Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

തമിഴ് സിനിമയിൽ ശ്രദ്ധേയനായി മലയാളി; കോഴിക്കോട് സ്വദേശി പ്രജിൻ പത്മനാഭന്റെ തുടക്കം സൺ ടി വി അവതാരകനായി; കെ ബാലചന്ദ്രൻ നിർമ്മിച്ച സീരിയലിലൂടെ മിനി സ്‌ക്രീനിലേക്ക്; സമുദ്രക്കനിയുടെ സംവിധാനത്തിൽ അഭിനയത്തിന്റെ അരങ്ങേറ്റവും; പഴയ വണ്ണാരപ്പേട്ടെയും തീ കുളിക്കും പച്ചൈമരവും ശ്രദ്ധേയ സിനിമകൾലവ് ആക്ഷൻ ഡ്രാമയിലൂടെ മലയാളത്തിലും തിളങ്ങി; തമിഴിലെ യുവതാരം പ്രജിന്റെ വിശേഷങ്ങൾ

കെ വി നിരഞ്ജൻ

കോഴിക്കോട്:ജനനം കൊണ്ട് മലയാളിയാണെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം തമിഴ്‌നാട്ടിൽ. സൺ ടി വി അവതാരകനായി തുടങ്ങിയ പ്രജിൻ പത്മനാഭൻ ഇന്ന് തമിഴ് സീരിയൽ രംഗത്തെ സൂപ്പർ സ്റ്റാറാണ്. സൂപ്പർ ഹിറ്റായ നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ ചെന്നൈ ടൈംസിന്റെ മോസ്റ്റ് ഡിസറബിൾ മാൻ ഓൺ ടെലിവിഷൻ ബഹുമതിയും പ്രജിനെ തേടിയെത്തി. ശശി സംവിധാനം ചെയ്ത ഡിഷ്യുമിലൂടെ സിനിമയിലെത്തിയ പ്രജിൻ പഴയ വണ്ണാരപ്പേട്ടെ, തീ കുളിക്കും പച്ചൈമരം തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് ശ്രദ്ധേയനായി. അടുത്തിടെ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ രവിയെന്ന കഥാപാത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധ നേടിയിരിക്കുകയാണ് ഈ യുവതാരം.

കോഴിക്കോട് ബാലുശ്ശേരിക്കടുത്തുകൊട്ടാരമുക്ക് സ്വദേശിയാണ് പ്രജിൻ പത്മനാഭൻ. അച്ഛൻ പത്മനാഭൻ ചെന്നൈയിൽ പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്നതിനാൽ കുട്ടിക്കാലത്ത് തന്നെ കുടുംബം ചെന്നൈയിലേക്ക് താമസം മാറി. പഠനം കഴിഞ്ഞിരിക്കുമ്പോഴാണ് ചാനൽ രംഗത്തേക്ക് പ്രജിന്റെ ശ്രദ്ധ തിരിഞ്ഞത്. ഹിന്ദു പത്രത്തിൽ കണ്ട ഒരു പരസ്യമായിരുന്നു ജീവിതത്തിൽ വഴിത്തിരിവായത്. സൺ ടി വിയിൽ അവതാരകനെ ആവശ്യമുണ്ട് എന്ന പരസ്യം ജീവിതം മാറ്റിമറിച്ചുവെന്ന് പ്രജിൻ പറയുന്നു. സൺ ടി വിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഹലോ ഹലോ എന്ന ലൈവ് പ്രോഗ്രാം അവതരിപ്പിക്കാനായിരുന്നു നിയോഗിച്ചത്. സൺ ടി വിയുടെ ആദ്യത്തെ ലൈവ് പ്രോഗ്രാം. എങ്ങിനെ അവതരിപ്പിക്കണം എന്നുപോലും അറിയാതെ പകച്ചു പോയ നിമിഷങ്ങൾ. എന്നാൽ പതിയെ പതിയെ പരിപാടിക്ക് പ്രേക്ഷകർ കൂടി വന്നു. ആളുകളുടെ നല്ല അഭിപ്രായങ്ങൾ ലഭിച്ചതോടെ ഈ രംഗത്ത് ഉറച്ചു നിൽക്കാൻ തീരുമാനിച്ചു. മികച്ച അവതാരകനുള്ള സൗത്ത് ഇന്ത്യാ ആങ്കർ അവാർഡും ഈ പരിപാടിയിലൂടെ ലഭിച്ചു.

അവതാരകനായി തുടരുന്നതിനിടെയാണ് ഒരു സീരിയലിൽ അഭിനയിക്കാൻ വിളി വന്നത്. അന്വേഷിച്ചപ്പോൾ പ്രശസ്ത സംവിധായകൻ കെ ബാലചന്ദ്രൻ നിർമ്മിക്കുന്ന സീരിയലാണ്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഇത് ഒരു കാതൽ കഥൈ എന്ന സീരിയലായിരുന്നു അത്. ഇന്ന് തമിഴിലെ മുൻനിര സംവിധായകനും നടനുമായ സമുദ്രക്കനിയായിരുന്നു ആ സീരിയൽ സംവിധാനം ചെയ്തത്. ശക്തിയെന്ന കഥാപാത്രത്തെയായിരുന്നു ഞാൻ അവതരിപ്പിച്ചത്. ആ സീരിയിൽ തമിഴ്‌നാട്ടിൽ നല്ല വിജയമായി. സമുദ്രക്കനിയുമായുള്ള ബന്ധം വളർന്നു. പിന്നീട് മറ്റൊരു സിനിമയിലെ നായക വേഷത്തിന് എന്നെ നിർദ്ദേശിച്ചതും അദ്ദേഹമായിരുന്നു- പ്രജിൻ പറയുന്നു.

കാതൽ കഥൈ വിജയിച്ചതോടെ അടുത്ത സീരിയിൽ വന്നു. വിജയ് ടി വിയിൽ തന്നെ കാതലിക്കാൻ നേരിമില്ലൈ എന്ന സീരിയലിലും ശക്തിയെന്ന കഥാപാത്രമായെത്തി. പട്ടാളം ഉൾപ്പെടെയുള്ള സിനിമകളെടുത്ത പ്രഭു ആയിരുന്നു സംവിധാനം. വിജയ് ആന്റണിയായിരുന്നു സീരിയലിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്.

പിന്നീട് സൺ ടി വിയിലെ പെൺ, അഞ്ജലി, കലൈഞ്ജർ ടി വിയിലെ ഗോകുലത്തിൽ സീതൈ, പുതുയുഗത്തിലെ കടമൈ കണ്ണിയാം കേട്ടുപാട് തുടങ്ങിയ സീരിയലുകളിൽ നായക വേഷം ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ സ്റ്റാർ വിജയിൽ സംപ്രേഷണം ചെയ്ത ചിന്ന തമ്പി എന്ന സീരിയലിലെ കഥാപാത്രം വളരെയധികം ശ്രദ്ധനേടി. കതിർ സംവിധാനം ചെയ്ത സീരിയലിൽ ചിന്നതമ്പി എന്ന ബ്രാഹ്മണ യുവാവിന്റെ വേഷമായിരുന്നു. അമ്മയെ വളരെയധികം സ്‌നേഹിക്കുുന്ന ഒരു മകൻ. അമ്മയ്ക്കാവട്ടെ മകനെ ഒരു ബ്രഹ്മചാരിയാക്കണമെന്നാണ് ആഗ്രഹം. പക്ഷെ അവിചാരിതമായി സമ്പന്നയായ ഒരു യുവതിയെ ചിന്നതമ്പിക്ക് വിവാഹം ചെയ്യേണ്ടിവരുന്നു.പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് സീരിയിൽ പറഞ്ഞത്. മികച്ച ജനപ്രിയ നടനുള്ള തമിഴ്‌നാട് സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരം ഈ സീരിയലിലൂടെ പ്രജിന് ലഭിച്ചു. കതിർ സംവിധാനം ചെയ്ത അൻപുടൻ ഖുഷി എന്ന സീരിയിൽ ഇപ്പോൾ വിജയ് ടി വിയിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. ലോക്കൽ ബോക്‌സറായ അൻപ് എന്ന കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിക്കുന്നത്. കോവിഡ് കാരണം ഇപ്പോൾ ഷൂട്ടിങ് മുടങ്ങിയിരിക്കുകയാണ്.

ഡല്ലാമോ ഡെല്ലാമോ എന്ന സൂപ്പർഹിറ്റ് പാട്ട് ഒരു കാലത്ത് തമിഴ്‌നാട്ടിലും കേരളത്തിലും തരംഗം തീർത്തിരുന്നു. ജീവയും കാതൽ സന്ധ്യയും അഭിനയിച്ച ഡിഷ്യും എന്ന ചിത്രത്തിലായിരുന്നു ഈ സൂപ്പർഹിറ്റ് പാട്ട്. ഗിന്നസ് പക്രുവിന്റെ ആദ്യ തമിഴ് ചിത്രവും ഇതായിരുന്നു. പൂ ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ ശശി ഒരുക്കിയ ഈ ചിത്രത്തിലൂടെയാണ് പ്രജിൻ സിനിമാ രംഗത്തേക്കെത്തുന്നത്. അവസാന ഭാഗങ്ങളിലായിരുന്നു പ്രജിന്റെ കഥാപാത്രം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. കാതൽ സന്ധ്യയെ വിവാഹം കഴിക്കാനെത്തുന്ന കഥാപാത്രം. കഥാപാത്രം ചെറുതായിരുന്നെങ്കിലും സിനിമയ്‌ക്കൊപ്പം ഈ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. പിന്നെ നിരവധി സിനിമകളിൽ വേഷമിട്ടു.

പ്രതീക്ഷയോടെ ചെയ്ത പല സിനിമകളും വേണ്ട വിധത്തിൽ വിജയിക്കാത്തതിന്റെ നിരാശ പ്രജിനുണ്ട്. വേണ്ട രീതിയിൽ മാർക്കറ്റ് ചെയ്യാത്തതും മറ്റ് പ്രതികൂല സാഹചര്യങ്ങളുമാണ് ഇതിൽ പല സിനിമകളെയും പ്രതിസന്ധിയിലാക്കിയത്. ഇതിൽ പ്രധാനപ്പെട്ടൊരു സിനിമായിരുന്നു പഴയ വണ്ണാരപ്പേട്ടെ. മോഹൻ ജി എന്ന സംവിധായകൻ ഒരുക്കിയ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു പൊളിറ്റിക്കൽ ത്രില്ലറായിരുന്നു. എന്നാൽ പലവിധ സാങ്കേതിക പ്രശ്‌നങ്ങൾ സിനിമയ്ക്ക് തുടക്കം മുതൽ വിലങ്ങു തടിയായി. ഷൂട്ടിങ് തുടങ്ങി ഏഴു വർഷത്തിന് ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഒരു രാത്രി മുതൽ പകൽ വരെ നീളുന്ന കഥ പറയുന്ന ത്രില്ലർ മൂവി മികച്ച വിജയം നേടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ ജയലളിതയുടെ മരണം അപ്പോഴായിരുന്നു.

സിനിമ റിലിസായി മൂന്നാം നാൾ. ഇതോടെ തമിഴ്‌നാട്ടിലെ തിയേറ്ററുകളെല്ലാം അടച്ചിട്ടു. പിന്നെ തുറന്നപ്പോഴേക്കും മറ്റു റിലീസുകൾ വന്നതിനാൽ ചിത്രം തിയേറ്ററുകളിൽ നിന്ന് മാറ്റപ്പെടുകയും ചെയ്തു. മലയാളത്തിലെ പ്രശസ്ത നടൻ ശങ്കർ തമിഴ്‌നാട്ടിലും സുപരിചിതനാണ്.

അദ്ദേഹം മണൽ നഗരം എന്ന പേരിൽ ഒരു സിനിമയെടുത്തപ്പോൾ പ്രജിനായിരുന്നു നായകൻ. പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിൽ ഷൂട്ട് ചെയ്ത ചിത്രത്തിൽ മൻസൂർ എന്ന കഥാപാത്രത്തെയായിരുന്നു പ്രജിൻ അവതരിപ്പിച്ചത്. സാന്റ് സിറ്റി എന്ന പേരിൽ മലയാളത്തിലും ചിത്രം പുറത്തു വന്നു. പക്ഷെ ഇരുഭാഷകളിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. സാബു ത്രീ, സുട്രുല, ആൻ ദേവതൈ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയജീവിതം തുടർന്ന പ്രജിന് ഏറ്റവും മികച്ച കഥാപാത്രത്തെ സമ്മാനിച്ചത് കുറച്ച് മലയാളികളാണ്.

കോഴിക്കോട് സ്വദേശികളായ എം വിനീഷ്, എം പ്രഭീഷ് എന്നിവർ ചേർന്നൊരുക്കിയ തമിഴ് ചിത്രമാണ് തീ കുളിക്കും പച്ചൈ മരം. മോർച്ചറി പശ്ചാത്തലമാക്കിയ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു ഇത്. എം വിനീഷ് മലയാളത്തിൽ ഒരുക്കിയ ചന്ദ്രഹാസനു ശേഷം എന്ന ഹ്രസ്വ ചിത്രത്തെ ആസ്പദമാക്കി അദ്ദേഹം തന്നെയായിരുന്നു തിരക്കഥയൊരുക്കിയത്. ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ ചിത്രീകരിച്ച സിനിമയിൽ ഞെട്ടിപ്പിക്കുന്ന ഭീകരമായ നിരവധി കാഴ്ചകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടിയെങ്കിലും തിയേറ്ററിൽ രക്ഷപ്പെട്ടില്ല. മാർക്കറ്റിംഗിലെ പോരായ്മകളായിരുന്നു ഈ ചിത്രത്തിന്റെ വിജയത്തെ ഇല്ലാതാക്കിയത്. എങ്കിലും തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന് ഈ സിനിമയിലെ പാണ്ടിയാണെന്ന് പ്രജിൻ പറയുന്നു.

ലാൽ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായ ടൂർണമെന്റ്, ബി ഉണ്ണിക്കൃഷ്ണൻ ഒരുക്കിയ ദി ത്രില്ലർ, ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ മലയാള സിനിമകളിലും പ്രജിൻ വേഷമിട്ടിട്ടുണ്ട്. ഇതിൽ ലവ് ആക്ഷൻ ഡ്രാമയിലെ രവി എന്ന തമിഴ് കഥാപാത്രം ഏറെ ശ്രദ്ധേയമായി.

സിനിമാ രംഗത്ത് നിന്ന് തന്നെയുള്ള സാന്ദ്രയാണ് പ്രജിന്റെ ഭാര്യ. ലോഹിത ദാസിന്റെ കസ്തൂരിമാൻ, സ്വപ്നക്കൂട്, വാർ ആൻഡ് ലവ്, സിങ്കം 3 തുടങ്ങിയ സിനിമകളിൽ വേഷമിട്ട സാന്ദ്രയും കിരൺ ടി വി അവതാരികയായാണ് രംഗത്തെത്തിയത്. അടുത്തിടെ രാധാ മോഹൻ സംവിധാനം ചെയ്ത് ജ്യോതിക നായികയായ കാട്രിൻ മൊഴി, സിവപ്പു എനിക്ക് പുടിക്കും എന്നീ സിനിമകളിലും ഇവർ വേഷമിട്ടു. ഇതിൽ സിവപ്പു എനിക്ക് പുടിക്കും എന്ന ചിത്രത്തിൽ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമായിരുന്നു. രണ്ട് ഇരട്ടക്കുട്ടികളാണ് ഈ ദമ്പതികൾക്ക്. ഒരു വയസ്സു പ്രായം. ചെന്നൈ പോരൂരിലെ ഫ്‌ളാറ്റിലാണ് താമസം. കുന്ദ്രത്തിലെ കുമരനുക്ക് കൊണ്ടാണ് എന്ന ചിത്രമാണ് ഇനി പുറത്തുവരാനുള്ളത്. അമ്മ: മേലിശ്ശേരി നിർമ്മല. സഹോദരൻ: പ്രബിൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP