Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധിക തസ്തിക നിർണയിക്കുന്നതു വരെ താൽക്കാലിക നിയമനത്തിന് ഉത്തരവ് ഇറങ്ങിയത് 2022 ജൂണിൽ; പത്തു മാസം പഠിപ്പിച്ചവർക്ക് ഇനിയും വേതനം കിട്ടിയില്ല; അമേരിക്കയിൽ 'ഡിന്നറിന്' കോടികൾ വാങ്ങുന്നവർ അറിയാൻ ഇത് കേരളത്തിലെ പാവപ്പെട്ട അദ്ധ്യാപകരുടെ കണ്ണീരിന്റെ കഥ; മന്ത്രിമാർക്ക് ധൂർത്ത്; സാധാരണക്കാർക്ക് കണ്ണീരും

കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധിക തസ്തിക നിർണയിക്കുന്നതു വരെ താൽക്കാലിക നിയമനത്തിന് ഉത്തരവ് ഇറങ്ങിയത് 2022 ജൂണിൽ; പത്തു മാസം പഠിപ്പിച്ചവർക്ക് ഇനിയും വേതനം കിട്ടിയില്ല; അമേരിക്കയിൽ 'ഡിന്നറിന്' കോടികൾ വാങ്ങുന്നവർ അറിയാൻ ഇത് കേരളത്തിലെ പാവപ്പെട്ട അദ്ധ്യാപകരുടെ കണ്ണീരിന്റെ കഥ; മന്ത്രിമാർക്ക് ധൂർത്ത്; സാധാരണക്കാർക്ക് കണ്ണീരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയും ചില മന്ത്രിമാരും അമേരിക്കൻ യാത്രയിലാണ്. മുഖ്യമന്ത്രിക്കൊപ്പം ഇരുന്ന് ഡിന്നർ കഴിക്കാൻ വരെ പണം ഈടാക്കുന്നതാണ് അമേരിക്കൻ പരിപാടി. അപ്പോൾ കേരളത്തിൽ ചിലർ അന്നത്തിന് വകയില്ലാതെ കഷ്ടപ്പെടുന്നു. സംസ്ഥാനത്ത് ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ കഴിഞ്ഞ വർഷം ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്ത ആറായിരത്തോളം അദ്ധ്യാപകർക്ക് ഇതുവരെ ശമ്പളം നൽകിയില്ലെന്നാണ് റിപ്പോർട്ട്. ഖജനാവിൽ ഒന്നുമില്ലാത്തതാണ് പ്രശനം. ഇതിനിടെയാണ് മന്ത്രിമാരുടെ വീട് മോടി പിടിപ്പിക്കലും വിദേശയാത്രകളും എല്ലാം പൊടിപൊടിക്കുന്നത്.

വലിയ പ്രതിസന്ധിയിലാണ് കേരളം. കടമെടുപ്പ് പരിധിയിൽ കുറവ് വന്നതോടെ പ്രതിസന്ധി രൂക്ഷം. ഇതിനിടെയാണ് അദ്ധ്യാപകർക്ക് വേതനം നൽകാത്തതും. പക്ഷേ ഇതിനിടെയിലും സർക്കാർ ധൂർത്തിന് കുറവുമില്ല. ആറായിരം അദ്ധ്യാപകർ വീടുകളിൽ അടുപ്പ് പുകയാതെ വേദനയിലാണ്. അദ്ധ്യാപക തസ്തിക നിർണയിക്കുന്നതിലെ കാലതാമസമാണു കാരണം. കഴിഞ്ഞ വർഷം സംസ്ഥാനത്തെ സ്‌കൂളുകളിൽ പുതുതായി വന്ന തസ്തികകൾക്കു വിദ്യാഭ്യാസ വകുപ്പ് അനുമതി തേടിയെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് അംഗീകാരം നൽകിയില്ല. ശമ്പളം നൽകാത്തത് വിദ്യാഭ്യാസത്തിലെ കേരളാ മോഡലിനും തിരിച്ചടിയാണ്.

ഭിന്നശേഷി അദ്ധ്യാപക നിയമനത്തിലെ സംവരണവുമായി ബന്ധപ്പെട്ട അവ്യക്തതയാണ് പ്രതിസന്ധിക്ക് കാരണം. അദ്ധ്യാപകർക്ക് നിയമനാംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ. ശമ്പളം കിട്ടാതെ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ പ്രതിനിധിയാണ് മടവൂർ സ്‌കൂൾ അദ്ധ്യാപകനായ അജ്‌സൽ. ഇരുപത്തി അഞ്ചിന് ഒന്ന് എന്ന അനുപാതത്തിൽ ഭിന്നശേഷിക്കാരായ അദ്ധ്യാപകരെ നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് പ്രകാരം സർക്കാർ അന്തിമ വിജ്ഞാപനമിറക്കാത്തതാണ് നിയമനാംഗീകാരം അനന്തമായി നീളാൻ കാരണം.

കഴിഞ്ഞ അധ്യയന വർഷം അധിക തസ്തികകളിൽ ജോലി ചെയ്തവർക്ക് ഒരു രൂപ പോലും ഇതുവരെ ശമ്പളമായി ലഭിച്ചിട്ടില്ല. സർക്കാർ ഉത്തരവിറക്കിയെങ്കിലും നിയമന അംഗീകാരം ഇല്ലാത്തതാണ് ശമ്പളം തടഞ്ഞു വെക്കാൻ കാരണം. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധിക തസ്തിക നിർണയിക്കുന്നതു വരെ താൽക്കാലിക നിയമനം നടത്താമെന്ന് 2022 ജൂൺ എട്ടിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇത് പ്രകാരം അധിക തസ്തികകളുണ്ടാവാനിടയുള്ള എയിഡഡ് വിദ്യാലയങ്ങളിൽ 3000-ത്തോളവും സർക്കാർ വിദ്യാലയങ്ങളിൽ 2000-ത്തിൽപരവും പേരെ നിയമിച്ചു. കുട്ടികളുടെ അധ്യയനം മുടങ്ങാതിരിക്കാനായി ജൂൺ മുതൽ തന്നെ ഈ സംവിധാനം ഏർപ്പെടുത്തിയിരുന്നു.

പക്ഷേ സർക്കാർ ഉത്തരവ് പ്രകാരം ഒരു അധ്യയന വർഷം മുഴുവൻ ജോലി ചെയ്ത ഇവർക്ക് ഒരു രൂപ പോലും പ്രതിഫലമായി ലഭിച്ചിട്ടില്ല. നിയമനം നടത്താമെന്ന് ഉണ്ടെങ്കിലും നിയമനാംഗീകാരം നൽകാൻ ഉത്തരവിലില്ലെന്ന് കാട്ടിയാണ് ശമ്പളം നൽകാത്തത്. 10 മാസം ജോലി ചെയ്ത പണം കിട്ടാൻ ഓഫീസുകൾ കയറി ഇറങ്ങി നടക്കുകയാണ് ഇവർ. എൽ പി - യു പി വിഭാഗത്തിൽ ദിവസം 955 രൂപയും ഹൈസ്‌കൂൾ വിഭാഗത്തിന് ദിവസമായി 1200 രൂപയുമാണ് ശമ്പളമായി നൽകേണ്ടത്. ഈ അധ്യയന വർഷത്തിൽ ജോലി കിട്ടുമെന്ന് ഇവർക്ക് ഉറപ്പുമില്ല.

കേരളത്തിൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിക്കുന്നുണ്ടെന്ന കണക്ക് സർക്കാർ പ്രഖ്യാപിക്കുമ്പോഴും ഈ കുട്ടികളെ പഠിപ്പിക്കാൻ ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കുന്നില്ല. ഒരു വർഷം ഇരുപത്തയ്യായിരത്തോളം അദ്ധ്യാപകർ വിരമിക്കുന്നുണ്ട്. എന്നാൽ, ഇതിന്റെ പകുതി തസ്തികകളിൽ പോലും നിയമനം നടക്കുന്നില്ല. മുൻവർഷങ്ങളിൽ കുട്ടികളുടെ കണക്കെടുപ്പു പൂർത്തിയാക്കി ജൂലൈ 15നു തസ്തിക നിർണയം നടത്തിയിരുന്നു.

പ്രൈമറി സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം 150ൽ കൂടുതലാണെങ്കിൽ പ്രധാനാധ്യാപകനെ കൂടാതെ ഒരു അദ്ധ്യാപകനെക്കൂടി നിയമിക്കാം. 6 മുതൽ 8 വരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ എണ്ണം നൂറിൽ കൂടിയാൽ ഒരു അദ്ധ്യാപകനെക്കൂടി നിയമിക്കാം. ഹെഡ് ടീച്ചർ വേക്കൻസി എന്ന തസ്തികയിൽ ആർക്കും നിയമനം നൽകുന്നില്ല. എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക തസ്തികകളിൽ ഭിന്നശേഷിക്കാർക്കുള്ള സംവരണം കോടതിയുടെ പരിഗണനയിലായതിനാൽ അവിടെ ആയിരത്തോളം പേരുടെ നിയമനം അംഗീകരിക്കാനായിട്ടില്ല.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP