Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വർണ്ണവസന്തം വാരിവിതറിയപോലുള്ള രൂപ ഭംഗി; കാതുകൾക്കിമ്പമേകും കളകളാരവം; തട്ടേക്കാട് പക്ഷിസങ്കേതത്തിലേയ്ക്ക് ദേശാടന പക്ഷികൾ എത്തിത്തുടങ്ങി

വർണ്ണവസന്തം വാരിവിതറിയപോലുള്ള രൂപ ഭംഗി; കാതുകൾക്കിമ്പമേകും കളകളാരവം; തട്ടേക്കാട് പക്ഷിസങ്കേതത്തിലേയ്ക്ക് ദേശാടന പക്ഷികൾ എത്തിത്തുടങ്ങി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നാല് ഗ്രാം മുതൽ മൂന്ന് കിലോവരെ തൂക്കം. വർണ്ണവസന്തം വാരിവിതറിയപോലുള്ള രൂപ ഭംഗി. കാതുകൾക്കിമ്പമേകും കളകളാരവം. പറഞ്ഞുവരുന്നത് തട്ടേക്കാടിന്റെ പച്ചപ്പിലേയ്ക്ക് പറന്നിറങ്ങിയ ദേശാടകരെകുറിച്ചാണ്. ലോകപ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തിലേയ്ക്ക് ദേശാടന പക്ഷികളുടെ ഈ സീസണിലെ പ്രവാഹം ആരംഭിച്ചിട്ട് ദിവസങ്ങളെ ആയിട്ടുള്ളു.

ഹിമാലയം ,സൈബീരിയ എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷികളാണ് ഇത്തവണ ആദ്യം എത്തിയിരിക്കുന്നത്. ദേശാടകരുടെ ഗണത്തിൽപ്പെടുന്ന ഇന്ത്യൻ പിറ്റ,ബ്ലാക്ക് ബസ്സ,വിവിധ ഇനത്തിൽപ്പെട്ട ഫ്‌ളൈക്യാച്ചറുകൾ എന്നിവയെ പക്ഷിസങ്കേതത്തിൽ കണ്ടതായി ഇവിടുത്തെ ഗൈഡുമാരിൽ ഒരാളായ രജീവ് തട്ടേക്കാട് മറുനാടനോട് വ്യക്തമാക്കി.

വരും ദിവസങ്ങളിൽ കൂടുതൽ പക്ഷികളെത്തും. ഒക്ടോബർ ആദ്യമുതൽ എത്തിതുടങ്ങുന്ന ദേശാടകർ മാർച്ച് അവസാനം വരെ ഇവിടെ ഉണ്ടാവും. 4 ഗ്രാം മുതൽ 3 കിലോ വരെ തൂക്കമുള്ള പക്ഷികളും ദേശാടകരുടെ കൂട്ടത്തിലുണ്ട്. 322 ഇനം പക്ഷികളും 46-ഇനം മൃഗങ്ങളും 222 ഇനം പ്രാണികളും 32 ഇഴ ജന്തുക്കളും 29-ഇനം തവളകളും ഈ വനപ്രദേശത്ത് ഉള്ളതായി സർവ്വെകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.ആകെയുള്ളതിൽ 40 ശതമാനം പക്ഷികളും ദേശാടകരാണ്.

പെരിയാർ തീരത്ത് 2500 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ഈ പക്ഷി സങ്കേതം അപൂർവ്വവും അത്യപൂർവ്വവുമായ പക്ഷിക്കൂട്ടങ്ങളുടെയും സസ്യ-ജന്തുജാലങ്ങളുടെയും കലവറയാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.സിംഹം ഒഴികെയുള്ള ഒട്ടുമിക്ക വന്യമൃഗങ്ങളും ഈ വനമേഖലയിൽ ഉണ്ടെന്നാണ് ഇതുവവരെ പുറത്തുവന്നിട്ടുള്ള കണക്കെടുപ്പിൽ വ്യക്തമായിട്ടുള്ളത്.

ലോകപ്രശസ്ത പക്ഷിശാത്രജ്ഞൻ ഡോ.സലീം അലിയാണ് ഇവിടം പറവകളുടെ സാമ്രാജ്യമാണെന്ന് തിരച്ചറിഞ്ഞത്. സംസ്ഥാന സർക്കാർ ഇവിടം പക്ഷിസങ്കേതമായി പ്രഖ്യപിച്ചതിന് പിന്നിലും ഇദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുണ്ട്. ഇന്ന് ലോകത്തെമ്പാടുമുള്ള പക്ഷി നിരീക്ഷകരുടെയും ഗവേഷകരുടെയും ശ്രദ്ധാകേന്ദ്രമാണ് തട്ടേക്കാട് പക്ഷിസങ്കേതം.

വിദേശിയരടക്കം ദിനം പ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളും ഇവിടെ എത്തിയിരുന്നു.കിഴക്കൻ മേഖലയിലേയ്ക്കുള്ള യാത്രയിൽ വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളമാണ് തട്ടേക്കാട് പക്ഷിസങ്കേതം.ആവാസ വ്യവസ്ഥിയിലുണ്ടാവുന്ന മാറ്റമൂലം ഇവിടേയ്‌ക്കെത്തുന്ന ദേശാടനപക്ഷികളുടെ എണ്ണം കുറയുന്നതായി സംശയം ഉയർന്നിട്ടുണ്ടെന്നും കൃത്യമായ പഠനത്തിന് ശേഷമെ ഇക്കാര്യത്തിൽ സ്ഥിതിവിവരകണക്കുകൾ ലഭ്യമാവു എന്നും പ്രമുഖ പക്ഷി ശാസ്ത്രജ്ഞൻ ഡോ.ആർ സുഗതൻ പറഞ്ഞു.

തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിർത്തിപ്രദേശത്തോട് ചേർന്നാണ് ഇവിടെ പെരിയാർ ഒഴുകുന്നത്.ഇപ്പോൾ പുഴയിൽ ജലവിധാനം താഴ്ന്ന സ്ഥിതിയിലാണ്്.ഇതുമൂലം ജലപക്ഷികൾക്ക് ഭക്ഷ്യക്ഷാം രൂക്ഷമാണ്.തീരങ്ങളിൽ വളരുന്ന പുല്ലുകൾക്കിടയിലെ ജീവികളും ചെറുമത്സ്യങ്ങളുമാണ് ജലപക്ഷികളുടെ പ്രധാനആഹാരം.തുറന്നുവച്ചിട്ടുള്ള ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ അടച്ചാൽ മാത്രമെ ഇവിടെ പെരിയാറിൽ ജലനിരപ്പ് ഉയരുകയുള്ളു.ഇതിന് ഇനിയും കാലതാമസമുണ്ടാവുമെന്നതാണ് നിലവിലെ സ്ഥിതി.
(ഫോട്ടോ -കടപ്പാട് രജീവ് തട്ടേക്കാട്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP