Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

എൽഡിഎഫ് വന്ന് നാലു വർഷം കഴിഞ്ഞിട്ടും ഒന്നും ശരിയാകാതെ പൊതുവിദ്യാഭ്യാസ വകുപ്പ്; ക്ലാസ് മുറികൾ ഹൈടെക് ആക്കുമ്പോഴും സർക്കാർ പള്ളിക്കൂടത്തിലെ കുട്ടികൾക്ക് പഠിക്കാൻ പുസ്തകം എത്തിയില്ല; രണ്ടാം ടേം തുടങ്ങി ഒരു മാസം ആകുമ്പോഴും ഒരാൾക്ക് പോലും പാഠപുസ്തകമില്ല

എൽഡിഎഫ് വന്ന് നാലു വർഷം കഴിഞ്ഞിട്ടും ഒന്നും ശരിയാകാതെ പൊതുവിദ്യാഭ്യാസ വകുപ്പ്; ക്ലാസ് മുറികൾ ഹൈടെക് ആക്കുമ്പോഴും സർക്കാർ പള്ളിക്കൂടത്തിലെ കുട്ടികൾക്ക് പഠിക്കാൻ പുസ്തകം എത്തിയില്ല; രണ്ടാം ടേം തുടങ്ങി ഒരു മാസം ആകുമ്പോഴും ഒരാൾക്ക് പോലും പാഠപുസ്തകമില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നന്നായി പഠിച്ചില്ലെങ്കിൽ ചാണകം വാരാൻ വിടും എന്നത് പണ്ട് കാലത്ത് കാരണവന്മാർ കുട്ടികളോട് പറഞ്ഞിരുന്ന ഭീഷണിയായിരുന്നു. കാർഷിക വൃത്തിയുടെ ബാലപാഠമാണ് അറപ്പുകൂടാതെ ചാണകം കൈകൊണ്ട് വാരിയടുക്കുക എന്നത്. എന്നാൽ ഇന്ന് കാലം മാറി. സംസ്ഥാന സർക്കാർ തന്നെ കുട്ടികളെ നേരേ പാടത്തേക്ക് കൊണ്ടുപോകുകയാണ്. പാഠം ഒന്ന് പാടത്തേക്ക് എന്നാണ് പദ്ധതിയുടെ പേര്. നന്നായി പഠിക്കാത്തവരെ മാത്രമല്ല, സംസ്ഥാന സിലബസ് പഠിക്കുന്ന മിടുക്കരായ കുട്ടികളുടെ ഉൾപ്പെടെ കഴിവുകളെ മുളയിലെ നുള്ളുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. യഥാസമയം പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തുന്നില്ല. ഒന്നാം ടേം അവസാനിക്കാറായപ്പോഴേക്കും ആദ്യ ടേമിന്റെ പുസ്തക വിതരണം പൂർത്തിയാക്കിയ പൊതു വിദ്യാഭ്യാസ വകുപ്പിന് രണ്ടാം ടേം ആരംഭിച്ച് ഒരു മാസം ആകാറായിട്ടും ഒരു വിദ്യാർത്ഥിയുടെ കയ്യിൽ പോലും പുസ്തകം എത്തിക്കാനായിട്ടില്ല.

ഓൺലൈൻ ക്ലാസിൽ ആദ്യ ടേമിലെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തിട്ടും അടുത്ത ടേമിലേക്കുള്ള പുസ്തകം ലഭ്യമാക്കാത്തത് കുട്ടികളെ കടുത്ത മാനസിക സംഘർഷത്തിലേക്കാണ് തള്ളിവിടുന്നത്. ബാലാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് എൽപി/ യുപി വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങൾ ഓരോ ടേമിലേക്കും പ്രത്യേകം അച്ചടിക്കാൻ ആരംഭിച്ചത്. കുട്ടികളുടെ പുസ്തക സഞ്ചിയുടെ ഭാരം കുറയ്ക്കുക എന്നതായിരുന്നു ഇതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, നിലവിൽ കുട്ടികൾക്ക് പുസ്തമേ ഇല്ലാത്ത സാഹചര്യമാണ് സംജാതമായത്. പല സ്കൂളുകളിലും ഇനിയും ആദ്യ ടേം പുസ്തകങ്ങൾ ലഭിച്ചിട്ടില്ല എന്നും വിവിധ ജില്ലകളിലെ സ്കൂളുകൾ പരാതിപ്പെടുന്നുണ്ട്.  ആദ്യ പുസ്തകത്തിലെ പാഠഭാഗങ്ങൾ തീരുന്നതിന് മുൻപ് അടുത്ത ടേം പുസ്തകങ്ങൾ മുൻ വർഷങ്ങളിൽ എത്തിച്ചിരുന്നു. ഇത്തവണ ഇക്കാര്യത്തിൽ നടപടികളൊന്നുമായിട്ടില്ല. ക്ലാസ് തുടങ്ങി നാളുകൾക്കു ശേഷമാണ് ഇത്തവണ ആദ്യഘട്ട പാഠപുസ്തകങ്ങളിൽ ചിലത് വിതരണം ചെയ്തത്.

പുസ്തകങ്ങൾ വൈകുന്നത്ത് വിദ്യാർത്ഥികളിൽ മാനസിക സമ്മ‌ർദ്ദമുണ്ടാക്കുന്നുണ്ടെന്ന് അദ്ധ്യാപകർ പറയുന്നു. എത്രയും പെട്ടന്ന് പുസ്തകങ്ങളെത്തിക്കണമെന്നാണ് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആവശ്യം. സിബിഎസ്ഇ-ഐസിഎസ്ഇ സിലബസുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുസ്തക വിതരണവുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് മാത്രമല്ല, ​ഗൂ​ഗിൾ മീറ്റ് പോലുള്ള സംവിധാനങ്ങൾ ഉപയോ​ഗപ്പെടുത്തി റെ​ഗുലർ ക്ലാസിനെ വെല്ലുന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്.

സിബിഎസ്ഇ- എൻസിആർടി എന്നിവ സിലബസ് നിശ്ചയിച്ച് നൽകുകയാണ് ചെയ്യുന്നത്. ആ സിലബസ് അനുസരിച്ച് പുസ്തകം അച്ചടിക്കാൻ ഏത് പ്രൈവറ്റ് ഏജൻസിക്കും അവകാശമുണ്ട്. അതുകൊണ്ട് തന്നെ വിപണിയിൽ എല്ലാക്കാലത്തും സിബിഎസ്ഇ പുസ്തകങ്ങൾ ലഭ്യമാണ്. എന്നാൽ, സംസ്ഥാന സിലബസ് പാഠപുസ്തകങ്ങൾ അച്ചടിച്ച് സ്കൂളുകൾക്ക് വിതരണം ചെയ്യാൻ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത് കെപിബിഎസിനെയാണ്(കേരള ബുക്സ്‌ ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി). കെ പി ബി എസ് എന്നാൽ സമയബന്ധിതമായി ഒരുകാലത്തും പാഠപുസ്തകങ്ങൾ വിതരണം ചെയ്തിട്ടില്ല, എന്നാൽ ഇതിന് ബദൽ മാർ​ഗം കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നുമില്ല.

എൻസിആർടി മാതൃകയിൽ സിലബസ് നിശ്ചയിച്ച് നൽകുകയും പ്രിന്റേഴ്സിനെ നിശ്ചയിക്കാൻ അവകാശം പിടിഎ/എസ്എംസി/ മാനേജ്മെന്റുകൾ എന്നിവയ്ക്ക് നൽകുകയുമാണ് വേണ്ടതെന്ന് രക്ഷകർത്താക്കൾ ചൂണ്ടിക്കാട്ടുന്നു. പൊതു വിപണിയിൽ പുസ്തകം ലഭ്യമാക്കുകയോ വളരെ മുന്നേ തന്നെ പുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കുകയോ ചെയ്യണമെന്നാണ് വിദ്യാർത്ഥികളും ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP