Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോയിൻ ചെയ്തപ്പോൾ തന്നെ ജീവനക്കാരെ കമ്പനി 'പണി' പഠിപ്പിച്ചു; ഒരു മാസത്തെ ശമ്പളം രണ്ടു മാസമായി നൽകും; ജീവനക്കാർ എത്ര ജോലി ചെയ്താലും പോരാ..പോരാ എന്ന് കമ്പനി; ശമ്പളം പോരാ പോരായെന്ന് ജീവനക്കാരും; ആറ് വർഷം പണിയെടുത്തവരിൽ പലർക്കും ശമ്പള കുടിശിക ഒരുലക്ഷത്തിലേറെ; ഗ്രാറ്റുവിറ്റി നൽകാതെയും കുരങ്ങുകളിപ്പിക്കുന്ന ഇൻഫോപാർക്കിലെ ഐഡിഎസ്‌ഐ കമ്പനിയെ വിടാതെ ടെക്കികൾ

ജോയിൻ ചെയ്തപ്പോൾ തന്നെ ജീവനക്കാരെ കമ്പനി 'പണി' പഠിപ്പിച്ചു; ഒരു മാസത്തെ ശമ്പളം രണ്ടു മാസമായി നൽകും; ജീവനക്കാർ എത്ര ജോലി ചെയ്താലും പോരാ..പോരാ എന്ന് കമ്പനി; ശമ്പളം പോരാ പോരായെന്ന് ജീവനക്കാരും; ആറ് വർഷം പണിയെടുത്തവരിൽ പലർക്കും ശമ്പള കുടിശിക ഒരുലക്ഷത്തിലേറെ; ഗ്രാറ്റുവിറ്റി നൽകാതെയും കുരങ്ങുകളിപ്പിക്കുന്ന ഇൻഫോപാർക്കിലെ ഐഡിഎസ്‌ഐ കമ്പനിയെ വിടാതെ ടെക്കികൾ

എം മനോജ് കുമാർ

കൊച്ചി: ജോയിന്റ് ലേബർ കമ്മിഷണറുടെ ഉത്തരവുണ്ടായിട്ടും പിരിഞ്ഞു പോയ ഐടി പ്രൊഫഷണലുകൾക്ക് ഗ്രാറ്റുവിറ്റി തുക നൽകാതെ ഇൻഫോ പാർക്കിലെ ഐടി കമ്പനിയുടെ കള്ളക്കളി. കൊച്ചി ഇൻഫോ പാർക്കിലെ ഐഡിഎസ്‌ഐ ടെക്‌നോളജിയാണ് ആറു ലക്ഷത്തോളം വരുന്ന ഗ്രാറ്റുവിറ്റി തുക നൽകാതെയും ശമ്പള കുടിശിക നൽകാതെയും ടെക്കികളെ കുരങ്ങു കളിപ്പിക്കുന്നത്. ഗ്രാറ്റുവിറ്റി തുക നൽകാത്തതിനെ തുടർന്ന് ലേബർ കമ്മിഷണർക്ക് പരാതി നൽകിയപ്പോൾ ഐഡിഎസ്‌ഐയിലെ ആറു ജീവനക്കാർക്കും ഗ്രാറ്റുവിറ്റി തുക നൽകാൻ ലേബർ കമ്മിഷണർ ഉത്തരവായിരുന്നു. തുക നൽകാൻ കാലതാമസം വരുത്തിയതിനെ തുടർന്ന് റവന്യൂ റിക്കവറി നടപടികൾ നേരിടേണ്ടി വരുമെന്നും കമ്പനി്ക്ക് നൽകിയ കത്തിൽ ലേബർ കമ്മിഷണർ വ്യക്തമാക്കുന്നുണ്ട്. ഗ്രാറ്റുവിറ്റി തുക നൽകാനുള്ള കാലാവധി കഴിഞ്ഞ വർഷം തന്നെ അവസാനിച്ചെങ്കിലും ഇതുവരെ തുക കമ്പനി നൽകിയിട്ടില്ല. ശമ്പള കുടിശികയുടെ കാര്യവും തഥൈവ തന്നെ. ഇതോടെയാണ് കേസും കൂട്ടവുമായി ടെക്കികൾ അധികാര സ്ഥാപനങ്ങൾക്ക് മുന്നിൽ കയറിയിറങ്ങാൻ തുടങ്ങിയത്.

പരാതി നൽകിയ ജീവനക്കാർക്ക് കിട്ടാനുള്ള തുകയുടെ കണക്ക് ഇങ്ങനെ: മാർസലിൻ ആന്റണിക്ക് 1,39,213, ജോസഫ് ജോണിന് 1,22,926, വിനോദ് നായർക്ക് 1,12,218, ബിനീഷ് പിബിക്ക് 41,838, സനൽ കുമാറിന് 42,924, മാത്യു ജോസിനു 53,307 രൂപയും ഗ്രാറ്റുവിറ്റി ഇനത്തിൽ കമ്പനി നൽകാനുണ്ട്. ഇതിനു പുറമേയാണ് ശമ്പള കുടിശികവരുന്നത്. പിരിഞ്ഞു പോയിട്ടും ശമ്പള കുടിശിക നൽകാത്തതിന്റെ പേരിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇവർ വേറെയും പരാതി നൽകിയിട്ടുണ്ട്. ഈ പരാതി ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കമ്പനി അധികൃതരെ വിളിച്ചു വരുത്തിയിരുന്നു. എപ്പോൾ കുടിശിക നൽകുമെന്ന് ചോദിച്ചപ്പോൾ ഫെബ്രുവരിയിൽ നൽകാമെന്നാണ് ഐഡിഎസ്‌ഐ മറുപടി നൽകിയത്. ഇത് എഴുതി നൽകാൻ പറഞ്ഞപ്പോൾ കമ്പനി എഴുതി നൽകുകയും ചെയ്തു. ഈ തുകയും ഫെബ്രുവരി മാസം നൽകേണ്ടതാണ്. ഇപ്പോൾ പൊലീസിനു ഇവർ എഴുതിയ നൽകിയ കാലാവധിയും കഴിഞ്ഞെങ്കിലും ഇതുവരെ ശമ്പള കുടിശിക കമ്പനി നൽകിയിട്ടില്ല.

പരാതി നൽകിയ ടെക്കികൾ ആറു വർഷത്തോളം ഐഡിഎസ്‌ഐയിൽ ജോലി ചെയ്തിട്ടുണ്ട്. ആറു വർഷം ജോലി ചെയ്താൽ ഗ്രാറ്റുവിറ്റി തുകയ്ക്ക് അപേക്ഷിക്കാം എന്നുള്ളതിനാൽ ഇവർ ഗ്രാറ്റുവിറ്റിക്കും ശമ്പള കുടിശികയ്ക്കും അപേക്ഷ നൽകുകയായിരുന്നു. ഗ്രാറ്റുവിറ്റി പോയിട്ട് ശമ്പള കുടിശിക പോലും നൽകുന്നതിന് പോലും കമ്പനി അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി വന്നില്ല. ഇതോടെയാണ് പരാതി നൽകിയത്. ഗ്രാറ്റുവിറ്റിക്ക് ലേബർ കമ്മിഷണർ ഓഫീസിലും ശമ്പള കുടിശികയ്ക്ക് കൊച്ചി സിറ്റി പൊലീസിലുമാണ് ഇവർ പരാതി നൽകിയത്. ജോയിൻ ചെയ്തപ്പോൾ തന്നെ തന്ത്രപരമായാണ് കമ്പനി നീങ്ങിയത് എന്നാണ് സിറ്റി പൊലീസിൽ ഇവർ നൽകിയ പരാതിയിൽ പറയുന്നത്. ഒരു മാസത്തെ ശമ്പളം രണ്ടു മാസമായി നൽകും. ഈ സമയം കുടിശികയും വരും. ജീവനക്കാരെക്കൊണ്ട് മാക്‌സിമം ജോലി ചെയ്യിക്കുക. അതേസമയം ശമ്പളം നൽകാതിരിക്കുക. ഇതാണ് ഐഡിഎസ്‌ഐ ചെയ്തത്.

ഇങ്ങനെ ആറു വർഷം ജോലി ചെയ്തവർക്ക് പലർക്കും ഒരു ലക്ഷത്തിലേറെ തുക ശമ്പള കുടിശിക ഇനത്തിൽ തന്നെ നൽകാനുണ്ട്. ശമ്പള കുടിശിക നൽകാത്ത കമ്പനി ഗ്രാറ്റുവിറ്റി നൽകുമെന്ന ഒരു ചിന്ത പോലും ആവശ്യമില്ലാത്തതിനാലാണ് ഇവർ ശമ്പള കുടിശികയ്ക്ക് സിറ്റി പൊലീസ് കമ്മിഷണർക്കും ഗ്രാറ്റുവിറ്റിക്ക് ലേബർ കമ്മിഷണർക്കും പരാതി നൽകിയത്. ശമ്പളം നൽകുന്നതിൽ വരുത്തിയ വീഴ്ച ഇവർ ലേബർ കമ്മിഷണറുടെ സിറ്റിംഗിലും പിന്തുടർന്നു. സിറ്റിംഗിൽ ഇവർ ഹാജരായില്ല. തുടർന്ന് പരാതി നൽകിയവർക്ക് ഗ്രാറ്റുവിറ്റി തുക നൽകാൻ റീജിയണൽ ജോയിന്റ് കമ്മിഷണർ ഉത്തരവിടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ റവന്യൂ റിക്കവറി വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കമ്പനി അനങ്ങിയിട്ടില്ല.

2017 മുതൽ ശമ്പളം നൽകുന്നതിൽ കമ്പനി വീഴ്ച വരുത്തിക്കൊണ്ടിരുന്നു. പിരിയുമ്പോൾ പലർക്കും അഞ്ചു മാസത്തോളം ശമ്പള കുടിശിക നിലനിൽക്കുന്നുണ്ട്. ഇവിടെ ശമ്പള പ്രശ്‌നം വന്നപ്പോൾ ജീവനക്കാർ പിരിഞ്ഞുപോയി വേറെ കമ്പനികളിൽ ജോയിൻ ചെയ്യുകയായിരുന്നു. പക്ഷെ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗ്രാറ്റുവിറ്റി, ശമ്പള കുടിശിക പ്രശ്‌നങ്ങളിൽ കമ്പനി അനങ്ങിയില്ല. ജീവനക്കാർ ഈയ്യിടെ ഓഫീസിൽ ഈ ആവശ്യവുമായി ബന്ധപ്പെട്ട് പോയെങ്കിലും അകത്ത് പോലും കമ്പനി ഇവരെ കയറ്റിയില്ല. ജീവനക്കാരെ കമ്പനിക്ക് അകത്ത് കയറ്റരുത് എന്ന് റിസപ്ഷനിൽ ഇവർ നിർദ്ദേശം നൽകുകയായിരുന്നു. നിരവധി മെയിലുകൾ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് കമ്പനിക്ക് അയച്ചെങ്കിലും ഇതിനൊന്നും തന്നെ മറുപടി നൽകിയില്ല. ഇപ്പോൾ കമ്പനി വിഭജിച്ച് വേറൊരു ബ്രൈഡ് ടെക്‌നോളജീസ് എന്നപേരിൽ മറ്റൊരു ഡിവിഷൻ കൂടി തുടങ്ങിയിട്ടുണ്ട് എന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ലേബർ കമ്മിഷണറുടെ സിറ്റിംഗിൽ ആദ്യം കമ്പനി ഹാജരായിരുന്നെങ്കിൽ തുടർ സിറ്റിംഗിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇതോടെയാണ് ഗ്രാറ്റുവിറ്റി തുക നൽകാൻ റീജിയണൽ ലേബർ കമ്മിഷണർ ഉത്തരവിട്ടത്.

ശമ്പളം നൽകുന്നതിൽ കമ്പനി നടത്തിയ തുടർ വീഴ്ചകൾ കാരണമാണ് ഞങ്ങൾ ജോലിയിൽ നിന്നും രാജിവെച്ചത്. പക്ഷെ ശമ്പള കുടിശികയും ഗ്രാറ്റുവിറ്റിയും നൽകിയില്ല-പരാതിക്കാരിൽ ഒരാളായ വിനോദ് നായർ മറുനാടനോട് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർക്കും ലേബർ കമ്മിഷണർക്കും പരാതി നൽകിയപ്പോൾ തന്നെ ഇൻഫോപാർക്ക് അഡ്‌മിനിസ്‌ട്രെഷൻ വിംഗിനും ഞങ്ങൾ പരാതി നൽകിയിരുന്നു. കെഎസ്ആർടിസി തന്നെ ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല. അപ്പോഴാണ് ഒരു സ്വകാര്യ ഐടി കമ്പനി എന്ന വിചിത്രമായ മറുപടിയാണ് കമ്പനി നൽകിയത്. ഇപ്പോൾ ഗ്രാറ്റുവിറ്റി തുകയ്ക്ക് വേണ്ടിയും ശമ്പള കുടിശികയ്ക്ക് വേണ്ടിയും കേസിന് പോകേണ്ടി വന്ന അവസ്ഥയിലാണ്. കമ്പനി പണം നൽകുന്നത് വരെ കേസുമായി കയറിയിറങ്ങും-വിനോദ് പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP