Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ആ രാജ്യദ്രോഹക്കുറ്റത്തിന് അനുമതി നൽകിയതിന് ഡൽഹി സർക്കാരിന് നന്ദി; ഇനി ഒരു അതിവേഗക്കോടതിയിൽത്തന്നെ, കേസ് പരിഗണിക്കുമെന്നും, പെട്ടെന്ന് വിചാരണ പൂർത്തിയാക്കുമെന്നാണ് കരുതുന്നത്; ടെലിവിഷനിലല്ല, കോടതിയിൽ'; കെജ്രിവാൾ സർക്കാറിന്റെ തീരുമാനത്തോട് കനയ്യ കുമാറിന്റെ പ്രതികരണം ഇങ്ങനെ; രാജ്യദ്രോഹ കേസ് രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്നു; ഹിസ്ബുൽ തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ ദേവിന്ദർ സിങിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയില്ലെന്ന് ഓർക്കണമെന്നും സിപിഐ നേതാവ്

'ആ രാജ്യദ്രോഹക്കുറ്റത്തിന് അനുമതി നൽകിയതിന് ഡൽഹി സർക്കാരിന് നന്ദി; ഇനി ഒരു അതിവേഗക്കോടതിയിൽത്തന്നെ, കേസ് പരിഗണിക്കുമെന്നും, പെട്ടെന്ന് വിചാരണ പൂർത്തിയാക്കുമെന്നാണ് കരുതുന്നത്; ടെലിവിഷനിലല്ല, കോടതിയിൽ'; കെജ്രിവാൾ സർക്കാറിന്റെ തീരുമാനത്തോട് കനയ്യ കുമാറിന്റെ പ്രതികരണം ഇങ്ങനെ; രാജ്യദ്രോഹ കേസ് രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്നു; ഹിസ്ബുൽ തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ ദേവിന്ദർ സിങിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയില്ലെന്ന് ഓർക്കണമെന്നും സിപിഐ നേതാവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന് തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ കെജ്‌രിവാൾ സർക്കാറിനെ പരിഹസിച്ച് സിപിഐ നേതാവ് കനയ്യ കുമാർ.  'നന്ദി, വിചാരണ വേഗത്തിലാക്കണം' -തനിക്കെതിരായ രാജ്യദ്രോഹ കുറ്റത്തിൽ വിചാരണ നടത്താൻ ഡൽഹി സർക്കാർ പൊലീസിന് അനുമതി നൽകിയതിനോട് സിപിഐ നേതാവ് കനയ്യ കുമാറിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു. ഇനി വിചാരണാ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കൂ എന്നും കനയ്യ ട്വീറ്റ് ചെയ്തു. ടിവി സ്‌ക്രീനിലെ വിചാരണയല്ല, കോടതിയിലെ വിചാരണയെന്നും കനയ്യ പരിഹസിക്കുന്നു. കനയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കെജ്‌രിവാൾ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് പ്രതികരണം.

''ആ രാജ്യദ്രോഹക്കുറ്റത്തിന് അനുമതി നൽകിയതിന് ഡൽഹി സർക്കാരിന് നന്ദി. ഇനി സർക്കാരും പൊലീസും ഈ കേസ് ഗൗരവമായി എടുക്കുമെന്ന് ഞാൻ കരുതട്ടെ. ഇനി ഒരു അതിവേഗക്കോടതിയിൽത്തന്നെ, ഈ കേസ് പരിഗണിക്കുമെന്നും, പെട്ടെന്ന് വിചാരണ പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. ടെലിവിഷനിലല്ല, കോടതിയിൽ'', എന്നായിരുന്നു കനയ്യയുടെ ട്വീറ്റ്. ''സത്യമേവജയതേ'', എന്നും അതോടൊപ്പം കനയ്യ ട്വിറ്ററിൽ കുറിച്ചു.

അതേസമയം തീരുമാനം രാഷ്ട്രീയപരമാണെന്നും കനയ്യ ആരോപിച്ചു. 'അനുമതി നൽകിയ സമയം നോക്കൂ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഒരുങ്ങുമ്പോളായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. ഇപ്പോൾ ഞാൻ ഈ വർഷം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി രാജ്യദ്രോഹ കേസ് ദുരുപയോഗപ്പെടുത്തുന്നതെങ്ങിനെയാണെന്ന് രാജ്യം അറിയണം. ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ ജമ്മു-കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദേവിന്ദർ സിങിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയില്ലെന്ന് ഓർക്കണം' -കനയ്യ പറഞ്ഞു.

ജെ.എൻ.യു വിദ്യാർത്ഥി യൂനിയൻ മുൻ ചെയർമാൻ കൂടിയായ കനയ്യ കുമാറിനും മറ്റു രണ്ടുപേർക്കുമെതിരെ രാജ്യദ്രോഹ കുറ്റത്തിൽ വിചാരണ നടത്താൻ വെള്ളിയാഴ്ചയാണ് ഡൽഹി സർക്കാർ പൊലീസിന് അനുമതി നൽകിയത്. യൂനിയനിലെ മറ്റ് അംഗങ്ങളായ ഉമർ ഖാലിദ്, അനിർബൻ, ആഖിബ് ഹുസൈൻ, മുജീബ്, അമർ ഗുൽ, ബശ്‌റത്ത് അലി, ഖാലിദ് ബാസിർ എന്നിവരാണ് കേസിൽ ഉൾപ്പെട്ട മറ്റു വിദ്യാർത്ഥികൾ.

ജെ.എൻ.യു കാമ്പസിൽ നടന്ന പരിപാടിയിൽ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് 2016ൽ വസന്ത് കുഞ്ച് പൊലീസാണ് കേസെടുത്തത്. 'അന്വേഷണത്തിന് ആം ആദ്മി സർക്കാർ അനുമതി നൽകിയതിനെ കുറിച്ച് പ്രതികരിക്കുന്നില്ല. അതിവേഗ കോടതിയിലെ വിചാരണയാണ് ആവശ്യം. ഈ വിഷയത്തിലെ തീർപ്പ് കോടതികളിൽ നിന്നാണ് വരേണ്ടത്. അല്ലാതെ ടി.വി. സ്റ്റുഡിയോയിൽ ഇരുന്നുള്ള വാചാരണയിൽ നിന്നല്ല'- കനയ്യ കുമാർ പറഞ്ഞു.

രാജ്യത്തെ യഥാർത്ഥ പ്രശ്‌നങ്ങളെ മറയ്ക്കാനും, രാഷ്ട്രീയ ലാഭത്തിനുമാണ് രാജ്യദ്രോഹനിയമം ഉപയോഗിക്കുന്നതെന്ന് കനയ്യകുമാർ ആരോപിക്കുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഈ തന്ത്രം. പെട്ടെന്ന് വിചാരണ പൂർത്തിയായാൽ പിന്നെ ഈ ബിജെപി നേതാക്കൾ വേറെ എന്ത് പറയും - എന്ന് കനയ്യ ചോദിക്കുന്നു. കഴിഞ്ഞയാഴ്ചയാണ്, കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി, ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അരവിന്ദ് കെജ്‌രിവാൾ സർക്കാരിന് കത്ത് നൽകിയത്. ഇതിനുള്ള മറുപടിയായാണ് കെജ്‌രിവാൾ സർക്കാർ അനുമതി നൽകുന്നത്.

കാലങ്ങളായി ഈ കേസിൽ കുറ്റപത്രമടക്കം ഡൽഹി പൊലീസ് വൈകിച്ചിരുന്നു. കനയ്യയ്ക്ക് എതിരായി ചില വാർത്താചാനലുകൾ പുറത്തുവിട്ട വീഡിയോ വ്യാജമായി നിർമ്മിച്ചതാണെന്ന് തെളിഞ്ഞിരുന്നതാണ്. ഇതേത്തുടർന്ന് സീ ന്യൂസ്, ന്യൂസ് എക്‌സ്, ടൈംസ് നൗ എന്നീ ചാനലുകൾക്കെതിരെ വ്യാജവാർത്ത സംപ്രേഷണം ചെയ്തതിന്റെ പേരിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പാർലമെന്റ് ആക്രമണക്കേസിൽ പ്രതിയായി തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരുവിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചുവെന്നും, ഇതിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയെന്നുമാണ് സീ ന്യൂസ് അടക്കമുള്ള ചാനലുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ ദൃശ്യങ്ങളിൽ ശബ്ദം എഡിറ്റ് ചെയ്ത് ചേർത്തതാണെന്ന് പിന്നീട് വിദഗ്ധ പരിശോധനയിൽ തെളിഞ്ഞിരുന്നു.

കനയ്യകുമാറിനെ വിചാരണ ചെയ്യാൻ അനുമതി നൽകിയ ആംആദ്മി പാർട്ടിക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. നട്ടെല്ലില്ലാത്തവൻ എന്നു പറഞ്ഞാൽ അത് അരവിന്ദ് കെജ്രിവാളിന് പ്രശംസയാവുകയേ ഉള്ളൂ എന്നായിരുന്നു അനുരാഗ് ട്വീറ്റ്. വിചാരണ ചെയ്യാൻ അനുമതി നൽകിയ ആംആദ്മി സർക്കാരിന്റെ തീരുമാനത്തോടുള്ള കനയ്യകുമാറിന്റെ പ്രതികരണം കൂടി ഉൾപ്പെടുത്തിയായിരുന്നു അനുരാഗിന്റെ ട്വീറ്റ്. 'മഹാനായ അരവിന്ദ് കെജ്രിവാൾ ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാൽ അതൊരു അധികപ്രശംസയാകും. നിങ്ങൾ അത്രക്ക് പോലുമില്ല. ആംആദ്മിക്ക് ഇല്ലേയില്ല.' എന്നായിരുന്നു അനുരാഗിന്റെ ട്വീറ്റ്. എത്ര രൂപക്കാണ് നിങ്ങളെ വിൽക്കാൻ വെച്ചിരിക്കുന്നതെന്നും അനുരാഗ് കൂട്ടിച്ചേർത്തു.

വ്യാപക വിമർശനമുയർന്നതിന് ശേഷവും വിചാരണ ചെയ്യാൻ കൊടുത്ത അനുമതി പിൻവലിക്കില്ലെന്ന് ആംആദ്മി പാർട്ടി വ്യക്തമാക്കിയിരുന്നു. ഡൽഹി നിയമ വകുപ്പ് വളരെ ശ്രദ്ധയോടെ വിഷയം പഠിച്ചതിന് ശേഷം തങ്ങളുടെ അഭിപ്രായം സംസ്ഥാന ആഭ്യന്തര വകുപ്പിനെ അറിയിച്ചു. അതിന് ശേഷമാണ് കനയ്യകുമാറിനെ വിചാരണ ചെയ്യാൻ അനുമതി കൊടുത്തത്. തങ്ങളുടെ നയവും നിലപാടും അനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷം ആരുടെയും വിചാരണ നടപടിക്ക് അനുമതി നൽകുന്നത് തടഞ്ഞിട്ടില്ലെന്ന് പാർട്ടി വക്താവായ രാഘവ് ചന്ദ അറിയിച്ചു.

അതേസമയം ബിഹാർ തെരഞ്ഞെടുപ്പു അടുത്ത സാഹചര്യത്തിലാണ് കനയ്യ കുമാറിനെതിരെ പ്രോസിക്യൂഷൻ നടപടികളിലേക്ക് നീങ്ങിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറിൽ സിപിഐ ദേശീയ കൗൺസിൽ അംഗം കനയ്യ കുമാർ പങ്കെടുത്തത് 38 ജില്ലകളിലെ 62 റാലികളിലായിരുന്നു. ഇന്നലെ സംവിധാൻ ബച്ചാവോ, നാഗ്രികത ബച്ചാവോ (ഭരണഘടനയെ രക്ഷിക്കൂ, പൗരത്വ രക്ഷിക്കൂ) എന്ന് പറഞ്ഞുള്ള റാലിയിൽ കനയ്യ നരേന്ദ്ര മോദിയ സർക്കാരിനെ കടന്നാക്രമിച്ചിരുന്നു. ഡൈവർട്ട് ആൻഡ് റൂൾ (യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് ഭരിക്കുക) എന്നതാണ് മോദി സർക്കാരിന്റെ രീതിയെന്ന് കനയ്യ ചൂണ്ടിക്കാട്ടിയിരുന്നു.

45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയെന്നും സാധാരണക്കാർക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുകയാണെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയിൽ കനയ്യ പ്രസംഗിച്ചു. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ പൗരത്വ നിയമത്തിനെതിരായി ബിഹാറിൽ 38 ജില്ലകളിലായി 62 റാലികളിൽ കനയ്യ റാലികളിൽ പങ്കെടുത്ത് പ്രസംഗിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നു.

തൊഴിലില്ലായ്മ പെരുകുകയാണ്. ഓരോ മണിക്കൂറിലും ഒരു യുവാവ് ജീവനൊടുക്കുന്നു. ഇതിൽ നിന്നെല്ലാം ശ്രദ്ധ തിരിച്ച് രാജ്യത്തെ വിഭജിക്കാനാണ് സർക്കാർ സിഎഎയും എൻആർസിയും എൻപിആറുമെല്ലാം കൊണ്ടുവന്നത്. ആൾക്കൂട്ടത്തിന്റെ ആസാദി മുദ്രാവാക്യങ്ങൾക്കിടയിൽ കനയ്യ കുമാർ പറഞ്ഞു. ജനുവരി 30ന് പശ്ചിമ ചമ്പാരൻ ജില്ലയിലെ ഭിതർവ ആശ്രമത്തിൽ നിന്ന് തുടങ്ങിയ ജനഗണമന യാത്രയുടെ സമാപനം കുറിച്ചുള്ളതായിരുന്നു റാലി. ഒമ്പത് തവണയോളം കനയ്യ കുമാറിനെതിരെ ആക്രമണമുണ്ടായി. കനയ്യ എത്തുന്ന എല്ലാ റാലികളിലും വലിയ ജനക്കൂട്ടമാണ് പ്രസംഗം കേൾക്കാനുണ്ടായിരുന്നത്. ബിഹാറിൽ ഒക്ടോബറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കനയ്യ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. അതേസമയം തന്റെ റാലികൾക്ക് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ഇപ്പോളത്തെ പ്രശ്നമെന്നും കനയ്യ കുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP