവർത്തിച്ചത്. 1999ലെ ഖാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനു വേണ്ട പരിശ്രമങ്ങൾ നടന്നത് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ്. ജമ്മുകാശ്മീർ,പഞ്ചാബ്, വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലെല്ലാം നിർണ്ണായക സാഹചര്യങ്ങളുണ്ടായപ്പോൾ നിയോഗിക്കപ്പെട്ടത് അജിത് ഡോവലാണ്. ആറു വർഷം ഇന്ത്യൻ ഹൈക്കമ്മീഷണറായി പാക്കിസ്ഥാനിലും ഡോവൽ പ്രവർത്തിച്ചിട്ടുണ്ട്. സുവർണ്ണ ക്ഷേത്രത്തിലൊളിച്ച ഖാലിസ്ഥാൻ ഭീകരർക്കെതിരായി നടന്ന 1988ലെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിലെ നിർണ്ണായക രഹസ്യവിവരങ്ങൾ അജിത് ഡോവലാണ് നൽകിയത്.

ഐസിസ് പിടിയിൽ നിന്ന് മലയാളി നേഴ്‌സുമാരെ രക്ഷിച്ച ഇറാഖ് ഓപ്പറേഷന്റെ ഹെഡ്‌മാസ്‌റർ ഡോവൽ തന്നെയെന്നത് ആരും സമ്മതിക്കുന്നില്ല. പക്ഷേ ആരും നിഷേധിക്കുന്നില്ല. കാരണം ന്നും പിന്നണിയിലെ ചരടുവലികളായിരുന്നു ഡോവലിന് താൽപ്പര്യം. ഇതു തന്നെയാണ് രേഖ ചോർത്തിയ ചാരന്മാരെ കണ്ടെത്തുന്നതിലും ഉണ്ടായത്. പിറകിൽ കരുക്കൾ നീക്കാൻ ഡോവലുള്ളതിനാൽ കുറ്റവാളികളെ ആരും രക്ഷിച്ചതുമില്ല. ഐപിഎസ് ജോലിക്കിടെ മിസോറാമിലെ തീവ്രവാദി സംഘടനയായ മിസോ നാഷണൽ ഫ്രണ്ടിനെ കൈകാര്യം ചെയ്യാൻ മ്യാന്മാറിലേക്ക് പോയ ഡോവൽ ഫ്രണ്ട് നേതാവ് ലാൽഡംഗയുടെ ഏഴ് കമാൻഡർമാരിൽ ആറുപേരെയും കൊണ്ടാണ് നാട്ടിൽ തിരിച്ചെത്തിയത്. പിന്നീട് സമാധാന മാർഗം സ്വീകരിച്ച ലാൽഡംഗ തന്നെ പിൽക്കാലത്ത് ഇക്കാര്യം സ്ഥിരീകരിച്ചു.

ഓപ്പറേഷൻ ബഌസ്‌റാറിനു പിന്നാലെ 88ൽ നടന്ന ബഌ തണ്ടറിനിടെ ഒരു പാക് ചാരൻ സുവർണ ക്ഷേത്രത്തിലെത്തി ഖാലിസ്ഥാൻ തീവ്രവാദി നേതാക്കളെ കണ്ടിരുന്നു. ആ പാക് ചാരൻ പിന്നീട് പൊങ്ങിയത് ഡോവലിന്റെ രൂപത്തിലായിരുന്നു. സമാധാനകാലത്തെ സ്ത്യുത്യർഹമായ പ്രവർത്തനത്തിനു നൽകുന്ന രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ കീർത്തി ചക്രയും അന്ന് ഡോവൽ സ്വന്തമാക്കി. 1999ൽ കണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാൻ എൻഡിഎ സർക്കാർ നിയോഗിച്ചത് ഡോവലിനെയായിരുന്നു. വാജ്‌പേയി സർക്കാരിന്റെ കാലത്ത് രഹസ്യവിവരങ്ങൾ പങ്കുവയ്ക്കാനുള്ള പൊതുവേദിയായി ഡോവൽ മൾട്ടി ഏജൻസി സെന്റർ, ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് ഓൺ ഇന്റലിജൻസ് എന്നിവ രൂപീകരിച്ചു. മോദി സർക്കാരിൽ അതിലും വലിയ ദൗത്യം ഡോവലിനെ തേടിയെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP