Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജ ബുർഖ ധരിച്ച് മാത്രം പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് എന്തിന്? അവരെ കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടലും അസ്വസ്ഥതയുമുണ്ടാക്കുന്നു എന്ന് തസ്ലീമ നസ്രീൻ; തന്റെ വീട്ടിലെ സ്ത്രീകൾക്ക് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട് എന്ന് റഹ്മാൻ; ശരിയായ ഫെമിനിസം എന്താണ് എന്ന് നിങ്ങൾ ഗൂഗിളിൽ സർച്ച് ചെയ്തുനോക്കൂ എന്ന് തിരിച്ചടിച്ച് ഖദീജ റഹ്മാനും; എ ആർ റഹ്മാൻ കുടുംബത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം

സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജ ബുർഖ ധരിച്ച് മാത്രം പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് എന്തിന്? അവരെ കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടലും അസ്വസ്ഥതയുമുണ്ടാക്കുന്നു എന്ന് തസ്ലീമ നസ്രീൻ; തന്റെ വീട്ടിലെ സ്ത്രീകൾക്ക് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട് എന്ന് റഹ്മാൻ; ശരിയായ ഫെമിനിസം എന്താണ് എന്ന് നിങ്ങൾ ഗൂഗിളിൽ സർച്ച് ചെയ്തുനോക്കൂ എന്ന് തിരിച്ചടിച്ച് ഖദീജ റഹ്മാനും; എ ആർ റഹ്മാൻ കുടുംബത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: രാജ്യത്തിന്റെ അഭിമാനമായ സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകളുടെ വസ്ത്രധാരണത്തെ ചൊല്ലി സോഷ്യൽ മീഡിയിൽ വൻ വിവാദം. പ്രശസ്ത എഴുത്തുകാരിയും ഇസ്ലാമിക മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് ബംഗ്ലാദേശ് വിടേണ്ടിവരികയും ചെയ്ത തസ്ലീമ നസ്രീൻ ഒരു വർഷം മുമ്പ് എഴുതിയ ഒരുപോസ്റ്റ് ചിലർ കുത്തിപ്പൊക്കിയതോടെയാണ് വിവാദം കൊഴുത്തത്. എ ആർ റഹ്മാന്റെ മകളെ കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടലും അസ്വസ്ഥതയുമുണ്ടാക്കുന്നു എന്നാണ് തസ്ലീമ നസ്രീൻ എഴുതിയത്. മുഖം മൂടി ബുർഖ ധരിച്ച് മാത്രം പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന റഹ്മാന്റെ മകൾ ഖദീജയെക്കുറിച്ചാണ് തസ്ലീമ നസ്രീൻ പറഞ്ഞത്. അതേസമയം സോഷ്യൽമീഡിയയിലെ ഇത്തരം വിവാദങ്ങളെ എ ആർ റഹ്മാൻ തള്ളിക്കളഞ്ഞിരുന്നു.

തന്റെ വീട്ടിലെ സ്ത്രീകൾക്ക് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട് എന്നും ഇന്ത്യയുടെ പ്രിയ സംഗീതകാരൻ പറഞ്ഞിരുന്നു. ഇപ്പോൾ ഈ വിവാദങ്ങൾക്ക് ഒരു വർഷത്തിന് ശേഷമാണ് തസ്ലീമയുടെ പോസ്റ്റ് വീണ്ടും പ്രചരിക്കുന്നത്. എനിക്ക് എ ആർ റഹ്മാന്റെ സംഗീതം വലിയ ഇഷ്ടമാണ്. പക്ഷെ അദ്ദേഹത്തിന്റെ മകളെ കാണുമ്പോൾ എനിക്ക് വല്ലാത്ത വീർപ്പുമുട്ടലുണ്ടാകുന്നു. സാംസ്‌കാരികമായി ഉന്നതതലത്തിൽ നിൽക്കുന്ന ഒരു കുടുംബത്തിലെ വിദ്യാഭ്യാമുള്ള ഒരു സ്ത്രീയെ പോലും ഇത്ര എളുപ്പത്തിൽ ബ്രെയിൻവാഷ് ചെയ്യാമെന്ന് വന്നാൽ അത് വളരെ നിരാശാജനകമാണ് - തസ്ലീമ നസ്രീൻ ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്.

അതേസമയം തസ്ലീമയ്ക്ക് മറുപടിയുമായി ഖദീജ റഹ്മാൻ ഇൻസ്റ്റാഗ്രാമിൽ രംഗത്തെത്തി. ഇതിപ്പൊ ഒരു വർഷമായിട്ടും ചർച്ചയാണല്ലോ. ഈ രാജ്യത്ത് എന്തൊക്കെ പ്രശ്‌നങ്ങൾ നടക്കുന്നു. എന്നിട്ടും ഒരു സ്ത്രീയയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചർച്ച. എനിക്ക് ഇതിൽ അദ്ഭുതം തോന്നുന്നു. ഈ വിഷയം ഓരോ തവണ ഉയർന്നുവരുമ്പോളും എനിക്ക് ഒരുപാട് കാര്യങ്ങൾ പറയണമെന്ന് തോന്നിയിരുന്നു. ഞാൻ ജീവിതത്തിൽ നടത്തിയ തിരഞ്ഞെടുപ്പുകളിലൊന്നും ഞാൻ ഖേദിക്കുന്നില്ല. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ സന്തോഷിക്കുന്നു. എന്നെ ഞാനായി കാണുന്നവരോട് നന്ദി പറയുന്നു. ഞാൻ ചെയ്യുന്ന ജോലിയാണ് ഞാൻ ആരാണ് എന്ന് പറയുക. പ്രിയപ്പെട്ട തസ്ലീമ നസ്രിൻ, എന്റെ വസ്ത്രത്തിൽ നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നതിൽ എനിക്ക് വളരെ വിഷമുണ്ട്. നിങ്ങൾക്കാണ് ശുദ്ധവായു വേണ്ടത്. ശരിയായ ഫെമിനിസം എന്താണ് എന്ന് നിങ്ങൾ ഗൂഗിളിൽ സർച്ച് ചെയ്തുനോക്കൂ. അത് മറ്റ് സ്ത്രീകളെ ഇടിച്ചുതാഴ്‌ത്തുന്നതോ അവരുടെ പിതാക്കന്മാരെ എന്തെങ്കിലും പ്രശ്‌നങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതോ അല്ല.- അവർ പ്രതികരിച്ചു.

ഹിന്ദുമത വിശ്വാസികൾ ആയിരുന്നു റഹ്മാൻ കുടുംബം പിന്നീട് ഇസ്ലാമിലേക്ക് മാറുകയായിരുന്നു. ഇത് മുതലെടുത്തും ചിലർ വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്. മലയാളം, തമിഴ് ചലച്ചിത്രങ്ങൾക്ക് സംഗിതം നൽകിയിരുന്ന ആർ.കെ.ശേഖറിന്റെ മകനായ റഹ്മാൻ കീബോർഡ് വായിച്ചുകൊണ്ട് തന്റെ അച്ഛനെ റെക്കോർഡിങ് സ്റ്റുഡിയോയിൽ സഹായിച്ചാണ് സംഗീതലോകത്ത് പിച്ചവെച്ചത്.അദ്ദേഹത്തിന് ഒൻപത് വയസ്സുള്ളപ്പോൾ പിതാവ് മരിക്കുകയുണ്ടായി. പിന്നീട് നിത്യജീവിതത്തിലെ വരുമാനത്തിന് വേണ്ടി പിതാവിന്റെ സംഗീതോപകരണങ്ങൾ വാടകയ്ക്ക് നൽകിയാണ് കുടുംബം കഴിഞ്ഞത്.

തുടർന്ന് അമ്മയായ കരീമയുടെ മേൽനോട്ടത്തിൽ വളർന്ന റഹ്മാൻ, പഠിക്കുന്ന സമയത്ത് വരുമാനത്തിനുവേണ്ടി ജോലി ചെയ്യേണ്ടി വരികയും ഇതിന്റെ ഫലമായി ക്ലാസ്സുകൾ നഷ്ടപ്പെടുകയും പരീക്ഷകളിൽ പരാജയപ്പെടുകയും ചെയ്തു. പിന്നീട് സംഗീതമേഖലയിലെ പ്രവർത്തനങ്ങൾ വർധിച്ചപ്പോൾ പഠനവും സംഗീതവും ഒരേപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം പഠനം ഉപേക്ഷിക്കയായിരുന്നു. തന്റെ 11-ാം വയസ്സിൽ റഹ്മാൻ, മലയാള ചലച്ചിത്ര സംവിധായകനും ആർ.കെ. ശേഖറിന്റെ അടുത്ത സുഹൃത്തുമായ എം.കെ. അർജുനൻ മാസ്റ്ററിന്റെ ഓർക്കസ്ട്രയിൽ പ്രവർത്തിക്കുകയുണ്ടായി.

അക്കാലത്ത് ഇളയരാജയടക്കം നിരവധി സംഗീതഞ്ജർ റഹ്മാന്റെ കുടുംബത്തിൽ നിന്ന് അദ്ദേഹത്തിന്റെ അച്ഛന്റെ സംഗീതോപകരണങ്ങൾ വാടകയ്ക്കെടുത്തിരുന്നു. പിന്നീട് എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ അംഗമായി. സാക്കിർ ഹുസൈൻ, കുന്നക്കുടി വൈദ്യനാഥൻ, എൽ. ശങ്കർ എന്നിവരുടെ കൂടെയും പല സ്ഥലങ്ങളിൽ സഞ്ചരിച്ച് സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ശേഷം ലണ്ടനിലെ ട്രിനിറ്റി സംഗീത കോളേജിൽ സ്‌കോളർഷിപ്പ് ലഭിക്കുകയും അവിടെ പാശ്ചാത്യ ക്ലാസിക്ക് സംഗീതത്തിൽ ബിരുദം നേടുകയും ചെയ്തു.

മദ്രാസിൽ പഠിച്ചുകൊണ്ട്, ഈ സ്‌കൂളിൽ നിന്നും പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിൽ ഡിപ്ലോമ കരസ്ഥമാക്കുകയുണ്ടായി. 1984 ൽ സഹോദരി രോഗബാധിതയായ സമയത്താണ് ഖാദിരിയ്യ ത്വരീഖത്തിനെക്കുറിച്ച് റഹ്മാൻ അടുത്തറിയുന്നത്. 1989 ൽ തന്റെ 23-ാമത്തെ വയസ്സിൽ റഹ്മാനും കുടുംബാംഗങ്ങളും ഇസ്ലാം മതം സ്വീകരിക്കുകയും അല്ലാരഖാ റഹ്മാൻ എന്ന് പേര് മാറ്റുകയും ചെയ്തു. പക്ഷേ റഹ്മാൻ കുടുംബത്തിൽ ഈ ഒരു കുട്ടിമാത്രമാണ് ബുർഖ ധരിക്കുന്നതെന്നും മറ്റുള്ളവരെല്ലാം ആധുനിക വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി റഹ്മാന്റെ സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്. അനാവശ്യ വിവാദം അവസാനിപ്പിക്കണം എന്നും അവർ അഭ്യർത്ഥിക്കുന്നുണ്ട്. തീർത്തും മതേതരമായി ജീവിക്കുന്ന റഹ്മാനെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും അവർ അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP