Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓൺലൈൻ അദ്ധ്യാപനം കഴിഞ്ഞുള്ള സമയങ്ങളിൽ സ്‌കൂളിന്റെ ചുമര് ചായം പൂശാൻ അരയും തലയും മുറുക്കി രംഗത്തെത്തിയത് അദ്ധ്യാപകർ തന്നെ; പുരുഷ അദ്ധ്യാപകർ ഉരുളം ബ്രഷുമായി ചുമർചായം പൂശുമ്പോൾ പരിസരം വൃത്തിയാക്കി വനിത അദ്ധ്യാപികമാരും; ഒഴിവു സമയം വെറുതെ കളയാതെ സ്‌കൂളിനായി ഒത്തൊരുമിച്ച് മാതൃകയായി ഈ ഗുരുനാഥന്മാർ; തഴവ അദിത്യവിലാസം ഗവ.ഹൈസ്‌ക്കൂളിലെ അദ്ധ്യാപകരാണ് താരം

ആർ പീയൂഷ്

കൊല്ലം: കോവിഡ് കാലത്ത് സ്വന്തം സ്‌ക്കൂൾ ചായം പൂശി വൃത്തിയാക്കുകയാണ് ഒരു കൂട്ടം അദ്ധ്യാപകർ. കരുനാഗപ്പള്ളി തഴവാ അദിത്യവിലാസം ഗവ.ഹൈസ്‌ക്കൂളിലെ അദ്ധ്യാപകരാണ് ജോലി സമയം കഴിഞ്ഞുള്ള സമയങ്ങളിൽ അധിക ജോലി ചെയ്ത് മറ്റുള്ളവർക്ക് മാതൃകയാകുന്നത്. കോവിഡ് കാലത്ത് സ്‌ക്കൂളുകൾ അവധിയായതിനാൽ അദ്ധ്യാപകരൊക്കെ ഓൺലൈൻ ക്ലാസ്സുകളിലെ കുട്ടികൾക്ക് വർക്ക് ഷീറ്റ് നൽകിയും മറ്റും ജോലി ചെയ്യുന്നുണ്ടെങ്കിലും പഴയപോലെ എപ്പോഴും ജോലിയില്ല. ഈ സമയമാണ് സ്‌ക്കൂളിന് വേണ്ടി ഉപയോഗപ്പെടുതാതൻ അദ്ധ്യാപകർ തീരുമാനിച്ചത്.

ചുരലും പുസ്തകങ്ങളും മാത്രം എടുത്തിരുന്ന കൈകളിൽ പെയിന്റിങ് ബ്രഷും വാട്ടർ ജെറ്റുമായാണ് അദ്ധ്യാപർ നിൽക്കുന്നത്. ഒരു വിഭാഗം ചുവരു കഴുകി വൃത്തിയാക്കുമ്പോൾ മറ്റൊരു വിഭാഗം ഉരുളൻ ബ്രഷുമായി ചായം പൂശൽ നടത്തും. ഇങ്ങനെ ഒരു കിലോ മീറ്ററോളം നീളമുള്ള സ്‌ക്കൂൾ മതിൽ പെയിന്റടിച്ചു വൃത്തിയാക്കുകയാണിവർ. അദ്ധ്യാപികമാർ സ്‌ക്കൂൾ പരിസരം വൃത്തിയാക്കും. അദ്ധ്യാപരാണ് പെയിന്റിങ് ജോലി ചെയ്യുന്നത്. നാട്ടുകാർക്ക് ഇതൊരത്ഭുത കാഴ്ചയാണ്.

സ്‌കൂൾ പരിസരം ശുചീകരിക്കുന്നതിന്റെയും മതിലും ഭിത്തികളും കഴുകി വൃത്തിയാക്കി പെയിന്റ് ചെയ്യുന്നതിന്റെയും തിരക്കിലാ അദ്ധ്യാപകർക്ക് പിന്തുണയുമായി പി.ടി.എ., എസ്.എം.സി. ഭാരവാഹികളുമുണ്ട്. സ്‌കൂളിലെ ചുറ്റുമതിൽ വൃത്തിയാക്കി പെയിന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചപ്പോൾ കൂലിയിനത്തിൽ 30,000 രൂപയാണ് തൊഴിലാളികൾ ആവശ്യപ്പെട്ടത്. ഇതോടെ ശുചീകരണവും പെയിന്റിങ്ങും അദ്ധ്യാപകർ ഏറ്റെടുക്കുകയായിരുന്നു. മതിലിലെ അഴുക്കുകൾ വേഗത്തിൽ കളയുന്ന യന്ത്രം വാടകയ്ക്കെടുത്ത് വൃത്തിയാക്കൽ ആരംഭിച്ചു. തുടർന്ന് പെയിന്റിങ് ഏറ്റെടുത്തു.

ഹെഡ്‌മാസ്റ്റർ ആർ.സുനിൽകുമാർ, സീനിയർ അസിസ്റ്റന്റ് സീനത്ത് ബീവി, എസ്.എം.സി. ചെയർമാൻ അജിത്ത്, പി.ടി.എ. പ്രസിഡന്റ് സതീശൻ, അദ്ധ്യാപകരായ രാധാകൃഷ്ണപിള്ള, വിജയകുമാർ, ബിജു വിക്രം, ശ്രീജിത്ത്, അനീഷ് തുടങ്ങിയർ നേതൃത്വം നൽകി. കൊറോണക്കാലത്ത് സ്‌കൂളിലെ സാമ്പത്തികബുദ്ധിമുട്ടുള്ള 50 കുട്ടികൾക്ക് ആയിരം രൂപവീതം 50,000 രൂപയുടെ ധനസഹായവും അദ്ധ്യാപകർ നൽകി. വിവിധ സംഘടനകളെയും രാഷ്ട്രീയ പാർട്ടികളെയും സമീപിച്ച് ഓൺലൈൻ പഠനസൗകര്യമില്ലാത്ത 39 കുട്ടികൾക്ക് ടെലിവിഷൻ നൽകാനും കഴിഞ്ഞതായി ഹെഡ്‌മാസ്റ്റർ പറഞ്ഞു.

കൊറോണഭീതിയിൽ സ്‌കൂളുകളടച്ച് അദ്ധ്യാപകർ വീടുകളിൽ ഒതുങ്ങുമ്പോൾ സ്‌കൂൾ വൃത്തിയാക്കിയും ഭിത്തികൾ പെയിന്റ് ചെയ്തും തഴവ ആദിത്യവിലാസം ഗവ. ഹൈസ്‌കൂളിലെ അദ്ധ്യാപകർ മറ്റ് അദ്ധ്യാപകർക്കു കൂടി മാതൃകയാകുകയാണ്. കൊറോണക്കാലത്ത് ജോലി ചെയ്യാതെ വേതനം പറ്റുന്നവർ എന്ന അപഖ്യാതി സമൂഹത്തിലെ ചിലരെങ്കിലും ഉയർത്തുമ്പോൾ അവർക്ക് ഉത്തരമാകുകയാണ് ഇവിടുത്തെ അദ്ധ്യാപകർ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP