Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1860 തടവുകാർക്ക് ഇളവു നൽകാൻ തീരുമാനിച്ചത് ഡിസംബർ 28ലേ പിണറായി മന്ത്രിസഭയുടെ യോഗം തന്നെ; ഒപ്പം കണ്ണൂരിലെ തടവുകാർക്ക് അകാല വിടുതൽ നൽകാനും മന്ത്രിസഭ തീരുമാനിച്ചു: എല്ലാം ഉമ്മൻ ചാണ്ടിയുടെ തീരുമാനമെന്ന് പറഞ്ഞ് മറുനാടനെതിരെ ഉറഞ്ഞുതുള്ളുന്ന ദേശാഭിമാനി എഡിറ്ററും സംഘവും വായിച്ചറിയാൻ

1860 തടവുകാർക്ക് ഇളവു നൽകാൻ തീരുമാനിച്ചത് ഡിസംബർ 28ലേ പിണറായി മന്ത്രിസഭയുടെ യോഗം തന്നെ; ഒപ്പം കണ്ണൂരിലെ തടവുകാർക്ക് അകാല വിടുതൽ നൽകാനും മന്ത്രിസഭ തീരുമാനിച്ചു: എല്ലാം ഉമ്മൻ ചാണ്ടിയുടെ തീരുമാനമെന്ന് പറഞ്ഞ് മറുനാടനെതിരെ ഉറഞ്ഞുതുള്ളുന്ന ദേശാഭിമാനി എഡിറ്ററും സംഘവും വായിച്ചറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊടിസുനിയും ഓംപ്രകാശും ഉൾപ്പെടെയുള്ള 1850 തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശയാണ് പിണറായി സർക്കാർ ഗവർണർക്കു മുന്നിൽ അനുമതിക്കായി സമർപ്പിച്ചതെന്നും ഇതിൽ കൊടുംകുറ്റവാളികൾ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടുവെന്നതിനാൽ ഗവർണർ അതിന് അനുമതി നൽകാതെ തിരിച്ചയക്കുകയായിരുന്നുവെന്നും ഇന്നലെ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഈ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയും ഇന്ന് മുഖ്യധാരാ പത്രങ്ങളിൽ ഉൾപ്പെടെ വിഷയം വാർത്തയാവുകയും ചെയ്തതോടെ സൈബർ സഖാക്കൾ മറുനാടനെതിരെയും ഈ വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്കെതിരെയും തിരിഞ്ഞിരിക്കുകയാണ്.

പക്ഷേ, ഇത്രയും തടവുകാർക്ക് ശിക്ഷാ ഇളവു നൽകാനും കണ്ണൂർ ജയിലിലെ എട്ട് ജീവപര്യന്തം തടവുകാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അകാല വിടുതൽ നൽകാനും ഗവർണറോട് ശുപാർശ ചെയ്യാനാണ് ഇക്കഴിഞ്ഞ ഡിസംബർ 28ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതെന്ന വസ്തുത കണ്ടില്ലെന്ന് നടിച്ചായിരുന്നു സൈബർ സഖാക്കൾ വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്കെതിരെ തിരഞ്ഞത്.

കൊടുംകുറ്റവാളികളെ ഉൾപ്പെടെ വിട്ടയക്കാൻ ആണ് ശുപാർശയെന്നുകണ്ടാണ് ഗവർണർ പട്ടിക മടക്കിയതെന്ന വിവരമാണ് മറുനാടൻ പുറത്തുവിട്ടത്. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ എം സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്,ഷാഫി, അണ്ണൻ സിജിത്ത്,കെ ഷിനോജ് എന്നിവരെല്ലാം പട്ടികയിൽ ഇടം പിടിച്ചതായും ഇവരെ കൂടാതെ അൻപതോളം സി പി എം തടവുകാർ ഗവർണർ തള്ളിയ പട്ടികയിൽ ഉണ്ടായിരുന്നുവെന്നുമായിരുന്നു റിപ്പോർട്ട്.

ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലുള്ള കണിച്ചുകുളങ്ങര കേസിലെ പ്രതികളായ സജിത്തും ബിനീഷും വരെ പട്ടികയിൽ ഇടം നേടിയെന്നും കല്ലുവാതിൽക്കൽ മദ്യദുരന്ത കേസിലെ പ്രധാന പ്രതികളായ മണിച്ചനും സഹോദരൻ വിനോദും പട്ടികയിലുണ്ടെന്നും മറുനാടൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇതോടെ സിപിഎമ്മിന്റെ സൈബർ സഖാക്കൾ ഹാലിളകി മറുനാടനും മറ്റു മാദ്ധ്യമങ്ങൾക്കുമെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തി. ദേശാഭിമാനി റസിഡന്റ് എഡിറ്റർ കൂടിയായ പിഎം മനോജ് തന്നെ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഈ വാർത്തകൾ വ്യാജമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു.

വിഷയത്തിൽ ചന്ദ്രിക ദിനപത്രം കുറ്റവാളികളെ കൂട്ടത്തോടെ കൂടുതുറന്ന് വിടരുത് എന്ന മുഖപ്രസംഗം എഴുതിയതിനെയും കുറ്റവാളികളെ മോചിപ്പിക്കുന്നതിനെതിരെ ബിജെപി നേതാവ് വി മുരളീധരൻ രംഗത്തെത്തിയതിനെയും വിമർശിച്ചുകൊണ്ടായിരുന്നു മനോജിന്റെ പോസ്റ്റ്. വാർത്ത കണ്ട് ഞെട്ടിയെന്നും ഇതേപ്പറ്റി സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം കണ്ടപ്പോഴാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ചതെന്നും പറഞ്ഞുകൊണ്ടാണ് മനോജിന്റെ പോസ്റ്റ്.

'കണ്ടെത്തിയ' കാര്യങ്ങൾ മനോജ് അക്കമിട്ട് നിരത്തിയത് ഇങ്ങനെ:

1 . 2015 ലേ സ്വാതന്ത്ര്യദിനത്തിൽ ശിക്ഷാ കാലയളവിൽ ഇളവ് നൽകാനുള്ള 2300 തടവുകാരുടെ പട്ടികയാണ് അയച്ചിരുന്നത് .
2 . ആ പട്ടിക തയാറാക്കി അയക്കുമ്പോൾ കേരളം ഭരിച്ചത് യു ഡി എഫ് ആണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
3 . ആ പട്ടിക നിശ്ചിത സമയം കഴിഞ്ഞു, ഓരോ കേസും മന്ത്രിസഭാ പരിശോധിച്ചിട്ടില്ല എന്ന കാരണം പറഞ്ഞു ഗവർണ്ണർ ജസ്റ്റിസ് പി സദാശിവം തിരിച്ചയച്ചു.
5 . എൽ ഡി എഫ് സർക്കാറിനു മുന്നിൽ ഫയൽ എത്തിയപ്പോൾ പരിശോധനയ്ക്കായി ഒരു കമ്മിറ്റി രൂപീകരിച്ചു. ആഭ്യന്തര വകുപ്പ് അഡി . സെക്രട്ടറിയും ജയിൽ ഡി ഐ ജിയും ലോ സെക്രട്ടറിയും അടങ്ങുന്ന ആ കമ്മിറ്റി ഓരോ കേസും പരിശോധിച്ച്. പട്ടികയിൽ നേരത്തെ 2300 പേരാണെങ്കിൽ, ഈ പരിശോധനയ്ക്കു ശേഷം അത് 1850 ആയി ചുരുക്കി. ഐക്യ കേരള വജ്ര ജൂബിലിയുടെ ഭാഗമായി നവംബർ ഒന്നിന് നടപ്പാക്കാൻ അത് പരിഗണിക്കാം എന്ന് ഗവർമെന്റ് തീരുമാനിച്ചു.

6 . ശിക്ഷാ കാലാവധിയിൽ ഇളവ് നൽകാൻ മന്ത്രിസഭ ഗവർണർക്കു നൽകിയ 1850 തടവുകാരുടെ പട്ടികയിൽ ചട്ടങ്ങൾക്കും നിയമത്തിനും വിരുദ്ധമായി ഒരു പേര് പോലും ഇല്ല.
7. ഉദ്യോഗസ്ഥ തല സമിതി പുനഃപരിശോധിച്ചു അന്തിമ രൂപം നൽകിയ ലിസ്റ്റിന്മേൽ തീരുമാനം എടുക്കേണ്ടിയിരുന്ന ഗവർണ്ണറുടെ ഓഫിസ്, സുപ്രിം കോടതിയുടെ പുതിയ മാനദണ്ഡം കൂടി നോക്കി വീണ്ടും പരിശോധിക്കാനായി തിരിച്ചയച്ചു. അത് സാധാരണ ഔദ്യോഗിക ആശയ വിനിമയമാണ്. പക്ഷെ ഇവിടെ രാജ്ഭവനിൽ നിന്ന് പ്രത്യേക പത്രക്കുറിപ്പ് ഇറങ്ങി. അതിലാകട്ടെ, 'റിലീസ്' അഥവാ വിട്ടയയ്ക്കൽ എന്ന പദമാണ് ഉപയോഗിച്ചത്. യഥാർത്ഥത്തിൽ വിട്ടയയ്ക്കൽ അല്ല, നിശ്ചിത കാലം ശിക്ഷ അനുഭവിച്ചവർക്കു(മൂന്നു മാസ തടവുകാർക്ക് 15 ദിവസം. പതിമൂന്നു കൊല്ലം ജീവപര്യന്ത തടവ് പൂർത്തിയായവർക്കു ഒരു വർഷംഇങ്ങനെ) ഇളവ് നൽകലാണ്. ഒരു പ്രത്യേക ദിവസം (നവംബർ ഒന്നിന്) കൂട്ടത്തോടെ 1850 പേര് ജയിൽ മോചിതർ ആക്കൽ അല്ല, ഓരോരുത്തരും അവരുടെ ശിക്ഷാ കാലാവധിയുടെ നിശ്ചിത ഭാഗം പൂർത്തിയാക്കുമ്പോൾ അർഹമായതും അനുവദിക്കപ്പെട്ടതുമായ ഇളവ് ലഭ്യമാക്കി മോചിക്കപ്പെടലാണ്. ഒരാൾക്ക് മൂന്നിലൊന്നു ശിക്ഷാ കാലമാണ് പരമാവധി നല്കാനാകുന്ന ഇളവ്.

8 . ഈ പട്ടികയ്ക്ക് രൂപം നൽകിയത് ജയിൽ വകുപ്പാണ്. ഓരോ ജയിലിൽ നിന്നും സൂപ്രണ്ടുമാരാണ് ശുപാർശ നൽകുന്നത്. അന്തിമ രുപം നൽകിയത് ജയിൽ ഡി ജി പി. ഓരോ ജയിലിൽ നിന്നുമുള്ള പരിശോധനയുടെയും ശുപാർശയുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്

ഇത്രയും കാര്യങ്ങൾ കണ്ടെത്തിയെങ്കിലും ഏതെല്ലാം കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാൻ തീരുമാനിച്ചതെന്ന് പറയാൻ മനോജ് തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, ഈ ഇളവെല്ലാം കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരാണ് പ്രഖ്യാപിച്ചതെന്നും ഇടതുസർക്കാരിന് ഇതിൽ ഒരു പങ്കുമില്ലെന്നും വ്യക്തമാക്കാനും ജയിൽ തടവുകാരുടെ മോചനം അഥവാ റിലീസ് എന്ന പദം പ്രയോഗിച്ച ഗവർണറുടെ ഓഫീസാണ് ഈ പൊല്ലാപ്പെല്ലാം ഉണ്ടാക്കിയതെന്നുള്ള മുനവച്ച ആരോപണവും ഒളിപ്പിച്ചായിരുന്നു മനോജിന്റെ പോസ്റ്റ്. ഇതോടെ സോഷ്യൽ മീഡിയയിൽ മനോജിനുനേരെയും കടുത്ത വിമർശനം ഉയരുകയാണിപ്പോൾ.

ഡിസംബർ 28ലെ മന്ത്രിസഭാ യോഗ തീരുമാനത്തിൽ ആറും ഏഴും നമ്പരിട്ട് സർക്കാർ പ്രസിദ്ധീകരിച്ച ക്യാബിനറ്റ് തീരുമാനങ്ങളിൽ പറയുന്നത് ഇങ്ങനെ:
6. സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം വാർഷികത്തോട് അനുബന്ധിച്ച് 1860 തടവുകാർക്ക് പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കുന്നതിനു ഗവർണ്ണറോട് ശുപാർശ ചെയ്യും.
7. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയുടെ ശുപാർശ പ്രകാരം 8 ജീവപര്യന്തം തടവുകാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അകാല വിടുതൽ നൽകുന്നതിന് ഗവർണറോടു ശുപാർശ ചെയ്യും.

ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണൂരിലെ 8 തടവുകാർക്ക് അകാല വിടുതൽ നൽകുന്നുവെന്ന് പറഞ്ഞത് കണ്ടില്ലേ എന്ന് ചോദിച്ചാണ് സർക്കാരിനെ ന്യായീകരിക്കാൻ ഇറങ്ങിയ മനോജിനും സൈബർ സഖാക്കൾക്കും മറുപക്ഷം മറുപടി നൽകുന്നത്. മാത്രമല്ല, ഇക്കാര്യങ്ങൾ തെറ്റാണെങ്കിൽ ശരിയായ ലിസ്റ്റ് അധികാരം കയ്യിലുള്ളപ്പോൾ പാർട്ടി പത്രമായ ദേശാഭിമാനി എന്തുകൊണ്ട് മറുപടിയായി കൊടുക്കുന്നില്ലെന്ന ചോദ്യവും അവർ ഉയർത്തുന്നു.

അതു പുറത്തുവിട്ടാൽ തടിക്കുതട്ടുമെന്ന പേടിയുണ്ടോ എന്ന ചോദ്യവുമായാണ് മറ്റുചിലർ എത്തുന്നത്. ഇത്തരത്തിൽ സർക്കാരിനെ ന്യായീകരിക്കാൻ ദേശാഭിമാനിയിൽ എന്തുകൊണ്ട് റഡിഡന്റ് എഡിറ്റർ എഴുതുന്നില്ലെന്നും എന്തിനാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ട് കളിക്കുന്നതെന്നുമാണ് വേറെ ചിലരുടെ ചോദ്യം. ന്യായമായ ലിസ്റ്റാണ് പിണറായി സർക്കാർ സമർപ്പിച്ചതെങ്കിൽ എന്തിന് ഗവർണർ അത് തിരിച്ചയക്കണമെന്ന ചോദ്യവും ഉയരുന്നുണ്ട്.

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കൂടിയായിരുന്ന പി സദാശിവമാണ് ഗവർണർ എന്നിരിക്കെ നിയമപരമായി ഒരു സാധുതയുമില്ലാതെ സമർപ്പിച്ച വിടുതൽ ലിസ്റ്റ് തിരിച്ചയക്കുകയാണ് ചെയ്തതെന്നാണ് മറുനാടന് ലഭിച്ച വിവരം. സിപിഎമ്മുകാരുൾപ്പെടെ രാഷ്ട്രീയ തടവുകാർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നതും മാനഭംഗക്കേസിലും മറ്റും പ്രതികളായവരും ഇടംപിടിച്ചുവെന്നും റിപ്പോർട്ട് ചെയ്തത് ടൈംസ് ഓഫ് ഇന്ത്യയായിരുന്നു. ഇതിലുൾപ്പെട്ട ചില കൊടുംകുറ്റവാളികളുടെ വിവരമാണ് മറുനാടൻ റിപ്പോർട്ടു ചെയ്തത്.

മാനദണ്ഡങ്ങൾ പാലിക്കാതെ, ഒരിക്കലും ഇളവുനൽകാൻ പാടില്ലാത്ത ഗുരുതര കുറ്റവാളികളുടെ ലിസ്റ്റാണ് സമർപ്പിച്ചതെന്നും അതുകൊണ്ടാണ് ഗവർണർ ഇത് മടക്കിയതെന്നും ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ സുപ്രീംകോടതിയുടെ പുതിയ മാനദണ്ഡം നോക്കാൻ വേണ്ടിയാണ് തിരിച്ചയച്ചതെന്നും മറ്റെല്ലാം ശരിയാണെന്നുമുള്ള മട്ടിലാണ് മനോജിന്റെ വാദം. ഇത് പച്ചക്കള്ളമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ നിന്നും വ്യക്തമാണ്.

മാത്രമല്ല ബലാത്സംഗ കുറ്റവാളികളും മയക്കുമരുന്നുകേസിൽ പിടിയിലായവരും പാർട്ടിക്കാരുമെല്ലാം സർക്കാർ ലിസ്റ്റിലുണ്ടെന്ന് വ്യക്തമാക്കിയാണ് ടൈംസ് ഓഫ് ഇന്ത്യ വാർത്ത നൽകിയിട്ടുള്ളതും. എന്നാൽ ഇതേ ടൈംസ് ഓഫ് ഇന്ത്യ വാർത്തയെ ഉദ്ധരിച്ചും മനോജ് പുതിയ പോസ്റ്റ് ഇന്ന് ഫെയ്‌സ് ബുക്കിൽ നൽകിയിട്ടുണ്ട്. അതിൽ റിലീസ് അല്ല റെമിഷൻ (ശിക്ഷാ കാലാവധി കുറവുചെയ്യൽ) മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് സ്ഥാപിക്കാനാണ് ദേശാഭിമാനി റസിഡന്റ് എഡിറ്ററുടെ വിഫല ശ്രമം. എന്നാൽ സർക്കാർ മന്ത്രിസഭാ തീരുമാനത്തിൽ അകാല വിടുതൽ നൽകുമെന്ന് മലയാളത്തിൽ വ്യക്തമായി എഴുതിയതിനെ കണ്ടില്ലെന്ന് നടിച്ചും ടൈംസ് ഓഫ് ഇന്ത്യ വാർത്തയിൽ തലക്കെട്ടിലും ഹൈലറ്റിലും ഉയർത്തിക്കാട്ടിയ റിലീസ് എന്ന വാക്ക് വിഴുങ്ങിയും മനോജ് നൽകിയ പുതിയ വ്യാഖ്യാനവും ഇതോടെ ചർച്ചയാവുകയാണ്.

മനോരമ ഇന്ന് നൽകിയ വാർത്ത ഇങ്ങനെ

ഇന്ന് മനോരമ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച വാർത്തയിലും കൊടുംകുറ്റവാളികളെ പുറത്തിറക്കാൻ സർക്കാർ തയ്യാറായിയെന്ന വ്യക്തമായ വിവരങ്ങൾ നൽകിയിട്ടുണ്ട്്. എഡിറ്റ് പേജിൽ ഗുണ്ടാവിഷയത്തിൽ നൽകിയ പരമ്പരയ്‌ക്കൊപ്പമാണ് പുറത്തിറക്കാൻ പോകുന്ന തടവുകാരുടെ ലിസ്റ്റ് ചേർത്തിട്ടുള്ളത്. സംസ്ഥാനം രൂപീകൃതമായതിന്റെ അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി മറ്റൊന്നും നൽകിയില്ലെങ്കിലും തടവുകാർക്ക് ശിക്ഷായിളവെന്ന സമ്മാനം നൽകാനാണ് സർക്കാർ തീരുമാനിച്ചതെന്ന് വ്യക്തമാക്കുന്ന വാർത്തയിൽ കൊലക്കേസ് പ്രതികളും ഗുണ്ടകളും രാഷ്ട്രീയ തടവുകാരും ഉൾപ്പെടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. കൊടിസുനി, മുഹമ്മദ് ഷാഫി, കിർമാണി മനോജ്, രജീഷ് തുടങ്ങിയ ടിപി വധക്കേസ് പ്രതികൾ, സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ മുഹമ്മദ് നിസാം, ഉണ്ണിത്താൻ വധശ്രമ കേസിലെ മുൻ ഡിവൈഎസ്‌പി ഷാജി, കാരി സജീഷ്, പോൾ മുത്തൂറ്റ് വധക്കേസ് പ്രതികൾ എന്നിവരുടെ പേരും മനോരമ നൽകി. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് ഇതൊന്നും വലിയ കാര്യമല്ലെന്നും വെറും കുപ്രചരണമാണെന്നും മുമ്പത്തെ സർക്കാരുകൾ ചെയ്താണെന്നുമെല്ലാം പറഞ്ഞ് വിഡ്ഡിത്തംവിളമ്പി മനോജ് പ്രതികരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP