Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഒമ്പതാം ദിവസം അവർ ജീവനോടെ ഉണ്ടെന്ന് കണ്ടെത്തിയത് ബ്രിട്ടീഷ് സംഘം; മൂന്ന് ദിവസം കൊണ്ടു എല്ലാവരെയും പുറത്തെത്തിച്ച 90 അംഗ സംഘത്തിൽ 50 പേരും വിദേശികൾ: മതവും ദേശവും ഭാഷയും ഒരുപോലെ സ്‌നേഹത്തിന് മുമ്പിൽ വഴിമാറിയ അപൂർവ അനുഭവം; ഇഴഞ്ഞു നീങ്ങിയും വലിഞ്ഞു കയറിയും ചെളിയിൽ നീന്തിയും മൂന്ന് ദിവസം കൊണ്ട് ഇവർ ചെയ്തത് തലമുറകൾക്ക് പോലും മോക്ഷം കിട്ടുന്ന പുണ്യം

ഒമ്പതാം ദിവസം അവർ ജീവനോടെ ഉണ്ടെന്ന് കണ്ടെത്തിയത് ബ്രിട്ടീഷ് സംഘം; മൂന്ന് ദിവസം കൊണ്ടു എല്ലാവരെയും പുറത്തെത്തിച്ച 90 അംഗ സംഘത്തിൽ 50 പേരും വിദേശികൾ: മതവും ദേശവും ഭാഷയും ഒരുപോലെ സ്‌നേഹത്തിന് മുമ്പിൽ വഴിമാറിയ അപൂർവ അനുഭവം; ഇഴഞ്ഞു നീങ്ങിയും വലിഞ്ഞു കയറിയും ചെളിയിൽ നീന്തിയും മൂന്ന് ദിവസം കൊണ്ട് ഇവർ ചെയ്തത് തലമുറകൾക്ക് പോലും മോക്ഷം കിട്ടുന്ന പുണ്യം

മറുനാടൻ ഡെസ്‌ക്‌

ബാങ്കോങ്ക്: തായ്‌ലണ്ടിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും ഇന്നലെ പുറത്തെടുത്തപ്പോൾ ലോകം ഒരു പുതുചരിത്രം കൂടി കുറിക്കുകയായിരുന്നു. ഒരുമിച്ചു നിന്നാൽ മനുഷ്യന് എന്തും കീഴടക്കാം എന്ന ചരിത്രം. തായ്‌ലണ്ടിന് പുറമേ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ രക്ഷാപ്രവർത്തകർ ഏകോപിപ്പിച്ചു നടത്തിയ രക്ഷാപ്രവർത്തനമാണ് 13 ജീവനുകൾക്ക് തുണയായത്. അത്യന്തം ദുർഘടമായിരുന്ന, ഒരു ഘട്ടത്തിൽ തീർത്തും അസാധ്യമെന്നു കരുതിയ ദൗത്യമാണ് സംഘബലത്തിൽ നേടിയെടുത്തത്.

ഗുഹയിൽ ശേഷിച്ചിരുന്ന നാല് കുട്ടികളെയും പരിശീലകനെയും ചൊവ്വാഴ്ച പുറത്തെത്തിക്കുമ്പോൾ, 18 ദിനരാത്രങ്ങൾ അവർ പിന്നിട്ടിരുന്നു. ജൂൺ 23-ന് ഫുട്‌ബോൾ പരിശീലനം കഴിഞ്ഞെത്തിയ കുട്ടികളും പരിശീലകനും ഗുഹ കാണാൻ കയറുത്തോടെയാണ് ദുരന്തത്തിന്റെ തുടക്കം. അപ്പോൾ മഴയുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് പെയ്ത കനത്ത മഴയിൽ മണ്ണിടിഞ്ഞ് ഗുഹാമുഖം അടഞ്ഞു. കുട്ടികളുടെ ബൂട്ടും സൈക്കിളും ഗുഹയ്ക്ക് പുറത്തുകണ്ടതും ഗുഹാമുഖത്തുനിന്ന് ഇവരുടെ കാൽപ്പാടുകളും വിരലടയാളങ്ങളും കണ്ടെത്തുകയും ചെയ്തതോടെ കുട്ടികൾ ഗുഹയിൽക്കുടുങ്ങിയെന്ന് ഉറപ്പിച്ചു.

ഒമ്പത് ദിവസത്തെ തിരച്ചിലിനുശേഷം ബ്രിട്ടീഷ് മുങ്ങൽവിദഗ്ധരായ ജോൺ വോളന്റൈനും റിച്ചാർഡ് സ്റ്റാന്റനും കുട്ടികളെ കണ്ടെത്തി. ഗുഹാമുഖത്തുനിന്ന് നാല് കിലോമീറ്റർ അകലെ പാറക്കെട്ടിൽ ഇരിക്കുകയായിരുന്നു ഇവർ. തുടർന്നങ്ങോട്ട് അതിവേഗ പ്രവർത്തനങ്ങളായാിരുന്നു. തുടർച്ചയായ മൂന്ന് ദിവസത്തെ പരിശ്രമത്താൽ കുട്ടികളെ പുറത്തെത്തിച്ചു. മഴ കനക്കുമെന്ന് ഉറപ്പായതോടെ അടിയന്തരമായി രക്ഷാപ്രവർത്തനം നടത്തിയാണ് എല്ലാവരെുയം രക്ഷിച്ചത്. ഞായറാഴ്ച അടിയന്തര രക്ഷാപ്രവർത്തനം തുടങ്ങി. ഞായറാഴ്ചയും തിങ്കളാഴ്ചയും നാലുപേരെ വീതം പുറത്തെത്തിച്ചു. ചൊവ്വാഴ്ച ശേഷിച്ച അഞ്ചുപേരെയും.

ഇവർ അഞ്ചുപേരെയും സ്‌ട്രെച്ചറുകളിലാണ് ഗുഹയിൽനിന്ന് പുറത്തെത്തിച്ചത്. ഉടൻതന്നെ ഹെലികോപ്റ്ററിൽ ചിയാങ് റായിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾക്കൊപ്പമുണ്ടായിരുന്ന തായ് നാവികസേനയിലെ മൂന്ന് അംഗങ്ങളും സൈനിക ഡോക്ടറും പുറത്തിറങ്ങിയതോടെ, ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിലൊന്ന് പൂർത്തിയായി. തായ്‌ലാൻഡ് പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് രക്ഷാപ്രവർത്തനമാരംഭിച്ചത്. കഴിഞ്ഞദിവസങ്ങളിൽ പുറത്തെത്തിച്ച എട്ടുപേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇതിൽ രണ്ടുപേർക്ക് ചെറിയതോതിൽ അണുബാധ സംശയിക്കുന്നുണ്ട്. പതിനൊന്ന് മുതൽ 17 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് ഗുഹയിൽകുടുങ്ങിയത്.

ലോകം വണങ്ങിയ രക്ഷാദൗത്യം

ഗുഹയിൽനിന്ന് കുട്ടികളെ രക്ഷിക്കാനുള്ള ദൗത്യമാരംഭിച്ചതു മുതൽ ഓരോ നീക്കവും ശ്വാസമടക്കിപ്പിടിച്ചാണ് ലോകം വീക്ഷിച്ചത്. ഓരോ കുട്ടിയും പുറത്തെത്തിയെന്ന വാർത്ത കേൾക്കുമ്പോൾ ആശ്വാസം...നെടുവീർപ്പ്. വീണ്ടും അടുത്തയാളുടെ വരവിന് കാതോർത്ത് കാത്തിരിപ്പ്. കഴിഞ്ഞ 18 ദിവസങ്ങൾ തായ്‌ലാൻഡിന് ഇങ്ങനെയായായിരുന്നു.

90 പേരടങ്ങുന്ന മുങ്ങൽവിദഗ്ധ സംഘമാണ് അടിയന്തര രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. കുട്ടികളെ ഗുഹയിൽനിന്ന് പുറത്തെത്തിക്കാനായി ചെളിയും വെള്ളവും നിറഞ്ഞ ഗുഹയിലെ ഇരുട്ടിലേക്ക് ഊളിയിട്ടത് 13 അന്താരാഷ്ട്ര മുങ്ങൽ വിദഗ്ധരും അഞ്ച് തായ് നേവി അംഗങ്ങളുമുൾപ്പെടെ 18 പേർ. ഗുഹയ്ക്ക് പുറത്ത് സജ്ജരായി പൊലീസും സൈനികരുമുൾപ്പെടെ ആയിരത്തോളം പേരും. ഇവരുടെ പരിശ്രമമാണ് ആ പതിമ്മൂന്ന് ജീവനുകളെ തിരിച്ചുപിടിച്ചത്. ബ്രിട്ടൻ, യു.എസ്., ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ, സ്വീഡൻ, മ്യാന്മാർ, ലാവോസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരും സാങ്കേതിക വിദഗ്ധരും രക്ഷാപ്രവർത്തനത്തിന് തായ് നാവികസേനയ്‌ക്കൊപ്പം ചേർന്നു.

കൂരിരുട്ടിൽ ഗുഹയിലെ വെള്ളക്കെട്ടിലൂടെ മുങ്ങാങ്കുഴിയിട്ടും നീന്തിയും ചിലയിടങ്ങളിൽ ഒരാൾക്കു കഷ്ടി നീങ്ങാൻ കഴിയുന്ന ഇടുക്കിലൂടെ നിരങ്ങിക്കയറിയും ഇടയ്ക്കു നടന്നും നാലു കിലോമീറ്റർ പിന്നിടുക. കഴിഞ്ഞ തിങ്കളാഴ്ച 12 കുട്ടികളെയും പരിശീലകനെയും കണ്ടെത്തിയശേഷം ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ദൗത്യ സംഘം തയാറാക്കിയ രക്ഷാപദ്ധതി ഇതാണ്. വെള്ളത്തിനടിയിലൂടെയുള്ള നീന്തലിനിടെ കുട്ടികൾ വല്ലാതെ ഭയന്നുപോകുമോ എന്നതായിരുന്നു പ്രധാന വെല്ലുവിളി. കുട്ടികളിൽ ആർക്കും നീന്തൽ പരിചയം ഇല്ലായിരുന്നു.

മുഖം മറയ്ക്കുന്ന സ്‌കൂബ മാസ്‌ക്, ഹെൽമറ്റ്, ദേഹമാസകലം മൂടുന്ന നനവിറങ്ങാത്ത വസ്ത്രം, ബൂട്ട് എന്നിവ ധരിച്ചശേഷം രണ്ടു നീന്തൽ വിദഗ്ധരുടെ നടുവിലായിരുന്നു പുറത്തേക്കുള്ള യാത്ര. ഗുഹയ്ക്കുള്ളിലെ നീന്തലിനു പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ഇവർ. ഗുഹാമുഖത്തുനിന്ന് കുട്ടികളെ കണ്ടെത്തിയ സ്ഥലം വരെ നാലു കിലോമീറ്റർ ദൂരത്തിൽ വലിച്ചുകെട്ടിയ 8 മി.മീ. കനമുള്ള ഇളകാത്ത കേബിൾ ആയിരുന്നു ദൗത്യസംഘാംഗങ്ങൾക്കുള്ള വഴികാട്ടി. മുന്നിലുള്ള ഡൈവറാണു കുട്ടിയുടെ ഓക്‌സിജൻ ടാങ്ക് ചുമന്നത്. മുന്നിലുള്ളയാളുമായി കുട്ടിയെ ബന്ധിപ്പിക്കുകയും ചെയ്തു.

അവർ നവയുഗ ഹീറോകൾ, കണ്ണീരോർമ്മയായി സമൻ കുനോന്ത്

താം ലുവാങ് ഗുഹയിൽ കുട്ടികളും കോച്ചും കുടുങ്ങിയതറിഞ്ഞ നിമിഷം അവിടേക്കു പറന്നെത്തിയ ലോകമെങ്ങും നിന്നുള്ള രക്ഷാപ്രവർത്തകരാണ് ഇപ്പോൾ ലേകത്തെ യഥാർത്ഥ ഹീറോകൾ. തായ് നാവികസേനാംഗങ്ങൾ, ഗുഹാവിദ്ഗധർ, മെഡിക്കൽ ടീമുകൾ, പൊലീസ്, നീന്തൽ വിദഗ്ദ്ധർ, സാങ്കേതിക വിഭാഗത്തിലുൾപ്പെട്ടവർ, മറ്റു സഹായികൾ എന്നിങ്ങനെ ആയിരത്തി അഞ്ഞൂറോളം പേരാണ്, ഈ ദിവസങ്ങളിലത്രയും 13 വിലപ്പെട്ട ജീവനുകൾക്കു വേണ്ടി ഗുഹാമുഖത്ത് രാവും പകലുമില്ലാതെ, വിശ്രമമറിയാതെ കൈമെയ് മറന്ന് പ്രവർത്തിച്ചത്. ഒപ്പം ഒട്ടേറെ നാട്ടുകാരും.

കുട്ടികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തിനായി ഒരുങ്ങിയത് 90 അംഗ സംഘമാണ്. ഇവരിൽ 50 പേർ വിദേശികൾ. 40 പേർ തായ് നാവികസേനാംഗങ്ങൾ. ഇവരിലെ അഞ്ചു തായ് നേവി സീൽ അംഗങ്ങളും മറ്റു രാജ്യങ്ങളിൽനിന്നുള്ള 13 പേരും ചേർന്ന് മൂന്നുദിവസം കൊണ്ടു 13 പേരെയും പോറൽ പോലുമേൽക്കാതെ പുറത്തെത്തിച്ചു. 'ഞാൻ വളരെ വളരെ സന്തുഷ്ടനാണ്. എല്ലാവരോടും നന്ദി പറയാൻ എനിക്കു വാക്കുകളില്ല' പതിമൂന്നാമത്തെ ആളെയും പുറത്തെത്തിച്ച ശേഷം രക്ഷാദൗത്യത്തിന്റെ മേധാവി നരോങ്‌സാക് ഒസാറ്റനാകോൺ പറഞ്ഞു.

അതേസമയം രക്ഷാദൗത്യം അവസാനിക്കുമ്പോൽ 13 ജീവൻ രക്ഷിക്കാനായി ഒരു ജീവൻ പൊലിഞ്ഞ അവസ്ഥയുണ്ടായി. സമൻ കുനോന്ത് എന്ന 36കാരനാണ് അത്. രക്ഷാദൗത്യത്തിലെ ഒരേയൊരു രക്തസാക്ഷി. തായ് നാവികസേനാ മുൻ ഉദ്യോഗസ്ഥനായ സമൻ ദൗത്യത്തിനായി ഓടിയെത്തിയതായിരുന്നു. ഗുഹയ്ക്കുള്ളിൽ ഓക്‌സിജൻ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങും വഴി സ്വന്തം ശേഖരത്തിലെ ജീവവായു തീർന്നാണു നീന്തൽ വിദഗ്ധനായ സമൻ മരിച്ചത്.

അവധിക്കാല യാത്ര മാറ്റിവച്ചാണ് ഓസ്‌ട്രേലിയക്കാരനായ ഡോ. റിച്ചാഡ് ഹാരിസ് തായ്‌ലൻഡിലേക്കു പാഞ്ഞെത്തിയത്. നീന്തലിലും ഡൈവിങ്ങിലും വിദഗ്ധനായ ഹാരിസിന്റെ സേവനം രക്ഷാസംഘത്തിനു വലിയ ആശ്വാസമായിരുന്നു. ഇദ്ദേഹമാണ് ഗുഹയ്ക്കുള്ളിലെത്തി കുട്ടികളുടെ ആരോഗ്യനില പരിശോധിച്ചതും പുറത്തേക്കു കൊണ്ടുവരേണ്ടവരുടെ ക്രമം നിശ്ചയിച്ചതും.

ആഹ്ലാദനൃത്തം ചവിട്ടി തായ് നിവാസികൾ

തായ്‌ലൻഡിന് ഇന്നലെ ആഘോഷരാവായിരുന്നു. ഗുഹയ്ക്കുള്ളിലെ എല്ലാവരും പുറത്തു വന്നതോടെ, വാഹനങ്ങളുടെ ഹോൺ മുഴക്കിയും നൃത്തമാടിയും അവർ ആഹ്ലാദം പങ്കുവച്ചു. പലരും സന്തോഷത്തിൽ പൊട്ടിക്കരഞ്ഞു. താം ലുവാങ് ഗുഹാമുഖത്തുനിന്ന് ഒൻപതു കിലോമീറ്റർ അകലെയുള്ള മായ് സായിൽ വച്ചാണ് ഞാൻ നന്ദിത സാങ് തിപ് എന്ന മുപ്പത്തിനാലുകാരിയെ കണ്ടത്. നിറചിരിയോടെ, ന്യൂഡിൽസ് നിറച്ച പാത്രം ഞങ്ങൾക്കു നീട്ടി. വിരലുകളിൽ ഓം മുദ്രയുള്ള മോതിരങ്ങൾ. കൗതുകത്തോടെ അതിലേക്കു നോക്കുന്നതു കണ്ടിട്ടാകണം, ഗണപതിയുടെ ചിത്രമുള്ള സ്വർണ ലോക്കറ്റും കാട്ടി ചോദിച്ചു: താങ്കൾ ഇന്ത്യയിൽ നിന്നാണോ?...

'ഇന്ത്യൻ ദൈവങ്ങളെ എനിക്കിഷ്ടമാണ്. ശിവൻ, പാർവതി, ഗണപതി എന്നിവരാണ് എനിക്കേറെ പ്രിയപ്പെട്ടവർ. ജീവിതത്തിൽ ബുദ്ധിമുട്ടുകളുണ്ടാകുമ്പോഴൊക്കെ ഞാൻ ഗണപതിയോടു പ്രാർത്ഥിക്കും; എനിക്ക് അനുഗ്രഹം കിട്ടും' ബുദ്ധമത വിശ്വാസിയായ നന്ദിത പറഞ്ഞു. 'ഗുഹയിൽ അകപ്പെട്ട കുട്ടികളെല്ലാം എന്റെ നാട്ടിൽനിന്നുള്ളവരാണ്. അവരെയൊന്നും നേരിട്ടറിയില്ല. പക്ഷേ, ആ അച്ഛനമ്മമാരുടെ വേദന എനിക്കു മനസ്സിലാകും' ഫാ പറഞ്ഞു. മായ് സായിൽ പാചകക്കാരിയായി ജോലി നോക്കുന്ന ഫാ, പതിനേഴു ദിവസമായി ഇവിടെ വൊളന്റിയറായി സേവനം ചെയ്യുകയാണ്. രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവർക്കുള്ള ഭക്ഷണം തയാറാക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ ചെയ്ത് രാവിലെ എട്ടുമുതൽ വൈകിട്ട് എട്ടുവരെ... നന്നായി ഇംഗ്ലിഷ് കൈകാര്യം ചെയ്യുന്ന, ചുരുക്കം ചില വൊളന്റിയർമാരിൽ ഒരാളായതിനാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാധ്യമപ്രവർത്തകർ വിവരങ്ങളറിയാൻ സമീപിച്ചതും ഇവരെയാണ്.

നിസ്വാർഥരായി, ഊണും ഉറക്കവും മറന്ന് രക്ഷാപ്രവർത്തകർക്കൊപ്പം നിന്ന നൂറുകണക്കിനു തായ് വൊളന്റിയർമാരുണ്ട്, ഫായെപ്പോലെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആരും ക്ഷണിക്കാതെ പാഞ്ഞെത്തിയവർ. അക്കൂട്ടത്തിൽ ബുദ്ധസന്യാസിമാർ, പാചകക്കാർ, ബാർബർമാർ, മസാജ് ചെയ്യുന്നവർ എന്നിവരെല്ലാമുണ്ടായിരുന്നു. പൊന്നോമനകൾ പുറത്തെത്തുന്നതും കാത്തിരുന്ന മാതാപിതാക്കൾ, രക്ഷാപ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവർക്കെല്ലാം സഹായവുമായി, ഹൃദയംകവരുന്ന പുഞ്ചിരിയോടെ അവർ ഓടിനടന്നു.

ആവശ്യമായവർക്കെല്ലാം രുചികരമായ ഭക്ഷണം സൗജന്യമായി അവർ വിളമ്പി (ഓരോ ദിവസവും ആയിരത്തിലേറെ പേർക്കു ഭക്ഷണം നൽകിയെന്നാണ് ഏകദേശ കണക്ക്). കരഞ്ഞു തളർന്നിരുന്നവർക്കു ചുറ്റും അവരുടെ ആശ്വാസവാക്കുകൾ തണൽവിരിച്ചു. ഇരുന്നും നിന്നും ക്ഷീണിച്ചവർക്കു മസാജ്... കാറ്റിനൊപ്പം ഒഴുകിനടന്ന മന്ത്രോച്ചാരണങ്ങൾ... അതെ, ഇപ്പോഴുയരുന്ന കയ്യടി ഇവർക്കുകൂടി അവകാശപ്പെട്ടതാണ്.

ദിവസങ്ങലായി ലോകം വീക്ഷിച്ചത് തായ് നേവി സീലിന്റെ ഫേസ്‌ബുക്ക് പേജ്

ഏതാനും ദിവസങ്ങളിലായി ലോകത്ത് ഏറ്റവും അധികം ആളുകൾ കയറിയ ഫേസ്‌ബുക്ക് പേജു ലോകം ഈ ദിവസങ്ങളിൽ ഏറ്റവുമധികം കയറിയിറങ്ങിയ ഫേസ്‌ബുക് പേജുകളിലൊന്നായിരുന്നു തായ് നേവി സീലിന്റേത്. തായ് നാവികസേനയുടെ പ്രത്യേക നീന്തൽ വിദഗ്ധവിഭാഗമാണു നേവി സീലുകൾ. ഇവരാണു ഗുഹയിലെ രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത്. രക്ഷാപ്രവർത്തനത്തിലെ ഓരോ ഘട്ടവും ഇവർ ഫേസ്‌ബുക്കിലൂടെ ലോകത്തെ അറിയിച്ചു കൊണ്ടിരുന്നു. അതും തമാശകൂടി കലർന്ന വാക്കുകളിൽ. എല്ലാവരും പുറത്തുവന്നപ്പോൾ അവരുടെ കമന്റ് ഇങ്ങനെ: 'ഇതൊരു അദ്ഭുതമാണോ ശാസ്ത്രമാണോ മറ്റെന്തെങ്കിലുമാണോ? ഞങ്ങൾക്കു നിശ്ചയമില്ല.'

അകത്തു കുടുങ്ങിയ ജൂനിയർ ഫുട്‌ബോൾ ടീമിന്റെ പേര് 'വൈൽഡ് ബോർസ്' എന്നായിരുന്നു. കാട്ടുപന്നികൾ എന്നർഥം. അവസാനത്തെ ടീമംഗത്തെയും പുറത്തെത്തിച്ചപ്പോൾ അവർ ഫേസ്‌ബുക്കിൽ കുറിച്ചു: 12 കാട്ടുപന്നികളും കോച്ചും എത്തിക്കഴിഞ്ഞു. എല്ലാവരും സുരക്ഷിതർ. ഇനി നാലു തവളകൾക്കായി കാത്തിരിക്കുന്നു.' അകത്തുള്ള നാലു രക്ഷാപ്രവർത്തകരെയാണു തവളകൾ എന്നു വിശേഷിപ്പിച്ചത്. നാലു രക്ഷാപ്രവർത്തകരും പുറത്തുവന്നപ്പോൾ പോസ്റ്റ് ഇങ്ങനെ: 'നാലു വെള്ള സ്രാവുകളും സുരക്ഷിതരായി എത്തി.'

ഇന്നലെ രാവിലെ, രക്ഷാപ്രവർത്തനം തുടങ്ങുമ്പോൾ, കാട്ടുപന്നികളെക്കുറിച്ചുള്ള ചെറിയ വിവരണമായിരുന്നു പേജിൽ കൊടുത്തത്. ഈ ആമുഖത്തോടെ 'കുട്ടികൾ പുറത്തു വരുന്നതു വരെ നമുക്കു കുറച്ചു വിശ്രമിക്കാം.' കുട്ടികളുടെ വിഡിയോയും അവർ എഴുതിയ കത്തുകളുമൊക്കെ ആദ്യം വന്നതു നേവി സീലിന്റെ ഫേസ്‌ബുക്കിലാണ്. ഇന്നലെ പുലർച്ചെ അവർ എഴുതി: 'ഇന്നു ജൂലൈ 10. മുൻദിവസങ്ങളെക്കാൾ നീളം കൂടുതലായിരിക്കും ഇന്നത്തെ ദിവസത്തിന്. ഒടുവിൽ, നമുക്ക് ഒരുമിച്ച് ആഘോഷിക്കാം.' തായ്‌ലൻഡ് ഇപ്പോൾ ആഘോഷത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP