Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യരാജാവ് വിജയ് മല്യയെ വിട്ടുനൽകാൻ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടപ്പോൾ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു: ഗ്രേറ്റ് ഡേ ഫോർ ഇന്ത്യ; തൊട്ടടുത്ത ദിവസം അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് എതിരായപ്പോൾ തരൂർ ജെയ്റ്റ്‌ലിയെ ട്രോളി: ഗ്രേറ്റ് ഡേ ഫോർ ഇന്ത്യ; ഡൽഹി സർവകലാശാലയിലെ തന്റെ സീനിയർ വിടവാങ്ങുമ്പോൾ തരൂർ ഓർത്തെടുക്കുന്നു ആദ്യ കൂടിക്കാഴ്ച; രാഷ്ടീയ ഭിന്നതകൾക്കിടയിലും ചോരാതെ കാത്ത സൗഹൃദം

മദ്യരാജാവ് വിജയ് മല്യയെ വിട്ടുനൽകാൻ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടപ്പോൾ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു: ഗ്രേറ്റ് ഡേ ഫോർ ഇന്ത്യ; തൊട്ടടുത്ത ദിവസം അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് എതിരായപ്പോൾ തരൂർ ജെയ്റ്റ്‌ലിയെ ട്രോളി: ഗ്രേറ്റ് ഡേ ഫോർ ഇന്ത്യ; ഡൽഹി സർവകലാശാലയിലെ തന്റെ സീനിയർ വിടവാങ്ങുമ്പോൾ തരൂർ ഓർത്തെടുക്കുന്നു ആദ്യ കൂടിക്കാഴ്ച; രാഷ്ടീയ ഭിന്നതകൾക്കിടയിലും ചോരാതെ കാത്ത സൗഹൃദം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: 66ാ ം വയസിൽ അരുൺ ജെയ്റ്റലി വിടവാങ്ങുമ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു... രാഷ്ട്രീയത്തിനപ്പുറം സൗഹൃദങ്ങൾക്ക് വിലകൊടുത്ത ചങ്ങാതി. കോൺഗ്രസ് നേതാവ് ശശി തരൂർ ഓർക്കുന്നു ജെയ്റ്റ്‌ലിയുമായുള്ള ആദ്യ കൂടിക്കാഴ്ച. പതിറ്റാണ്ടുകൾക്ക് മുമ്പ് അദ്ദേഹത്തെ ആദ്യം കാണുമ്പോൾ, ഡൽഹി സർവകലാശാലയിൽ നേതാവായിരുന്നു ജെയ്റ്റ്‌ലി. തരൂർ അന്ന് സെന്റ് സ്റ്റീഫൻസ് കോളേജ് യൂണിയൻ പ്രസിഡന്റ്. രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ ഏറെയുണ്ടെങ്കിലും ഇരുവരും ആരോഗ്യകരമായ ചങ്ങാത്തം എക്കാലത്തും കാത്തുസൂക്ഷിച്ചിരുന്നു.

ഡൽഹി യൂണിവേഴ്‌സിറ്റി സീനിയറും സുഹൃത്തുമായ ജെയ്റ്റ്‌ലിയുടെ വേർപാടിൽ അതീവ ദുഃഖമുണ്ട്, തരൂർ അനുശോചന കുറിപ്പിൽ പറഞ്ഞു. രാജ്യത്തിന് വലിയൊരു നഷ്ടമാണിത്, തരൂർ തങ്ങളിരുവരുടെയും ചിത്രങ്ങൾക്കൊപ്പം ട്വീറ്റ് ചെയ്തു. ഈ മാസമാദ്യം, ജെയ്റ്റ്‌ലി സുഖമില്ലാതെ ആശുപത്രിയിലായപ്പോഴും തരൂർ ട്വീറ്റുകളിൽ നല്ല ആരോഗ്യം നേർന്നിരുന്നു. മുൻ ധനമന്ത്രിയുമായി വീണ്ടും രാഷ്ട്രീയ പയറ്റിന് മോഹം തോന്നുന്നുവെന്നും തരൂർ കുറിച്ചു.

ഓഗസ്റ്റ് 12ന് ജെയ്റ്റ്‌ലിയുടെ നില അൽപം മെച്ചപ്പെട്ടപ്പോഴും തരൂർ ആശ്വാസം കൊണ്ടു. ജെയ്റ്റ്‌ലിയേക്കാൾ ഒരുവയസ് കൂടുതലുള്ള തരൂർ കുറിച്ചു: 'യൂണിവേഴ്‌സിറ്റി പഠനകാലത്ത് എന്റെ സമകാലികനും സുഹൃത്തുമായ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ട്. വളരെ വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. ഇനിയും അദ്ദേഹവുമായി എനിക്ക് രാഷ്ട്രീയ വാൾപയറ്റ് നടത്തണം'

സുഹൃത്തുക്കളായിരുന്നെങ്കിലും രാഷ്ട്രീയത്തിൽ പരസ്പരമുള്ള വിമർശനങ്ങളിലും ട്രോളുകളിലും ഇരുവരും തരിമ്പുപോലും വിട്ടുകൊടുത്തിരുന്നില്ല. മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ ബ്രിട്ടീഷ് കോടതി തീരുമാനിച്ച ദിവസം അരുൺ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. 'ഇന്ത്യക്ക് ഇന്ന് മഹത്തായ നാൾ. ഇന്ത്യയെ വഞ്ചിക്കുന്ന ആരെയും വെറുതെ വിടില്ല. യുപിഎ സർക്കാരിന്റെ കാലത്തെ കുറ്റവാളിയെ എൻഡിഎ സർക്കാർ കുരുക്കിലാക്കി'. 2018 ഡിസംബർ 10 നായിരുന്നു ആ ട്വീറ്റ്. പിറ്റേന്ന് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നു. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ് വമ്പൻ ജയം കൈക്കലാക്കി. ഫലം കണ്ട സന്തോഷത്തിൽ തരൂർ ജെയ്റ്റ്‌ലിയെ ട്രോളി: 'അത്ഭുതകരമായ വാർത്തയാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് വരുന്നത്. 'ഇത് ഇന്ത്യക്ക് മഹത്തായ ദിവസം. ഇന്ത്യയെ വഞ്ചിക്കുന്ന ആരെയും വെറുതെ വിടില്ല.'

ജെയ്‌ററ്‌ലി ധനമന്ത്രിയായിരിക്കെ ഇരുവരും തമ്മിൽ പലവട്ടം ഏറ്റമുട്ടി. കുടുംബവാഴ്ചയ്‌ക്കെതിരെയുള്ള ജെയ്റ്റ്‌ലിയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു. നെഹ്‌റു ഇന്ദിരാ ഗാന്ധിയെ തന്റെ പിൻഗാമിയായി ഉയർത്തിക്കാട്ടിയെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ പരാമർശം. ഇതിനെതിരെ ചാനലുകളിലൂടെ തരൂർ ആഞ്ഞടിച്ചു. നെഹ്‌റുവിന്റെ മരണശേഷം ലാൽ ബഹാദൂർ ശാസ്ത്രിയായിരുന്നു പ്രധാനമന്ത്രിയെന്നും ബിജെപിക്ക് ചരിത്ര ജ്ഞാനം കുറവാണെന്നുമായിരുന്നു തരൂരിന്റെ മറുപടി. ഇരുവരും പലരീതിയിൽ രാഷ്ട്രീയവേദികളിൽ ഏറ്റുമുട്ടിയിരുന്നെങ്കിലും അതൊന്നും അനാരോഗ്യകരമായ പോരിലേക്ക് വഴുതി മാറിയില്ല. പരസ്പര ബഹുമാനം കാത്തുകൊണ്ടായരുന്നു ആ പയറ്റ്. എതിർപക്ഷത്താണെങ്കിലും തന്റെ വശത്താക്കാൻ കഴിവുള്ള അപൂർവം രാഷ്ട്രീയ വ്യക്തിത്വങ്ങളിലൊന്നായിരുന്നു ജെയ്‌ററ്‌ലിയെന്ന് കോൺഗ്രസ് നേതാക്കളും ഓർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP