Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാളയാറിൽ പോയത് ഓട്ടമത്സരത്തിനല്ല..മലയാളിയെ സഹായിക്കാനാണ്; പാലക്കാടും ഗുരുവായൂരും നടന്നത് സമാനസംഭവങ്ങൾ; എ.സി.മൊയ്തീൻ ക്വാറന്റൈനിൽ പോകേണ്ടെന്നും വാളയാറിലെ കോൺഗ്രസ് പ്രതിനിധികൾ മാത്രം പോയാൽ മതിയെന്നും മെഡിക്കൽ ബോർഡ് വിധിയെഴുതിയത് രാഷ്ട്രീയപ്രേരിതമെന്നും അനിൽ അക്കര; അനിലിന്റെയും ടി.എൻ.പ്രതാപന്റെയും രമ്യ ഹരിദാസിന്റെയും കെ.ബാബുവിന്റെയും ഫലം നെഗറ്റീവ്

വാളയാറിൽ പോയത് ഓട്ടമത്സരത്തിനല്ല..മലയാളിയെ സഹായിക്കാനാണ്; പാലക്കാടും ഗുരുവായൂരും നടന്നത് സമാനസംഭവങ്ങൾ; എ.സി.മൊയ്തീൻ ക്വാറന്റൈനിൽ പോകേണ്ടെന്നും വാളയാറിലെ കോൺഗ്രസ് പ്രതിനിധികൾ മാത്രം പോയാൽ മതിയെന്നും മെഡിക്കൽ ബോർഡ് വിധിയെഴുതിയത് രാഷ്ട്രീയപ്രേരിതമെന്നും അനിൽ അക്കര; അനിലിന്റെയും ടി.എൻ.പ്രതാപന്റെയും രമ്യ ഹരിദാസിന്റെയും കെ.ബാബുവിന്റെയും ഫലം നെഗറ്റീവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിരീക്ഷണത്തിൽ കഴിയുന്ന അനിൽ അക്കര എംഎൽഎയ്ക്കും ടി എൻ പ്രതാപൻ എംപിക്കു ആശ്വാസം. ഇരുവരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് റിപ്പോർട്ട് വന്നു. ഇതിന് പിന്നാലെ രമ്യാ ഹരിദാസ് എംപിക്കും കെ. ബാബു എംൽഎയ്ക്കും കോവിഡ് ഇല്ലെന്ന് റിപ്പോർട്ട് വന്നു.

പാലക്കാട് വാളയാർ ചെക്പോസ്റ്റിൽ സമരത്തിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾ ക്വാറന്റീനിൽ പോകണമെന്ന നിർദ്ദേശം വിവാദമായിരുന്നു. വാളയാറിൽ പാസില്ലാതെ എത്തിയ മലയാളികളെ കടത്തി വിടണം എന്നാവശ്യപ്പെട്ട് ഇവരുൾപ്പെട്ട കോൺഗ്രസ് പ്രതിനിധികൾ നടത്തിയ സമരത്തിൽ കോവിഡ് ബാധിതനും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ഇവരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയക്കുകയും ക്വാറന്റൈനിൽ പോകാനും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുകയായിരുന്നു.

ഇവർക്കൊപ്പം സമരത്തിൽ പങ്കെടുത്ത ഷാഫി പറമ്പിൽ എംഎൽഎ, രമ്യ ഹരിദാസ് എംപി എന്നിവരും ക്വാറന്റൈനിലാണ്. അതേസമയം, ക്വാറന്റൈനിൽ കഴിയുന്ന ടി എൻ പ്രതാപനും അനിൽ അക്കരയും നിരാഹാര സമരത്തിലാണ്. മന്ത്രി എ സി മൊയ്തീന് ക്വാറന്റൈൻ വേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിന് എതിരെയാണ് ഇവർ സമരം നടത്തുന്നത്. അനിൽ അക്കര തന്റെ ഓഫീസിലും ടി.എൻ.പ്രതാപൻ അദ്ദേഹത്തിന്റെ വീട്ടിലുമാണ് ക്വാറന്റൈനിൽ കഴിയുന്നത്. മെഡിക്കൽ ബോർഡ് എടുത്ത തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്നും അനിൽ അക്കര ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. രാഷ്ട്രീയമായി തിരിച്ചടി നേരിടുന്നുവെന്ന് മനസ്സിലായപ്പോഴാണ് സിപിഎം സൈബർ ആക്രമണം അഴിച്ചുവിട്ടത്. തങ്ങൾ വാളയാറിലേക്ക് പോയത് ഓട്ടമത്സരത്തിനല്ല, മറിച്ച് മലയാളിയെ സഹായിക്കാനാണ് എന്നും അനിൽ അക്കര പറഞ്ഞു.

അനിൽ അക്കര പങ്കെടുത്ത യോഗത്തിൽ അധ്യക്ഷത വഹിച്ച എ സി മൊയ്തീൻ ക്വാറന്റൈൻ പോകേണ്ടെന്നും പൊതു പരിപാടികൾ ഒഴിവാക്കിയാൽ മതിയെന്നുമായിരുന്നു മെഡിക്കൽ ബോർഡിന്റെ നിർദ്ദേശം. ഇതിനെതിരെയാണ് കോൺഗ്രസ് ജനപ്രതിനിധികൾ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂർ കലക്ടറേറ്റിന് മുന്നിൽ കോൺഗ്രസ് അഞ്ചുമണിവരെ ഉപവാസ സമരം നടത്തുന്നുണ്ട്.

എംപിമാരായ ടി എൻ പ്രതാപൻ, വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് എംഎൽഎമാരായ അനിൽ അക്കര, ഷാഫി പറമ്പിൽ എന്നിവരോട് ക്വാറന്റീനിൽ പോകാനാണ് പാലക്കാട് ഡിഎംഒ നിർദ്ദേശം നൽകിയത്. ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ഡിഎംഒ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മെഡിക്കൽ ബോർഡാണ് ഈ തീരുമാനം എടുത്തത്. വിഷയത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ തർക്കം തുടരുന്നതിനിടെയായിരുന്നു തീരുമാനം. ജനപ്രതിനിധികളുടെ പെരുമാറ്റം ശരിയായില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറയുകയും ചെയ്തു.

മെയ് 12 ന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശി ഈ മാസം ഒമ്പതാം തീയതിയാണ് വാളയാർ ചെക്ക്‌പോസ്റ്റിലെത്തിയത്. അന്നേദിവസം അവിടെ ഉണ്ടായിരുന്ന ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, മാധ്യമപ്രവർത്തകർ, പൊലീസുകാർ ഉൾപ്പെടെ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നാണ് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP