Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസുകാരന്റെ ഭാര്യ പ്രത്യേക സംവിധാനം ഉണ്ടാക്കി കുടിവെള്ളം ചോർത്തി; കള്ളക്കളി കണ്ടെത്തിയതിന് പകതീർത്ത് അമ്മയുടെ ഒക്കത്തിരുന്ന ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ചെരുപ്പൂരി തല്ലി; പൊലീസിന്റെ കുട്ടിയെ അടിച്ചിട്ടും അദ്ധ്യാപികയ്ക്കെതിരെ കേസില്ല; തളിപ്പറമ്പ് പൊലീസ് രണ്ട് ചേരിയിൽ

പൊലീസുകാരന്റെ ഭാര്യ പ്രത്യേക സംവിധാനം ഉണ്ടാക്കി കുടിവെള്ളം ചോർത്തി; കള്ളക്കളി കണ്ടെത്തിയതിന് പകതീർത്ത് അമ്മയുടെ ഒക്കത്തിരുന്ന ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ചെരുപ്പൂരി തല്ലി; പൊലീസിന്റെ കുട്ടിയെ അടിച്ചിട്ടും അദ്ധ്യാപികയ്ക്കെതിരെ കേസില്ല; തളിപ്പറമ്പ് പൊലീസ് രണ്ട് ചേരിയിൽ

രഞ്ജിത് ബാബു

കണ്ണൂർ: കുടിവെള്ളം ചോർത്തൽ തർക്കത്തിന്റെ പേരിൽ പൊലീസുകാരന്റെ ഭാര്യ മറ്റൊരു പൊലീസുകാരന്റെ പിഞ്ചു കുഞ്ഞിനെ ചെരിപ്പൂരി അടിച്ചിട്ടും നടപടിയില്ല. തളിപ്പറമ്പ് പൊലീസിന്റെ മൗനത്തിൽ പൊലീസുകാരിൽ കടുത്ത അമർഷം പുകയുന്നു.

തളിപ്പറമ്പ് പൊലീസ് ക്വാർട്ടേഴ്സിൽ താമസക്കാരനായ ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർ മണിയുടെ ഒമ്പത് മാസമുള്ള കുഞ്ഞിനെയാണ് വളപട്ടണം പൊലീസ് സ്റ്റേഷനിലെ സിവിൽ ഓഫീസർ മൊയ്തീന്റെ ഭാര്യ ചെരിപ്പു കൊണ്ടുള്ള മർദ്ദനത്തിന് ഇരയാക്കിയതായി പരാതിയുണ്ടായിരിക്കുന്നത്. സംഭവത്തിൽ നടപടിയൊന്നും എടുക്കാതെ തളിപ്പറമ്പ് പൊലീസ് പൂഴ്‌ത്തിയിരിക്കയാണ്. ചപ്പാരപ്പടവ് സ്‌ക്കൂളിലെ അദ്ധ്യാപികയായ പൊലീസുകാരന്റെ ഭാര്യയാണ് അമ്മയോടുള്ള പക പിഞ്ചുകുഞ്ഞിനു നേരെ തീർത്തത്. മൂന്ന് വർഷം മുമ്പ് ഇതേ അദ്ധ്യാപിക മണി എന്ന പൊലീസുകാരന്റെ മൂത്ത കുട്ടിയേയും മർദ്ദിച്ചിരുന്നതായി ക്വാർട്ടേഴ്സിലുള്ളവർ പറയുന്നു.

പിഞ്ചു കുഞ്ഞിന്റെ അമ്മയോടുള്ള വിരോധമാണ് അക്രമത്തിന് കാരണമായത്. 2014 ൽ തളിപ്പറമ്പ് പൊലീസ് ക്വാർട്ടേഴ്സിൽ കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്നു. ക്വാർട്ടേഴ്സിലെ കിണറ്റിൽ നിന്നും പമ്പ് ചെയ്യുന്ന മോട്ടോർ കേടായതിനാൽ പൊലീസുകാരുടെ ഒമ്പത് കുടുംബങ്ങളും ചേർന്ന് തുല്യമായി തുക സംഭരിച്ച് നന്നാക്കാൻ തീരുമാനമെടുത്തിരുന്നു. ആകെ 28,000 രൂപ ചെലവ് കണക്കാക്കുകയും ചെയ്തു. എന്നാൽ അദ്ധ്യാപിക വിഹിതം നൽകാതെ ഒഴിഞ്ഞുനിൽക്കുകയും ക്വാർട്ടേഴ്സിൽ നിന്നും മാറി താമസിക്കുകയും ചെയ്തു. ദിവസങ്ങൾക്കകം മോട്ടോറും അനുബന്ധ ജലവിതാന സംവിധാനങ്ങളും മാറ്റി വെള്ളം സുഗമമാക്കിയതോടെ പൊലീസുകാരനും ഭാര്യയായ അദ്ധ്യാപികയും മക്കളും വീണ്ടും ക്വാർട്ടേഴ്സിലെത്തി. അവർ വന്നതോടെ ജലവിതരണത്തിൽ ചില പ്രശ്നങ്ങളുണ്ടായി. ഇടമുറിയാതെ വന്ന വെള്ളം നിലക്കുന്നു.

ഇക്കാര്യം അന്വേഷണം നടത്തിയപ്പോൾ കുറ്റവാളിയെ കയ്യോടെ പിടികൂടി. അവർ സംശയിച്ചതു പോലെ തന്നെ അതേ പൊലീസുകാരന്റെ ഭാര്യയായ അദ്ധ്യാപികയാണ് ഇതിന് പിന്നിലെന്ന് മനസ്സിലായി. ഭൂമിക്കടിയിൽ നിന്നും പൈപ്പ് ഗതി തിരിച്ചു വിട്ട് അവരുടെ വീട്ടിൽ പ്രത്യേക സംവിധാനം ഉണ്ടാക്കുകയായിരുന്നു. ഇത് കണ്ടുപിടിച്ചത് ഇപ്പോൾ അടിയേറ്റ കുഞ്ഞിന്റെ അമ്മയായിരുന്നു. ഈ സംഭവത്തോടെ മണിയുടെ ഭാര്യയോട് അവർക്ക് ഒടുങ്ങാത്ത പകയായിരുന്നു. അതാണ് ഒടുവിൽ ഇപ്പോൾ കുഞ്ഞിനോട് കാട്ടിയത്. പഴയ സംഭവത്തിന്റെ പേരിൽ നേരത്തെ ഇവരുടെ മൂത്ത കുട്ടിയേയും അദ്ധ്യാപിക ആക്രമിച്ചിരുന്നു. നിരന്തരമായി ഇവരുടെ കുഞ്ഞുങ്ങളെ ശകാരിക്കുകയും ചെയ്യുന്നത് അവരുടെ പതിവായിരുന്നു.

അദ്ധ്യാപികക്കെതിരെ നേരത്തെ നിരവധി പരാതികൾ നൽകിയെങ്കിലും അതിലൊന്നും പൊലീസ് നടപടി എടുത്തിരുന്നില്ല. അതിന്റെ ബലത്തിൽ കഴിഞ്ഞാഴ്ച അമ്മയുടെ ഒക്കത്തുണ്ടായിരുന്ന കുഞ്ഞിനെയാണ് അവർ ആക്രമിച്ചത്. പരിക്കേറ്റ കുഞ്ഞിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. എന്നിട്ടും അവർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് ധൈര്യം കാട്ടുന്നില്ല.

ഈ സംഭവത്തോടെ ക്വാർട്ടേഴ്സിലെ പൊലീസുകാരും അവരുടെ കുടുംബാംഗങ്ങളും കടുത്ത പ്രതിഷേധത്തിലാണ്. സംഭവം നടന്ന് നാലു ദിവസമായിട്ടും പൊലീസ് ഉണരാത്തത് വിവാദങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP