Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തണ്ണിത്തോട്ടിൽ സിപിഎം അക്രമത്തിന് ഇരയായ പെൺകുട്ടിക്കെതിരേ ക്വാറന്റൈൻ ലംഘിച്ചതിന് കേസെടുത്തു; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; എപ്പിഡെമിക് ആക്ട് പ്രകാരമുള്ള കേസിന് ആധാരമായത് വീടിന് പുറത്തിറങ്ങിയുള്ള സമരം; തെളിവായി വീഡിയോ ദൃശ്യങ്ങളും; അക്രമികളായ പ്രതികളെ രക്ഷിക്കാൻ പാർട്ടി ഇടപെടൽ നടത്തിയതിന് പിന്നാലെ യുവതിക്കെതിരെ കേസും

തണ്ണിത്തോട്ടിൽ സിപിഎം അക്രമത്തിന് ഇരയായ പെൺകുട്ടിക്കെതിരേ ക്വാറന്റൈൻ ലംഘിച്ചതിന് കേസെടുത്തു; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; എപ്പിഡെമിക് ആക്ട് പ്രകാരമുള്ള കേസിന് ആധാരമായത് വീടിന് പുറത്തിറങ്ങിയുള്ള സമരം; തെളിവായി വീഡിയോ ദൃശ്യങ്ങളും; അക്രമികളായ പ്രതികളെ രക്ഷിക്കാൻ പാർട്ടി ഇടപെടൽ നടത്തിയതിന് പിന്നാലെ യുവതിക്കെതിരെ കേസും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തണ്ണിത്തോട് സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. നിരീക്ഷണത്തിൽ കഴിയുന്നതിനിടെ സിപിഎമ്മുകാർ വീടു കയറി ആക്രമിച്ച പെൺകുട്ടിക്കെതിരേ ക്വാറന്റൈൻ ലംഘിച്ചതിന് തണ്ണിത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആരോഗ്യവകുപ്പിൽ നിന്ന് പൊലീസിന് ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് എപ്പിഡെമിക് ആക്ട് പ്രകാരമാണ് കേസ്. ശനിയാഴ്ച പെൺകുട്ടി വീടിന് പുറത്തിറങ്ങി സമരം ചെയ്തതാണ് കേസിന് ആധാരം.

ക്വാറന്റൈനിൽ കഴിയുന്ന പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയ കേസിൽ ആറു സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. തുടർന്ന് ശനിയാഴ്ച പെൺകുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ ചെന്ന് മൊഴിപ്പകർപ്പ് വാങ്ങി. ഈ മൊഴിയിൽ വൈരുധ്യം ഉണ്ടെന്നും പൊലീസ് കേസ് അട്ടിമറിക്കുകയാണെന്നും ആരോപിച്ച് പിതാവ് സുഭാഷ് പൊലീസ് സ്റ്റേഷന് മുന്നിലും പെൺകുട്ടി വീട്ടിലും സത്യഗ്രഹം തുടങ്ങി. സത്യഗ്രഹത്തിനായി പെൺകുട്ടി വീടിന് പുറത്ത് റോഡിൽ ഇറങ്ങി. ഇതാണ് കേസിന് കാരണമായിരിക്കുന്നത്.

ക്വാറന്റൈനിൽ കഴിയുന്നവരോ കുടുംബാംഗങ്ങളോ വീടിന് പുറത്ത് ഇറങ്ങരുതെന്നാണ് ചട്ടം. ഇത് ലംഘിച്ച് പെൺകുട്ടി പുറത്തിറങ്ങി സമരം നടത്തുന്നതിന്റെ വീഡിയോ ദൃശ്യം സഹിതമാണ് ആരോഗ്യവകുപ്പ് പൊലീസിന് റിപ്പോർട്ട് നൽകിയത്. ശനിയാഴ്ച നടന്ന പെൺകുട്ടിയുടെയും പിതാവിന്റെയും സമരം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ അടൂർ ഡിവൈഎസ്‌പി നേരിട്ട് ചെന്ന് വീണ്ടും മൊഴി എടുത്തിരുന്നു. അന്വേഷണം ഡിവൈഎസ്‌പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിലാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പെൺകുട്ടിക്കെതിരേ ക്വാറന്റൈൻ ലംഘിച്ചതിന് കേസ് എടുത്തിരിക്കുന്നത്.

തണ്ണിത്തോട് സ്വദേശികളായ മോഹനവിലാസത്തിൽ രാജേഷ് (46), പുത്തൻപുരയ്ക്കൽ അശോകൻ (43), അശോക് ഭവനത്തിൽ അജേഷ് (46), സനൽ, നവീൻ, ജിൻസൺ എന്നിവർക്കെതിരെയാണ് വീടാക്രമിച്ചതിന് പൊലീസ് കേസ് എടുത്തിരുന്നത്. രാജേഷ്, അജേഷ്, അശോകൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. ഈ വിവരം അറിഞ്ഞ സനൽ, നവീൻ, ജിൻസൺ എന്നിവർ സ്റ്റേഷനിൽ ഹാജരായി ജാമ്യം എടുത്തു മടങ്ങി. തുടർന്ന് പരാതിക്കാരിയുടെ പിതാവ് സുഭാഷ് സ്റ്റേഷനിൽ എത്തി മൊഴി പരിശോധിച്ചപ്പോഴാണ് വൈരുധ്യം കണ്ടെത്തിയത്. ഇതോടെ പിതാവും മകളും സമരത്തിനൊരുങ്ങുകയായിരുന്നു.

വിവരം പുറത്തു വന്നതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കിലെ പൊള്ളത്തരം പുറത്തു വന്നിരിക്കുന്നത്. നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട്, കൈയടി നേടി അക്രമികളെ രക്ഷപ്പെടുത്തുന്ന നിലപാടാണ് മുഖ്യമന്ത്രിയും പൊലീസും സ്വീകരിച്ചിരിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. കോയമ്പത്തൂരിലെ കോളേജിൽ നിന്നും തണ്ണിത്തോട്ടിലെ വീട്ടിൽ കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ പിതാവ് ചുറ്റി തിരിഞ്ഞ് നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പിതാവിനെ ആക്രമിക്കുമെന്ന് നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുണ്ടായ ഭീഷിണിയെ തുടർന്ന് വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

ഇതിനെ തുടർന്നാണ് കഴിഞ്ഞ ഏഴിന് രാത്രി 8 ഓടെ ബൈക്കുകളിലെത്തിയ 6 അംഗ സംഘം തണ്ണിത്തോട് മേക്കണ്ണത്തുള്ള വീടിനു നേരെ ആക്രമണം നടത്തിയത്. സംഭത്തിൽ 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാർത്ഥിനിയുടെ വീടിന് നേർക്ക് ആക്രമണം നടത്തിയ ആറു പേരെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്ത് ജില്ലാ കമ്മറ്റി മുഖംരക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഒത്തുകളി പുറത്തു വന്നിരിക്കുന്നത്. പാർട്ടി അംഗങ്ങളായ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെ പാർട്ടി അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുവെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അറിയിച്ചു.

നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീടിന് നേരെയുണ്ടായ കല്ലേറും അക്രമമവും അങ്ങേയറ്റം മനുഷ്യത്വ രഹിതമായ പ്രവർത്തിയാണെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം നടന്ന പതിവു പത്രസമ്മേളനത്തിൽ ആക്രമണത്തെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി അപലപിച്ചിരുന്നു. അതിന് ശേഷമാണ് പൊലീസും പാർട്ടിയും നടപടിയെടുക്കാൻ നിർബന്ധിതരായത്. തണ്ണിത്തോട് പഞ്ചായത്തിലെ സമൂഹ അടുക്കളയിൽ നടന്ന അനിഷ്ട സംഭവങ്ങൾ പാർട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയായിരുന്നു അക്രമം.

പഞ്ചായത്തിന്റെ സമൂഹ അടുക്കളയ്ക്ക് എതിരേ സിപിഎം നേതൃത്വത്തിൽ സമാന്തര അടുക്കള തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവായ പിതാവിനോടുള്ള വിരോധം നിമിത്തം പെൺകുട്ടി നിരീക്ഷണത്തിൽ കഴിയുന്ന വീടിന് നേരെ ആക്രമണം നടത്തിയത്. പാർട്ടിക്കാരുടെ നടപടിക്കെതിരേ മുഖ്യമന്ത്രി തന്നെ അഭിപ്രായ പ്രകടനം നടത്തിയതോടെ അക്രമികളെ സസ്പെൻഡ് ചെയ്ത് സിപിഎം മുഖം രക്ഷിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP