Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വെളുത്ത കുറുകിയ ചോറും രുചികരമായ കറികളും; ആനയുടെ കാൽപാദത്തിനോളം വലുപ്പമുള്ള പപ്പടവും; കവിത പഠിച്ചാൽ പോരാ കുട്ടികൾ രുചിയും അറിയണം; പഠനത്തിനൊപ്പം 25 കൂട്ടം കറികളുമായി കുട്ടികൾക്ക് ക്ലാസ് റൂമിൽ സദ്യ വിളമ്പി അദ്ധ്യാപിക; ഓച്ചിറ സർക്കാർ സ്‌കൂളിലെ മേളാങ്കം

വെളുത്ത കുറുകിയ ചോറും രുചികരമായ കറികളും; ആനയുടെ കാൽപാദത്തിനോളം വലുപ്പമുള്ള പപ്പടവും; കവിത പഠിച്ചാൽ പോരാ കുട്ടികൾ രുചിയും അറിയണം; പഠനത്തിനൊപ്പം 25 കൂട്ടം കറികളുമായി കുട്ടികൾക്ക് ക്ലാസ് റൂമിൽ സദ്യ വിളമ്പി അദ്ധ്യാപിക; ഓച്ചിറ സർക്കാർ സ്‌കൂളിലെ മേളാങ്കം

ആർ പീയൂഷ്

കൊല്ലം: പഠനത്തിനൊപ്പം ക്ലാസ്സ് റൂമിൽ സദ്യ വിളമ്പി അദ്ധ്യാപിക. ഓച്ചിറ ഗവ.ഹൈസ്‌ക്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾക്കാണ് അദ്ധ്യാപിക നിസാ സലീം പഠനത്തിനൊപ്പം സദ്യ വിളമ്പിയത്. കുഞ്ചൻ നമ്പ്യാരുടെ രുഗ്മിണീ സ്വയംവരം ഓട്ടൽ തുള്ളലിലെ ഊണിന്റെ മേളം എന്ന കവിതാ സമാഹാരം പഠിപ്പിക്കുമ്പോഴായിരുന്നു സദ്യ. 25ൽ അധികം വിഭവങ്ങളുമായി ഗംഭീര സദ്യ തന്നെയാണ് കുട്ടികൾക്ക് അദ്ധ്യാപിക ഒരുക്കി നൽകിയത്.

വിഭവസമൃദ്ധമായ സദ്യയിലേയ്ക്ക് വായനക്കാരെ കൂട്ടികൊണ്ടു പോകുന്ന കവിതയാണ് ഊണിന്റെ മേളം. വെളുത്ത കുറുകിയ ചോറും രുചികരമായ കറികളും വിളമ്പി സദ്യ തയാറാവുകയാണ്. ചോറിലേയ്ക്ക് നെയ്യ് തൂവി. ശർക്കരവരട്ടിയും പർപ്പടകവും വിളമ്പി ഊണൊരുങ്ങി. പത്തിരുനൂറ് ചെറിയ പപ്പടവും ആനയുടെ കാൽപാദത്തിനോളം വലുപ്പമുള്ള പപ്പടവും. തേനും നല്ല പഞ്ചസാര പൊടിയും വിളമ്പി. ചേനക്കറിയോടൊപ്പം പച്ചടികളും കിച്ചടികളും പാനകവും വിളമ്പി. പിന്നീട് നാരങ്ങാക്കറി, മാങ്ങാപ്പച്ചടി, ഇഞ്ചിപ്പച്ചടി, ചേന വറുത്തത്, പയർ വറുത്തത്, ചക്ക പ്രഥമൻ, അടപ്രഥമൻ എന്നിവയൊക്കെ വിളമ്പി. ഇങ്ങനെ വിളമ്പിയ വിഭവങ്ങളെ കുറിച്ചുപറയാൻ നേരം പോരാ.

പാലും തൈരും മോരും പലവക വിഭവങ്ങൾ ഇലയിൽ നിറഞ്ഞു ആകെ ബഹളമായി. ഒരിടത്തുനിന്നും പപ്പടം കൊണ്ടുവാ എന്നുവിളിക്കുമ്പോൾ മറ്റൊരു ഭാഗത്തു നിന്നും പഴം കൊണ്ടുവരാൻ പറയുന്നു. ചക്കപ്രഥമൻ, ശർക്കരയുണ്ട, പച്ചടി, കിച്ചടി, പഞ്ചസാരപ്പൊടി തുടങ്ങി പലതരം കറികൾ ആളുകൾ പലഭാഗത്തുനിന്നും വിളിച്ചുപറയുന്നു. മധുരക്കറിയും യും പോരാ പോരാ വീണ്ടും കൊണ്ടുവാ എന്ന ആളുകൾ വിളിച്ചുപറഞ്ഞു വരുത്തി കഴിക്കുന്നു. ഇതാണ് കവിതാ സന്ദർഭം.

ഇത് പഠിപ്പിക്കുമ്പോൾ അത് കുട്ടികൾ കൂടി രുചിച്ചറിയണം എന്ന തോന്നലാണ് കഴിഞ്ഞ ദിവസം ക്ലാസ്സ് റൂമിൽ സദ്യ വിളമ്പാൻ ഇടയാക്കിയത് എന്ന് അദ്ധ്യാപിക നിസാ സലീം മറുനാടനോട് പറഞ്ഞു. പാഠ ഭാഗം തുടങ്ങുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു കുട്ടികൾക്ക് കവിതയിൽ പറയുന്ന രീതിയിൽ സദ്യ നൽകണമെന്ന്. സ്‌ക്കൂളിൽ തയ്യാറാക്കുക പ്രായോഗികമല്ല. അതിനാൽ ഓരോ കുട്ടികളുടെയു വീടുകളിൽ നിന്നും ഓരോ തരത്തിലുള്ള വിഭവങ്ങൾ കൊണ്ടു വരാൻ നിർദ്ദേശിച്ചു. കാറ്ററിങ് സർവ്വീസുകാരോട് പറഞ്ഞാൽ സദ്യ തയ്യാറാക്കി കൊണ്ടു വരും. പക്ഷേ ഓരോ വീട്ടിലെയും അമ്മമാരുടെ രുചി കൂടി കുട്ടികൾ അറിയട്ടെ എന്ന് കരുതി. മാതാപിതാക്കൾ ആവേശത്തോടെയാണ് ഈ തീരുമാനം ഏറ്റെടുത്തത്.

അവരവർക്ക് കഴിയുന്ന രീതിയിൽ ഭക്ഷണം പാകം ചെയ്തുകൊണ്ടു വരാനായിരുന്നു പറഞ്ഞിരുന്നത്. പാൽപ്പായസം, സേമിയാ പായസം, ഗുലാബ് ജാം, ഉണ്ണിയപ്പം, ഉപ്പേരി ഉൾപ്പെടെ 25 ൽ അധികം വിഭങ്ങളാണ് കുട്ടികളുടെ മാതാപിതാക്കൾ തയ്യാറാക്കി കൊണ്ടു വന്നത്. ഗുലാബ് ജാം നിസാ സലീമാണ് തയ്യാറാക്കിയത്. തുടർന്ന് ഉച്ചയോടെ വാഴയിലയിൽ വിളമ്പി കുട്ടികൾക്ക് രുചിയേറും സദ്യ അദ്ധ്യാപകർ വിളമ്പി. സഹായത്തിന് മാതാപിതാക്കളും കൂടി. ഒരു കല്യാണ മേളം തന്നെയായിരുന്നു കഴിഞ്ഞ ദിവസം നാലാംക്ലാസ്സിൽ. കുട്ടികൾ എല്ലാം മാതാപിതാക്കൾക്കൊപ്പം ആഹാരം പാകം ചെയ്യാൻ കൂടിയിരുന്നു. പാഠ ഭാഗത്തിന്റെ അവസാനം ആഹാരം തയ്യാറാക്കി ക്ലാസ്സിൽ കൊണ്ടു വന്നാലോ എന്ന് ചോദിക്കുന്നുണ്ട്. അങ്ങനെ അതും കുട്ടികൾക്ക് വലിയൊരു അനുഭവമായി മാറി എന്നും അദ്ധ്യാപിക നിസ പറയുന്നു.

കരുനാഗപ്പള്ളി പുതിയകാവ് സ്വദേശിയായ നിസാ ആറന്മുളയിലെ സ്‌ക്കൂളിൽ അദ്ധ്യാപികയായിരുന്നു. രണ്ടു വർഷമായി ഇവിടെ അദ്ധ്യാപികയാണ്. കോളേജ് അദ്ധ്യാപികയാകാനുള്ള പരിശ്രമത്തിനിടയിൽ ആദ്യമായി ലഭിച്ച ജോലിയാണിത്.

അതിനാൽ കുട്ടികളെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ പഠിപ്പിക്കാനായുള്ള ശ്രമമാണ് നടത്തുന്നത്. പരിസ്ഥിതി പഠന ക്ലാസ്സിൽ ഓല കൊണ്ടുള്ള കളിക്കോപ്പുകൾ കുട്ടികളെകൊണ്ട് നിർമ്മിച്ചിരുന്നു. നിസയ്ക്ക് പിൻതുണയുമായി പ്രധാനാധ്യാപികയും സഹപ്രവർത്തകരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP