Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202301Saturday

തൊട്ടതിനും പിടിച്ചതിനും കൺസൾട്ടൻസികൾ; സെക്രട്ടേറിയറ്റിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർക്ക് ചെയ്യാവുന്ന കാര്യങ്ങൾക്കുപോലും കൺസൾട്ടൻസി ഭീമന്മാർ; കൺസൾട്ടൻസി കരാറുകൾക്ക് പിന്നിൽ വമ്പൻ കമ്മിഷൻ; പിണറായി സർക്കാരിന്റെ കാലത്ത് മുന്നേറുന്ന കൺസൾട്ടൻസി രാജിന് പിന്നിലെ ഗുട്ടൻസ്

തൊട്ടതിനും പിടിച്ചതിനും കൺസൾട്ടൻസികൾ; സെക്രട്ടേറിയറ്റിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർക്ക് ചെയ്യാവുന്ന കാര്യങ്ങൾക്കുപോലും കൺസൾട്ടൻസി ഭീമന്മാർ; കൺസൾട്ടൻസി കരാറുകൾക്ക് പിന്നിൽ വമ്പൻ കമ്മിഷൻ; പിണറായി സർക്കാരിന്റെ കാലത്ത് മുന്നേറുന്ന കൺസൾട്ടൻസി രാജിന് പിന്നിലെ ഗുട്ടൻസ്

സായ് കിരൺ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്‌സാലോജികിന്റെ വെബ്‌സൈറ്റിൽ, ആഗോള കൺൾട്ടൻസി ഭീമൻ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടർ ജെയ്ക് ബാലകിരണിന്റെ ചിത്രവും, ജെയ്ക് തന്റെ മെന്ററാണെന്ന വീണയുടെ കുറിപ്പും വന്നത് ഏറെ വിവാദമായിരിക്കുകയാണ്. കൺസൾട്ടൻസി ഭീമന്മാർക്ക് സർക്കാരുമായി എന്താണ് ബന്ധമെന്ന് അന്വേഷിക്കുമ്പോൾ തെളിയുന്നത് കോടാനുകോടികൾ മറിയുന്ന ഇടപാടുകളുടെ വിവരങ്ങളാണ്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് കൺസൾട്ടൻസി രാജാണോ? ഇപ്പോഴത്തെ പദ്ധതി നടത്തിപ്പും അനുബന്ധ സംഭവങ്ങളും കാണുമ്പോൾ ന്യായമായുണ്ടാവുന്ന സംശയമാണിത്. പദ്ധതിരേഖ (ഡി.പി.ആർ)തയ്യാറാക്കാനും സാങ്കേതിക വൈദഗ്ദ്ധ്യം വേണ്ടിടത്തുമാണ് മുൻപ് കൺസൾട്ടൻസികളെ ഉപയോഗിച്ചിരുന്നതെങ്കിൽ, പദ്ധതി ആലോചിക്കുമ്പോഴേ കൺസൾട്ടൻസിയെ നിശ്ചയിക്കുന്നതാണ് പുതിയ രീതി. സെക്രട്ടേറിയറ്റിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർക്ക് ചെയ്യാവുന്ന കാര്യങ്ങൾക്കുപോലും കൺസൾട്ടൻസിയെ നിയോഗിക്കുകയാണ്. കൊച്ചിയിലും തിരുവനന്തപുരത്തും ദുബായ് മോഡൽ സ്മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സർക്കാർ ആലോചന തുടങ്ങിയപ്പോഴേക്കും കൺസൾട്ടൻസികൾ തിരുവനന്തപുരത്ത് പറന്നെത്തി. ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹറയായിരുന്നു ഇതിന്റെ ചരടുവലിച്ചത്.

കണ്ണൂർ വിമാനത്താവളം അടക്കം നിരവധി കമ്പനികൾ എങ്ങനെ ലാഭകരമാക്കാമെന്ന് ഉപദേശം നൽകാനുമുണ്ട് കോടികൾ പ്രതിഫലം പറ്റുന്ന കൺസൾട്ടൻസികൾ. ഇതിനെല്ലാം പുറമെയാണ് സെക്രട്ടേറിയറ്റിലും സർക്കാർ വകുപ്പുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും നിയമനത്തിനുള്ള കൺസൾട്ടൻസികൾ. പ്രവാസി നിക്ഷേപം ആകർഷിച്ച് അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കാൻ നോർക്കയ്ക്ക് കീഴിലുള്ള ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്‌സ് കമ്പനി ദുബായിലെ ലോകകേരളസഭ പശ്ചിമേഷ്യൻ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. കമ്പനിയിലേക്ക് ഇതുവരെ കാര്യമായ നിക്ഷേപമൊന്നുമെത്തിയിട്ടില്ലെങ്കിലും പ്രതിമാസം 15.56ലക്ഷം രൂപയ്ക്ക് കൺസൾട്ടൻസിയുണ്ട്. അടിസ്ഥാനസൗകര്യ വികസന കമ്പനിയായ കിഫ്ബിക്ക് നോർക്ക ഒരു കത്തെഴുതിയാൽ നടക്കുന്ന കാര്യത്തിനാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പറിന് മാസം പതിനഞ്ചരലക്ഷം നൽകിയത്.

പ്രൈസ് വാട്ടർഹൗസ് കൂപ്പറിന് സെക്രട്ടേറിയറ്റിൽ ഓഫീസ് അനുവദിക്കാൻ ഗതാഗതസെക്രട്ടറി ശുപാർശ ചെയ്തത് ഏറെ വിവാദമായിരുന്നു. മൂവായിരം ഇലക്ട്രിക് ബസുകൾ നിർമ്മിക്കാനുള്ള ഇ-മൊബിലിറ്റി പദ്ധതിയിൽ, സ്വിറ്റ്സർലണ്ടിലെ സ്വകാര്യകമ്പനിക്ക് 51ശതമാനം ഓഹരിവിഹിതംനൽകി, കേരളാ ഓട്ടോമൊബൈൽസുമായി ചേർന്ന് സംയുക്ത കമ്പനിയുണ്ടാക്കാനുള്ള ശ്രമം ധനവകുപ്പ് എതിർത്തതോടെയാണ് കൺസൾട്ടൻസിയെ നിയമിച്ചത്. കമ്പനിക്ക് 51ശതമാനം ഓഹരി നൽകിയാൽ സർക്കാരിന്റെ മേൽക്കൈ നഷ്ടമാവുമെന്നും, ആദ്യഘട്ടത്തിൽ 100ബസുകൾ സ്വിസ്‌കമ്പനിയിൽ നിന്ന് വാങ്ങാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നും പ്രിൻസിപ്പൽസെക്രട്ടറി സഞ്ജീവ് കൗശിക് ചോദ്യമുന്നയിച്ചതോടെ, പദ്ധതി നടത്തിപ്പിന് പ്രൈസ് വാട്ടർകൂപ്പറിനെ കൺസൾട്ടൻസിയാക്കി.

റീബിൽഡ് കേരളയിൽ നെതർലാന്റ്‌സ് ആസ്ഥാനമായ കെ.പി.എം.ജിയെ ടെൻഡറില്ലാതെ കൺസൾട്ടൻസിയാക്കിയത് വിവാദമായതോടെ, രണ്ടാമത് നടപടിക്രമങ്ങളെല്ലാം പാലിച്ച് 6.82 കോടിക്ക് കൺസൾട്ടന്റാക്കി. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് പ്രോജക്ട് രണ്ടാംഘട്ടത്തിലേക്കായി ലോകബാങ്ക് വായ്പയായി നൽകിയ രണ്ട് ദശലക്ഷം ഡോളറിൽ (15,11,91,000രൂപ) നിന്നാണ് കൺസൾട്ടൻസി തുക നൽകുന്നത്. പാവപ്പെട്ടവർക്ക് വീടുവച്ചു നൽകുന്ന ലൈഫ് മിഷൻ പദ്ധതിയിൽ 13.7 കോടിക്ക് കൺസൾട്ടൻസിയെ നിയമിക്കാനും നീക്കമുണ്ടായി. നാലുലക്ഷം രൂപയാണ് ലൈഫിൽ ഒരുവീടിനായി അനുവദിക്കുക. കൺസൾട്ടൻസിക്ക് നൽകുന്ന തുകയ്ക്ക് 342 വീടുകൾ നിർമ്മിക്കാനാവും. ലൈറ്റ്‌മെട്രോയുടെ ഭാഗമായി തിരുവനന്തപുരത്ത് പട്ടം, ഉള്ളൂർ, ശ്രീകാര്യം ഫ്‌ളൈഓവറുകളുടെ ഡിസൈൻ ഡി.എം.ആർ.സി തയ്യാറാക്കിയിട്ടും, സാങ്കേതിക സഹായത്തിന് നോയിഡയിലെ കമ്പനിയെ കൺസൾട്ടൻസിയാക്കി. ചീഫ്‌സെക്രട്ടറിയുടെ ഓഫീസിലടക്കം സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാർ നിയമനം നടത്തിയിരുന്നത്ത് തിരുവനന്തപുരത്തെ മിന്റ് കൺസൾട്ടൻസി. ഐ.ടി വകുപ്പിന്റെയും ഐ.ടി ഇൻഫ്രാസ്ട്രക്ചറിന്റെയും പദ്ധതികളിലെല്ലാം ഒരു ബഹുരാഷ്ട്രകമ്പനിയാണ് കൺസൾട്ടന്റ്. ഇലക്ട്രിക് വാഹനനിർമ്മാണ പദ്ധതിക്കായെത്തിയ സ്വിറ്റ്സർലന്റ് കമ്പനി രണ്ട് ഐ.എ.എസുകാർക്ക് ഇലക്ട്രിക് കാറുകൾ സമ്മാനിച്ചു.

നിർമ്മാണങ്ങൾക്ക് മരാമത്ത് വകുപ്പിനുള്ള വൈദഗ്ദ്ധ്യം സംസ്ഥാനത്ത് മറ്റാർക്കുമില്ലെങ്കിലും വകുപ്പിലെ ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും ഒതുക്കിയിട്ടിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിനും തദ്ദേശഭരണ എൻജിനീയറിങ് വിഭാഗത്തിനും നിർമ്മാണപ്രവർത്തനങ്ങളിൽ വൈദഗ്ദ്ധ്യമുണ്ട്. ആയിരക്കണക്കിന് നിർമ്മിതികൾ നടത്തി പരിചയമുള്ള എൻജിനീയർമാരും ആർക്കിടെക്ടുകളും സർക്കാരിലുണ്ട്. ഭവന നിർമ്മാണ ബോർഡ്, നിർമ്മിതി കേന്ദ്രം തുടങ്ങിയവയിലും നിർമ്മാണങ്ങൾക്ക് സാങ്കേതിക ഉപദേശം നൽകാൻ വിദഗ്ദ്ധരുണ്ട്. എന്നിട്ടും എല്ലാ പദ്ധതികൾക്കും കൺസൾട്ടൻസിയെ നിയമിക്കുമ്പോഴാണ് വമ്പൻ കമ്മിഷൻ ഇടപാടിന്റെ മണമടിക്കുന്നത്. കൺസൾട്ടൻസി കരാറുകൾ നൽകുന്നതിന് വമ്പൻ കമ്മിഷനാണ്. ഇതാണ് കൺസൾട്ടൻസി രാജിന്റെ പിന്നിലുള്ള ഗുട്ടൻസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP