Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡ്19ന്റെ രാജ്യത്തെ ഹോട്ട് സ്പോട്ടുകളിൽ ഒന്നിൽ മാരക വൈറസിനെ പിടിച്ചുകെട്ടിയത് ജില്ലാ കളക്ടറുടെ നിശ്ചയദാർഢ്യം; രാജസ്ഥാനിലെ ഭീൽവാഡയിൽ മാർച്ച് 31 നുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരൊറ്റ പോസിറ്റീവ് കേസ് മാത്രം; മാരക വൈറസിനെ വരുതിയിലാക്കിയെങ്കിലും പരാജയപ്പെടുത്തി എന്ന് പറയാൻ ഇനിയും കാത്തിരിക്കണമെന്ന് ഭീൽവാഡ മോഡലിന്റെ ബുദ്ധികേന്ദ്രമായ ജില്ലാ കളക്ടർ രാജേന്ദ്ര ഭട്ട്

കൊവിഡ്19ന്റെ രാജ്യത്തെ ഹോട്ട് സ്പോട്ടുകളിൽ ഒന്നിൽ മാരക വൈറസിനെ പിടിച്ചുകെട്ടിയത് ജില്ലാ കളക്ടറുടെ നിശ്ചയദാർഢ്യം; രാജസ്ഥാനിലെ ഭീൽവാഡയിൽ മാർച്ച് 31 നുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരൊറ്റ പോസിറ്റീവ് കേസ് മാത്രം; മാരക വൈറസിനെ വരുതിയിലാക്കിയെങ്കിലും പരാജയപ്പെടുത്തി എന്ന് പറയാൻ ഇനിയും കാത്തിരിക്കണമെന്ന് ഭീൽവാഡ മോഡലിന്റെ ബുദ്ധികേന്ദ്രമായ ജില്ലാ കളക്ടർ രാജേന്ദ്ര ഭട്ട്

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: രാജസ്ഥാനിലെ ഭീൽവാഡയെ കൊവിഡ് വ്യാപനത്തിന്റെ ഹോട്ട്സ്പോട്ടിൽ നിന്നും സാധാരണ നിലയിലേക്ക് എത്തിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സർക്കാർ. കേന്ദ്ര സർക്കാർ പോലും ഇന്ന് ഭീൽവാഡ മാതൃകയാണ് മറ്റിടങ്ങൾക്കായി നിർദ്ദേശിക്കുന്നത്. മാർച്ച് 31 നുശേഷം ഇന്നുവരെ ആകെ ഒരൊറ്റ കൊവിഡ് പോസിറ്റീവ് കേസു മാത്രമാണ് ഭീൽവാഡ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, മരണതാണ്ഡവം തുടങ്ങിയ വൈറസിനെ പിടിച്ചു നിർത്തിയെങ്കിലും പൂർണമായും വിജയം നേടിക്കഴിഞ്ഞു എന്ന് പറയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം എന്നാണ് ഭീൽവാഡ മോഡലിന്റെ ബുദ്ധികേന്ദ്രമായ ജില്ലാ കളക്ടർ രാജേന്ദ്ര ഭട്ട് പറയുന്നത്.

ഐസൊലേഷൻ, ടെസ്റ്റിങ്, ക്വാറന്റൈനിങ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളും പൂർണമായി കഴിഞ്ഞാൽ മാത്രമേ ഭീൽവാഡ പൂർണമായും സുരക്ഷിതമായി എന്ന് പറയാനാകൂ എന്നാണ് രാജേന്ദ്ര ഭട്ട് പറയുന്നത്. അതിന് മെയ് ഒന്നുവരെ കാത്തിരിക്കണം എന്നും അദ്ദേഹം പറയുന്നു. ഭീൽവാഡയിലെ ആദ്യത്തെ പോസിറ്റീവ് കേസ് വരുന്നത് മാർച്ച് 19 -നാണ്. അത് ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയിരുന്നു. ആ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം അടുത്ത ദിവസങ്ങളിൽ കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായി. മാർച്ച് 21 ആയപ്പോഴേക്കും അതേ ആശുപത്രിയിൽ നിന്നുതന്നെയുള്ള കേസുകളുടെ എണ്ണം അഞ്ചായി. രണ്ടുദിവസത്തിനുള്ളിൽ ജില്ലയിലെ കേസുകളുടെ എണ്ണം പതിമൂന്നായി. സ്ഥിരീകരിക്കപ്പെട്ടവരിൽ പലരും അതേ ആശുപത്രിയിലെ ഡോക്ടർമാർ ആയിരുന്നു. പിന്നെ അവിടത്തെ മറ്റുള്ള സ്റ്റാഫും, രോഗികളും മറ്റും. മാർച്ച് 25 ആയപ്പോഴേക്കും മരണം 17 കടന്നു. എല്ലാം ആശുപത്രിയുമായി ബന്ധമുള്ള കേസുകൾ തന്നെ. അതോടെ ആശുപത്രിയുടെ ഒരു കിലൊമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ പൂർണമായും സീൽ ചെയ്യപ്പെട്ടു. സഞ്ചാരം പൂർണമായും വിലക്കി.

ആദ്യ മരണം വരുന്നത് മാർച്ച് 26 -ന്. എഴുപതുകാരനായ ഒരു കോവിഡ് പോസിറ്റീവ് രോഗി മരിക്കുന്നു. മകനും മകൾക്കും കൂടി അസുഖം സ്ഥിരീകരിക്കപ്പെടുന്നു. വെറും മണിക്കൂറുകളുടെ ഗ്യാപ്പിൽ അടുത്ത മരണം. അറുപതുകാരനായ ഒരു കൊവിഡ് രോഗിയാണ് അന്ന് രാത്രിയോടെ മരണപ്പെട്ടത്. കൊറോണാവൈറസിനെതിരെയുള്ള പ്രതിരോധത്തിനായി രാജേന്ദ്ര ഭട്ട്, ജില്ലയെ അക്ഷരാർത്ഥത്തിൽ "പിടിച്ചു കെട്ടുകയാണ്" ചെയ്തത് എന്ന് ആരോഗ്യ സെക്രട്ടറി രോഹിത് കുമാർ സിങ് പറയുന്നു. ആദ്യത്തെ പോസിറ്റീവ് കേസ് വന്നതിന്റെ മൂന്നാം ദിവസത്തേക്ക്, അതായത് മാർച്ച് 22 ആയപ്പോഴേക്കും, ആരോഗ്യവകുപ്പിന്റെ 850 ലധികം ടീമുകൾ പ്രദേശത്തെ 56,025 വീടുകളിൽ സർവേ നടത്തി 2,80,937 പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചു. അവരിൽ 2250 പേർക്ക് ഫ്ളുവിന്റെ ലക്ഷണങ്ങൾ ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടു.

പോസിറ്റീവ് ആയ കേസുകളിൽ നടത്തപ്പെട്ടത് വളരെ കർക്കശമായ കോൺടാക്റ്റ് ട്രേസിങ് ആയിരുന്നു. അങ്ങനെ ഉണ്ടാക്കിയത് അഞ്ചു സംസ്ഥാനങ്ങളിൽ നിന്നു വന്നെത്തിയ 498 പേരടങ്ങുന്ന ഒരു ലിസ്റ്റാണ്. മാർച്ച് 26 ആയപ്പോഴേക്കും ക്വാറന്റൈനിൽ സൂക്ഷിക്കപ്പെട്ടത് 6445 പേരാണ്. അടുത്ത അഞ്ചു ദിവസം കൊണ്ട് 4.35 ലക്ഷം വീടുകൾ കയറിയിറങ്ങി, ബിൽവാഡയിലെ 30 ലക്ഷം പേരിൽ 22 ലക്ഷം പേരെയും സർവേ നടത്തി. രോഗവിവരങ്ങൾ ശേഖരിച്ചു. ക്വാറന്റൈനിൽ ഉള്ളവർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി ആരോഗ്യവകുപ്പ് സാങ്കേതികവിദ്യകളുടെ സഹായവും തേടിയിരുന്നു.

ഏറ്റവും ഒടുവിലായി ഏപ്രിൽ 3 മുതൽ പ്രഖ്യാപിക്കപ്പെട്ട 'മഹാകർ‌ഫ്യൂ'വിലാണ് ഭീൽവാഡ ഇപ്പോൾ. ഈ പത്തുദിവസം അടിയന്തര സർവീസുകളായ പലചരക്കു കടകളും, മരുന്നുഷോപ്പുകളും പോലും തുറന്നു പ്രവർത്തിക്കുന്നില്ല. റോഡിൽ ഒരാൾക്കുപോലും ഇറങ്ങിനടക്കാൻ അനുവാദമില്ല. എന്തെങ്കിലും അടിയന്തരമായി വേണ്ടവർക്ക് അത് എത്തിച്ചു നൽകുന്നത് പൊലീസ് ആണ് ഈ ദിനങ്ങളിൽ. അതുകൊണ്ടെന്താ, മാർച്ച് 31 നുശേഷം ഇന്നുവരെ ആകെ ഒരൊറ്റ കൊവിഡ് പോസിറ്റീവ് കേസു മാത്രമാണ് ഭീൽവാഡ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അങ്ങനെ ജില്ലയിലെ കേസുകളുടെ ആകെ എണ്ണം 27 -ൽ പിടിച്ചു നിർത്താൻ ജില്ലാ ഭരണകൂടത്തിന് സാധിച്ചു. എല്ലാം വകുപ്പുകളുടെ ഒത്തുചേർന്നുള്ള കൂട്ടായ പ്രവർത്തനമാണ്, താൻ ഒരു ടീം പ്ലെയർ മാത്രമാണ് എന്നൊക്കെ രാജേന്ദ്ര ഭട്ട് ആവർത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ മേലധികാരികൾ ഒന്നില്ലാതെ അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.

തന്റെ പ്രവർത്തനരീതിയിൽ 'റോക്കറ്റ് സയൻസ്' എന്നുപറയാനൊന്നുമില്ല എന്നാണ് രാജേന്ദ്ര ഭട്ട് പറയുന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണ്ണമായ പിന്തുണയാണ് തന്റെ പരിശ്രമങ്ങളെ വിജയത്തിലെത്തിച്ചത് എന്നദ്ദേഹം സമ്മതിക്കുന്നു. മസ്സൂരിയിലെ ഐഎഎസ് അക്കാദമിയിൽ നിന്ന് പുറത്തുവന്ന പരമ്പരാഗത ഐഎഎസ് ബുദ്ധിയല്ല രാജേന്ദ്ര ഭട്ട്. മറിച്ച്, രാജസ്ഥാൻ സ്റ്റേറ്റ് സർവീസിൽ നിന്ന് ഐഎസിലേക്ക് 'കൺഫെർ' ചെയ്യപ്പെട്ട് സിവിൽ സർവീസിലേക്ക് എത്തിപ്പെട്ടതാണ് അദ്ദേഹം.

സാധാരണ നിലക്ക് മിക്കവാറും യുവ ഐഎഎസുകാരുടെ കരിയറിലെ രണ്ടാമത്തെ പോസ്റ്റിങ് ആയിരിക്കും കളക്ടർ/ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് എന്നത്. അതായത്, അവർ ഒരു ജില്ലയുടെ അധികാരിയാവുമ്പോഴും, പ്രായം 28-30 വയസ്സൊക്കെയേ കാണൂ എന്നർത്ഥം. എന്നാൽ രാജസ്ഥാൻ സ്റ്റേറ്റ് സർവീസിൽ പ്രകടിപ്പിച്ച ഭരണപാടവത്തിന്റെ പേരിൽ മാത്രം 2007 -ൽ ഐഎഎസ് കിട്ടിയ ഭട്ട്, പതിറ്റാണ്ടുകൾ നീണ്ട ഭരണപരിചയം കൈമുതലാക്കിക്കൊണ്ടാണ് ജില്ലയുടെ ഭരണം ഏറ്റെടുക്കുന്നത്. അതിന്റെ ഗുണം അദ്ദേഹത്തിന്റെ രീതിശാസ്ത്രങ്ങളിൽ നിഴലിച്ചു കാണുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP