Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർടിഒ ജീവനക്കാരനായ ഹനീഫ കഴിഞ്ഞ ഡിസംബറിൽ നട്ടത് 220 മൂട് കപ്പ; വിളവെടുപ്പിന് സമയമായപ്പോൾ 9 രൂപ മാത്രമേ വില നൽകാനാവൂ എന്ന് കച്ചവടക്കാർ; പിന്നാലെ മഴയും വെള്ളപ്പൊക്കവും; പൂർണ്ണമായും ജൈവരീതിയിൽ കൃഷി ചെയ്ത കപ്പ നശിച്ചുപോകുന്നതിന്റെ വേദന പങ്കുവെച്ചപ്പോൾ സഹായത്തിനായി സുഹൃത്തുക്കളെത്തി; വാട്സആപ്പിൽ പരസ്യവും നൽകി; കിലോക്ക് 15 രൂപ നിരക്കിൽ നിമിഷ നേരം കൊണ്ട് കപ്പയുടെ വിൽപ്പന പൂർത്തിയാക്കി

ആർടിഒ ജീവനക്കാരനായ ഹനീഫ കഴിഞ്ഞ ഡിസംബറിൽ നട്ടത് 220 മൂട് കപ്പ; വിളവെടുപ്പിന് സമയമായപ്പോൾ 9 രൂപ മാത്രമേ വില നൽകാനാവൂ എന്ന് കച്ചവടക്കാർ; പിന്നാലെ മഴയും വെള്ളപ്പൊക്കവും; പൂർണ്ണമായും ജൈവരീതിയിൽ കൃഷി ചെയ്ത കപ്പ നശിച്ചുപോകുന്നതിന്റെ വേദന പങ്കുവെച്ചപ്പോൾ സഹായത്തിനായി സുഹൃത്തുക്കളെത്തി; വാട്സആപ്പിൽ പരസ്യവും നൽകി; കിലോക്ക് 15 രൂപ നിരക്കിൽ നിമിഷ നേരം കൊണ്ട് കപ്പയുടെ വിൽപ്പന പൂർത്തിയാക്കി

ജാസിം മൊയ്തീൻ

മലപ്പുറം: ഈ പ്രളയ കാലത്ത് പൂർണ്ണമായും നശിച്ചു പോയേക്കാമായിരുന്ന കാർഷിക വിള സമയോചിതമായ ഇടപെടലിലൂടെ വിൽപന നടത്തിയ ഒരു കർഷകന്റെ കഥയാണ് ഇന്ന് മലപ്പുറം ജില്ലയിലെ എടവണ്ണയിൽ നിന്നുള്ളത്. വിലത്തകർച്ചയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയും ചാലിയാറിലെ ജലനിരപ്പ് ഉയർന്നതുമെല്ലാം കാരണം പൂർണ്ണമായും വെള്ളത്തിനടിയിലായ 220 മൂട് കപ്പയാണ് സമയോചിതമായ ഇടെപടലിലൂടെ നഷ്ടം വരാതെ വിൽപന നടത്തിയിരിക്കുന്നത്. ജൈവ കർഷക കൂട്ടായ്മയും ശാസ്ത്ര സാഹിത്യ പരിഷത്തും പ്രാദേശിക സിപിഐഎം നേതൃത്വവും എല്ലാം ഇടപെട്ട് വലിയൊരു പ്രതിസന്ധിയിൽ നിന്ന് ഒരു കർഷകനെ കരകയറ്റിയ കഥ കൂടിയാണിത്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ആർടിഒ ഓഫീസിലെ ജീവനക്കാരനായ മലപ്പുറം എടവണ്ണ സ്വദേശി ഹനീഫ കൃഷിയോടുള്ള താത്പര്യം കാരണം 220 മൂട് കപ്പ കൃഷി ചെയ്തത്. പ്രദേശത്തെ ജൈവകർഷക കൂട്ടായ്മയിലെ അംഗം കൂടിയായ ഹനീഫ പൂർണ്ണമായും ജൈവരീതിയിലായിരുന്നു കൃഷി ചെയ്തത്. എന്നാൽ വിളവെടുപ്പിന് സമയമായപ്പോഴേക്കും കിലോക്ക് കേവലം 9 രൂപ മാത്രമാണ് വിലയുണ്ടായിരുന്നത്. കഷ്ടപ്പെട്ടുണ്ടാക്കിയ കാർഷിക വിഭവം ചെറിയ വിലയ്ക്ക് വിറ്റൊഴിവാക്കേണ്ടി വരുന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഇന്നലെ മുതൽ കനത്ത മഴയും ചാലിയാറിൽ നിന്നുള്ള വെള്ളവും വന്ന് പ്രദേശത്ത് വെള്ളപ്പൊക്കം രൂപപ്പെട്ടത്.

കൃഷി പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയി. ഈ സമയത്ത് ഹനീഫ തന്റെ സുൃഹൃത്തുക്കളും ജൈവ കർഷക സമിതിയിലെ അംഗങ്ങളെയും ബന്ധപ്പെട്ട് പരമാവധി പറ്റാവുന്നത്ര പറിച്ചെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. പ്രദേശത്തെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലെല്ലാം മിതമായ നിരക്കിൽ ജൈവരീതിയിൽ ഉത്പാദിപ്പിച്ച കപ്പ ആവശ്യമുള്ളവർ ബന്ധപ്പെടുക എന്നൊരു അറിയിപ്പ് ഹനീഫയും സുഹൃത്തുക്കളും നൽകുകയും ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകർ, പ്രദേശത്തെ സിപിഎം നേതാവും ജൈവകർഷകനുമായ സുൽഫി തുടങ്ങിയവരെല്ലാം ഈ അറിയിപ്പിന്ന് പരമാവധി പ്രചാരം നൽകുകയും ചെയ്തു.

ഇതോടെ ആവശ്യക്കാർ ഹനീഫയെ തേടി വയലിലേക്കെത്തുന്ന കാഴ്‌ച്ചയാണ് പിന്നീട് കണ്ടത്. വിവരങ്ങൾ അറിഞ്ഞ സുഹൃത്തുക്കളും നാട്ടുകാരും ഇന്നും ഇന്നലെയുമായി ഹനീഫയുടെ കല്ലിടുമ്പിലെ വാദിറഹ്മ റോഡിലെ 'മോഹനം' വീട്ടിലേക്ക് ഒഴുകിയെത്തി. നേരത്തെ 9 രൂപയ്ക്ക് വിറ്റൊഴിക്കേണ്ടി വരുമെന്ന് ആശങ്കപ്പെട്ടിരുന്ന സ്ഥാനത്ത് കിലോക്ക് 15 രൂപ വെച്ച് അഞ്ചും പത്തും കിലോ കപ്പ ആളുകൾ വാങ്ങിക്കൊണ്ട് പോയി. നല്ല പൊടിയുള്ള സ്വാദിഷ്ടമായ കപ്പ കഴിച്ച് ആളുകൾ വീണ്ടും വന്ന് കപ്പ വാങ്ങി. അയ്ന്തൂരിലെ ടി.പി മജീദ് എന്നയാൾ 100 കിലോ കപ്പ വാങ്ങി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം നൽകി.

ഒതായിയിലെ പട്ടികജാതി കോളനി നിവാസികളടക്കം ക്വാറന്റെയിനിൽ കഴിയുന്ന സെന്ററിലേക്ക് നൂറ് കിലോ കപ്പ സമ്മാനമായി നൽകാനും ഹനീഫ തീരുമാനിച്ചു. കാർഷിക വിളകൾക്ക് മാർക്കറ്റിൽ വില ലഭിക്കാതിരിക്കുകയും പ്രളയം പോലുള്ള ദുരന്തങ്ങളിൽ വിളകൾ നശിച്ച് ദുരിതത്തിലാകുകയും ചെയ്യുന്ന സാഹചര്യങ്ങളെ പ്രാദേശിക കൂട്ടായ്മകളിലൂടെ എങ്ങനെ മറികടക്കാം എന്നതിന്റെ ഉദാഹരണമാണ് എടവണ്ണയിലെ ഹനീഫയുടെ കഥ. സമയോചിതമായ ഇടപെടലിലൂടെ 10 ക്വിന്റലോളം കപ്പയാണ് ഇത്തരത്തിൽ നഷ്ടം വരാതെ ന്യായമായ വിലയ്ക്ക് വിൽപന നടത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP