Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പഴിപറഞ്ഞവർപോലും പുകഴ്‌ത്തുന്ന സഹജീവി സ്നേഹം; കൊറോണ വൈറസ് ബാധയെ തുടർന്ന് മരണത്തെ മുഖാമുഖം കാണുന്നവർക്ക് പ്ലാസ്മ ദാനം ചെയ്ത് രോ​ഗമുക്തരായ തബ് ലീ​ഗ് പ്രവർത്തകർ; മാരക വൈറസിനെ തുരത്താൻ പ്ലാസ്മ നൽകാൻ എത്തുന്നത് നോമ്പ് ഒഴിവാക്കിയും; രാജ്യത്ത് കോവിഡ് പടർത്തിയവർ എന്ന കുറ്റം ആരോപിക്കപ്പെട്ടവർ മാരക വൈറസിനെതിരായ യുദ്ധത്തിൽ മുന്നണിപ്പോരാളികൾ ആകുന്നത് ഇങ്ങനെ

പഴിപറഞ്ഞവർപോലും പുകഴ്‌ത്തുന്ന സഹജീവി സ്നേഹം; കൊറോണ വൈറസ് ബാധയെ തുടർന്ന് മരണത്തെ മുഖാമുഖം കാണുന്നവർക്ക് പ്ലാസ്മ ദാനം ചെയ്ത് രോ​ഗമുക്തരായ തബ് ലീ​ഗ് പ്രവർത്തകർ; മാരക വൈറസിനെ തുരത്താൻ പ്ലാസ്മ നൽകാൻ എത്തുന്നത് നോമ്പ് ഒഴിവാക്കിയും; രാജ്യത്ത് കോവിഡ് പടർത്തിയവർ എന്ന കുറ്റം ആരോപിക്കപ്പെട്ടവർ മാരക വൈറസിനെതിരായ യുദ്ധത്തിൽ മുന്നണിപ്പോരാളികൾ ആകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊവിഡ് വൈറസ് ബാധയുടെ പേരിൽ ഒരുപാട് പഴികൾ കേട്ട തബ് ലീ​ഗ് പ്രവർത്തകർ ഇപ്പോൾ കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ മുന്നണിപ്പോരാളികളാകുന്നു. ഡൽഹി നിസാമുദ്ദീനിൽ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിൽ തബ് ലീഗ് ജമാഅത്ത് പള്ളി കോവിഡ് വ്യാപനത്തിന്റെ എപ്പിസെന്ററായി മാറിയതോടെ ഒരുമതവിഭാ​ഗം ആകെ പ്രതിക്കൂട്ടിലാകുകയായിരുന്നു. എന്നാൽ ഇന്ന് അവരെ നിശിതമായി വിമർശിച്ചവർ പോലും അവർക്ക് കയ്യടിക്കുകയാണ്.

വൈറസ് ബാധയെ തുടർന്ന് മരണത്തെ മുഖാമുഖം കാണുന്ന സഹജീവികളുടെ ജീവൻ രക്ഷിക്കാൻ പ്ലാസ്മ ദാനം ചെയ്യുകയാണ് രോ​ഗമുക്തരായ തബ് ലീ​ഗ് പ്രവർത്തകർ. കോവിഡ്​ പോസിറ്റീവാകുകയും പിന്നീട്​ രോഗമുക്​തരാവുകയും ചെയ്​ത തബ്​ലീഗ്​ ജമാഅത്ത്​ പ്രവർത്തകരോട്​ പ്ലാസ്​മ ദാനം ചെയ്യാൻ പ്രസ്​ഥാനം ആവശ്യപ്പെട്ടപ്പോൾ ഏറെ ആവേശത്തോടെയാണ്​ അവരത്​ സ്വീകരിച്ചത്​. ​രോഗം മൂലം കഷ്​ടപ്പെടുന്നവരു​ടെ ജീവൻ രക്ഷിക്കാനായി നിറഞ്ഞ മനസ്സോടെ പ്ലാസ്​മ ദാനം ചെയ്യാനെത്തുകയാണ്​ വിവിധ സംസ്​ഥാനങ്ങളിലെ തബ്​ലീഗ്​ പ്രവർത്തകർ.

മനുഷ്യകുലത്തി​​ന്റെ നന്മയെ കരുതി പ്ലാസ്​മ ദാനം ചെയ്യണമെന്നാവശ്യപ്പെട്ട്​ ഏപ്രിൽ 21നാണ്​ തബ്​ലീഗ്​ ജമാഅത്​ നേതാവ്​ മൗലാന സഅദ്​ പ്രവർത്തകർക്ക്​ ശബ്​ദസന്ദേശം അയക്കുന്നത്. കോവിഡ്​ സ്​ഥിരീകരിച്ച തബ്​ലീഗ്​ പ്രവർത്തകർക്ക്​ ഡൽഹിയിലെ നരേലയിലും സുൽത്താൻപൂരിലും ക്വാറൻറീനിൽ കഴിയാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. അവരെല്ലാം രോഗമുക്​തരായി. 90 പേർ പ്ലാസ്​മ ദാനം ചെയ്​തു. പ്രവർത്തകരിൽ ചിലർ നോ​മ്പെടുത്തിരുന്നു. പ്ലാസ്​മ ദാനത്തിനായി അതൊഴിവാക്കാൻ പോലും അവർ തയാറായി. മറ്റ്​ ചിലർ വ്രതമവസാനിപ്പിച്ച ശേഷം സന്ധ്യക്ക്​ പ്ലാസ്​മ നൽകാനെത്തി. പ്ലാസ്​മ തെറാപ്പിയിലൂടെ ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവനുമുള്ള കോവിഡ്​ രോഗികൾ സുഖം പ്രാപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന്​ ഭോപ്പാലിൽ നിന്നുള്ള ഇഹ്​തിഷാം ചൂണ്ടിക്കാട്ടുന്നു. 

തബ് ലീ​ഗ് ജമാ അത്ത് വാർത്തകളിൽ നിറഞ്ഞു തുടങ്ങിയത് ഇങ്ങനെ

മാർച്ച് പകുതിയോടെ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിൽ തബ്ലീഗി ജമാഅത്ത് പ്രസംഗകരുടെ ഒത്തുചേരലിനെ തുടർന്നാണ് രോഗം പടർന്നതെന്നാണ് സൂചന. ഒരേസമയം പരിശോധന നടത്തുന്ന ഏറ്റവും വലിയ സംഖ്യയാണ് ഇത്. 1200 പേർ പള്ളിയിൽ ഒത്തുചേർന്നിരുന്നെന്നാണ് വിവരം. ജനതാ കർഫ്യൂ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പൊലീസ് എത്തി ഇവരിൽ പലരെയും വിമാനത്താവളങ്ങളിൽ എത്തിക്കുകയായിരുന്നു. എന്നിട്ടും 2000ത്തോളം ആളുകൾ ബാക്കിയുണ്ടായിരുന്നെന്നും അവരിൽ 280 പേർ വിദേശികളായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.

മലേഷ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾ സന്ദർശനം നടത്തിയ പള്ളിയിൽനിന്നാണ് നിസാമുദ്ദീനിലുള്ളവർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇത് വലിയ ആശങ്കയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതോടെ രാജ്യം മുഴുവൻ ശ്രദ്ധിക്കുന്നത് ഏതാണ് ഈ മുസ്ലിം വിഭാഗത്തെയാണ്. കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വേരുകൾ ഉള്ള തബ്‌ലീഗി ജമാഅത്തിന്റെ പ്രവർത്തന ശൈലി സലഫിസവുമായി ചേർന്നു കിടക്കുന്നത്.

ക്രൈസ്തവ വിഭാഗത്തിൽ മതപ്രബോധനം നടത്തുന്ന പെന്തകോസ്ത് ശൈലി പിന്തുടരുന്നവരാണ് തബ്‌ലീഗി ജമാഅത്ത് വിഭാഗവും. ഇസ്ലാമിക മതപ്രബോധനത്തിനായി നാടു മുഴുവൻ ചെറുസംഘങ്ങളായി ചുറ്റിയടിക്കുകയും ഇതേക്കുറിച്ച് പിന്നീട് വിശദമായി അവലോകനം നടത്താൻ യോഗം ചേരുകയും ചെയ്യുന്ന വിഭാഗമാണ് ഇക്കൂട്ടർ. കേരളത്തിലെ മുസ്ലിം വിഭാഗത്തിലെ അതിസമ്പന്നരായ വിഭാഗക്കാർ അടക്കം ഇവരുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്. മലപ്പുറത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ അടുത്ത ബന്ധു തബ്‌ലീഗി ജമാഅത്തുമായി ചേർന്നു പ്രവർത്തിക്കുന്ന വ്യക്തിയാണ്. ബിഎംഡബ്ല്യു അടക്കമുള്ള ആഡംബര കാറുകളുടെ ശേഖരമുള്ള കുടുംബത്തിനും ഈ ജമാഅത്തുമായി ബന്ധമുള്ളവരാണ്.

കേരളത്തിലെ സുന്നി ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ഉള്ളവർ അടക്കം ഇവരുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരല്ല. ഇസ്ലാമിക പാത എന്നാൽ അത് വസ്ത്രത്തിലും വേഷവിധാനത്തിലും അടക്കം തുടങ്ങുന്നതാണ് എന്നു വിശ്വസിക്കുന്ന ഇക്കൂട്ടർ താടി വടിക്കാതെ ഇസ്ലാമിക പാതയിലേക്ക് പോകുന്നവരാണ്. ആലപ്പുഴയിൽ നിന്നും തബ് ലീഗി ജമാഅത്തുമായി ചേർന്നു പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിൽ നിരവധി ഡോക്ടർമാർ അടക്കം ഉണ്ടെന്നതിൽ നിന്നും ഇവർക്ക് സമ്പന്ന ഇസ്ലാമിക സമൂഹവുമായുള്ള ബന്ധം വ്യക്തമാകുന്നതാണ്. വിദ്യാർത്ഥികൾ അടക്കമുള്ളവരെ സംഘടിപ്പിച്ചു കൊണ്ടാണ് ഇവരുടെ ഇസ്ലാമിക പ്രബോധനം നടത്താറ്.

പ്ലാസ്മ തെറാപ്പി

കൊവിഡ് 19 ബാധിച്ച് രോഗം ഭേദമായവരുടെ രക്തത്തിലെ ആന്റിബോഡി ഉപയോഗിച്ച് രോഗം ബാധിച്ചവരെ ചികിത്സിക്കുന്ന സംവിധാനമാണിത്.കൊവിഡ് ബാധിച്ച് രോഗമുക്തരായവരിൽ വൈറസിനെ ചെറുക്കുന്ന ആന്റിബോഡി രക്തത്തിൽ രൂപപ്പെട്ടിരിക്കും. ഇത്തരത്തിൽ രോഗത്തിൽ നിന്നും മോചിതരായവരിൽ നിന്ന് ഈ ആന്റിബോഡി ശേഖരിച്ച് രോഗമുള്ളവരിൽ കുത്തിവെക്കുകയാണ് പ്ലാസ്‌മ ചികിത്സ വഴി ചെയ്യുന്നത്.

രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് രക്തത്തിലെ പ്ലാസ്മ ശേഖരിക്കുന്നത്.തുടർന്ന് ഈ രക്തത്തിലെ പ്ലാസ്മയിലെ ആന്റിബോഡി വേർതിരിച്ച് ചികിത്സക്കുപയോഗിക്കുന്നു.ഈ കുത്തിവെപ്പ് നടത്തിയതോടെ രോഗലക്ഷണങ്ങൾ കുറയുകയും ശരീരത്തിൽ ഓക്സിജന്റെ അളവ് കൂടുകയും വൈറസ് പതുക്കെ നിർവീര്യമായി തുടങ്ങുകയും ചെയ്യുമെന്നാണ് ഗവേഷക സംഘം പറയുന്നത്.ഇത്തരത്തിൽ ചൈനയിലും അമേരിക്കയിലും നടത്തിയ പരീക്ഷണങ്ങൾ വിജയമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, കോവിഡിന്​ പ്ലാസ്​മ തെറാപ്പി ഫലപ്രദമായ ചികിത്സയായി ശാസ്​ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന്​​ ഏ​പ്രിൽ 28ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്​താവനയിറക്കി. ഇതൊരു പരീക്ഷണം മാത്രമാണ്​. ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​ (ഐ.സി.എം.ആർ) ഇതുസംബന്ധിച്ച്​ പഠനം നടത്തിവരികയാണ്​. വ്യക്തമായ ശാസ്​ത്രീയതെളിവുകൾ ലഭിച്ചശേഷം ഐ.സി.എം.ആർ ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP