Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അൻപത്തിയെട്ട് വർഷമായി കുലുക്കമില്ലാത്ത ചെങ്കോട്ട; ശിവസേനയും ആർ.എസ്.എസും കിണഞ്ഞ് പരിശ്രമിച്ചിട്ടും കുലുക്കമില്ലാത്ത ഭൂമി; കമ്യൂണിസ്റ്റ് പാർട്ടി തുടർച്ചയായി ഭരണിലേറ്റിയ മഹാരാഷ്ട്രയിലെ തലാസരി വേറെ ലെവലാണ്! കേരളം പോലും അതിശയിച്ച് പോകുന്ന നിലയ്ക്കാത്ത കമ്യൂണിസ്റ്റ് മുന്നേറ്റം! മാറാത്തവാദികൾ തോറ്റ് തുന്നം പാടിയ തലാസരിയിൽ വീണ്ടും ഇടത് ഭരണം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അൻപത്തിയെട്ട് വർഷമായി ചെങ്കോട്ടയായ ബ്ലോക്ക് പഞ്ചായത്ത്. ശിവസേനയും ആർ.എസ്.എസും തലകുത്തി നിന്ന് പയറ്റിയിട്ടും മുട്ടു മടക്കാത്തിടം. കേരളത്തിൽ പോലും തുടർച്ചായായി   കമ്യൂണിസ്റ്റ് ഭരണം തുടർന്നിട്ടില്ലെങ്കിലും മഹാരാഷ്ട്രയിലെ ഈ മണ്ഡലം സൂപ്പറാണ്. 

അൻപത്തിയെട്ട് വർഷമായി തുടരുന്ന വിജയം ഇത്തവണയും തലാസരിയിൽ ഇടതുപക്ഷം ആവർത്തിച്ചു. 1962ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയും 1964 മുതൽ കഴിഞ്ഞ 56 വർഷമായി സിപിഐ എമ്മും തുടർച്ചയായി ഭരിക്കുന്ന തലാസരി ബ്ലോക്ക് പഞ്ചായത്തിലേക്കാണ് ഇക്കുറിയും വൻവിജയം. കമ്യൂണിസ്റ്റുകാർ ശിവസേന ക്രിമിനലുകളാൽ കൂട്ടക്കൊല ചെയ്യപ്പെട്ട സ്ഥലങ്ങളിലൊന്നാണ് തലാസരിയും. ജനുവരി 7ന് നടന്ന ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വലിയ വിജയം നേടി സിപിഐ എം അധികാരത്തിലെത്തി. വിജയത്തെത്തുടർന്ന് നടന്ന പ്രകടനത്തിൽ നാട്ടുകാരടക്കം നൂറുകണക്കിനാളുകൾ പങ്കെടുക്കുകയുണ്ടായി.

തലസറി ബ്ലോക്ക് പഞ്ചായത്തിലെ 10ൽ എട്ട് സീറ്റുകളിലും സിപിഐ എം സ്ഥാനാർത്ഥികൾ വിജയിച്ചു. പാൽഘർ ജില്ലാ കൗൺസിലിലേക്കുള്ള ആറ് സീറ്റുകളിലും സിപിഐ എം വിജയിച്ചു. പഞ്ചായത്ത് സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ സിപിഐ എമ്മും ഒരു സീറ്റിൽ സിപിഐയും വിജയിച്ചു. പാൽഘറിൽ ആകെയുള്ള 57 സീറ്റിൽ ശിവസേന 18, എൻസിപി 14, ബിജെപി 12, സിപിഐ എം 6 എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളാണ് പാൽഘറിൽ സിപിഐ എമ്മിന് നേടാനായത്.

പാൽഘർ കൂടാതെ നാഗ്പൂർ, ധൂലെ, നന്ദുർബാർ, അകോല, വാഷിം ജില്ലാ കൗൺസിലിലുകളിലും തെരഞ്ഞെടപ്പ് നടന്നു. ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ ബിജെപി ദയനീയ പരാജയം ഏറ്റുവാങ്ങി. ആകെയുള്ള 58 സീറ്റുകളിൽ കോൺഗ്രസ് 30 സീറ്റുകളിലും എൻസിപി 10 സീറ്റുകളിലും വിജയിച്ചു. ബിജെപിക്ക് 15 സീറ്റുകളേ നേടാനായുള്ളൂ. ആറ് ജില്ലാ കൗൺസിലുകളിലും ആകെ 332 സീറ്റുകളാണുള്ളത്. പുറത്തുവന്ന ഫലം പ്രകാരം ബിജെപി 103, കോൺഗ്രസ് 73, എൻസിപി 46, ശിവസേന 49, വിബിഎ 42, മറ്റുള്ളവർ 14 എന്നിങ്ങനെയാണ് കക്ഷിനില.

പഞ്ചായത്ത് സമിതിയിൽ 664 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് 194 സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് 145ഉം ശിവസേന 117ഉം സീറ്റുകൾ നേടി. എൻസിപി 80, വിബിഎ 75, സിപിഐ എം 12, മഹാരാഷ്ട്ര നവനിർമ്മാണ സേന 2, സിപിഐ 1 -എന്നിങ്ങനെയാണ് കക്ഷിനില. 2015ൽ 10 പഞ്ചായത്ത് സമിതികളിലേക്ക് മാത്രമാണ് സിപിഐ എമ്മിന് വിജയിക്കാനായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദഹാനു മണ്ഡലത്തിൽ നിന്ന് സിപിഐ എമ്മിന്റെ വിനോദ് നിക്കോളെ വിജയിച്ചിരുന്നു.

ജനുവരി ഏഴിനായിരുന്നു തെരഞ്ഞെടുപ്പ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ജന്മനാടായ ധപേവാഡയിൽ ബിജെപി സ്ഥാനാർത്ഥി പരാജയപ്പെട്ടു. മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ബിജെപിക്ക് അടിപതറിയിരിക്കുന്നത്. നാഗ്പൂരിലടക്കം ബിജെപി-ശിവസേന സഖ്യമാണ് നേരത്തെ ഭരിച്ചുകൊണ്ടിരുന്നത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപി ബന്ധം വിച്ഛേദിച്ച ശിവസേന എൻസിപി-കോൺഗ്രസ് സഖ്യത്തിനൊപ്പം ചേരുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP