Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

'ക്ലാസിൽ യൂണിഫോമിട്ട് ചിരിച്ചുനില്ക്കുന്ന പല വിദ്യാർത്ഥികളുടെയും ഉള്ളിൽ കരയുന്ന മനസ്സും ദുരിതംനിറഞ്ഞ ജീവിതവുമുണ്ടാകാം'; മൂന്നര പതിറ്റാണ്ടിന്റെ അദ്ധ്യാപനത്തിൽ നിന്ന് രാജൻ മാഷിന്റെ തിരിച്ചറിവ്; അദ്ധ്യാപന ജീവിതത്തിൽ നിന്ന് അരങ്ങൊഴിയുമ്പോൾ സ്‌നേഹ തണലൊരുക്കുന്നത് നാല് വിദ്യാർത്ഥികൾക്ക് വീട് വയ്ക്കാൻ ഭൂമി നൽകി ; മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരം നേടിയ കെ.സി രാജൻ എന്ന ഗുരുനാഥൻ വേറിട്ട് നിൽക്കുന്നതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മയ്യിൽ: അദ്ധ്യാപന ജീവിതത്തിൽ നിന്ന് രാജൻ മാഷ് അരങ്ങൊഴിയുമ്പോൾ ഈ ഗുരുനാഥൻ സ്‌നേഹ തണലൊരുക്കുന്നത് നാല് വിദ്യാർത്ഥികൾക്ക് സ്‌നേഹ തണലൊരുക്കി കൊണ്ട്. നാല് വിദ്യാർത്ഥികൾക്ക് വീട് വയ്ക്കാൻ ഭൂമി വിട്ട് നൽകികൊണ്ടാണ് അദ്ധ്യാപകൻ സ്‌കൂളിന്റെ പടിയിറങ്ങുക. മൂന്നരപ്പതിറ്റാണ്ട് നീണ്ട അദ്ധ്യാപകജീവിതത്തിലെ ഓർമകൾ ബാക്കി നിർത്തിയാണ് നാല് സ്‌കൂളുകളിലെ ഓരോ വിദ്യാർത്ഥിയേയും കണ്ടെത്തി വീട് വയ്ക്കാൻ ഭൂമി വാങ്ങി നൽകിയത്. മയ്യിൽ കയരളം ഒറപ്പടിയിലെ 'സബർമതി'യിൽ കെ.സി.രാജൻ എന്ന അദ്ധ്യാപകന്റെ കുടുംബം. 

പുഴാതി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് വിരമിക്കുന്ന രാജന്റെ സത്പ്രവൃത്തിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്ഥലം ലഭിക്കുന്ന കുട്ടികൾക്ക് വീടെടുക്കാൻ സഹായം നൽകാൻ ബന്ധുക്കളും സുഹൃത്തുക്കളും കെ.പി.എസ്.ടി.എ.യും മുന്നോട്ടുവന്നു. നാലുപേർക്കും ഓരോലക്ഷം രൂപ ആദ്യഘട്ടമായി നൽകും. ഇതിൽ രണ്ടുലക്ഷം രൂപ കെ.പി.എസ്.ടി.എ. സംസ്ഥാന കമ്മിറ്റിയും ബാക്കി തുക രാജന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നും നൽകും.

''ക്ലാസിൽ യൂണിഫോമിട്ട് ചിരിച്ചുനില്ക്കുന്ന പല വിദ്യാർത്ഥികളുടെയും ഉള്ളിൽ കരയുന്ന മനസ്സും ദുരിതംനിറഞ്ഞ ജീവിതവുമുണ്ടാകാം. അത് കണ്ടെത്തുകയാണ് ഒരധ്യാപകന്റെ കർമം. അതിനെനിക്ക് കഴിഞ്ഞുവെന്ന് തോന്നുന്നു. അവർക്ക് ചുമരിന്റെയും ചുമലിന്റെയും സുരക്ഷിതത്വം നല്കാനാണ് ശ്രമിച്ചത്...'' -സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ രാജൻ പറയുന്നു.

എട്ടാംതരത്തിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ നീണ്ട അവധി ശ്രദ്ധയിൽപ്പെട്ടതാണ് സംഭവങ്ങൾക്ക് തുടക്കം. കാര്യമന്വേഷിച്ചപ്പോൾ അടച്ചുറപ്പുള്ള വീടുപോലും ആ കുട്ടിക്കില്ലെന്ന് മനസ്സിലായി. ഇത് നിർധനരായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി വീടുവെക്കാൻ ഭൂമി നല്കാനുള്ള തീരുമാനത്തിലെത്തിച്ചു. മുല്ലക്കൊടി ഹരിജൻ കോളനിക്ക് സമീപമുള്ള 23 സെന്റ് സ്ഥലമാണ് ഇതിനായി നീക്കിവെച്ചത്. അർഹരായവരെ കണ്ടെത്തുന്നതിന് അദ്ധ്യാപികയായ ഭാര്യ ഇ.കെ.രതിയും സഹോദരങ്ങളായ കെ.സി.ഗണേശനും സതിയും ഒപ്പംനിന്നു. അമ്മ ജാനകിയമ്മയും മകനെ അനുകൂലിച്ചു. പുഴാതി ഹൈസ്‌കൂൾ, മുല്ലക്കൊടി മാപ്പിള എൽ.പി.സ്‌കൂൾ, കയരളം എ.യു.പി.സ്‌കൂൾ, പെരുവങ്ങൂർ എൽ.പി.സ്‌കൂൾ എന്നിവിടങ്ങളിലെ ഓരോ വിദ്യാർത്ഥിക്കാണ് ഭൂമിനൽകുന്നത്.

24-ന് ഉച്ചയ്ക്ക് രണ്ടിന് ഒറപ്പടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഭൂമിയുടെ രേഖ കൈമാറും. വീടുനിർമ്മാണത്തിനുള്ള പ്രാഥമികസഹായധനം കൈമാറൽ കെ.സുധാകരൻ എംപി. നിർവഹിക്കും. 1987-ലാണ് ഇദ്ദേഹം ഗണിതാധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ അസോസിയേറ്റ് ജനറൽ സെക്രട്ടറിയാണ് രാജൻ. ജി.എസ്.ടി.യു.വിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. മെഡിക്കൽ വിദ്യാർത്ഥിനി അരുണിമയും എം.ടെക് വിദ്യാർത്ഥി ജിതിൻരാജുമാണ് മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP