Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

മമ്മൂട്ടി എന്ന പേര് കോമഡി നടന് പറ്റിയതാണെന്ന് നിർമ്മാതാവ് പറഞ്ഞതിനാൽ സജിൻ എന്ന് പേരുമാറ്റി; കത്തിയെന്ന് പലരും പരിഹസിച്ചിട്ടും ചാൻസ് ചോദിക്കൽ മുടക്കിയില്ല; ശബ്ദം അരോചകമാണെന്ന് പറഞ്ഞ് ഡബ്ബിങ്ങിൽനിന്നും മാറ്റി നിർത്തപ്പെട്ടത് പലതവണ; ഒരു വിഭാഗം കൂവിത്തോൽപ്പിക്കാൻ ശ്രമിച്ചിട്ടും ആത്മവിശ്വാസത്തോടെ പടവുകൾ കയറി; ഇന്ന് പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന ലോകത്തിലെ ഏക അത്ദുതം; 69ാം ജന്മദിനത്തിൽ എത്തിനിൽക്കുന്ന മമ്മൂട്ടി പൊരുതിക്കയറിവന്ന വഴികൾ ഇങ്ങനെ

മമ്മൂട്ടി എന്ന പേര് കോമഡി നടന് പറ്റിയതാണെന്ന് നിർമ്മാതാവ് പറഞ്ഞതിനാൽ സജിൻ എന്ന് പേരുമാറ്റി; കത്തിയെന്ന് പലരും പരിഹസിച്ചിട്ടും ചാൻസ് ചോദിക്കൽ മുടക്കിയില്ല; ശബ്ദം അരോചകമാണെന്ന് പറഞ്ഞ് ഡബ്ബിങ്ങിൽനിന്നും മാറ്റി നിർത്തപ്പെട്ടത് പലതവണ; ഒരു വിഭാഗം കൂവിത്തോൽപ്പിക്കാൻ ശ്രമിച്ചിട്ടും ആത്മവിശ്വാസത്തോടെ പടവുകൾ കയറി; ഇന്ന് പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന ലോകത്തിലെ ഏക അത്ദുതം; 69ാം ജന്മദിനത്തിൽ എത്തിനിൽക്കുന്ന മമ്മൂട്ടി പൊരുതിക്കയറിവന്ന വഴികൾ ഇങ്ങനെ

എം മാധവദാസ്

തിരുവനന്തപുരം: 'അഭിനയത്തിന്റെ അടക്കിപ്പിടിച്ച ഊഷ്മളത'! മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് ലോക പ്രശ്സ്ത നിരൂപകൻ ഡെറിക്ക് മാൽക്കം എഴുതിയത് ഇങ്ങനെയാണ്. മമ്മൂട്ടി ഇന്ന് ലോകം ശ്രദ്ധിക്കുന്ന നടനാണ്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ഒരു ജന്മദിനം കൂടി പിന്നിടുകയാണ്. ഓർക്കണം, ഇന്നും സ്‌ക്രീനിൽ യുവ കോമളനായി വിലസുന്ന ഈ മനുഷ്യന് ഇപ്പോൾ 69 വയസ്സായിരിക്കയാണ്. ശരാശരി മലയാളി വാർധക്യത്തിന്റെ ജരാനരകളും, ജീവിതശൈലീ രോഗത്തിന്റെ മരുന്നുമണവുമായി വിശ്രമ ജീവിതം നയിക്കുമ്പോൾ ഈ മനുഷ്യൻ നമ്മെ ഓർമ്മപ്പെടുത്തുന്നു. ചിട്ടയായും ശ്രദ്ധയോടെയും ജീവിച്ചാൽ ഇതൊന്നും ഒരു പ്രായമല്ലെന്ന്. പ്രായം കൂടി വരുമ്പോഴും യുവത്വവും സൗന്ദര്യവും കൂടുന്ന ലോകത്തിലെ ഏക അത്ഭുതം എന്നാണ് ചിലർ മമ്മൂട്ടിയെ വിശേഷിപ്പിക്കാറ്.

പക്ഷേ ശരാശരി മലയാളിയുടെ കൃമി കടി പലതവണ മമ്മൂട്ടിക്കും സോഷ്യൽ മീഡിയയിൽ ഏൽക്കേണ്ടി വന്നിട്ടുണ്ട്. അത് പ്രായവുമായി ബന്ധപ്പെടുത്തി തന്നെയാണ്. ഒരാൾ തന്റെ തൊഴിൽ ചെയ്യാൻ മാനസികവും ശാരീകവുമായി സജ്ജനാണെങ്കിൽ അതിന് പ്രായപരിധിവെക്കാൻ നിങ്ങൾ ആരാണ്? മാത്രമല്ല തിരിച്ച് ചിന്തിച്ചുനോക്കൂ. 69ാം വയസ്സിലും ഊർജസ്വലമായ മമ്മൂട്ടി എതൊരാൾക്കും എന്തൊരു ആത്മവിശ്വാസമാണ് നൽകുന്നത്. അറുപതു കഴിഞ്ഞാൽ ഇനിയൊന്നും ചെയ്യാനില്ലെന്ന മട്ടിൽ മരണ ഭീതിയിലാണോ നാം ജീവിക്കേണ്ടത്. പക്ഷേ ഇതൊന്നും കാര്യമാക്കുന്ന വ്യക്തിയല്ല മമ്മൂട്ടി. കാരണം ഇതിനേക്കാൾ വലിയ അപമാനങ്ങളിലൂടെ കടന്നുവന്ന് തന്റെ കസേര വലിച്ചിടുകയാണ് ചെയ്തത്. ചാൻസ് ചോദിച്ച് ചെരുപ്പു തേഞ്ഞും, കോടമ്പോക്കത്തെ പെപ്പിലെ വെള്ളം കുടിച്ച് വിശപ്പുമാറ്റിയുമൊക്കെ തന്നെ പടിപടിയായി കയറിവന്ന നടനാണ് അദ്ദേഹം. തന്റെ ജീവിതത്തിലെ കഷ്ടപ്പാടിന്റെ കാലം മമ്മൂട്ടി അധികം പുറത്തുപറഞ്ഞിട്ടില്ല എന്നുമാത്രം.

ആദ്യകാലത്ത് നേരിട്ടത് ക്രൂരമായ അവഗണനകൾ

പൂർണ്ണമായും ഒരു സെൽഫ്മെയ്ഡ് മാൻ ആണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കുടുംബത്തിൽ ആരും തന്നെ സിനിമയിൽ ഉണ്ടായില്ല. ശുപാർശ ചെയ്യാനും ആരുമില്ല. ഒടുങ്ങാത്ത പാഷനും വെച്ച് ചാൻസ് ചോദിച്ച് അലഞ്ഞുതന്നെയാണ് മമ്മൂട്ടി ഈ സിംഹാസനം പിടിച്ചെടുത്തത്. ഒരു അഭിഭാഷകൻ ആയതും നന്നായി സംസാരിക്കുന്നതും ആദ്യകാലത്ത് മമ്മൂട്ടിക്ക് വിനയാവുകയാണ് ചെയ്തത്. കത്തിയെന്നും മറ്റും പറഞ്ഞ് അദ്ദേഹം അപഹസിക്കപ്പെട്ടു. സിനിമയെക്കുറിച്ച് ആഴത്തിൽ പഠിച്ച് പറയുന്ന മമ്മൂട്ടിയുടെ രീതി അഹങ്കാരമെന്ന് മുദ്ര കുത്തപ്പെട്ടു. എന്നിട്ടും അദ്ദേഹം തളരാതെ തന്റെ വഴിയിൽ ഉറച്ചു നിന്നു.

ഇന്ന് മലയാളിയുടെ ഗൃഹാതുരത്വങ്ങളിൽ പെട്ടതാണ് മമ്മൂട്ടിയുടെ ഘനഗംഭീരമായ ശബ്ദം. എന്നാൽ ഇതുകൊള്ളില്ല എന്ന് വിലയിരുത്തിയവർ പോലും മലയാള ചലച്ചിത്രലോകത്തുണ്ട്. ആദ്യ രണ്ടു സിനിമകളിൽ മമ്മൂട്ടിക്കുവേണ്ടി ഡബ്ബ് ചെയ്തത് നടൻ ശ്രീനിവാസൻ ആയിരുന്നു. സെറ്റിൽ ഇരുന്നതിന്, സംശയങ്ങൾ ചോദിച്ചതിന് എല്ലാം മമ്മൂട്ടി അഹങ്കാരിയെന്ന് മുദ്രകുത്തപ്പെട്ടു. വളർന്നുവരുന്ന പുതിയ നടന് ഡ്യൂപ്പിനെപ്പോലും അക്കാലത്ത് അനുവദിച്ചിരുന്നില്ല. ഷീല നിർമ്മിച്ച സ്ഫോടനം എന്ന സിനിമയിൽ മമ്മൂട്ടിക്ക് ഡ്യൂപ്പിനെ കൊടുത്തില്ല. വലിയ മതിലിൽ നിന്നും ചാടേണ്ട ഒരു സീനുണ്ടായിരുന്നു പടത്തിൽ. മതിൽ ഡ്യൂപ്പില്ലാതെ ചാടി അന്ന് മമ്മൂട്ടിക്ക് പരിക്ക് പറ്റിയിരുന്നു. പല സെറ്റുകളിൽനിന്ന് അപമാനിതനായി അദ്ദേഹം കരഞ്ഞിട്ടുമുണ്ട്. സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് ചലച്ചിത്രമാസികകളും ആ യുവ നടന് എതിരായിരുന്നു. പലരും മമ്മൂട്ടിയെക്കുറിച്ച് കുറ്റങ്ങളും ഗോസിപ്പുകളുമാണ് പടച്ചുവിട്ടത്. പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയാണ് 'ഇതാ ഒരു പുതിയ വാഗ്ദാനം' എന്ന മട്ടിൽ മമ്മൂട്ടിയെക്കുറിച്ച് ആദ്യമായി പോസറ്റീവായി എഴുതുന്നത്.

അവഗണനകൾ കൂടപ്പിറപ്പായിട്ടും മമ്മൂട്ടി അടങ്ങിയില്ല. അദ്ദേഹം നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലം കിട്ടുകയും ചെയ്തു. തുടക്കത്തിൽ തന്നെ ഒരു വിഭാഗം അദ്ദേഹത്തെ കൂവിത്തോൽപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതേക്കുറിച്ച് ബാലചന്ദ്രമേനോൻ ഇങ്ങനെയാണ് എഴുതുന്നത്. മമ്മൂട്ടിക്കുള്ള ജന്മദിന ആശംസയിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു. 'നിങ്ങളുടെ ഇന്നത്തെ ഈ സന്തോഷത്തിനു കാരണം വർഷങ്ങളായുള്ള നിങ്ങളുടെ അശ്രാന്തപരിശ്രമമാണെന്നു കൂടി ചേർത്തു വായിക്കണം. ഞാനിന്നും ഓർക്കുന്നു, സിനിമയിൽ ഒരു കാലഘട്ടത്തിൽ, നിങ്ങൾ പ്രത്യക്ഷമാവുമ്പോൾ ഒന്നടങ്കം കൂവൽ ഉതിർത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സുന്ദരനായ നിങ്ങൾ കൂളിങ് ഗ്ലാസ് കൂടി വെച്ച് മോടി പിടിപ്പിച്ചു തീയറ്ററിലെ പ്രേക്ഷകനെ നോക്കിയപ്പോൾ അവന്റെ ഉള്ളിൽ നുരഞ്ഞു പൊന്തിയ അസൂയയുടെ ഒരു ബഹിസ്ഫുരണമായിരുന്നു അത്. പിന്നീട്, മലയാളത്തിലെ ഒരു പ്രമുഖ സിനിമ വാരിക ആഴ്ചകളോളം നിങ്ങളെ മോശമായി ചിത്രീകരിച്ചു . 'മമ്മൂട്ടിയുടെ ജാഡ ' എന്നൊരു പ്രയോഗം തന്നെ നിലവിൽ വന്നു. എന്നാൽ ആ ജാഡയെയൊക്കെ മറികടന്ന് നിങ്ങൾ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ചു ; അവർക്കു നിങ്ങൾ 'മൊഞ്ചുള്ള മമ്മൂക്കയായി '- മേനോൻ കുറിച്ചു.

മമ്മൂട്ടി സജിൻ ആയത് മത വിവേചനം കൊണ്ടോ?

മലയാള സിനിമയിൽ ജാതി- മത വിവേചനമുണ്ടോ? മലയാളത്തിന്റെ മൊഗസ്സ്റ്റാർ മമ്മൂട്ടിക്കുപോലും ആദ്യകാലത്ത് മത വിവേചനം നേരിടേണ്ടി വന്നിരുന്നോ. ആദ്യ കാലത്ത് അദ്ദേഹം സ്വന്തം പേര് മറച്ചുവെച്ചുകൊണ്ട് സജിൻ എന്ന പേരിൽ അഭിനയിക്കേണ്ടി വന്നത് വിവേചനം കൊണ്ടല്ലേ? സോഷ്യൽ മീഡിയിൽ ഇപ്പോഴും ഉയരുന്ന ആരോപണങ്ങളാണ്. എന്നാൽ തനിക്ക് പലവിധത്തിയുള്ള പീഡനങ്ങളും ദുരനുഭവങ്ങളും മലയാള സിനിമയിൽനിന്ന് ആദ്യകാലത്ത് ഉണ്ടായിരുന്നെങ്കിലും അതൊന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ആയിരുന്നില്ലെന്നാണ് ഒരിക്കൽ മമ്മൂട്ടി തന്നെ പറഞ്ഞത്. മുസ്ലിം ആയതുകൊണ്ട് ഒതുക്കപ്പെടും എന്നൊക്കെ പലരും ഉപദേശിച്ചിരുന്നെങ്കിലും താരതമ്യേന സെക്കുലർ ആയ ഒരു സമൂഹമാണ് സിനിമയിൽ ഉള്ളതെന്ന് മമ്മൂട്ടി പറയുന്നു.

പി എ മുഹമ്മദുകുട്ടി എന്ന തന്റെ പേരിന് ഭംഗി പോരെന്ന് കൂടി കരുതിയാണ് മമ്മൂട്ടി ആദ്യത്തെ ഒന്നു രണ്ട് ചിത്രങ്ങൾ കഴിഞ്ഞപ്പോൾ അത് 'സജിൻ' എന്നാക്കി മാറ്റിയത്. ആദ്യകാല ചിത്രങ്ങളിൽ ഒന്നായ 'സ്‌ഫോടനത്തിൽ' അഭിനയിക്കുമ്പോൾ സംവിധായകൻ പി.ജി.വിശ്വംഭരനാണ് മമ്മൂട്ടി എന്ന നാമത്തെ 'സജിൻ' എന്നാക്കി മാറ്റുന്നത്. അടുത്ത ചിത്രമായ 'മുന്നേറ്റത്തിൽ' അഭിനയിക്കാൻ വരുമ്പോൾ സജിൻ എന്നായിരുന്നു മമ്മൂട്ടിയുടെ സിനിമാപേര്. പക്ഷേ, ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാരൻ തമ്പിക്ക് സജിൻ എന്ന പേരിനോട് തീരെ താല്പര്യം തോന്നിയില്ല. മുഹമ്മുദുകുട്ടിയെ ചുരുക്കി നാട്ടുകാരും വീട്ടുകാരു വിളിക്കുന്ന പേരാണ് മമ്മൂട്ടി. അത് മതിയെന്ന് ശ്രീകുമാരൻ തമ്പി നിശ്ചയിച്ചു. എന്നാൽ, ചിത്രത്തിന്റെ നിർമ്മതാവ് സുബ്രമണ്യം കുമാറിന് മമ്മൂട്ടി എന്ന പേരിനോടായിരുന്നു വിരോധം. മമ്മൂട്ടി എന്ന പേര് കോമഡി നടന് പറ്റിയ പേരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മമ്മൂട്ടിക്കും സജിൻ എന്ന പേരായിരുന്നു
ഇഷ്ടം.

പിന്നെ, നിർമ്മാതാവും സംവിധായകനും പേരിന് വേണ്ടി തർക്കമായി. ഒടുവിൽ സംവിധായകൻ കെ പി ഉമ്മറിന്റെ കഥ നിർമ്മാതാവിനും മമ്മൂട്ടിക്കും പറഞ്ഞു കൊടുത്തു. 'കെ.പി.ഉമ്മർ ആദ്യ ചിത്രമായ 'രാരിച്ചൻ എന്ന പൗരനിൽ' അഭിനയിക്കുമ്പോൾ കെ പി ഉമ്മർ എന്ന് തന്നെയായിരുന്നു പേര്. എന്നാൽ , രണ്ടാമത്തെ ചിത്രമായ 'ഉമ്മ'യിൽ നായകനായപ്പോൾ തിക്കുറിശ്ശിയായിരുന്നു കെ പി ഉമ്മറിന്റെ പേരിനെ 'സ്‌നേഹജാൻ ' എന്നാക്കി മാറ്റിയത്. ഉമ്മ സൂപ്പർഹിറ്റായിട്ടും സ്‌നേഹജാൻ എന്ന നടന് ഒരു പ്രയോജനവുമുണ്ടായില്ല''. വീണ്ടും , കെ പി ഉമ്മർ എന്നാക്കി മാറ്റിയപ്പോഴായിരുന്നു ഉമ്മറിനെ തേടി ചിത്രങ്ങൾ വന്നുതുടങ്ങിയത്. ഇത്, കേട്ടപ്പോൾ മമ്മൂട്ടി എന്ന പേര് മതിയെന്ന് നിർമ്മാതാവും മമ്മൂട്ടിയും സമ്മതിക്കുകയായിരുന്നു.

ഇപ്പോൾ മമ്മൂട്ടിയെന്ന പേര് ഇന്ത്യൻ സിനിയുടെ അഭിമാനമായി. പിന്നീട് മമ്മൂട്ടി സാർ, മമ്മൂട്ടിക്ക എന്നൊക്കെയാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്നാൽ മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചത് മേക്കപ്പ്മാൻ ദേവസ്യയാണ്. ദേവസ്യയുടെ മകനാണ് ഇപ്പോഴത്തെ മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോർജ്. അങ്ങനെ മമ്മൂക്ക എന്ന പേരും സിനമാക്കാർക്കിടയിൽ ട്രെൻഡിങ്ങായി. പേരോ ജാതിയോ മതമോ ഒന്നും തന്നെയല്ല കഴിവുതന്നെയാണ് ഒരാളുടെ വളർച്ചക്ക് അടിസ്ഥാനമെന്ന് മമ്മൂട്ടിയുടെ ജീവിതവും തെളിയിക്കുന്നു.

എന്നെന്നും 'അഭിനയ ലമ്പടൻ'

മലയാളി ഒരിക്കലും പോസറ്റീവ് ആയി എടുക്കാത്ത കാര്യമാണ് മമ്മൂട്ടിയുടെ പ്രായം. എന്തുകൊണ്ട് മമ്മൂട്ടി ഇത്രയേറെ യുവത്വം പുലർത്തുന്നുവെന്നത് അവർ ചിന്തിക്കുന്നില്ല. പക്ഷേ അതിൽ യാതൊരു രഹസ്യവുമില്ല എന്ന് അദ്ദേഹത്തെ അറിയുന്നവർക്ക് ഒക്കെ അറിയാം. ചിട്ടിയായ ജീവിതം എന്നുമാത്രമാണ് അതിന് ഉത്തരം. അതിരാവിലെയുള്ള വ്യായാമം മമ്മൂട്ടി ഒരിക്കലും മുടക്കാറില്ല. ലളിതമായ ഭക്ഷണം. മദ്യപാനമില്ല. ആദ്യകാലത്ത് പുകവലിക്കുമായിരുന്നെങ്കിലും പിന്നീട് അതും നിർത്തി. കൊഴുപ്പുകലർന്ന യാതൊരു ഭക്ഷണവും അദ്ദേഹം ഇപ്പോൾ കഴിക്കാറില്ല. ഒരു ചപ്പാത്തിയും രണ്ടു സവാളയും മാത്രം രാത്രികഴിക്കുന്ന മമ്മൂട്ടിയെ കണ്ട് ഒരിക്കൽ സുരാജ് വെഞ്ഞാറമൂട് പറഞ്ഞത് ' ഇങ്ങനെ പട്ടിണി കിടന്ന് എനിക്ക് സൂപ്പർസ്റ്റാർ ആവേണ്ട' എന്നാണ്

അതുപോലെ തന്നെയാണ് അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ ആർത്തിയും. ഇന്നും മികച്ച കഥാപാത്രങ്ങൾക്കായി അദ്ദേഹം എന്തും ചെയ്യും. ആരോടും അടുക്കാത്ത എം ടി വാസുദേവൻ നായരെപ്പോലും മമ്മൂട്ടി സുഹൃത്താക്കി. ഇതേക്കുറിച്ച് മമ്മൂട്ടിതന്നെ പറയുന്നത് നോക്കുക. ' എം ടിയോട് ഒപ്പം വർക്ക് ചെയ്യേണ്ടത് എന്റെ ആവശ്യമാണ്. നല്ല കഥാപാത്രങ്ങളും കഥകളും ഉണ്ടാവേണ്ടത് എന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴും എനിക്ക് നല്ല കഥാപാത്രങ്ങൾക്കായി അവസരം ചോദിക്കാൻ യാതൊരു മടിയുമില്ല. '-


എം പി നാരായണപ്പിള്ളയുടെ ഭാഷയിൽ പറഞ്ഞാൽ ശരിക്കും ഒരു അഭിനയ ലമ്പടൻ. ഈ 69ാം വയസ്സിലും നടന്റെ അഗ്നി അദ്ദേഹത്തിന്റെ ഉള്ളിൽ എരിയുന്നു. എത് ന്യൂജൻ തരംഗം വന്നാലും, മമ്മുക്കയ്ക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നതും അതുകൊണ്ടുതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP