Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്വാറന്റൈനിനെ കുറിച്ച് ആദ്യ പരമർശമുള്ളത് ബൈബിൾ പഴയനിയമത്തിൽ; ചരിത്രത്തിലെ രേഖപ്പെടുത്തിയ ആദ്യത്തെ സംഘടിതരൂപത്തിലുള്ള ക്വാറന്റൈൻ നടന്നത് പതിനാലാം നൂറ്റാണ്ടിൽ; ക്വാറന്റൈൻ ക്യാമ്പിന്റെ യാഥാർത്ഥ്യം അറിയുവാൻ രോഗമുണ്ടെന്ന വ്യാജ രേഖ ചമച്ച് ക്യാമ്പിൽ പ്രവേശനം നേടിയ ജയിൽ പരിഷ്‌കർത്താവ്; കൊറോണകാലത്ത് മാത്രം മലയാളിക്ക് പരിചിതമായ ക്വാറന്റൈനിന്റെ നാൾവഴികളിലൂടെ ഒരു യാത്ര

ക്വാറന്റൈനിനെ കുറിച്ച് ആദ്യ പരമർശമുള്ളത് ബൈബിൾ പഴയനിയമത്തിൽ; ചരിത്രത്തിലെ രേഖപ്പെടുത്തിയ ആദ്യത്തെ സംഘടിതരൂപത്തിലുള്ള ക്വാറന്റൈൻ നടന്നത് പതിനാലാം നൂറ്റാണ്ടിൽ; ക്വാറന്റൈൻ ക്യാമ്പിന്റെ യാഥാർത്ഥ്യം അറിയുവാൻ രോഗമുണ്ടെന്ന വ്യാജ രേഖ ചമച്ച് ക്യാമ്പിൽ പ്രവേശനം നേടിയ ജയിൽ പരിഷ്‌കർത്താവ്; കൊറോണകാലത്ത് മാത്രം മലയാളിക്ക് പരിചിതമായ ക്വാറന്റൈനിന്റെ നാൾവഴികളിലൂടെ ഒരു യാത്ര

രവികുമാർ അമ്പാടി

കർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോൾ അവയുടെ വ്യാപനം തടയുവാനുള്ള ഉത്തമമാർഗ്ഗമാണ്, രോഗബാധിതരെ മറ്റുള്ളവരിൽ നിന്നും അകറ്റി നിർത്തുക എന്നത്. ക്വാറന്റൈൻ എന്ന് വിളിക്കുന്ന ഈ നടപടിയെക്കുറിച്ച് ആദ്യം പ്രതിപാദിച്ചിട്ടുള്ളത് ബൈബിൾ പഴയ നിയമത്തിലേയും എബ്രായ ബൈബിളിലേയും മൂന്നാം പുസ്തകമായ ലേവ്യ പുസ്തക (ലേവ്യർ)ത്തിലാണ്. ക്വാറന്റൈൻ എന്ന പേര് പരാമർശിച്ചിട്ടില്ലെങ്കിലും, വികൃതമായ ത്വക്ക് രോഗമുള്ളവരെ (കുഷ്ഠരോഗമായിരിക്കാം എന്നാണ് കരുതപ്പെടുന്നത്) മറ്റുള്ളവരിൽ നിന്നും പുരോഹിതർ ഏഴ് ദിവസത്തേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നതായി അതിൽ പറയുന്നു.

എന്നാൽ പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലാകെ പ്ലേഗ് പടർന്നപ്പോഴാണ് ആദ്യമായി സംഘടിത രൂപത്തിൽ ക്വാറന്റൈൻ നടപ്പിലാക്കിയത് എന്നാണ് എഴുതപ്പെട്ട ചരിത്രം പറയുന്നത്. ഇറ്റലിയിലാണ് ഇത് ആദ്യമായി നടപ്പിലാക്കിയത്. വെനീസിലേക്ക് വരുന്ന കപ്പലുകൾ, ദൂരക്കടലിൽ ഒരു നിശ്ചിത കാലയളവിലേക്ക് നങ്കൂരമിട്ട് കിടന്നതിനു ശേഷം മാത്രമേ തുറമുഖത്തേക്ക് പ്രവേശിക്കുവാൻ അനുവദിച്ചിരുന്നുള്ളു. രോഗബാധയുള്ളവർ അതിലുണ്ടോ എന്നറിയുവാനായിരുന്നു ഈ മുൻകരുതൽ എടുത്തിരുന്നത്.

എന്നാൽ, ഇന്ന് ക്രൊയേഷ്യയിൽ ഉള്ള റഗുസ തുറമുഖത്ത് തികച്ചും വ്യത്യസ്തമായ രീതിയിൽ ആയിരുന്നു ക്വാറന്റൈൻ നടത്തിയിരുന്നത്.1377 ലെ രേഖകളിലാണ് ഇത് പ്രതിപാദിച്ചിട്ടുള്ളത്. ഈ തുറമുഖത്തേക്ക് വരുന്ന കപ്പലുകൾ കടലിൽ ദൂരെ മാറിയുള്ള, ആൾത്താമസമില്ലാത്ത ഒരു ദ്വീപിനടുത്ത് നങ്കൂരമിട്ടശേഷം ആ കപ്പലിൽ ഉള്ളവർ ആ ദ്വീപിൽ ഒരു മാസം കഴിയണമായിരുന്നു. സൂര്യപ്രകാശവും കാറ്റുമേറ്റ്, ശരീരത്തിലെ രോഗാണുക്കൾ നശിക്കുവാൻ വേണ്ടിയായിരുന്നു ഇത്. പിന്നീട് ഇത് 40 ദിവസത്തേക്ക് നീട്ടിയപ്പോഴാണ് ഇതിന് ക്വാറന്റൈൻ എന്ന പേര് വന്നുചേർന്നത്. ഇറ്റാലിയൻ ഭാഷയിൽ ക്വാറന്റാ എന്നതിനർത്ഥം 40 എന്നാണ്.

ഒരു രോഗത്തിന്റെ കാലഘട്ടത്തിൽ അതിൽ മാറ്റങ്ങൾ വരാനുള്ള കാലാവധിയായി 40 ദിവസങ്ങൾ പിന്നീട് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് നിശ്ചയിച്ചിരുന്നു എന്നത് മാത്രമല്ല, യേശുക്രിസ്തുവിന്റെ കാലഘട്ടത്തിലെ ആത്മീയ ശുദ്ധീകരണപ്രക്രിയകൾക്കും ഇതേ സമയം എടുത്തിരുന്നു എന്നതുകൂടിയാകാം കാലാവധി 40 ദിവസമാക്കുവാൻ കാരണമെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

എന്നാൽ, ആദ്യമായി ഒരു ക്വാറന്റൈൻ ക്യാമ്പ് നിർമ്മിക്കുന്നത് 1423 ലാണ്. വെനേഷ്യൻ കായലിലെ സാന്റാ മറിയ ഡി നസറേത്ത് ദ്വീപിലാണ് ഇത് നിർമ്മിച്ചത്. സെയിന്റ് ലസരെറ്റോ കുഷ്ഠരോഗാശുപത്രിയോട് അനുബന്ധിച്ച് നിർമ്മിച്ചതിനാലാകാം അത് ലസരെറ്റോ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇത് രോഗബാധിതരെ പാർപ്പിക്കുവാനുള്ള ക്യാമ്പ് ആയിരുന്നെങ്കിൽ, 1468 ൽവെക്കിയോ ദ്വീപിലാണ് രോഗബാധിതരെന്ന് സംശയിക്കപ്പെടുന്നവരെ ക്വാറന്റൈൻ ചെയ്യുവാനുള്ള ക്യാമ്പ് ആദ്യമായി ആരംഭിച്ചത്.ഇന്നും ഇതിന്റെ അവശിഷ്ടങ്ങൾ ഈ ദ്വീപിലുണ്ട്. അനേകം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഇടംകൂടിയാണിന്നിത്.

താമസിയാതെ മെഡിറ്ററേനിയൻ തീരങ്ങളിൽ ഇത്തരത്തിലുള്ള നിരവധി ക്യാമ്പുകൾ നിലവിൽ വന്നു. അന്ന് വിദേശയാത്രകൾക്കായും വ്യാപാരാവശ്യത്തിനും പ്രധാനമായും ഉപയോഗിച്ചിരുന്നത് സമുദ്രപാതകളായിരുന്നു എന്നതിനാലാണ് സമുദ്രതീരങ്ങളിൽ ഇവ നിലവിൽ വന്നത്. ഇത്തരത്തിലുള്ള ക്വാറന്റൈൻ കേന്ദ്രങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം വരെ നില നിന്നിരുന്നു.

ഈ ക്വാറന്റൈൻ ക്യാമ്പുകളിലെ അവസ്ഥ മനസ്സിലാക്കുവാനായി ഇംഗ്ലണ്ടിലെ ജയിൽ പരിഷ്‌കർത്താവായ ജോൺ ഹോവാർഡ് 1780 ൽ ഇറ്റാലിയൻ കപ്പലിൽ വെനീസിലേക്ക് യാത്രയായി. പ്ലേഗ് ബാധയുള്ള ഒരു സ്ഥലത്തെ തുറമുഖത്തിൽ നിന്നുമാണ് അദ്ദേഹം യാത്ര തുടർന്നത്. മാത്രമല്ല, രോഗബാധിതനാണെന്ന ഒരു വ്യാജരേഖയും അദ്ദേഹം കൈയിൽ കരുതിയിരുന്നു.

നുവോവോ എന്ന സ്ഥലത്തെ ക്വാറന്റൈൻ ക്യാമ്പിലാണ് അദ്ദേഹത്തെ പാർപ്പിച്ചത്. നിറയെ പ്രാണികളും കീടങ്ങളും നിറഞ്ഞ ഒരു വൃത്തികെട്ട മുറിയിലായിരുന്നു അവിടെ അദ്ദേഹത്തെ പാർപ്പിച്ചത്. കിടക്കാൻ കിടക്കയോ, ഇരിക്കാൻ കസേരയോ ഉണ്ടായിരുന്നില്ല. പാതിവെന്ത ഭക്ഷണത്തിന് രുചി തീരെയില്ലായിരുന്നു എന്നും അദ്ദേഹം പിന്നീട് എഴുതുകയുണ്ടായി.

അവിടെനിന്നും ഉടനെ തന്നെ അദ്ദേഹത്തെ വെക്കിയോ ദ്വീപിലെ ക്യാമ്പിലേക്ക് മാറ്റി. പക്ഷെ അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആദ്യത്തെ ആറുദിവസം അദ്ദേഹത്തിന് തറയിൽ കിടന്നുറങ്ങേണ്ടതായി വന്നു. പിന്നീട് അല്പം സൗകര്യങ്ങൾ ഉള്ള മുറിയിലേക്ക് മാറ്റിയെങ്കിലും സഹിക്കാനാകാത്ത ദുർഗന്ധം ആ മുറിയിലാകെ നിറഞ്ഞു നിൽക്കുകയായിരുന്നു എന്നാണ് അദ്ദേഹം എഴുതിയത്. ഭക്ഷണം കഴിക്കാൻ പോലും തോന്നിയിരുന്നില്ല എന്ന് അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതുന്നു. പിന്നീട് ആമുറിയിലെ ചുമരുകൾ കുമ്മായം പൂശിയപ്പോഴാണ് അല്പം ആശ്വാസം ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

പിന്നീട് ഇത്രയും വ്യാപകമായ തോതിൽ ക്വാറന്റൈൻ നടപ്പിലാക്കിയത്1700 കളിൽ വടക്കൻ അമേരിക്കയിലായിരുന്നു. മഞ്ഞപ്പനിയും (പീതജ്വരം) വസൂരിയും പടർന്നുപിടിക്കുന്ന അക്കാലത്ത് അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ക്വാറന്റൈൻ നിർബന്ധമാക്കിയിരുന്നു. ഈ തീരങ്ങളിലെ തുറമുഖങ്ങളിൽ എത്തുന്ന കപ്പലുകൾ ഒരു നിശ്ചിത കാലയളവിലേക്ക് തുറമുഖത്ത് നിന്നുമകന്ന് കടലിൽ നങ്കൂരമടിച്ച് കിടക്കണമായിരുന്നു. ഈ കാലയളവിൽ മുഴുവൻ കപ്പലുകൾക്ക് മീതെ മഞ്ഞ കൊടി പ്രദർശിപ്പിക്കണം. എന്നാൽ മഞ്ഞപ്പനി പോലുള്ള രോഗങ്ങൾ പടർത്തുന്നതുകൊതുകുകളാണ് എന്നതിനാൽ ഇത്തരം മുൻകരുതലുകളുടെ ഫലത്തേക്കുറിച്ച് അന്നേ തർക്കങ്ങൾ ഉയർന്നിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോഴും ഇത്തരത്തിലുള്ള ക്വാറന്റൈൻ നടപടികൾ ഉണ്ടായി. കർശനമായ നടപടികൾ എടുത്തിട്ടും 1832 ൽ ബ്രിട്ടനിൽ നിന്നും ഈ പകർച്ചവ്യാധി അമേരിക്കയിൽ എത്തുക തന്നെ ചെയ്തു. എന്നാൽ 1866 ൽ കൂടുതൽ കാര്യക്ഷമമായ രീതിയിലായിരുന്നു ക്വാറന്റൈൻ നടപ്പാക്കിയത്. ലിവർപൂളിൽ നിന്നും യാത്രതിരിച്ച വെർജീനിയ എന്ന കപ്പൽ അമേരിക്കയിൽ എത്തുന്നതിനു മുൻപ് തന്നെ അതിൽ കോളറ മൂലം 38 യാത്രക്കാർ മരിച്ചിരുന്നു. തീരത്തു നിന്നും ഏകദേശം 20 മൈൽ ദൂരെ, കടലിൽ നങ്കൂരമിട്ട് കിടന്നിരുന്ന കപ്പലിനടുത്തേക്ക് ഒരു ഹോസ്പിറ്റൽ ഷിപ്പിനേയും അയച്ചിരുന്നു. അന്നൂം പകർച്ചവ്യാധി അമേരിക്കയെ ബാധിച്ചു എങ്കിലും മുൻപത്തത്ര ഭീകരമായിരുന്നില്ല.

ഇന്ന് ലോകത്തെ മിക്ക രാജ്യങ്ങളിലും ചൈനക്കെതിരായ വികാരം ഉയർന്നു വരുന്നുണ്ട്. കൊറോണക്ക് കാരണം ചൈനയാണെന്ന വിശ്വാസമാണ് അതിന് പിന്നിൽ. ഇതുപോലെത്തന്നെയായിരുന്നു സാൻഫ്രാൻസിസ്‌കോയിൽ 1900 ൽ സംഭവിച്ചതും. ചൈനീസ് വംശജനായ വോംഗ് ചുറ്റ് കിങ് ആണ് പ്ലേഗിനാൽ മരിച്ചതെന്ന് സംശയിക്കപ്പെടുന്ന ആദ്യ വ്യക്തി. ഇത് ചൈനീസ് വംശജർക്കെതിരെ വെറുപ്പ് കലർന്ന ഭയം മറ്റുള്ളവരിൽ ഉയരുവാൻ കാരണമായി. ചൈനാടൗണിന് ചുറ്റും കയറുകൾ കെട്ടിയും പൊലീസ് പോസ്റ്റുകൾ കെട്ടിയും അവിടെമാകെ ക്വാറന്റൈൻ നടപ്പിലാക്കി.എന്നാൽ അവിടെ ക്വാരാന്റൈൻ ലക്ഷ്യമിട്ടത് ചൈനീസ് വംശജരെ മാത്രമായിരുന്നു. വെള്ളക്കാരെ ചൈനാടൗണിൽ നിന്നും പുറത്തേക്ക് പോകാൻ അനുവദിച്ചപ്പോൾ ചൈനീസ് വംശജർക്ക് അതിനുള്ള അനുവാദം ഇല്ലായിരുന്നു. അങ്ങനെ ക്വാറാന്റൈൻ വംശീയവെറി തീർക്കുവാനും ഉപയോഗിക്കപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിൽ രോഗപ്രതിരോധത്തിനുതകുന്ന വാക്സിനുകളും ആന്റിബയോട്ടിക്കുകളുമൊക്കെ കണ്ടുപിടിച്ചതിനു ശേഷമാണ് ക്വാറന്റൈൻ എന്ന നടപടിയുടെ പ്രസക്തി ഏറെക്കുറെ ഇല്ലാതെയായത്. എന്നിരുന്നാലും അവിടവിടെയായി ക്വാറന്റൈൻ നടപ്പാക്കിയിരുന്നു. 2003 ലെ സാർസ് രോഗത്തെ ഫലപ്രദമായി ചെറുക്കാനായത് ക്വാറന്റൈൻ മൂലമായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ പല ഭാഗത്തും ഇത് നടപ്പാക്കിയത് ഭീകരമായ നിയമങ്ങളുടെ പിൻബലത്തിൽ ആയിരുന്നു എന്നു മാത്രം. ചൈനയിൽ വൈറസ് പടർത്തുന്നവർക്ക് ജീവപര്യന്തം തടവ്, വധശിക്ഷ മുതലായവയായിരുന്നു വിധിച്ചിരുന്നത്.

എന്നാൽ, നൂറ്റാണ്ടുകൾക്ക് ശേഷം ക്വാറന്റൈൻ ഇത്ര വ്യാപകമായി വന്നത് ഈ കൊറോണ കാലത്താണ്. ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ക്വാർന്റൈൻ ഇന്ന് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരുന്നു. മാത്രമല്ല പതിനാലാം നൂറ്റാണ്ടിലെ ക്വാറന്റൈൻ ക്യാമ്പിനേക്കാൾ വളരെയധികം സൗകര്യങ്ങൾ ഇന്നത്തെ ക്യാമ്പുകളിൽ ഉണ്ട്. രോഗം ഭേദമാകുന്ന ഒരു അന്തരീക്ഷവും ഭക്ഷണ ക്രമവുമാണ് ആധുനിക ക്വാറന്റൈൻ ക്യാമ്പുകളീൽ ഉറപ്പാക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP