Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202412Friday

തെരുവുനായ്ക്കൾക്ക് മുറിവു പറ്റിയാൽ പോലും നമ്മളെല്ലാം നോക്കും; എന്റെ മകന് അത്തരമൊരു കാരുണ്യം പോലും ലഭിച്ചില്ല; കൈപൊട്ടി അവൻ കിടന്നു പുളയുമ്പോഴും ഒന്നും അവർ ചെയ്തില്ല; പണമില്ലാത്തതിനാൽ നഷ്ടമായത് എന്റെ മകന്റെ ഒരു കൈയാണ്; തലശേരിയിൽ ചികിത്സാ പിഴവിനാൽ ഒരു കൈമുറിച്ചു മാറ്റിയ സുൽത്താന് നീതി ലഭിച്ചില്ലെന്ന് പിതാവ്

തെരുവുനായ്ക്കൾക്ക് മുറിവു പറ്റിയാൽ പോലും നമ്മളെല്ലാം നോക്കും; എന്റെ മകന് അത്തരമൊരു കാരുണ്യം പോലും ലഭിച്ചില്ല; കൈപൊട്ടി അവൻ കിടന്നു പുളയുമ്പോഴും ഒന്നും അവർ ചെയ്തില്ല; പണമില്ലാത്തതിനാൽ നഷ്ടമായത് എന്റെ മകന്റെ ഒരു കൈയാണ്; തലശേരിയിൽ ചികിത്സാ പിഴവിനാൽ ഒരു കൈമുറിച്ചു മാറ്റിയ സുൽത്താന് നീതി ലഭിച്ചില്ലെന്ന് പിതാവ്

അനീഷ് കുമാർ

കണ്ണൂർ: തെരുവുനായകൾക്ക് മുറിവു പറ്റിയാൽ പോലും നമ്മളെല്ലാം നോക്കും എന്നാൽ എന്റെ മകന് അത്തരമൊരു കാരുണ്യം പോലും ആരിൽ നിന്നും ലഭിച്ചില്ല. ആശുപത്രിയിൽ കൈപൊട്ടി അവൻ കിടന്നു പുളയുമ്പോഴും ഒന്നും അവർ ചെയ്തില്ല, ഇപ്പോൾ എന്റെ മകനെയാരും തിരിഞ്ഞു നോക്കുന്നുമില്ല. തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സാ പിഴവിനാൽ ഒരു കൈ നഷ്ടപ്പെട്ട തലശേരി ചേറ്റംകുന്നിൽ നാസ ക്വാർട്ടേഴ്സിൽ സുൽത്താനെന്ന പതിനേഴു വയസുകാരൻ അധികൃതരുടെ അവഗണന കാരണം നരകയാതന അനുഭവിക്കുകയാണെന്ന് പിതാവും മത്സ്യത്തൊഴിലാളിയുമായ അബൂബക്കർ സിദ്ദിഖ് കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറയുമ്പോൾ കണ്ണുകളിൽ സങ്കടവും രോഷവും ഒരേ സമയം അലയടിച്ചുയർന്നു.

ഞങ്ങൾ പാവങ്ങളായതു കൊണ്ടാണ് സർക്കാർ ആശുപത്രിയിൽ പോയത്. എന്നാൽ പണമില്ലാത്തതിനാൽ നഷ്ടമായത് എന്റെ മകന്റെ ഒരു കൈയാണ്. എല്ലാം മാറിയെന്നു വെറുതെ ഡോക്ടർ പറയുമ്പോഴും വേദനസഹിക്കവയ്യാതെ പഴുപ്പുകയറി കൈ നോക്കി ഇതൊന്നു മുറിച്ചു തായെന്നു കരയുകയായിരുന്നു മകനെന്നും അബൂബക്കർ സിദ്ദിഖ് പറഞ്ഞു. സ്പീക്കർ എ. എൻ ഷംസീർ സംഭവം പത്രങ്ങളിൽ വാർത്തയായതിനെ തുടർന്ന് ഒരിക്കൽ വന്നെങ്കിലും പിന്നീടങ്ങോട്ടു കണ്ടിട്ടില്ലേയില്ല, സർക്കാർ സഹായം വാങ്ങിതരാമെന്നു പറഞ്ഞവരാരും ഇപ്പോൾ അനങ്ങുന്നില്ല.

ഇതിനൊക്കെ ഉത്തരവാദിയായ ഡോ. ബിജുമോൻ ഇപ്പോഴും തലശേരി ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്. അയാളെ ഒരു ദിവസം പോലും മാറ്റി നിർത്താതെ കുറ്റവിമുക്തമാക്കുകയാണ് ആശുപത്രി അധികൃതർ ചെയ്തത്. ലോകകപ്പ് ഫുട് ബോളിന്റെ മുന്നോടിയായുള്ള ആവേശത്തിനിടെ യിൽ കൂട്ടുകാരുമായി ഫുട്ബോൾ കളിച്ചപ്പോഴുണ്ടായ വീഴ്‌ച്ചയാണ്പ്ളസ് ടു വിദ്യാർത്ഥിയായ മകന്റെ ഭാവി ഇരുളടഞ്ഞതാക്കിയത്.

വീണു പരുക്കേറ്റ ഉടൻ തന്നെ ഉമ്മയും ബന്ധുക്കളും തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പതിനൊന്നു ദിവസത്തോളം തലശേരി ജനറൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടർ ബിജുമോൻ കുട്ടിക്ക് കൃത്യമായ ചികിത്സ നൽകാതെ വൈകിപ്പിക്കുകയായിരുന്നുവെന്ന് അബൂബക്കർ സിദ്ദിഖ് ആരോപിച്ചു. ഒക്ടോബർ 30 ന് വൈകുന്നേരമാണ് കുട്ടിക്ക് വീണു പരുക്കേറ്റത്. എന്നാൽ നവംബർ പതിനൊന്നിന് മാത്രമാണ് സുൽത്താന് ശസ്ത്രക്രിയ നടത്തുന്നത്.

പിറ്റേ ദിവസം സ്ഥിതി മോശമാവുകയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ നിന്നും കുട്ടിയുടെ കൈമുട്ടിന് താഴെ നിന്നും മുറിച്ചു മാറ്റണമെന്ന് പറഞ്ഞതിനാൽ കോഴിക്കോട് മിംമ്സ്, കോയമ്പത്തൂർ ഗംഗ എന്നീ ആശുപത്രികളിൽ വിദഗ്ദ്ധ ചികിത്സ തേടിയെങ്കിലും അവിടങ്ങളിൽ നിന്നും കൈക്ക് പഴുപ്പു കയറിയിട്ടുണ്ടെന്നും മുറിച്ചു മാറ്റാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് പറഞ്ഞത് ഇതേ തുടർന്ന് നവംബർ 14 ന് കണ്ണൂർ മിമ്സ് ആശുപത്രിയിൽ വെച്ചു കൈ മുറിച്ചു മാറ്റുകയായിരുന്നു.

മത്സ്യ തൊഴിലാളിയായ താൻ അന്നന്ന് ജീവിച്ചു ഉപജീവനം കഴിക്കുന്നയാളാണെന്നും രണ്ടു ലക്ഷത്തിൽ കൂടുതൽ തുക ഇതിനായി ചെലവായെന്നും അബൂബക്കർ സിദ്ദിഖ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ചികിത്സാ പിഴവുകാരണമാണ് തന്റെ മകന് കൈ നഷ്ടമായതെന്നും സർക്കാരോ ആരോഗ്യ വകുപ്പോ യാതൊരു സഹായവും ചെയ്തില്ല. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ജില്ലാമെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും അബുബക്കർ സിദ്ദിഖ് ആരോപിച്ചു.

കുറ്റക്കാരനായ ഡോക്ടർക്കെതിരെ നടപടിയെടുക്കുന്നതു വരെ നീതി ലഭിക്കുന്നതു വരെ നിയമ പോരാട്ടം നടത്തുമെന്നും അബൂബക്കർ സിദ്ദിഖ് പറഞ്ഞു. പാലയാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് സുൽത്താൻ. ഒരു കൈ നഷ്ടപ്പെട്ട സങ്കടത്തിൽ കുട്ടിയുടെ പഠനംപോലും മുടങ്ങിയ അവസ്ഥയാണുള്ളത്. നേരത്തെ പുല്യോടുള്ള ബന്ധുവീട്ടിലായിരുന്നു താമസമെങ്കിലും സുൽത്താൻ ഇപ്പോൾ തലശേരി ചേറ്റം കുന്നിലെ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. നിർധന കുടുംബാംഗമായ സുൽത്താൻ അബൂബക്കർ സിദ്ദിഖിന്റെ നാലുമക്കളിൽ മൂത്തവനാണ്. മത്സ്യത്തൊഴിലാളിയായ ഈ പിതാവ് ഏറെ പ്രതീക്ഷയോടെ വളർത്തി വലുതാക്കിയ മകന്റെ ദുരന്തത്തിൽ പകച്ചു നിൽക്കുകയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP