Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശമ്പളവർദ്ധന ചോദിച്ചപ്പോൾ നാല് അദ്ധ്യാപകരെ കോളേജിന് പുറത്താക്കി; പുറത്താക്കിയവരെ തിരിച്ചെടുക്കാൻ സമരം തുടങ്ങിയ മറ്റദ്ധ്യാപകരും സ്വമേധയാ പിരിഞ്ഞുപോയെന്നും മാനേജ്‌മെന്റ്; ജോയിൻ ചെയ്ത് നാലുവർഷമായിട്ടും അസിസ്റ്റന്റ് പ്രൊഫസർക്ക് കിട്ടുന്നത് വെറും 25,000 രൂപ; കോഴിക്കോട് കെഎംസിടി ആയുർവേദ കോളേജിൽ നീതി തേടി അദ്ധ്യാപകർ അനിശ്ചിതകാലസമരത്തിൽ

ശമ്പളവർദ്ധന ചോദിച്ചപ്പോൾ നാല് അദ്ധ്യാപകരെ കോളേജിന് പുറത്താക്കി; പുറത്താക്കിയവരെ തിരിച്ചെടുക്കാൻ സമരം തുടങ്ങിയ മറ്റദ്ധ്യാപകരും സ്വമേധയാ പിരിഞ്ഞുപോയെന്നും മാനേജ്‌മെന്റ്; ജോയിൻ ചെയ്ത് നാലുവർഷമായിട്ടും അസിസ്റ്റന്റ് പ്രൊഫസർക്ക് കിട്ടുന്നത് വെറും 25,000 രൂപ; കോഴിക്കോട് കെഎംസിടി ആയുർവേദ കോളേജിൽ നീതി തേടി അദ്ധ്യാപകർ അനിശ്ചിതകാലസമരത്തിൽ

എം മനോജ് കുമാർ

 കോഴിക്കോട്: കെഎംസിടി ഗ്രൂപ്പിന്റെ ധിക്കാരപരമായ നടപടികൾ ഈ ഗ്രൂപ്പിന്റെ കീഴിലുള്ള മുക്കം മണാശ്ശേരി കെഎംസിടി ആയുർവേദ കോളേജിലെ മുന്നൂറോളം വിദ്യാർത്ഥികളുടെ അധ്യയനവും 25 ഓളം കോളെജ് അദ്ധ്യാപകരുടെ ഭാവിയും തുലാസിലാക്കുന്നു. ആയുർവേദ അദ്ധ്യാപകർക്ക് വേതന വർദ്ധനവ് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ അദ്ധ്യാപകരിൽ നാലുപേരെ തിരഞ്ഞുപിടിച്ച് നിർബന്ധപൂർവം പിരിച്ചുവിട്ടതോടെയാണ് ഇവിടെ പ്രശ്‌നങ്ങൾ തുടങ്ങുന്നത്. നാലുവർഷമായി ശമ്പള വർദ്ധനവ് നടപ്പിലാക്കാത്തതിനെ തുടർന്നാണ് അദ്ധ്യാപകർ നോട്ടീസ് നൽകാനും തുടർന്ന് സമരം ചെയ്യാനും ഇറങ്ങിത്തിരിച്ചത്.

പുറത്താക്കിയ അദ്ധ്യാപകരെ തിരിച്ചെടുക്കാൻ മറ്റു അദ്ധ്യാപകർ നോട്ടീസ് നൽകിയെങ്കിലും മാനേജ്മെന്റ് തയ്യാറായില്ല. ഇതോടെ അദ്ധ്യാപകർ മുഴുവൻ കോളെജ് പടിക്കൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. ഈ ശനിയാഴ്ച മുതലാണ് സമരം തുടങ്ങിയത്. അദ്ധ്യാപകർ സമരം ആരംഭിച്ചതോടെ വിദ്യാർത്ഥികൾ ഇതറിയാതിരിക്കാൻ വെക്കേഷൻ അവധി കഴിഞ്ഞുള്ള കോളെജ് തുറക്കലും മാനേജ്മെന്റ് നീട്ടിവെച്ചിരിക്കുകയാണ്. വിഷു അവധി കഴിഞ്ഞു 24 നാണ് കോളേജ് തുറക്കേണ്ടിയിരുന്നത്. പക്ഷെ സമരം കാരണം കോളേജ് തുറക്കുന്നത് ആറാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.

കോളെജ് തുറക്കൽ അടുത്ത മാസം ആറിലേക്ക് മാറ്റിയത് മാനേജ്മെന്റ് നടപടികൾ അധ്യയനത്തേയും ബാധിക്കാൻ തുടങ്ങി എന്നതിന്റെ സൂചനയാകുന്നു. സമരത്തിലേർപ്പെട്ടിരിക്കുന്ന മുഴുവൻ അദ്ധ്യാപകരും സ്വമേധയാ പിരിഞ്ഞുപോയിരിക്കുകയാണ് എന്നാണ് ഇപ്പോൾ മാനേജ്മെന്റ് ഭാഷ്യം. ഈ നിലപാട് വിദ്യാർത്ഥികളുടെ ഭാവി കൂടുതൽ അപകടപ്പെടുത്തുകയുമാണ്. മുഴുവൻ അദ്ധ്യാപകർക്കും ശമ്പള-ഇൻക്രിമെന്റ് വർധനവ് ആവശ്യപ്പെട്ടാണ് ആയുർവേദ അദ്ധ്യാപകരുടെ സംസ്ഥാന സംഘടനയായ പാറ്റ്കോയുടെ പേരിൽ ഇവർ കെഎംസിടി അധികൃതർക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ചപ്പോൾ നോട്ടീസ് നൽകിയ നാലുപേരെ അധികൃതർ പിരിച്ചുവിട്ടു.

ഇതോടെ മറ്റു അദ്ധ്യാപകർ ഇവരെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടു നോട്ടീസ് നൽകി. പിരിച്ചുവിട്ടവരെ തിരിച്ചെടുത്തില്ലെങ്കിൽ മറ്റു അദ്ധ്യാപകരും പുറത്തുപോകും എന്ന് സൂചന നൽകി യൂണിയന്റെ നേതൃത്വത്തിൽ ഇവർ കത്ത് നൽകിയിരുന്നു. ഈ കത്തിലെ പരാമർശം ഉന്നയിച്ചാണ് മുഴുവൻ അദ്ധ്യാപകരും സ്വമേധയാ പിരിഞ്ഞു പോയതായി മാനേജ്മെന്റ് പ്രചരിപ്പിക്കുന്നത്. എന്നാൽ അത് മാനേജ്മെന്റ് ഭാഷ്യം മാത്രമാണെന്നും പുറത്താക്കിയവരെ തിരിച്ചെടുക്കാനും ആവശ്യപ്പെട്ട വേതന വർദ്ധനവ് ഉന്നയിച്ചുമാണ് സമരം ചെയ്യുന്നത് എന്നാണ് അദ്ധ്യാപകർ മറുനാടനോട് പ്രതികരിച്ചത്.

സാധാരണ ആയുർവേദ കോളെജ് അദ്ധ്യാപകർക്ക് യുജിസി നിരക്കിൽ ശമ്പളം നൽകണമെന്നാണ് ചട്ടം. പക്ഷെ ചട്ടം എല്ലാം ചട്ടം തന്നെയായി നിലനിൽക്കുകയാണ്. യുജിസി നിരക്കിലെ ശമ്പളം ആയുർവേദ കോളേജ് അദ്ധ്യാപകർക്ക് സ്വപ്‌നം മാത്രമാണ്. യുജിസി നിരക്ക് പോയിട്ട് ലാസ്റ്റ് ഗ്രെഡ് ജീവനക്കാർക്ക് സർക്കാർ നൽകുന്ന ശമ്പളം പോലും സ്വകാര്യ ആയുർവേദ കോളേജ് മാനേജ്മെന്റ് നൽകുന്നില്ല. എംഡി കഴിഞ്ഞു അസിസ്റ്റന്റ് പ്രൊഫസർ ആയി കെഎംസിടിയിൽ ജോയിൻ ചെയ്യുന്ന അദ്ധ്യാപകർക്ക് കെഎംസിടി നൽകുന്നത് 25000 രൂപ കൺസോളിഡേറ്റഡ് തുകയാണ്. ഇൻക്രിമെന്റോ വേതന വർദ്ധനവോ ഒന്നും നൽകാറുമില്ല. ഇത് പതിവായതോടെയാണ് അദ്ധ്യാപകർ ആദ്യം നേരിട്ടും പിന്നീട് യൂണിയന്റെ ആഭിമുഖ്യത്തിലും വേതന വർദ്ധനവ് കത്ത് നൽകാൻ തുടങ്ങിയത്.

2018 നവംബറിൽ അദ്ധ്യാപകർ ശമ്പള പരിഷ്‌കരണത്തിനായി നിവേദനം സമർപ്പിച്ചിരുന്നു. അതിൽ തീരുമാനം ഉണ്ടാകാത്തതിനാൽ വീണ്ടും 2019 ജനുവരിയിൽ നിവേദനം കൊടുത്തു. വർഷാവർഷമുള്ള സിസിഐഎം ഇൻസ്‌പെക്ഷന് ശേഷം പരിഹരിക്കാം എന്നു ഉറപ്പ് കൊടുക്കുകയാണ് മാനേജ്മെന്റ് ചെയ്തത്. കോളേജുകളുടെ അഫിലിയേഷന് വേണ്ടിയുള്ളതാണ് സി.സിഐ.എം ഇൻസ്‌പെക്ഷൻ. മാർച്ച് പകുതിയോടെ ഇൻസ്പെക്ഷൻ കഴിഞ്ഞതോടെ പിന്നീടും നൽകിയത് പഴയ നിരക്കിലുള്ള ശമ്പളം തന്നെ. ഇതേ തുടർന്ന് പതിനഞ്ചു ദിവസത്തിനുള്ളിൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് അദ്ധ്യാപകർ വീണ്ടും മാനേജ്മെന്റിന് നോട്ടീസ് നൽകി.

എന്നാൽ നോട്ടീസ് കൊടുത്തു ദിവസങ്ങൾക്കുള്ളിൽ നാലു അദ്ധ്യാപകരെ സർവിസിൽ നിന്നും അധികൃതർ പിരിച്ചുവിട്ടു. ആയുർവേദ കോളേജ് അദ്ധ്യാപക അസോസിയേഷൻ ആയ പാറ്റ്കോയുടെ സംസ്ഥാന പ്രസിഡന്റിനേയും യൂണിറ്റ് പ്രസിഡന്റിനേയും മറ്റു രണ്ട് യൂണിറ്റ് ഭാരവാഹികളെയുമാണ് പിരിച്ചുവിട്ടത്. അദ്ധ്യാപകർ അധികമാണ് എന്നാണു കാരണമായി പറഞ്ഞത്. എന്നാൽ ഈ അദ്ധ്യാപകരെല്ലാം ദീർഘകാലമായി കോളെജിൽ സേവനം അനുഷ്ഠിക്കുന്ന സീനിയർ അദ്ധ്യാപകരാണ്. ഇതോടെയാണ് കോളേജ് പടിക്കൽ സമരവുമായി മറ്റു അദ്ധ്യാപകർ രംഗത്ത് വന്നത്.

2006 മുതൽ കോഴിക്കോട് മണാശേരിയിൽ പ്രവർത്തിച്ചു വരുന്ന മെഡിക്കൽ കോളേജ് ആണ് കെഎംസിടിയുടേത്. പക്ഷെ ശമ്പളത്തിന്റെയും ഇൻക്രിമെന്റിന്റെയും കാര്യത്തിൽ മാനേജ്മെന്റ് പുറകോട്ടായിരുന്നു. ഇത് തുടക്കം മുതൽ തന്നെ ആശുപത്രിയിൽ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. പക്ഷെ മുഴുവൻ കോളേജ് അദ്ധ്യാപകരും കൂട്ടത്തോടെ സമരത്തിന്നിന്നിറങ്ങിയത് മാനേജ്മെന്റിന്റെ ഞെട്ടിച്ചിട്ടുണ്ട്. കോഴിക്കോടെ പ്രശസ്തമായ ഒരു ഗ്രൂപ്പ് ആണിത്. കോഴിക്കോടെ തന്നെ പ്രശസ്തമായ നാഷണൽ ഹോസ്പിറ്റൽ കൂടി അടങ്ങുന്ന ഗ്രൂപ്പ് ആണിത്. ഈ ഗ്രൂപ്പിന്റെ കീഴിലുള്ള ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരാണ് ഇപ്പോൾ സമരം തുടങ്ങിയിരിക്കുന്നത്. പ്രതികരണത്തിന് ബന്ധപ്പെട്ടപ്പോൾ ലീവിലാണ് എന്നാണ് കോളേജ് പ്രിൻസിപ്പൽ ആയ ഡോക്ടർ ചാന്ദ്നി മറുപടി നൽകിയത്. രണ്ടു ദിവസം കഴിഞ്ഞേ വരൂ. അതിനുശേഷം പ്രതികരണം പറയാം. ശമ്പളവർദ്ധനവ് ആണ് ഡോക്ടർമാരുടെ പ്രശ്‌നം. അത് മാനേജ്മെന്റ് തലത്തിൽ നിന്നും വരേണ്ടതാണ്. മുൻപ് ഡോക്ടർമാർ ഇതേ ആവശ്യത്തിൽ നോട്ടീസ് നൽകിയിരുന്നുവെന്നും ചാന്ദ്നി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP