Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞത് 11 പേരുടെ; ആക്രമണങ്ങൾ ആസൂത്രിതം; ഭീതിയോടെ ഇതര സംസ്ഥാന തൊഴിലാളികൾ; കൂട്ടപ്പലായനം; മേഖലയിൽ എൻഐഎയുടെ വ്യാപക റെയ്ഡ്; അമിത് ഷാ കശ്മീരിലേക്ക്

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞത് 11 പേരുടെ; ആക്രമണങ്ങൾ ആസൂത്രിതം; ഭീതിയോടെ ഇതര സംസ്ഥാന തൊഴിലാളികൾ; കൂട്ടപ്പലായനം; മേഖലയിൽ എൻഐഎയുടെ വ്യാപക റെയ്ഡ്; അമിത് ഷാ കശ്മീരിലേക്ക്

ന്യൂസ് ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കശ്മീരിൽ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളേയും പ്രദേശത്തെ ന്യൂനപക്ഷ വിഭാത്തിൽ പെട്ടവരേയും ലക്ഷ്യമിട്ടുള്ള ഭീകരരുടെ ആക്രമണത്തിന് പിന്നിൽ ആസൂത്രിത നീക്കങ്ങളെന്ന് റിപ്പോർട്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ചു പേരടക്കം പതിനൊന്ന് പേരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊല്ലപ്പെട്ടത്.

ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിടുന്നതോടെ ഹിന്ദി സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ കൂട്ടപ്പലായനത്തിലാണ്. ജമ്മു, ഉധംപുർ റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലും നാട്ടിലേക്ക് മടങ്ങാൻ തൊഴിലാളികൾ ചൊവ്വാഴ്ച കൂട്ടമായെത്തി. തൊഴിലാളികളെ തഴ്‌വരയിൽ തുടരാൻ സേന പ്രേരിപ്പിക്കുന്നെങ്കിലും ആക്രമണഭീതിയിൽ ഒഴുക്ക് തുടരുന്നതായാണ് റിപ്പോർട്ട്.

കശ്മീരിലെ ക്രമസമാധാനസ്ഥിതി വഷളായതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്ഥിതി ധരിപ്പിച്ചു.അമിത് ഷാ 23നും 24നും താഴ്‌വര സന്ദർശിക്കും. കരസേനാ മേധാവി ജനറൽ എം എം നരവനെ ജമ്മു കശ്മീരിലുണ്ട്.

മറുനാട്ടുകാരെ പ്രത്യേക സുരക്ഷയൊരുക്കിയ കെട്ടിടങ്ങളിലേക്കും സൈനികകേന്ദ്രങ്ങളിലേക്കും മാറ്റി. രണ്ടാഴ്ചയ്ക്കിടെ അഞ്ച് ഇതരസംസ്ഥാനക്കാരെയും ആറ് തദ്ദേശീയരെയും ഭീകരർ കൊലപ്പെടുത്തിയത്. ഞായറാഴ്ച കുൽഗാമിൽ രണ്ട് ബിഹാറി തൊഴിലാളികളെ വീട്ടിൽ കയറി വെടിവച്ച് കൊന്നു. ബിഹാർ, യുപി, ജാർഖണ്ഡ്, ഛത്തീസ്‌ഗഢ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽനിന്നായി നാലു ലക്ഷത്തോളം തൊഴിലാളികൾ പ്രതിവർഷം കശ്മീരിൽ എത്താറുണ്ട്. മാർച്ചിൽ എത്തിയാൽ നവംബറിലാണ് സാധാരണ മടങ്ങുക.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ അമർഷമാണ് നിലവിലെ ആക്രണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ജമ്മു കശ്മീരിൽ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് സ്ഥിരതാമസ അവകാശം ലഭ്യമായാൽ ജനസംഖ്യാനുപാതത്തിൽ വ്യതിയാനം ഉണ്ടാകുമെന്ന ധാരണയിലാണ് ആക്രമണങ്ങൾ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

2019 ഒക്ടോബറിൽ കുൽഗാം ജില്ലയിൽ ബംഗാളിൽനിന്നുള്ള 5 മുസ്ലിം തൊഴിലാളികളെ കൊലപ്പെടുത്തിയാണ് ദ് റെസിസ്റ്റന്റ് ഫ്രണ്ട് (ടിആർഎഫ്) എന്ന പുതിയ ഭീകര സംഘടന രംഗപ്രവേശം ചെയ്തത്. ഇത് പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബ തന്നെയാണെന്നു പൊലീസ് പറയുന്നു. ഇതരസംസ്ഥാനക്കാർക്കെതിരെ ആസൂത്രിതമായ ആക്രമണപരമ്പരകളാണു ടിആർഎഫ് തുടർന്നു നടത്തിയത്. ഈ മാസം തുടർച്ചയായ ആക്രമണങ്ങളുണ്ടായതോടെ നൂറുകണക്കിനു ഇതര സംസ്ഥാനക്കാരെ പൊലീസ് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

മാർച്ച് നവംബർ മാസങ്ങളിൽ കശ്മീരിൽ 34 ലക്ഷത്തോളം ഇതരസംസ്ഥാനക്കാർ ജോലിക്കെത്താറുണ്ട്. മഞ്ഞുകാലത്ത് ഇവർ മടങ്ങുകയും ചെയ്യും. പ്രത്യേക പദവി നീക്കം ചെയ്തതോടെ, ഇതരസംസ്ഥാനക്കാർ വർധിച്ചതോതിൽ സ്ഥിരതാമസ അവകാശം നേടുമെന്ന ഭീതിയുടെ പ്രത്യാഘാതമാണ് ഇപ്പോഴത്തെ ആക്രമണങ്ങൾ. പുതിയ താമസ നിയമം അനുസരിച്ച് 15 വർഷമായി താമസിക്കുന്ന ഏതൊരു വ്യക്തിക്കും 10 വർഷമായി ഇവിടെ സർക്കാർ, ബാങ്കിങ് സർവീസിലുള്ളവർക്കും സ്ഥിരതാമസ രേഖ ലഭിക്കും. എത്ര പുറംനാട്ടുകാർക്കു ഇങ്ങനെ താമസരേഖ അനുവദിച്ചുവെന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.

2011ലെ സെൻസസ് പ്രകാരം ജമ്മു കശ്മീരിലെ 1.23 കോടി ജനങ്ങളിൽ 28.09 ലക്ഷം കുടിയേറ്റക്കാരുണ്ട്. ഇതിൽ പകുതിയോളം പേർ (14 ലക്ഷം) 10 വർഷത്തിലധികമായി പാർക്കുന്നവരാണ്. പുതിയ നിയമപ്രകാരം ഇവർക്ക് സ്ഥിരതാമസാനുമതി നൽകിയാൽ ജനസംഖ്യാനുപാതം എതിരാകുമെന്ന കണക്കുകൂട്ടലിലാണ് വിഘടനവാദികളുടെ പിന്തുണയോടെ ആക്രമണം നടത്തുന്നത്.

ബിജെപിയുടെ കശ്മീർ നയത്തിനേറ്റ പ്രഹരമായിട്ടാണു വർധിക്കുന്ന ഭീകരാക്രമണങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥർ കാണുന്നത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതും ആക്രമണങ്ങൾക്ക് ആക്കം കൂട്ടിയെന്ന് അവർ വിലയിരുത്തുന്നു.

കശ്മീരിലെ വസ്തുക്കൾ സംബന്ധിച്ചു പണ്ഡിറ്റുകളുടെ പരാതികൾ സ്വീകരിക്കാൻ സർക്കാർ ഒരു വെബ്‌സൈറ്റ് തുടങ്ങിയിരുന്നു. രണ്ട് ആഴ്ചയ്ക്കകം ഓരോ പരാതിയും പരിഹരിക്കാനാണു നിർദ്ദേശം. പലായനം ചെയ്ത പണ്ഡിറ്റുകൾ കിട്ടിയ വിലയ്ക്കു വിറ്റുപോയ ഭൂമി തിരിച്ചുപിടിക്കാനുള്ള ഈ നീക്കം താഴ്‌വരയിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. വർഗീയധ്രുവീകരണത്തിന് ആക്കം കൂട്ടുന്നതാണ് ഇതെന്നും വിമർശനമുയരുന്നു.

ഇതരസംസ്ഥാനക്കാർക്കെതിരായ ആക്രമണങ്ങൾ വർധിച്ചതോടെ ജമ്മു കശ്മീരിൽനിന്നു കുടിയേറ്റതൊഴിലാളികൾ കൂട്ടപ്പലായനം തുടരുകയാണ്. നാട്ടിലെത്താനായി ആയിരക്കണക്കിനു തൊഴിലാളികുടുംബങ്ങളാണു റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും കാത്തുനിൽക്കുന്നത്. ഇവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്റ്റേഷനുകൾക്കു പുറത്തു കുട്ടികളും സ്ത്രീകളും അടക്കമുള്ളവരുടെ നീണ്ട നിരയുണ്ട്. യുപി, ബിഹാർ, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാണേറെയും.

അതേ സമയം ജമ്മു കശ്മീരിൽ വിവിധയിടങ്ങളിലായി എൻഐഎ റെയ്ഡ് നടത്തി. ഭീകരർക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയവരെ കണ്ടെത്തുന്നതിന് വേണ്ടി കശ്മീരിലെ ബരാമുള്ള, ശ്രീനഗർ അടക്കമുള്ള ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. അറസ്റ്റ് ഉണ്ടായേക്കുമെന്നും എൻഐഎ വൃത്തങ്ങൾ സൂചന നൽകുന്നു.

കഴിഞ്ഞ ആഴ്ചയും ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഡൽഹി, ജമ്മു കശ്മീർ, ഉത്തർപ്രദേശ് തുടങ്ങിയിടങ്ങളിലായിരുന്നു കഴിഞ്ഞ ആഴ്ച എൻഐഎ റെയ്ഡ് നടത്തിയത്. ബരാമുള്ള ജില്ലയിലെ ഫത്തേഗഡിലെ ആരിഫ് മൻസൂർ ഷെയ്കിന്റെ വീട്ടിലും ഹുറിയത് നേതാവ് അബ്ദുൽ റാഷിദിന്റെ ഔദോറയിലെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം.

പ്രദേശത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഏജൻസി അന്വേഷിക്കുന്നത്. രണ്ട് അദ്ധ്യാപകരും ഫാർമസി ഉടമയും അടക്കം 11 പ്രദേശവാസികളെയാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി തീവ്രവാദികൾ കൊലപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP