Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓൺലൈൻ പഠനം തുടങ്ങി ആറാഴ്‌ച്ച തികഞ്ഞിട്ടും സർക്കാർ സ്കൂളുകളിലെ പാഠപുസ്തക വിതരണം അവതാളത്തിൽ; ജില്ലകളിൽ പാഠപുസ്തക വിതരണത്തിനുള്ള ഉദ്യോഗസ്ഥനെ നിർദ്ദേശിക്കുന്നത് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ; സർക്കാർ സ്കൂളുകൾ കുത്തഴിഞ്ഞ് കിടക്കുന്നതിന് പിന്നിലും ലക്ഷ്യം വെക്കുന്നത് എയ്ഡഡ് മാനേജ്മെന്റുകളുടെ സാമ്പത്തിക ലാഭം; സർക്കാർ സ്കൂളുകൾ ചീഞ്ഞ് എയ്ഡഡ് സ്കൂളുകൾക്ക് വളമാകുമ്പോൾ നോക്കുകുത്തിയായി പൊതുവിദ്യാഭ്യാസ വകുപ്പ്

ഓൺലൈൻ പഠനം തുടങ്ങി ആറാഴ്‌ച്ച തികഞ്ഞിട്ടും സർക്കാർ സ്കൂളുകളിലെ പാഠപുസ്തക വിതരണം അവതാളത്തിൽ; ജില്ലകളിൽ പാഠപുസ്തക വിതരണത്തിനുള്ള ഉദ്യോഗസ്ഥനെ നിർദ്ദേശിക്കുന്നത് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ; സർക്കാർ സ്കൂളുകൾ കുത്തഴിഞ്ഞ് കിടക്കുന്നതിന് പിന്നിലും ലക്ഷ്യം വെക്കുന്നത് എയ്ഡഡ് മാനേജ്മെന്റുകളുടെ സാമ്പത്തിക ലാഭം; സർക്കാർ സ്കൂളുകൾ ചീഞ്ഞ് എയ്ഡഡ് സ്കൂളുകൾക്ക് വളമാകുമ്പോൾ നോക്കുകുത്തിയായി പൊതുവിദ്യാഭ്യാസ വകുപ്പ്

ശ്രീകുമാർ എസ് പിള്ള

കൊല്ലം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് ആറ് ആഴ്‌ച്ച തികയുമ്പോഴും പാഠപുസ്തക വിതരണം അവതാളത്തിൽ. സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് ഇനിയും പാഠപുസ്തകങ്ങൾ ലഭിക്കാത്തത്. ചില സ്കൂളുകളിലാകട്ടെ ഒന്നോ രണ്ടോ വിഷയങ്ങളുടെ പുസ്തകങ്ങളാണ് കുട്ടികളുടെ കൈകളിൽ എത്തിയത്. വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ അത്യന്താപേക്ഷിതമായ പാഠപുസ്തകങ്ങൾ ലഭിക്കാതെ എങ്ങനെ എന്ന ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും. അതേസമയം, സർക്കാർ സ്കൂളുകളിലെ പാഠപുസ്തക വിതരണം സ്ഥിരമായി അട്ടിമറിക്കുന്നതിന് പിന്നിൽ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ തന്നെ പല ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.

ഏത് സർക്കാർ അധികാരത്തിൽ എത്തിയാലും പൊതുവിദ്യാഭ്യാസ വകുപ്പിനെ ഭരിക്കുന്നത് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളാണ് എന്ന ആക്ഷേപം ശക്തമാണ്. എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ സ്വാധീന വലയത്തിലാണ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും. എയ്ഡഡ് സ്കൂളുകൾക്ക് പാഠപുസ്തകങ്ങൾ പൂർണമായും ലഭിച്ച ശേഷം മാത്രമേ സർക്കാർ സ്കൂളുകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യാറുള്ളു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് എയ്ഡഡ് സ്കൂളുകൾ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.ചില എയ്ഡഡ് സ്കൂളുകൾ ആവശ്യത്തിലധികം പാഠപുസ്തങ്ങൾ തലേ വർഷം തന്നെ ശേഖരിച്ച് വെച്ച് വിതരണം ചെയ്യുന്നതും പതിവാണ്. ഇത്തരത്തിൽ അധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എയ്ഡഡ് സ്കൂളുകൾ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.

സർക്കാർ സ്കൂളുകളിൽ പുസ്തക വിതരണം സംബന്ധിച്ച് പരാതി പറയാനോ കേൾക്കാനോ ഉത്തരവാദിത്തപ്പെട്ടവർ ഇല്ല എന്നതാണ് രക്ഷകർത്താക്കളെ വലയ്ക്കുന്നത്. സംസ്ഥാന ടെക്സ്റ്റ് ബുക്ക് ഓഫീസർ കഴിഞ്ഞാൽ ജില്ലകളിൽ ഒരു ക്ലാർക്കിനാണ് പുസ്തക വിതരണത്തിന്റെ ചുമതല. ജില്ലാ കേന്ദ്രത്തിലെ ഈ ഉദ്യോഗസ്ഥനാകട്ടെ അതത് ജില്ലകളിൽ ഏറ്റവുമധികം എയ്ഡഡ് സ്കൂളുകളുള്ള മാനേജ്മെന്റുകളുടെ സ്വന്തം ആളും ആയിരിക്കും. സർക്കാർ സ്കൂളുകളിൽ പുസ്തകം എത്താത്തത് സംബന്ധിച്ച് സ്കൂളുകളിൽ പരാതി പറഞ്ഞാൽ അദ്ധ്യാപകർ നിസ്സഹായരായി കൈമലർത്തും. ഡിഇഒ, ഡിഡിഇ എന്നിവരെ ബന്ധപ്പെട്ടാൽ കിട്ടുന്ന മറുപടി പാഠപുസ്തക വിതരണം തങ്ങളുടെ ചുമതലയിലല്ലെന്നും തിരുവനന്തപുരത്ത് ബന്ധപ്പെടണം എന്നുമാകും.

ജില്ലയിൽ പുസ്തക വിതരണത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥൻ ഓരോ സ്കൂളിനുമുള്ള പുസ്തകങ്ങൾ തയ്യാറാക്കിവെച്ച ശേഷം എഇഓമാരെ അറിയിക്കുകയാണ് പതിവ്. ഏതൊക്കെ പുസ്തകങ്ങൾ ഏതൊക്കെ സ്കൂളുകളിൽ നൽകണം എന്നത് ഈ ഉദ്യോഗസ്ഥന്റെ വിവേചനാധിതാരമാണ്. ഇത്രയും പുസ്തകങ്ങളെ ജില്ലാ ഡിപ്പോയിലേക്ക് വന്നിട്ടുള്ളൂ എന്ന് പറഞ്ഞാൽ അല്ലെന്ന് തെളിയിക്കാനോ, സ്കൂളുകൾക്ക് തങ്ങൾക്ക് അർഹതപ്പെട്ട പുസ്തകങ്ങൽ അച്ചടിച്ചെത്തിയോ എന്ന് പരിശോധിക്കാനോ മറ്റ് സംവിധാനങ്ങൾ ഒന്നുമില്ല. നിരവധി കുട്ടികൾ പഠിക്കുന്ന മികച്ച സർക്കാർ സ്കൂളുകളിൽ പോലും പുസ്തകങ്ങൾ എത്താത്തത് കുട്ടികളുടെ കൊഴിഞ്ഞ് പോക്കിന് കാരണമാകും എന്ന് അദ്ധ്യാപകരും ചൂണ്ടിക്കാട്ടുന്നു.

ഓരോ ജില്ലയിലും പുസ്തക വിതരണത്തിനായി നിശ്ചയിക്കപ്പെടുന്ന ഉദ്യോഗസ്ഥനെ നിർദ്ദേശിക്കുന്നത് എയ്ഡഡ് സ്കൂളുകൾ കൂടുതലുള്ള മാനേജ്മെന്റുകളാണ്. സഭകളും സമുദായ സംഘടനകളും മറ്റും ഇത്തരത്തിൽ ഇടപെടുന്നത് കാരണം വർഷങ്ങളായി സർക്കാർ സ്കൂളുകൾക്ക് നീതി നിഷേധിക്കപ്പെടുകയാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ സത്യസന്ധരായ ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കോവിഡിനെ മറയാക്കിയാണ് ഇപ്പോൾ ഈ അട്ടിമറി നടത്തുന്നത്. അതുകൊണ്ട് തന്നെ സർക്കാർ സ്കൂളുകളിൽ ഇക്കുറി ഇനിയും പാഠപുസ്തക വിതരണം അവതാളത്തിൽ തന്നെ തുടരും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സ്വാധീനമുള്ള ഏതെങ്കിലും ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന സ്കൂളുകളിൽ മാത്രമാണ് സമയത്തിന് പാഠപുസ്തകം ലഭിക്കുന്നത്.

ലക്ഷ്യം കൊഴിഞ്ഞുപോക്ക് തന്നെ

സർക്കാർ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ കൊഴിഞ്ഞുപോകുക എന്ന ലക്ഷ്യം മുന്നിൽ നിർത്തിയാണ് പാഠപുസ്തക വിതരണം വൈകിക്കുന്നത് എന്നാണ് പരക്കെയുള്ള ആക്ഷേപം. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന അതേ സിലബസ് ഫീസ് നൽകാതെ തന്നെ എയ്ഡഡ് സ്കൂളുകളിൽ പഠിക്കാം എന്നതാണ് എയ്ഡഡ് സ്കൂളുകൾ രക്ഷകർത്താക്കളുടെ മുന്നിൽ വെക്കുന്നത്. ഒരു കുട്ടി എന്നാൽ ഒരു ലക്ഷം രൂപയാണ് എയ്ഡഡ് സ്കൂളുകളിലെ സമവാക്യം എന്ന ആക്ഷേപം വളരെ മുന്നേ കേരള സമൂഹത്തിൽ ശക്തമാണ്. 40 കുട്ടികൾക്ക് ഒരു അദ്ധ്യാപകനെ നിയമിക്കാം എന്നതാണ് മാനേജ്മെന്റുകളുടെ സാമ്പത്തിക ലാഭം. ഒരു അദ്ധ്യാപക നിയമനത്തിന് 40 ലക്ഷം രൂപയാണ് ഉദ്യോഗാർത്ഥിയിൽ നിന്നും മാനേജ്മെന്റ് വാങ്ങുന്നത് എന്നാണ് എയ്ഡഡ് സ്കൂളുകൾക്കെതിരെ ഉയരുന്ന ആക്ഷേപം. ശമ്പളം സർക്കാർ നൽകുകയും മാനേജ്മെന്റ് നിയമനം നടത്തുകയും ചെയ്യുന്നത് വഴി പണമുള്ളവന് മാത്രമാണ് എയ്ഡഡ് സ്കൂളുകളിൽ ജോലി ലഭ്യമാകുക. എയ്ഡഡ് സ്കൂളുകളുടെ വളർച്ചക്ക് അവർ വളമാക്കുന്നത് സർക്കാർ സ്കൂളുകളെയാണ് എന്ന് വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP