Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ടെണ്ടർ കൂടാതെ കരാറുകൾ സർക്കാർ നൽകുന്നത് കോടികളുടെ നിർമ്മാണ കരാറുകൾ; അതും പോരാഞ്ഞ് ഇപ്പോൾ നികുതി ഒഴിവാക്കി കൊടുത്തും സർക്കാർ ഒത്താശ; ഊരാളുങ്കൽ സൊസൈറ്റിക്ക് എന്താ കൊമ്പുണ്ടോ? എന്നു ചോദിച്ചു നികുതി ഇളവിനെ ചോദ്യം ചെയ്തു വി ഡി സതീശൻ; ഇളവ് സാംസ്‌കാരിക വകുപ്പിന്റെ പ്രൊജക്ടിന് വേണ്ടി മാത്രമെന്ന് ഐസക്കും; വിവാദം മുറുകുന്നു

ടെണ്ടർ കൂടാതെ കരാറുകൾ സർക്കാർ നൽകുന്നത് കോടികളുടെ നിർമ്മാണ കരാറുകൾ; അതും പോരാഞ്ഞ് ഇപ്പോൾ നികുതി ഒഴിവാക്കി കൊടുത്തും സർക്കാർ ഒത്താശ; ഊരാളുങ്കൽ സൊസൈറ്റിക്ക് എന്താ കൊമ്പുണ്ടോ? എന്നു ചോദിച്ചു നികുതി ഇളവിനെ ചോദ്യം ചെയ്തു വി ഡി സതീശൻ; ഇളവ് സാംസ്‌കാരിക വകുപ്പിന്റെ പ്രൊജക്ടിന് വേണ്ടി മാത്രമെന്ന് ഐസക്കും; വിവാദം മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഊരാളുങ്കൽ സൊസൈറ്റിക്ക് ജിഎസ്ടി ഒഴിവാക്കിക്കൊടുത്ത സർക്കാർ നിലപാട് വിവാദമാകുന്നു. കോടികളുടെ നിർമ്മാണ പ്രവർത്തനത്തിനു പൂർണമായും ജിഎസ്ടി ഒഴിവാക്കിയ സർക്കാർ നിലപാടിന്റെ പേരിൽ കോൺഗ്രസ് നേതാവ് വി.ഡി.സതീശനും മന്ത്രി തോമസ് ഐസക്കും എഫ്ബി പേജിൽ ഏറ്റുമുട്ടിയതോടെ ഇത് ഒരു രാഷ്ട്രീയ വിവാദമായി മാറി. സർക്കാർ സ്ഥാപനങ്ങൾക്കും ചാരിറ്റി സ്ഥാപനങ്ങൾക്കും മാത്രമാണ് ജിഎസ്ടി ഇളവ് നൽകുന്നത്. വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നൽകുന്ന സിപിഎമ്മിന്റെ അധീനതയിലുള്ള നിർമ്മാണകമ്പനിക്ക് ആണ് സർക്കാർ ജിഎസ്ടി ഇളവ് നൽകിയത്.

പ്രതിഫലമില്ലാതെ പ്രോജക്ടുകൾ ചെയ്യുന്നവർക്കാണ് സാധാരണ നികുതി ഇളവ് നൽകുന്നത്. ഇതിനാണ് സർവീസ് എന്ന് പറയുന്നത്. സർവീസ് എന്ന് പറഞ്ഞു നികുതി ഇളവ് നൽകിയത് വൻകിട നിർമ്മാണ പ്രവർത്തനം ഏറ്റെടുത്ത് നടക്കുന്ന സിപിഎം സൊസൈറ്റിക്കാണ്. നികുതി ഇളവ് നൽകിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് വി.ഡി.സതീശനും മന്ത്രി തോമസ് ഐസക്കും തമ്മിലുള്ള ഫെയ്‌സ് ബുക്ക് യുദ്ധം പുരോഗമിക്കുകയുമാണ്. നിലവിലുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തിയാണ് പിണറായി സർക്കാർ മുന്നോട്ടു നീങ്ങിയത് എന്ന് സർക്കാരിന്റെ ഭരണകാലാവധി പിന്നിടുമ്പോൾ വന്ന സ്വർണ്ണക്കടത്ത് അടക്കമുള്ള ഓരോ സംഭവങ്ങളിൽ നിന്നും വ്യക്തമാണ്. സർക്കാർ എജൻസികൾക്ക് നൽകുന്ന പരിഗണന നൽകിയാണ് ചട്ടങ്ങൾ മറികടന്നു നിർമ്മാണ കമ്പനിക്ക് കോടികളുടെ ജിഎസ്ടി ഇളവ് നൽകിയത്. ടെൻഡർ ഇല്ലാതെ എല്ലാ ചട്ടങ്ങളും മറികടന്നാണ് സർക്കാർ ഊരാളുങ്കൽ സൊസൈറ്റിക്ക് വർക്കുകൾ നൽകുന്നത് എന്ന ആരോപണം മുൻപേ തന്നെ നിലവിലുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഫെയ്‌സ് ബുക്ക് വിശദീകരണവുമായി മന്ത്രി തന്നെ രംഗത്ത് വന്നത്.

ഊരാളുങ്കലിന് ജിഎസ്ടി ഒഴിവാക്കിക്കൊടുത്ത നടപടിയും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. സർക്കാർ നൽകിയ കോടികളുടെ നിർമ്മാണ പ്രവർത്തനത്തിനാണ് ക്രാഫ്റ്റ് വില്ലേജ് എന്നും പുവർ സർവീസ് എന്നുമൊക്കെ ന്യായം പറഞ്ഞു ജിഎസ്ടി ഒഴിവാക്കികൊടുത്തത്. വി.ഡി.സതീശന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിനു തോമസ് ഐസക്ക് നൽകിയ മറുപടിയിൽ പറയുന്നത് ഊരാളുങ്കൽ ജിഎസ്ടി അടച്ചിരുന്നെങ്കിൽ പകുതി കേന്ദ്രം കൊണ്ടുപോയേനെ എന്നാണ്. കേരള സർക്കാർ ഭരണം നടത്തുന്നത് എങ്ങനെയാണ് എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഈ സംഭവം. ഓഡിറ്റ് നടക്കാത്ത സ്ഥാപനങ്ങൾക്ക് ജിഎസ്ടി ഇളവ് നൽകുന്ന രീതി തന്നെ നിലവിലില്ല. അപ്പോഴാണ് പതിനാറു കോടിയോളം സർക്കാർ നൽകിയ നിർമ്മാണ പ്രവർത്തനത്തിനു ജിഎസ്ടി ഒഴിവാക്കിക്കൊടുത്തത്. ഊരാളുങ്കലിന് നികുതി ഒഴിവാക്കി കൊടുത്ത ഉത്തരവ് ഇട്ടത് സർക്കാരല്ല. അഡ്വാൻസിങ് റൂൾ അഥോറിറ്റിയാണ്. വേണമെങ്കിൽ ജി എസ് ടി കൗൺസിലിന് പരാതി കൊടുക്കാം എന്നാണ് മന്ത്രി തോമസ് ഐസക്ക് വി.ഡി.സതീശന് നൽകിയ മറുപടിയിൽ പറയുന്നത്. അതിനു സതീശൻ പറയുന്ന മറുപടിയിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. സർക്കാരിനു ജിഎസ്ടി പോയെങ്കിൽ അതിനു നടപടിയുമായി പോകേണ്ടത് ഖജനാവ് നോക്കുന്ന മന്ത്രിയോ അല്ലെങ്കിൽ പ്രതിപക്ഷ എംഎൽഎയോ എന്നാണ് സതീശൻ ചോദിക്കുന്നത്.

ഊരാളുങ്കൽ പ്രശ്‌നത്തിൽ വിഡി. സതീശന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നത്:

ഊരാളുങ്കൽ സൊസൈറ്റിക്ക് എന്താ കൊമ്പുണ്ടോ? സംസ്‌ക്കാരിക മേഖലയിൽ ഊരാളുങ്കൽ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജി എസ് ടി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ജി എസ് ടി വകുപ്പ് ഇറക്കിയിരിക്കുകയാണ്. ഭരണഘടനയുടെ 243 ( G),243 ( W) എന്നീ വകുപ്പുകളും കേന്ദ്ര ജി എസ് ടി വകുപ്പ് പുറത്തിറക്കിയ 12/ 2017 വിജ്ഞാപനവും ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് സർക്കാർ ഈ നടപടി സ്വീകരിക്കുന്നത്. ഓരോ പ്രവർത്തിക്കും ഊരാളുങ്കൽ സൊസൈറ്റിക്ക് മറ്റു കരാറുകാരേക്കാൾ കൂടുതൽ തുകയ്ക്ക് ക്വാട്ട് ചെയ്യാനുള്ള പ്രത്യേക അനുമതി നേരത്തെ തന്നെയുണ്ട്. അതിന്റെ കൂടെയാണ് ജി എസ് ടി കൂടി അവർക്ക് ഒഴിവാക്കിക്കൊടുത്തത്. നിയമവിരുദ്ധമായ ഈ തീരുമാനം സർക്കാർ അടിയന്തിരമായി പിൻവലിക്കണം.

തോമസ് ഐസക്ക് നൽകുന്ന വിശദീകരണം:

വി.ഡി. സതീശൻ എംഎൽഎയുടെ പോസ്റ്റ് ഞാൻ പൂർണ്ണമായും ഉദ്ധരിക്കുകയാണ്. ഞാൻ എന്തെങ്കിലും തെറ്റിദ്ധരിപ്പിച്ചുവെന്ന ആക്ഷേപം വേണ്ട. ''ഊരാളുങ്കൽ സൊസൈറ്റിക്ക് എന്താ കൊമ്പുണ്ടോ? സംസ്‌ക്കാരിക മേഖലയിൽ ഊരാളുങ്കൽ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജിഎസ്ടി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ജിഎസ്ടി വകുപ്പ് ഇറക്കിയിരിക്കുകയാണ്. ഭരണഘടനയുടെ 243 (G),243 (W) എന്നീ വകുപ്പുകളും കേന്ദ്ര ജിഎസ്ടി വകുപ്പ് പുറത്തിറക്കിയ 12/2007 വിജ്ഞാപനവും ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് സർക്കാർ ഈ നടപടി സ്വീകരിക്കുന്നത്. ഓരോ പ്രവർത്തിക്കും ഊരാളുങ്കൽ സൊസൈറ്റിക്ക് മറ്റു കരാറുകാരേക്കാൾ കൂടുതൽ തുകയ്ക്ക് ക്വാട്ട് ചെയ്യാനുള്ള പ്രത്യേക അനുമതി നേരത്തെ തന്നെയുണ്ട്. അതിന്റെ കൂടെയാണ് ജിഎസ്ടി കൂടി അവർക്ക് ഒഴിവാക്കിക്കൊടുത്തത്. നിയമവിരുദ്ധമായ ഈ തീരുമാനം സർക്കാർ അടിയന്തിരമായി പിൻവലിക്കണം.''

1) കേരള സർക്കാരിന്റെ ജി.എസ്.ടി വകുപ്പ് അല്ല ഉത്തരവ് ഇറക്കിയിട്ടുള്ളത്. അഡ്വാൻസ് റൂളിങ് അഥോറിറ്റിയുടെതാണ് ഉത്തരവ്. ഇത് അർദ്ധജുഡീഷ്യൽ സ്വഭാവമുള്ള ഒരു നികുതി അഥോറിറ്റിയാണ്. ഇതിൽ രണ്ട് അംഗങ്ങളാണുള്ളത്. കേന്ദ്ര സർക്കാരിന്റെ നികുതി ഉദ്യോഗസ്ഥനും അതുപോലെ സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ജോയിന്റ് കമ്മീഷണറും. ഇവർ ഇറക്കുന്ന ഉത്തരവ് എങ്ങനെ കേരള സർക്കാരിന്റെ ഉത്തരവാകും?

2) ഇവരുടെ ചുമതല ജി.എസ്.ടി നിയമം സംബന്ധിച്ച് എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ നികുതി നിർണ്ണയത്തിനു മുമ്പുതന്നെ അഡ്വാൻസായി അഥവാ മുൻകൂറായി അതുസംബന്ധിച്ച് വ്യക്തതയോ അല്ലെങ്കിൽ വ്യാഖ്യാനമോ നൽകുക എന്നുള്ളതാണ്. അവരുടെ തീരുമാനത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ മുകളിലുള്ള അപ്പലേറ്റ് അഥോറിറ്റിയിൽ അപ്പീൽ നൽകുക മാത്രമാണ് മാർഗ്ഗം. സംസ്ഥാന സർക്കാരിന് തീരുമാനം പിൻവലിക്കാനുള്ള അധികാരം ഇല്ല. അതുകൊണ്ട് സതീശന്റെ അഭ്യർത്ഥന സ്വീകരിക്കാൻ കഴിയില്ല.

3) കേന്ദ്ര ജി.എസ്.ടി വകുപ്പ് പുറത്തിറക്കിയ 12/2017 ലെ (2007 എന്നുള്ളത് സതീശന്റെ കുറിപ്പിലുള്ള അക്ഷരത്തെറ്റാണ്) വിജ്ഞാപനം ദുർവ്യഖ്യാനം ചെയ്തുകൊണ്ടാണ് ഈ ഉത്തരവ് ഇറക്കിയിട്ടുള്ളത് എന്നാണ് വാദം. വ്യാഖ്യാനമാകട്ടെ ദുർവ്യാഖ്യാനമാകട്ടെ മുകളിലുള്ള അഥോറിറ്റിയുടെ അപ്പലേറ്റ് അഥോറിറ്റിക്കു മാത്രമേ അത് തിരുത്താൻ കഴിയൂ. അല്ലെങ്കിൽ ജി.എസ്.ടി കൗൺസിൽ മുൻകാല പ്രാബല്യത്തോടെ ഈ ഇളവ് വേണ്ടായെന്നു തീരുമാനിക്കണം. ഇതു സംബന്ധിച്ച് നിശ്ചമായും വി.ഡി.സതീശന് ജി.എസ്.ടി കൗൺസിലിന് എഴുതാവുന്നതാണ്.

4) ജി.എസ്.ടി കൗൺസിൽ ഒട്ടേറെ ഉൽപ്പന്നങ്ങൾക്ക് നികുതി ഇളവ് നൽകിയിട്ടുണ്ട്. അതുപോലെ സേവനങ്ങൾക്കും. അതിൽ ഒന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കും ദുർബ്ബല ജനവിഭാഗങ്ങളുടെ ഉന്നമനം, സാംസ്കാരിക അഭ്യുന്നതി എന്നിവയെല്ലാം ലക്ഷ്യംവച്ച് നൽകുന്ന സേവനങ്ങൾ പുവർ സർവീസ് ആണെങ്കിൽ നികുതി വേണ്ട എന്നുള്ളത്. ഇതു സംബന്ധിച്ചാണ് 12/2017 ലെ വിജ്ഞാപനത്തിന്റെ സ്പഷ്ടീകരണം. നിർമ്മാണ പ്രവൃത്തികൾ അല്ലെങ്കിൽ സാധനങ്ങളുടേയും സേവനങ്ങളുടെയും ഒന്നിച്ചുള്ള സപ്ലൈ എന്നിവ പുവർ സർവീസ് എന്ന ഗണത്തിൽപ്പെടുത്താൻ കഴിയില്ല. ഊരാളുങ്കൽ പരാമർശവിധേയമായ കോൺട്രാക്ടിൽ നൽകുന്ന സേവനങ്ങൾ പുവർ സർവീസ് എന്ന ഗണത്തിൽപ്പെടുമോ ഇല്ലയോ എന്നതാണ് ഈ അഥോറിറ്റി പരിശോധിച്ചത്.

ഊരാളുങ്കൽ നൽകുന്ന സേവനം ആ ഗണത്തിൽപ്പെടുമെന്നാണ് അഡ്വാൻസ് റൂളിങ് അഥോറിറ്റിയുടെ കണ്ടെത്തൽ. ഇങ്ങനെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കും നൽകുന്ന പുവർ സർവീസ് സേവനങ്ങൾക്ക് ജി.എസ്.ടി നികുതി ഒഴിവ് നൽകാനാണ് ജി.എസ്.ടി കൗൺസിലിന്റെ തീരുമാനം. ആ ആനുകൂല്യം ഊരാളുങ്കലിനും ലഭ്യമാകും.

5) ഊരാളുങ്കലിന് ഒഴിവ് നൽകുന്നൂവെന്ന് കേൾക്കുമ്പോൾ സാധാരണക്കാരുടെ മനസ്സിൽ വരുക അവരുടെ കോൺട്രാക്ട് നിർമ്മാണ പ്രവർത്തികൾക്ക് ഇളവ് നൽകിയിരിക്കുന്നു എന്നായിരിക്കും. അവയ്‌ക്കൊന്നിനും ഒരു ഒഴിവും ഇല്ല. ഒഴിവ് നൽകുന്ന സേവനങ്ങൾ എന്തൊക്കെയാണെന്ന് ഉത്തരവിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ''ഗ്രാമീണ കല, കരകൗശല ഗ്രൂപ്പുകൾ സൃഷ്ടിക്കുക. ഗ്രാമീണ കലാകാരന്മാരുടെ കലാനൈപുണിയെ ഉയർത്തിക്കൊണ്ട് അവരെ ശാക്തീകരിക്കുക. കലാപ്രദർശനങ്ങൾ നടത്തുക. ഇടനിലക്കാർ ഇല്ലാതെ കലാകാരന്മാരെ കമ്പോളവുമായി നേരിട്ട് ബന്ധിപ്പിക്കുക. ഇതുവഴി സ്ഥായിയായ ജീവിതോപാധി സൃഷ്ടിക്കുക. തുടങ്ങിയവ.'' കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് നടത്തുന്ന മേൽപ്പറഞ്ഞ ഒരു പ്രോജക്ടിനു വേണ്ടി മാത്രമാണ് ഇളവ്.
ഇതിനുള്ള യോഗ്യത ഊരാളുങ്കലിന് എന്താണെന്നും ചിലർ സംശയിച്ചേയ്ക്കാം. അവരോട് എനിക്ക് പറയാനുള്ളത് - ഊരാളുങ്കൽ വടകരയിൽ നടത്തുന്ന സർഗ്ഗാലയ ക്രാഫ്റ്റ് വില്ലേജ് ഒന്നു പോയി കാണുക. അല്ലെങ്കിൽ തിരുവനന്തപുരത്ത് വെള്ളാറിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ക്രാഫ്റ്റ് വില്ലേജ് കാണുക.

6) ഇനി റൂളിങ് മറിച്ചായിരുന്നു എന്നിരിക്കട്ടെ കേരള സർക്കാരിന് ഊരാളുങ്കൽ നൽകുന്ന സേവനങ്ങൾക്ക് ജി.എസ്.ടി ചേർത്ത് പ്രതിഫലം നൽകേണ്ടി വന്നേനെ. അതിന്റെ പകുതി കേന്ദ്രത്തിനുകൂടി പോയേനേ.
7) ഊരാളുങ്കൽ സൊസൈറ്റിക്കു മാത്രമല്ല, മറ്റു ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്കും ''ടെണ്ടറുകളിൽ ഇളവുണ്ടെന്നകാര്യം'' വിസ്മരിക്കരുത്. ഇന്നു മാത്രമല്ല, യുഡിഎഫിന്റെ കാലത്തും ഉണ്ടായിരുന്നു.
8) ഊരാളുങ്കൽ സൊസൈറ്റിക്ക് കൊമ്പുണ്ടോ എന്ന ചോദ്യം ഞെട്ടിപ്പിക്കാൻ ഉദ്ദേശിച്ചിട്ടാവും. ഏതായാലും കേരളത്തിലെ ഏറ്റവും നല്ല സഹകരണ സംഘങ്ങളിൽ ഒന്നാണ് ഊരാളുങ്കൽ. സതീശന് സംശയമുണ്ടെങ്കിൽ ഞാനും മിഷേൽ വില്യംസ് ചേർന്ന് എഴുതിയ പുസ്തകം (Building Alternative The Story of India`s Oldest Construction Workers` Cooperative, Left Word Books) വായിച്ചാൽ ബോധ്യപ്പെടും. ഒരുകാര്യംകൂടി പറയട്ടെ മറ്റ് എല്ലാ അക്രെഡിറ്റഡ് ഏജൻസികൾക്കും എടുക്കാവുന്ന കോൺട്രാക്ടിന്റെ അടങ്കലിൽ വർദ്ധന ഈ സർക്കാർ വരുത്തിയിട്ടുണ്ട്. ഈ വർദ്ധന ഊരാളുങ്കലിനും കിട്ടിയിട്ടുണ്ട്. ഇതൊഴിച്ചാൽ ഊരാളുങ്കലിന് നൽകുന്ന എല്ലാ പ്രത്യേക ആനുകൂല്യങ്ങളും യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇറങ്ങിയിട്ടുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ്.
ഇത്ര സ്പഷ്ടമായൊരു കാര്യത്തിൽ, 2019 മാർച്ച് മാസത്തിൽ ഇറങ്ങിയ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു വിവാദം സൃഷ്ടിക്കുന്നതെന്ന് സതീശൻ തന്നെ വിശദീകരിക്കണം.

ഐസക്കിന്റെ വിശദീകരണത്തിനു സതീശന്റെ മറുപടി ഇങ്ങനെ:

'ഊരാളുങ്കൽ സൊസൈറ്റിക്ക് കൊമ്പുണ്ടോ'? എന്ന ഇന്നലെ ഞാനിട്ട എഫ് ബി പോസ്റ്റിന് മറുപടിയുമായി ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് എത്തിയിട്ടുണ്ട്. ആദ്യം മറുപടി ഇട്ടത് അദ്ദേഹത്തിന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി ഗോപകുമാറാണ്. അത് മതിയാകില്ല എന്ന് തോന്നിയപ്പോഴാണ് സാക്ഷാൽ മന്ത്രി തന്നെ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ( കൃത്യം 10 വർഷം മുൻപ് 2010 സെപ്റ്റംബറിൽ ലോട്ടറി വിവാദത്തിനായി അദ്ദഹം യുഡിഎഫി നെ വെല്ലുവിളിച്ചു. അദ്ദേഹവുമായി സംവാദത്തിന് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി എന്നെ ചുമതലപ്പെടുത്തി. അന്ന് ഐസക്ക് പറഞ്ഞത് ഞാനുമായി സംവാദത്തിന് എന്റെ അഡീ.പി.എസ് ഗോപകുമാറിനെ അയയ്ക്കുമെന്നാണ്. അങ്ങ് പ്യൂണിനെ അയച്ചാലും ഞാൻ റെഡി എന്ന് പറഞ്ഞപ്പോഴാണ് സാക്ഷാൽ മന്ത്രി തന്നെ അന്ന് ഹാജരായത്.)
കഴിഞ്ഞ ഒരു എഫ്ബി പോസ്റ്റിന് മറുപടി ഇട്ടപ്പോൾ ഞാൻ പറഞ്ഞത് ആ പോസ്റ്റ് ഐസക്കിട്ടതല്ല എന്നാണ്. എന്നാൽ ഈ മറുപടി അദ്ദേഹം തന്നെയാണ് എഴുതിയത് എന്നതിൽ എനിക്ക് സംശയമില്ല.
അദ്ദേഹം ഇട്ട പോസ്റ്റിലെ പ്രധാന വാദങ്ങൾ എന്തൊക്കെയാണ്?

1. ഊരാളുങ്കലിന് നികുതി ഒഴിവാക്കി കൊടുത്ത ഉത്തരവ് ഇട്ടത് സർക്കാരല്ല. അഡ്വാൻസിങ് റൂൾ അഥോറിറ്റിയാണ്. വേണമെങ്കിൽ ജി എസ് ടി കൗൺസിലിന് പരാതി കൊടുക്കാം.

2. സംസ്‌ക്കാരിക പ്രവർത്തനം നടത്തിയതിനാണ് നികുതി ഒഴിവാക്കിയത്. ഈ നികുതി ബാധകമല്ല. വേണമെങ്കിൽ അവരുണ്ടാക്കിയ ക്രാഫ്റ്റ് വില്ലേജ് പോയി നോക്കൂ.
3. അവർ നടത്തുന്ന പ്രവർത്തനം പുവർ സർവീസ് ആണ്. ഊരാളുങ്കൽ ഭയങ്കര സംഭവമാണ്. യു ഡി എഫ് കാലത്തും അവർക്ക് അനുകൂലമായ ഉത്തരവുകൾ കൊടുത്തിട്ടുണ്ട്.
4. ഈ നികുതി കിട്ടിയാലും പകുതി കേന്ദ്രത്തിന് കൊടുക്കണം. മറുപടി അങ്ങ് ശ്രദ്ധിച്ചു വായിക്കണം.

1. അഡ്വാൻസിങ് റൂൾ അഥോറിറ്റി ഊരാളുങ്കലിന് നികുതി ഇല്ലാതാക്കണം എന്നാവശ്യപ്പെട്ടപ്പോൾ സർക്കാർ എടുത്ത നിലപാടെന്താണ്? അഥോറിറ്റിയിലെ രണ്ടംഗങ്ങളിൽ ഒരാൾ സംസ്ഥാന ജി എസ് ടി യുടെ ജോയിന്റ് കമീഷണറല്ലേ? എന്നോട് അപ്പീൽ പോകാനാണ് മന്ത്രി ഉപദേശിക്കുന്നത്. സർക്കാരിനുണ്ടായ ധനനഷ്ടത്തിന് ഞാനാണോ അപ്പീൽ പോകേണ്ടത്? ഖജനാവ് സൂക്ഷിക്കാൻ ജനങ്ങൾ അങ്ങയെ അല്ലെ ഏൽപ്പിച്ചിരിക്കുന്നത്?

2. അവർ എന്ത് സംസ്‌ക്കാരിക പ്രവർത്തനമാണ് പ്രതിഫലമില്ലാതെ നടത്തിയത്. സർക്കാർ കൊടുത്ത പണമുപയോഗിച്ചല്ലേ അവർ ആ ജോലി ചെയ്തത്? ക്രാഫ്റ്റ് വില്ലേജ് ഉണ്ടാക്കാൻ 16 കോടി സർക്കാർ കൊടുത്തില്ലേ? ഇതെന്ത് പുവർ സർവീസ് ആണ്. ? ഇതിൽ തന്നെ 18 ശതമാനം നികുതിയാകുമ്പോൾ എത്ര തുകയായി? ഇനിയും കോടിക്കണക്കിനു രൂപയുടെ പദ്ധതികൾ വേറെയില്ലേ? പ്രതിഫലം നൽകാതെ ചെയ്യുന്നതിനാണ് സർവ്വീസ് എന്ന് പറയുന്നത്.

3. മന്ത്രിയുടെ പോസ്റ്റിൽ തന്നെ പറയുന്നുണ്ട് ഇത്തരം നികുതിയിളവ് നൽകേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കുമാണെന്ന്. ഭരണഘടനയുടെ 243 (G), (W) വകുപ്പുകളും കേന്ദ്രസർക്കാരിന്റെ നോട്ടിഫിക്കേഷനും അത് തന്നെയാണ് പറയുന്നത്. എന്ന് മുതലാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് നിങ്ങൾ പഞ്ചായത്തിന്റെ യും മുനിസിപ്പാലിറ്റിയുടെയും പദവി കൊടുത്തത്? (കേന്ദ്ര നോട്ടിഫിക്കേഷൻ എഴുതിയപ്പോൾ എന്റെ പോസ്റ്റിൽ വന്ന അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. ഞാനത് തിരുത്തിയിട്ടുണ്ട്.)

4. 2019 മാർച്ചിലെ ഉത്തരവ് വിവാദമാക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിക്കുന്നു. അടുത്ത ദിവസങ്ങളിലാണ് ഇത് സൈറ്റിൽ കണ്ടത്. വൈകിയെങ്കിലും ഒരു അനീതിയും സ്വജന പക്ഷപാതവും അറിയുമ്പോൾ അത് ശ്രദ്ധയിൽ പെടുത്തെണ്ടെ? യു ഡി എഫ് കാലത്ത് ഊരാളുങ്കലിന് വഴിവിട്ട് വല്ലതും ചെയ്തിട്ടുണ്ടങ്കിൽ അതും അന്വേഷണ വിഷയമാക്കണമെന്നാണ് എന്റെ അഭിപ്രായം.

5. നികുതി ലഭിച്ചാലും സംസ്ഥാനത്തിന് പകുതിയെ കിട്ടുകയുള്ളൂ , പകുതി കേന്ദ്രത്തിന് പോകും എന്നാണ് അങ്ങ് പറയുന്നത്. ഒരു ധനമന്ത്രിയെന്ന നിലയിൽ അങ്ങേക്ക് പറയാൻ കൊള്ളാവുന്ന ഒരു കാര്യമാണോ ഇത്? ഏതോ വിദേശ രാജ്യത്തേക്ക് നികുതി പോകും എന്ന് പറയുന്ന പോലെ അങ്ങോടു പോകുന്ന നികുതിയും പല പദ്ധതികളായി സംസ്ഥാനത്തേക്ക് വരില്ലേ? അങ്ങ് സംസ്ഥാനത്തിന്റെ ധനമന്ത്രിയാണ്. നികുതി ചോർച്ച ഉണ്ടാക്കുന്ന നടപടികൾക്ക് കൂട്ടുനിൽക്കരുത്. ആരു പറഞ്ഞാലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP