Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കത്തുന്ന പുരയുടെ കഴുക്കോൽ അഴിച്ചെടുക്കാൻ കൂട്ടു നിൽക്കില്ലെന്ന പ്രതിജ്ഞയുമായി അധികാരമേറ്റ തച്ചങ്കരിയുടെ പദവി തെറിപ്പിച്ചത് മന്ത്രി നടത്താൻ ശ്രമിച്ച അഴിമതിയെ എതിർത്തത്; ജിപിഎസ് സംവിധാനമുള്ള ടിക്കറ്റ് മെഷിൻ വാങ്ങാൻ പ്രത്യേക താൽപ്പര്യമുള്ള കമ്പനി നൽകിയ ക്വട്ടേഷൻ തള്ളിയതോടെ ശശീന്ദ്രൻ കളി തുടങ്ങി; കോടതിയിൽ നിന്നും മന്ത്രിക്കെതിരെ പരാമർശം വന്നത് തച്ചങ്കരി നൽകിയ രേഖയുടെ പുറത്തെന്ന് വ്യക്തമായപ്പോൾ പിണറായിയും കോപിച്ചു; ആനവണ്ടിയിലെ തച്ചങ്കരിയുടെ യാത്ര അവസാനിച്ചത് ഇങ്ങനെ

കത്തുന്ന പുരയുടെ കഴുക്കോൽ അഴിച്ചെടുക്കാൻ കൂട്ടു നിൽക്കില്ലെന്ന പ്രതിജ്ഞയുമായി അധികാരമേറ്റ തച്ചങ്കരിയുടെ പദവി തെറിപ്പിച്ചത് മന്ത്രി നടത്താൻ ശ്രമിച്ച അഴിമതിയെ എതിർത്തത്; ജിപിഎസ് സംവിധാനമുള്ള ടിക്കറ്റ് മെഷിൻ വാങ്ങാൻ പ്രത്യേക താൽപ്പര്യമുള്ള കമ്പനി നൽകിയ ക്വട്ടേഷൻ തള്ളിയതോടെ ശശീന്ദ്രൻ കളി തുടങ്ങി; കോടതിയിൽ നിന്നും മന്ത്രിക്കെതിരെ പരാമർശം വന്നത് തച്ചങ്കരി നൽകിയ രേഖയുടെ പുറത്തെന്ന് വ്യക്തമായപ്പോൾ പിണറായിയും കോപിച്ചു; ആനവണ്ടിയിലെ തച്ചങ്കരിയുടെ യാത്ര അവസാനിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൊലീസിലെ വിവാദപുരുഷനായിരുന്നു ടോമിൻ തച്ചങ്കരി. പലവിധ ആരോപണങ്ങളെ നേരിട്ട ഉദ്യോഗസ്ഥൻ. ഇതിനിടെയിലാണ് കൺസ്യൂമർ ഫെഡിന്റെ എംഡിയായി തച്ചങ്കരി എത്തിയത്. കൺസ്യൂമർ ഫെഡിലെ അഴിമതിയെ തകർത്ത് തച്ചങ്കരി മുന്നോട്ട് പോയി. കൺസ്യൂമർ ഫെഡിനെ ലാഭത്തിലാക്കുകയും ചെയ്തു. എന്നാൽ അഴിമതികൾ പുറംലോകത്ത് ചർച്ചയായപ്പോൾ തച്ചങ്കരി അവിടം വിട്ടു. പിന്നെ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ പദവി. അഴിമതി മുക്തമാക്കി വകുപ്പിനെ മാറ്റാൻ ധീരതയോടെ മുന്നോട്ട് നീങ്ങുമ്പോഴാണ് അവിടേയും പ്രശ്‌നം തുടങ്ങുന്നത്. ജന്മദിനാഘോഷ വിവാദത്തിന്റെ പുറത്ത് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ തച്ചങ്കരിയെ അവിടെ നിന്നും ഓടിച്ചു. അതിന് ശേഷം പൊലീസ് ഭരണം. അപ്രതീക്ഷിതമായാണ് കെ എസ് ആർ ടി സിയെ തച്ചങ്കരിക്ക് ഏൽപ്പിച്ചു കൊടുത്തത്. വലിയ മാറ്റമാണ് തച്ചങ്കരി അവിടെ നടപ്പാക്കിയത്. യൂണിയനുകളെ വെട്ടിയൊതുക്കി എല്ലാം ഭംഗിയാക്കി. സ്വന്തം കാലിൽ നിൽക്കാൻ കെ എസ് ആർ ടി സിക്ക് കഴിയുമെന്നും തെളിയിച്ചു. അവിടെയും പേരെടുത്ത തച്ചങ്കരിയെ സർക്കാർ വെട്ടിമാറ്റി. ഇതിന് കാരണം ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ പരാതി പറച്ചിലാണ്. അഴിമതി മോഹം പൊളിഞ്ഞതാണ് ഇതിന് കാരണമെന്നാണ് പുറത്തു വരുന്ന വിവരം.

കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തു നിന്ന് ടോമിൻ ജെ. തച്ചങ്കരിയെ തെറിപ്പിച്ചത് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ ആവശ്യപ്രകാരമായിരുന്നു. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുന്നിൽ നിർത്തിയുള്ള കളികൾ. തച്ചങ്കരി തുടർന്നാണ് അത് സർക്കാരിന്റേയും പാർട്ടിയുടേയും ലാഭങ്ങൾക്ക് എതിരാകുമെന്ന് കോടിയേരിയും തിരിച്ചറിഞ്ഞു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും തച്ചങ്കരിയെ തള്ളി പറഞ്ഞു. പുതിയ ജി.പി.എസ് സംവിധാനമുള്ള ടിക്കറ്ര് മെഷീനുകൾ വാങ്ങാനുള്ള ടെൻഡർ നടപടികളിൽ ബംഗളൂരുവിലെ മൈക്രോ എഫ്.എക്‌സ് കമ്പനിയെ ഉൾപ്പെടുത്താത്തതിനെ ചൊല്ലി എം.ഡിയും മന്ത്രിയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. മന്ത്രി പ്രത്യേകം ശുപാർശ നൽകിയിട്ടും തച്ചങ്കരി അംഗീകരിച്ചില്ല. ഇതാണ് തച്ചങ്കരിയുടെ മാറ്റത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. തച്ചങ്കരിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിനിടെ തന്റെ വാദം അംഗീകരിക്കാൻ ശശീന്ദ്രന് തെളിവും കിട്ടി. തച്ചങ്കരി ട്രാൻസ്‌പോർട്ട് കമ്മിഷണറായിരുന്നപ്പോഴും മന്ത്രി ശശീന്ദ്രനുമായി ഉടക്കുണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് കമ്മിഷണർ സ്ഥാനം തെറിപ്പിച്ചത്.

കത്തുന്ന പുരയുടെ കഴുക്കോൽ അഴിച്ചെടുക്കാൻ കൂട്ടു നിൽക്കില്ലെന്ന് ദൃഡപ്രതിജ്ഞ എടുത്ത് അധികാരമേറ്റ തച്ചങ്കരി അഴിമതിക്കെതിരെ കർശന നിലപാടാണ് കെ എസ് ആർ ടി സിയിൽ എടുത്തത്. ഊരാളുങ്കലിന്റെ കരാർ റദ്ദാക്കൽ ഉൾപ്പെടെ പലതും ചെയ്തു. ആനവണ്ടിയെ ലാഭത്തിലാക്കുകയും അഴിമതി തടയാൻ ശ്രമിക്കുകയും ചെയ്തതിന്റെ പേരിൽ തച്ചങ്കരിക്ക് സമൂഹമാധ്യമങ്ങളുടെ കൈയടിയും കിട്ടി. ശബരിമലയിലെ തീർത്ഥാടന കാലം അതീവ കരുതലോടെ കൈകാര്യം ചെയ്തു. ഇതോടെ ശബരിമലയുടെ വരുമാനം ഗണ്യമായി ഉയർന്നു. സർക്കാർ സഹായത്തോട് നോ പറഞ്ഞ് കെ എസ് ആർ ടി യിൽ സ്വ്ന്തം നിലയ്ക്ക് ശമ്പളവും നൽകി. ഇതോടെ കൂടുതൽ ജനകീയ പരിവേഷം തച്ചങ്കരിക്ക് വന്നു. ഇതിനിടെയാണ് മന്ത്രിക്കെതിരെ അഴിമതി ആരോപണമെത്തിയത്. ഇതോടെ ശശീന്ദ്രൻ ആഞ്ഞടിച്ചു. ഇക്കാര്യത്തിൽ സിപിഎമ്മും സിപിഐയും തച്ചങ്കരിയെ കൈവിട്ടതോടെ സ്ഥാനം പോയി. ഇനി ആരു കെ എസ് ആർ ടി സിയെ രക്ഷിക്കുമെന്ന ചോദ്യമാണ്

കെ.എസ്.ആർ.ടി.സിയുടെ വ്യവസ്ഥകൾ പ്രകാരം മൈക്രോ എഫ്.എക്‌സ് കമ്പനിക്ക് ടെൻഡറിൽ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. മാത്രമല്ല,? പത്തു വർഷം മുമ്പ് ഈ കമ്പനിയുമായി കോർപറേഷൻ നടത്തിയ ഇടപാടു സംബന്ധിച്ച് ഏറെ ആക്ഷേപവും ഉയർന്നിരുന്നു. ആറായിരം ആധുനിക ടിക്കറ്റ് മെഷീനാണ് വേണ്ടത്. ഏഴുകോടിയിൽ പരം രൂപയുടെ ഇടപാടാണ് നടക്കുക. മൈക്രോ എഫ്.എക്‌സ് കമ്പനിയെ കെ.എസ്.ആർ.ടി.സി തള്ളിയപ്പോൾ അവർ ഒരു പ്രമുഖ എൻ.സി.പി നേതാവു വഴി മന്ത്രിയുടെ ഓഫീസിനെ സമീപിച്ചു. മന്ത്രി ശുപാർശ എഴുതി ഒപ്പിട്ട് 29ന് തച്ചങ്കരിക്ക് അയച്ചു. അടുത്ത ദിവസം ഇതേ കമ്പനി ടെൻഡറിലെ പുതിയ വ്യവസ്ഥകൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. മന്ത്രിക്ക് ഇക്കാര്യത്തിൽ പ്രത്യേക താത്പര്യമെന്തെന്ന് കോടതി ചോദിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. അന്ന് നടന്ന മന്ത്രിസഭായോഗത്തിൽ തച്ചങ്കരിയെ നീക്കിക്കൊണ്ടുള്ള തീരുമാനം വന്നു. മന്ത്രിയുടെ ശുപാർശ കത്ത് ചോർന്നത് തച്ചങ്കരി വഴിയാണെന്നാണ് ഉയരുന്ന വാദം. ഇത് മുഖ്യമന്ത്രിയെ ശശീന്ദ്രൻ ബോധ്യപ്പെടുത്തി. മന്ത്രിയെ അഴിമതിക്കാരനാക്കി പ്രതിസന്ധിയിലാക്കുന്ന ഉദ്യോഗസ്ഥൻ വേണ്ടെന്ന നിലപാട് പിണറായി എടുക്കുകയും ചെയ്തു. മന്ത്രിയുടെ ശുപാർശ കത്ത് പുറത്തായത് തന്നെയാണ് കെ എസ് ആർ ടി സിയിൽ നിന്ന് തച്ചങ്കരിയെ മാറ്റാൻ കാരണമായതും.

അതിനിടെ ഞാനും തച്ചങ്കരിയുമായി ഒരു അഭിപ്രായവ്യത്യാസവും ഇല്ല. ഒരു ശുപാർശയും ഞാൻ നടത്തിയിട്ടുമില്ല. കേൾക്കുന്നതൊക്കെ കഥകളാണെന്ന് ശശീന്ദ്രനും പ്രതികരിച്ചു. അംഗത്വഫീസിലെ ഇടിവ് ചൂണ്ടിക്കാട്ടി ഇടത് തൊഴിലാളി സംഘടനകൾ ഒന്നടങ്കം തച്ചങ്കരിയെ മാറ്റാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. സിഐ.ടി.യു സംസ്ഥാന നേതാക്കളും കെ.എസ്.ആർ.ടി.സിയിലെ ചില ഭരണസമിതി അംഗങ്ങളും സ്ഥാനമൊഴിയൽ ഭീഷണി മുഴക്കിയിരുന്നു. നിലവിലെ അവസ്ഥയിൽ തുടർന്നിട്ട് കാര്യമില്ലെന്ന് അവർ സർക്കാരിനെ അറിയിച്ചു. സംഘടനയ്ക്ക് മാസവരി നൽകുന്നവരുടെ എണ്ണം കുറയുന്നതാണ് അവരെ അസ്വസ്ഥരാക്കിയത്. സ്ഥലംമാറ്റം, അച്ചടക്ക നടപടി തുടങ്ങിയവയിൽ കൈകടത്തിയിരുന്ന യൂണിയൻ നേതാക്കളാണ് ജീവനക്കാരെ വിരട്ടി കൂടെ നിറുത്തിയിരുന്നത്. എന്നാൽ സംസ്ഥാന നേതാക്കളെ അടക്കം തച്ചങ്കരി തലങ്ങും വിലങ്ങും തെറിപ്പിച്ചു. 15 വർഷത്തിന് ശേഷം ആദ്യമായി ഷെഡ്യൂളുകൾക്ക് അനുസൃതമായി നടത്തിയ പൊതുസ്ഥലമാറ്റം യൂണിയനുകളുടെ വേരറുക്കുന്നതായിരുന്നു.

കോർപ്പറേഷനിൽ 35,000-ത്തോളം ജീവനക്കാരാണുള്ളത്. ഇതിൽ 50 ശതമാനത്തിലധികം സിഐ.ടി.യു.ക്കാരാണ്. സിഐ.ടി.യു. ഉൾപ്പെടെ എല്ലാ യൂണിയൻ നേതാക്കളും എതിരായിട്ടും മുഖ്യമന്ത്രി തച്ചങ്കരിയോട് നയങ്ങളുമായി മുന്നോട്ടുപോകാനാണ് ആവശ്യപ്പെട്ടത്. പണിയെടുക്കാതെ യൂണിയൻ പ്രവർത്തനം നടത്തുന്ന പലർക്കും അതൃപ്തിയുണ്ടാവാമെങ്കിലും തച്ചങ്കരിയുടെ നയങ്ങൾ കോർപ്പറേഷന് ഗുണമുണ്ടാക്കിയെന്ന് ഒരുവിഭാഗം തൊഴിലാളികൾ പറയുന്നു. കൂട്ട സ്ഥലംമാറ്റം, പ്രൊമോഷൻ മരവിപ്പിക്കൽ, ആനുകൂല്യം വെട്ടിച്ചുരുക്കൽ തുടങ്ങിയ നയങ്ങളാണ് കെ.എസ്.ആർ.ടി.സി.യുടെ തളർച്ച മാറ്റാൻ തച്ചങ്കരി കൊണ്ടുവന്നത്. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിച്ചു. ജീവനക്കാരിൽ പലരും സ്ഥലംമാറ്റത്തിന് വിധേയരായി. ഡ്യൂട്ടിസമയം വെട്ടിക്കുറച്ചു. ഇൻസ്പെക്ടർമാർ കൃത്യമായി യാത്രചെയ്യേണ്ടിവന്നു. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന് നടപടി കർശനമാക്കി. യൂണിയൻ രാജ് നിർത്തലാക്കി. ഇതൊക്കെ തൊഴിലാളികളിലും നേതാക്കളിലും അങ്കലാപ്പുണ്ടാക്കിയിരുന്നു. ഇതിനൊപ്പമാണ് മന്ത്രിയുടെ അഴിമതി മോഹങ്ങളും തച്ചങ്കരി അള്ളുവച്ച് തകർത്തത്. ഇതോടെയാണ് സർക്കാരും തച്ചങ്കരിയെ നീക്കാനുള്ള തീരുമാനം എടുത്തത്. സിപിഎം നേതൃത്വും യൂണിയൻ നേതാക്കളുടെ നിലപാടിന് പൂർണ്ണ പിന്തുണ നൽകിയിരുന്നു.

കെഎസ്ആർടിസിയെ കൂടുതലായി സ്നേഹിച്ചതുകൊണ്ടാവാം എംഡി സ്ഥാനത്തുനിന്ന് സർക്കാർ മാറ്റിയതെന്ന് തച്ചങ്കരി പറയുന്നു. യൂനിയനുകളുമായി പ്രശ്നങ്ങളൊന്നുമില്ല. കെഎസ്ആർടിസിയുടെ പടിവാതിൽക്കലേക്ക് അവശനായെത്തിയ ഭിക്ഷക്കാരനല്ല താനെന്നും സർക്കാർ ആവശ്യപ്പെട്ടതെല്ലാം ചെയ്തശേഷമാണ് മടക്കമെന്നും ജീവനക്കാർ ഒരുക്കിയ യാത്ര അയപ്പ് സമ്മേളനത്തിൽ തച്ചങ്കരി പറഞ്ഞു. എംഡി സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ തൊട്ടടുത്ത ദിവസം സംഘടിപ്പിച്ച യാത്ര അയപ്പ് സമ്മേളനത്തിൽ തച്ചങ്കരി സംസാരിച്ച് തുടങ്ങിയത് കവിതചൊല്ലിക്കൊണ്ടാണ്. ഈ സ്ഥാപനത്തെ കാമിനിയെ പോലെ സ്നേഹിച്ചുതുടങ്ങി. ഒരുദ്യോഗസ്ഥനും തന്നെ അയച്ച സ്ഥാപനത്തെ സ്വന്തമെന്നു കരുതി സ്നേഹിക്കാൻ പാടില്ല. അങ്ങനെ ഉള്ള അവസ്ഥയിലാണ് ആശയും നിരാശയും സ്വപ്നങ്ങളും മോഹഭംഗങ്ങളും വരുന്നത്. ഒരു രാഷ്ട്രീയപ്പാർട്ടിയോടും പരിഭവമില്ല. പലരെയും വേദനിപ്പിച്ചെങ്കിലും പിന്നീട് അവരെല്ലാം കൂടുതൽ കർമനിരതരായി കൂടെനിന്നു. സിഎംഡിയെന്ന കൽപിത സിംഹാസനത്തിന്റെ അധികാരം താൻ മൽസരിച്ച് വാങ്ങിയതല്ലെന്നും തച്ചങ്കരി വ്യക്തമാക്കി. കാൽനൂറ്റാണ്ടിനിടെ ആദ്യമായി ശമ്പളവും ആനുകൂല്യങ്ങളും സ്വന്തമായി നൽകിയതടക്കമുള്ള നേട്ടങ്ങൾ പ്രസംഗത്തിൽ തച്ചങ്കരി എണ്ണിപ്പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP