Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

21-ാം വയസിനിടയിൽ 4 പെൺകുട്ടികളെ വലയിലാക്കി; കുമളിയിലെ പെൺകുട്ടി നാലാം ഇര; വളച്ചെടുത്തവരെല്ലാം പ്രായപൂർത്തിയാകാത്തവർ; പീഡനം പിടിച്ച എസ് ഐയെ വ്യാജപരാതിയിലൂടെ കുടുക്കാൻ അമ്മയുടെ കൂട്ട്; തെങ്ങിലും കവുങ്ങിലുമൊക്കെ കയറുന്ന അതിവിദഗ്ധനെ പൊലീസ് പിടിച്ചത് ടോർച്ചിലെ വെളിച്ചം തെങ്ങിൻ മുകളിലെത്തിയപ്പോൾ; മോഷണത്തിലും പീഡനത്തിലും അതിവിരുതൻ; കാമുകിക്കൊപ്പം ഇലവീഴാപൂഞ്ചിറക്കാട്ടിലെ 'ത്രില്ലിങ്' ആയ വനവാസം ഒരുക്കിയ ടാർസൻ അപ്പു ആളു ചില്ലറക്കാരനല്ല!

21-ാം വയസിനിടയിൽ 4 പെൺകുട്ടികളെ വലയിലാക്കി; കുമളിയിലെ പെൺകുട്ടി നാലാം ഇര; വളച്ചെടുത്തവരെല്ലാം പ്രായപൂർത്തിയാകാത്തവർ; പീഡനം പിടിച്ച എസ് ഐയെ വ്യാജപരാതിയിലൂടെ കുടുക്കാൻ അമ്മയുടെ കൂട്ട്; തെങ്ങിലും കവുങ്ങിലുമൊക്കെ കയറുന്ന അതിവിദഗ്ധനെ പൊലീസ് പിടിച്ചത് ടോർച്ചിലെ വെളിച്ചം തെങ്ങിൻ മുകളിലെത്തിയപ്പോൾ; മോഷണത്തിലും പീഡനത്തിലും അതിവിരുതൻ; കാമുകിക്കൊപ്പം ഇലവീഴാപൂഞ്ചിറക്കാട്ടിലെ 'ത്രില്ലിങ്' ആയ വനവാസം ഒരുക്കിയ ടാർസൻ അപ്പു ആളു ചില്ലറക്കാരനല്ല!

പ്രകാശ് ചന്ദ്രശേഖർ

കുമളി: 17 കാരിയെ കടത്തിക്കൊണ്ടുപോയി മൂന്നാഴ്ചയിലേറെ ഇലവീഴാപൂഞ്ചിറയുടെ പരിസര പ്രദേശങ്ങളിലെ മലമടക്കുകളിലും ഗുഹകളിലും കാട്ടിലും മറ്റും കഴിഞ്ഞ മേലുകാവ് സ്വദേശി അപ്പുക്കുട്ടൻ എന്നറിയപ്പെടുന്ന ജോർജ്ജിന്റെ ജീവിതയാത്ര ആരെയും അമ്പരപ്പിക്കുന്നത്. 21 വയസ്സിടിയിൽ 4 പെൺകുട്ടികളെ വലയിലാക്കി കാര്യം സാധിച്ച വിരുതനാണ് കുടുങ്ങുന്നത്. കുമളിയിലെ പെൺകുട്ടി നാലമത്തെ ഇര. മൂന്നുപേർ പ്രായപൂർത്തിയാവാത്തവരെന്നും സൂചന.

പ്രായപൂർത്തിയായ പെൺകുട്ടി ഗർഭിണിയായെങ്കിലും നിയമ നടപടിയിൽ നിന്നും പിന്മാറിയത് രക്ഷയായി. പരാതി അന്വേഷിച്ചതിന്റെ പേരിൽ മാതാവ് എസ് ഐ യോട് പകരം വീട്ടിയത് മേലുദ്യോഗസ്ഥന് വ്യാജപരാതി നൽകിയെന്നും വെളിപ്പെടുത്തൽ. കട്ടപ്പന ഡി വൈ എസ് പി രാജ്‌മോഹന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ താൻ നടത്തിയ വേട്ടയെക്കുറിച്ചും ഇരകളെക്കുറിച്ചുമെല്ലാം അപ്പു മനസ്സ് തുറന്നത്. പൊലീസിന്റെ ചോദ്യങ്ങൾക്കെല്ലാം യാതൊരുകൂസലുമില്ലാതെ അടുക്കും ചിട്ടയുമായിട്ടായിരുന്നു അപ്പുവിന്റെ മറുപടി.

ചിങ്ങവനം പൊലീസ് ചാർജ്ജുചെയ്ത പീഡനക്കേസ്സിലും കാഞ്ഞാർ പൊലീസ് ചാർജ്ജുചെയ്ത ബൈക്ക് മോഷണക്കേസ്സിലും ജാമ്യം നേടിയാണ് അപ്പു നാട്ടുകാർക്കിടയിൽ വിലസിയിരുന്നത്. മേലുകാവിലെ മലഞ്ചരക്ക് വ്യാപാരസ്ഥാപനത്തിലെ സഹായി എന്ന നിലയിലാണ് അടുത്തകാലത്ത് അപ്പു നാട്ടിൽ അറിയപ്പെട്ടിരുന്നത്. അടയ്ക്ക വ്യാപാര രംഗത്ത് സജീവമായിരുന്ന വ്യാപാരി കവുങ്ങുകയറ്റത്തിനായി അപ്പുവിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നെന്നാണ് നാട്ടുകാരിൽ നിന്നും ലഭിച്ച വിവരം. തെങ്ങിലും കവുങ്ങിലുമൊക്കെ കയറാൻ അതിവിദഗ്ധനായ അപ്പുവിന് ടാർസന്റെ മെയ്വഴക്കമുണ്ടെന്നാണ് പൊലീസും നാട്ടുകാരും വ്യക്തമാക്കുന്നത്.

ചിങ്ങവനം സ്വദേശിയായ പ്രാപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ 6 മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പൊലീസിന് അപ്പുവിനെ കയ്യിൽകിട്ടുന്നത്. അതും ഭാഗ്യം കൊണ്ട് മാത്രം. പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിലെത്തിയ പൊലീസ് സംഘം വീടാകെ തിരഞ്ഞെങ്കിലും അപ്പുവിനെ കണ്ടുകിട്ടിയില്ല. കുന്തം പോയാൽ കുടത്തിലും തപ്പണമെന്ന പഴമൊഴി അന്വർത്ഥമാക്കും പോലെ പൊലീസുകാരിലൊരാൾ മുറ്റത്തുനിന്ന തെങ്ങിന്റെ മണ്ടയിലേക്ക് ടോർച്ച് വെട്ടം പായിച്ചതാണ് അപ്പുകുടുങ്ങാൻ കാരണം. ടോർച്ച് വെട്ടത്തിൽ തെങ്ങിൻ മുകളിൽ ഒളിച്ചിരുന്ന ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു.തുടർന്ന് താഴെ എത്തിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അപ്പു പീഡിപ്പിച്ചെന്നും ഗർഭിണിയാണെന്നും മറ്റും കാണിച്ച് യുവതി ഒരുവർഷം മുമ്പ് മേലുകാവ് സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു.ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ അടുത്ത ദിവസം എസ് ഐ ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചോദ്യം ചെയ്യലിൽ അപ്പു കുറ്റം സമ്മതിച്ചെങ്കിലും യുവതി പരാതിയിൽ ഉറച്ചുനിൽക്കാത്തതിനാൽ പൊലീസിന് നടപടി ശക്തിപ്പെടുത്താനായില്ല. ഇതേത്തുടർന്ന് പൊലീസ് ഇയാളെ വിട്ടയച്ചു. തുടർന്നാണ് മാതാവിന്റെ രംഗപ്രവേശം. മകനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി എസ് ഐ അകാരണമായി മർദ്ദിച്ചു എന്നാരോപിച്ച് ഇവർ കോട്ടയം എസ് പി ക്ക് പരാതി നൽകി. എസ് പി യുടെ തെളിവെടുപ്പിൽ നടന്ന കാര്യങ്ങളെല്ലാം വ്യക്തമായതോടെയാണ് എസ് ഐ അന്ന് നടപടിയിൽ നിന്നും രക്ഷപെട്ടത്.

സ്നേഹം നടിച്ചാണ് അപ്പു പെൺകുട്ടികളെ പാട്ടിലാക്കുന്നത്.ഇതുവരെ ഇയാൾ വലയിൽ വീഴ്തിയ പെൺകുട്ടികളെല്ലാം സാധാരണക്കാരുടെയും കൂലിവേലക്കാരുടെയും മക്കളായിരുന്നു. പൊലീസിനെക്കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച അപ്പുവിനെ പിൻതുടർന്ന് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.തുടർന്നുനടത്തിയ ദേഹപരിശോധനയിൽ പാന്റിനടിയിൽ അപ്പു പെൺകുട്ടിയുടെ ലഗിൻസ് അണിഞ്ഞിരുന്നതായി കണ്ടെത്തിയെന്നും ഇത് എന്തിനെന്ന് ചോദിച്ചപ്പോൾ ഒരു ചിരിമാത്രമായിരുന്നു ഇയാളുടെ മറുപിടിയെന്നും പൊലീസ് വ്യക്തമാക്കി. കട്ടപ്പന ഡി വൈ എസ് പി രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചൊവ്വാഴ്ച രാവിലെ പെൺകുട്ടിക്കൊപ്പം അപ്പുവിനെ കണ്ടെത്തിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ റിമാന്റിലാണ്.

മോർക്കാട്, കോളപ്ര ,ഇലവീഴാപൂഞ്ചിറ, അടൂർമല എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലാണ് കുമളി സ്വദേശിനിയായ 17- കാരിക്കൊപ്പം താൻ കഴിഞ്ഞതെന്നാണ് അപ്പു പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇലവീഴാപ്പൂഞ്ചിറയിലെ കാട്ടിൽ സിനിമാക്കഥകളെ വെല്ലുംവിധത്തിൽ 23 ദിവസം പൊലീസിനെ വെട്ടിച്ച് ജീവിച്ച കമിതാക്കളെ കഴിഞ്ഞദിവസമാണ് പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. നിരന്തരം പൊലീസിന്റെയും നാട്ടുകാരുടേയും തിരച്ചിൽ സംഘങ്ങളെ വെട്ടിച്ച് കടക്കുകയായിരുന്ന ഇരുവരും അപ്രതീക്ഷിത റെയ്ഡിൽ ഇരുവഴിക്ക് പിരിഞ്ഞ് ഓടിയതോടെയാണ് കുടുങ്ങുന്നത്. മുള്ളൻ പന്നിയെയും കാട്ടുകോഴിയെയും മറ്റും പിടിക്കാനായി ഈ പ്രദേശങ്ങളിലെല്ലാം മുമ്പ് പലവട്ടം കറങ്ങിയിട്ടുള്ളതിനാൽ ഇവിടുത്തെ ഷെഡുകളെക്കുറിച്ചും ഗുഹകളെക്കുറിച്ചുമെല്ലാം നിശ്ചയമുണ്ടായിരുന്നെന്നും അതിനാലാണ് ഇവിടെ ഒളിവിൽക്കഴിയാൻ തീരുമാനിച്ചതെന്നുമാണ് അപ്പുവിന്റെ വിശദീകരണം.  

മലമുകളിൽ ചുറ്റുമുള്ള കാഴ്ചകൾ കാണാൻ കഴിയുന്ന ഷെഡുകളിലും ഗുഹകളിലുമൊക്കെയായിരുന്നു അപ്പുവും കാമുകിയും കഴിഞ്ഞിരുന്നത്. താഴ്‌വാരത്ത് പൊലീസിനേയൊ നാട്ടുകാരെയോ കണ്ടാൽ ഉടൻ ഇവർ താമസസ്ഥലം മാറും. ഇതുമൂലമാണ് ഇവർക്ക് ആരുടെയും കണ്ണിൽപ്പെടാതെ മൂന്നാഴ്ചയിലേറെ മലമുകളിൽ കഴിയാൻ കഴിഞ്ഞത്. ഇവർ ഒളിവിൽ കഴിഞ്ഞ പ്രദേശങ്ങിൽ 30 ഏക്കർ വരെ വിസ്തൃതിയുള്ള ചെറുതും വലുതമായി നിരവധി കൃഷിയിടങ്ങളുണ്ട്. ഇവയിൽ ചിലതെല്ലാം കൃഷിചെയ്യാതെ ഇട്ടിരിക്കുന്നതിനാൽ കാട് കയറി മൂടിയ നിലയിലാണ്. ഇതുകൂടാതെ സർക്കാർ പുറമ്പോക്കും ഈ ഭാഗത്തുണ്ട്. പണി നടക്കുന്ന കൃഷിയിടങ്ങളിൽ രാവിലെ പണിക്കാരെത്തുമെങ്കിലും വൈകിട്ടോടെ തിരിച്ചുപോകും. ഈ സമയത്താണ് അപ്പു ഷെഡുകളിലെത്തി ഇവിടെ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് പാകം ചെയ്ത് കാമുകിയുമൊത്ത് വിശപ്പകറ്റിയിരുന്നത്.

ഇത് തരപ്പെടാത്ത അവസരങ്ങളിൽ തേങ്ങയും കരിക്കും കപ്പയും കാട്ടുകിഴങ്ങുകളും കഴിച്ചായിരുന്നു വിശപ്പടക്കിയിരുന്നത്. മലമടക്കുകളിൽ നിന്നും നീർച്ചാലുകൾ ഉണ്ടായിരുന്നതിനാൽ വെള്ളത്തിന് പഞ്ഞമില്ലായിരുന്നു. രാത്രി അപ്പുപുറത്തുപോകുന്ന അവസരത്തിൽ വന്യ മൃഗങ്ങളുടേയൊ മറ്റോ ആക്രമണം ഉണ്ടാകാതിരിക്കാൻ തന്നെ മരത്തിൽ 10 അടിയോളം ഉയരത്തിൽ കയറ്റി ഇരുത്തിയിട്ടാണ് പോയിരുന്നതെന്ന് പെൺകുട്ടിയും പൊലീസിനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP