Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടി വി അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണർ സ്ഥാനത്തുനിന്നു മാറ്റിയത് കറിപ്പൗഡർ കമ്പനികളെ സന്തോഷിപ്പിക്കാനോ? തീന്മേശയിൽ വിഷം വിളമ്പുന്നവർക്കെതിരെ സന്ധിയില്ലാ സമരം നയിച്ച ഉദ്യോഗസ്ഥയുടെ സ്ഥാനചലനത്തിൽ പൊതുജനങ്ങൾക്ക് കടുത്ത നിരാശ; പുതിയ ചുമതല നൽകിയത് സാമൂഹികനീതി വകുപ്പ് ഡയറക്ടറായി

ടി വി അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണർ സ്ഥാനത്തുനിന്നു മാറ്റിയത് കറിപ്പൗഡർ കമ്പനികളെ സന്തോഷിപ്പിക്കാനോ? തീന്മേശയിൽ വിഷം വിളമ്പുന്നവർക്കെതിരെ സന്ധിയില്ലാ സമരം നയിച്ച ഉദ്യോഗസ്ഥയുടെ സ്ഥാനചലനത്തിൽ പൊതുജനങ്ങൾക്ക് കടുത്ത നിരാശ; പുതിയ ചുമതല നൽകിയത് സാമൂഹികനീതി വകുപ്പ് ഡയറക്ടറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടി വി അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണർ സ്ഥാനത്തുനിന്നു മാറ്റിക്കൊണ്ടുള്ള തീരുമാനം ഇന്നലെയാണ് പുറത്തുവന്നത്. അന്യസംസ്ഥാനങ്ങൡ നിന്നെത്തുന്ന വിഷ പച്ചക്കറികൾക്കെതിരെയും കറിപ്പൗഡറുകളിലെ മായങ്ങൾക്കെതിരെയും സന്ധിയില്ലാതെ സമരം നയിച്ച അനുപമയുടെ സ്ഥാനചലനത്തെ സാമാന്യ ജനം സംശയത്തോടെയാണ് കാണുന്നത്. നവജ്യോത് ഖോസയാണ് പുതിയ ഭക്ഷ്യസുരക്ഷ കമ്മീഷണർ. കേരള മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ഡയറക്ടറുടെ അധിക ചുമതല നവജ്യോതഖോസക്കുണ്ടാവും.

ടി.വി. അനുപമയെ സാമൂഹികനീതി വകുപ്പ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. വിമുക്തി പദ്ധതിയുടെ അധികചുമതലയും അവർക്കുണ്ടാകും. പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അനുപമ ഐഎഎസ് തിരികേ സർവീസിൽ കയറിയിട്ടില്ല. പ്രസവ അവധിയിലായിരുന്നു അവർ. അവധിക്കേ ശേഷം തിരികെ സർവീസിൽ പ്രവേശിക്കാനിരിക്കേയാണ് പഴയ കസേര അവർക്ക് നൽകില്ലെന്ന വ്യക്തമായത്. നിലവിൽ കേശവേന്ദ്രകുമാറിനായിരുന്നു ഭക്ഷ്യസുരക്ഷാ കമീഷണറുടെ അധികചുമതല നൽകിയിരുന്നത്. കേശവേന്ദ്ര കുമാറിന്റെ കീഴിലും ശക്തമായ തീരുമാനങ്ങളുമായാണ് വകുപ്പ് മുന്നോട്ടു പോയത്. പഴകിയ ഭക്ഷണം വിൽക്കുന്ന ഹോട്ടലുകൾക്കെതിരെയും ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചിരുന്നു.

ഭക്ഷ്യസുരക്ഷാ കമ്മീഷണർ ആയിരിക്കെ അനുപമ കൈക്കൊണ്ട നടപടികൾ കറിപൗഡർ കമ്പനികളുടെയും കീടനാശിനി കമ്പനികളുടെയും എതിർപ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. അതുകൊണ്ട് തന്നെ അനുപമക്കെതിരെ നിക്ഷിപ്ത താൽപ്പര്യക്കാർ രംഗത്ത് വന്നിരുന്നു. വിഷപച്ചക്കറികൾക്കെതിരെ നടപടിയെടുത്തതിനെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലെ കീടനാശിനി കമ്പനികൾ അനുപമക്കെതിരെ രംഗത്തെത്തിയിരുന്നു. കറിപൗഡറുകളിൽ മായം കണ്ടെത്തിയതിനെ തുടർന്ന് നിറപറ കമ്പനിയുടെ ഉൽപ്പന്നങ്ങൾ നിരോധിച്ചു. ഇതേ തുടർന്ന് നിറപറ കമ്പനി അനുപമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു.

അനുപമയെ മാറ്റാൻ അന്ന് തന്നെ സമ്മർദ്ദം ആരംഭിച്ചെങ്കിലും സത്യസന്ധമായ നടപടിയിലൂടെ അനുപമ ആർജിച്ച ജനപിന്തുണ നടപടി എടുക്കുന്നതിൽ നിന്ന് സർക്കാരിനെ തടഞ്ഞു.വൻകിട ഹോട്ടലുകൾക്കെതിരെയും അനുപമ നടപടി സ്വീകരിച്ചിരുന്നു. ഇതും ഏറെ ജനപിന്തുണ നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയത്. അടുത്തിടെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കേരളത്തിൽ വിൽക്കുന്ന പ്രമുഖ കറിപൗഡർ ബ്രാൻഡുകളിൽ മായം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കർശന നടപടി അനുപമ വീണ്ടും ചുമതലയേറ്റാൽ ഉണ്ടാകുമെന്ന് പൊതുജനങ്ങളും വിശ്വസിച്ചിരുന്നു. ഇതിനിടെയാണ് അവരെ തൽസ്ഥാനത്തു നിന്നും മാറ്റിയത്. ഇത് ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കുന്ന തീരുമാനമായി മാറിയിട്ടുണ്ട്.

കറിപൗഡർ കമ്പനികളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണോ പുതിയ തീരുമാനമെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ അടക്കം തീരുമാനം അറിഞ്ഞതോടെ ആളുകൾ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം അനുപമയ്ക്ക് മാത്രമല്ല, സ്ഥാനചലനം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അനാവശ്യമായി വിവാദം അവശ്യമില്ലെന്നാണ് സർക്കാർ അനുകൂലികളുടെ നിലപാട്. മാത്രമല്ല, സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പു കൂടി വരുന്ന പശ്ചാത്തലത്തിൽ സാമൂഹികനീതി വകുപ്പിലെ ഡയറക്ടറായി സുപ്രധാന കാര്യങ്ങളിൽ ഇടപെടാൻ അവർക്കാ സാധിക്കുമെന്നും ഇക്കൂട്ടർ വാദിക്കുന്നു. പുതിയ തസ്തികയിൽ അനുമപ എന്ന് ചാർജ്ജെടുക്കുമെന്ന കാര്യം വ്യക്തമല്ല.

കേരള സ്റ്റേറ്റ് ഐ.ടി മിഷൻ ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചിട്ടുള്ളത്. ഇൻഫർമേഷൻ കേരള മിഷന്റെ അധികചുമതല കൂടി ഇദ്ദേഹത്തിനുണ്ടാകും. മിനി ആന്റണിയെ സിവിൽ സപൈ്‌ളസ് കമീഷണറായി നിയമിച്ചു. സിവിൽ സപൈ്‌ളസ് വകുപ്പ് ഡയറക്ടറായി വി. രതീശനെ നിയമിച്ചു. പി. ബാലകിരണിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. കേരള ലോക്കൽ ഗവൺമെന്റ് സർവിസ് ഡെലിവറി പ്രോജക്ടിന്റെ (കെ.എൽ.ജി.എസ്.ഡി.പി) അധികചുമതല കൂടിയുണ്ട്.

നിറപറയിലെ മായത്തിനെതിരെ സന്ധിയില്ലാത്ത സമരമാണ് അനുപമയെ ഏറെ പ്രിയങ്കരിയാക്കിയ്. എന്തിനും ഏതിനും നിറപറ, അത്ര വിശ്വാസമായിരുന്നു മലയാളി വീട്ടമ്മമാർക്ക് നിറപറയെ. നിറപറയ്ക്ക് സാക്ഷ്യപത്രവുമായി മലയാളികളുടെ പ്രിയതാരം കാവ്യാമാധവൻ കൂടി എത്തിയതോടെ ആ വിശ്വാസം ഇരട്ടിയായരുന്നു. ആ വിശ്വസമാണ് അനുപമ ആദ്യം പൊളിച്ചടുക്കിയത്. നിറപറ ഉത്പന്നങ്ങളിൽ മായം എന്ന വാർത്ത മലയാളികൾ ഞെട്ടലോടെയാണ് കേട്ടത്. ഒരു വമ്പൻ ബ്രാന്റിനെ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണറായിരുന്ന അനുപമ സധൈര്യം വിപണിയിൽ നിന്നു പിൻവലിപ്പിച്ച് കയ്യടിനേടി. നിറപറയുടെ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയിലാണ് സുരക്ഷാ പരിശോധനയിൽ മായം കണ്ടെത്തിയത്.

ഉത്പന്നങ്ങളിൽ സാർച്ചിന്റെ അംശം കണ്ടെത്തിയതാണ് നിറപറയ്‌ക്കെതിരെ നടപടിയെടുക്കാൻ അനുപമയെ പ്രേരിപ്പിച്ചത്. കേരളത്തിലെ മൂന്നു ലാബുകളിൽ സ്‌പെസസ് ബോർഡ് നടത്തിയ പരിശോധനയിൽ 15 ശതമാനം മുതൽ 70 ശതമാനം വരെയാണ് സാർച്ച് കണ്ടെത്തിയത്. 35ൽ അധികം കേസുകൾ നിറപറയ്‌ക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് കോടതിയിൽ നൽകിയിട്ടുണ്ട് ഇതിൽ പലതിലും നിറപറയെ ശിക്ഷിച്ചു. എന്നാൽ പല കേസുകളിലും പിഴ അടച്ച് നിറപറ ഊരിപ്പോന്നു. അനുപയുടെ നടപടിയ്‌ക്കെതിരെ കോടതിയിൽ പോയ നിറപറ അനുകൂല ഉത്തരവ് സംബാധിച്ചു. ഭക്ഷ്യ സുരക്ഷാവകുപ്പും നിറപറയും തമ്മിലുള്ള പോരാട്ടം നടക്കുമ്പോൾ അനുപമയെ തൽസ്ഥാനത്തു നിന്നു നീക്കാൻ ശക്തമായ സമ്മർദ്ദമുണ്ടായതായി അനുപമയുടെ മേലുദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയിരുന്നു.

ആദ്യം അനുപമ വാർത്തകളിൽ ഇടം നേടുന്നത് തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വിഷം തളിച്ച പച്ചക്കറികൾക്കെതിരെ നപടി സ്വീകരിച്ചുകൊണ്ടാണ്. അതിർത്തികളിൽ അനുപമ പരിശോധന കർശനമാക്കിയതോടെ തമിഴ്‌നാട് പച്ചക്കറിലോഭിയുടെ കണ്ണിലെ കരടായി മാറി. മലയാളികളെ വിഷം തീറ്റിക്കില്ലെന്ന അനുപമയുടെ നിലപാട് മലയളികളെ പോലും ഇരുത്തിചിന്തിപ്പിച്ചു, പച്ചക്കറിയുടെ കാര്യത്തിലെങ്കിലും അന്യസംസ്ഥാനത്തെ ആശ്രയിക്കാതെ സ്വയം പര്യാപ്തരായിക്കൂടെയെന്നു മലയാളി ചിന്തിച്ചു തുടങ്ങിയത് ഇതോടെയാണ്.

ഭക്ഷ്യ സുരക്ഷാ വകുപ്പിലെത്തുന്നതിനു മുൻപ് അനുപമ തലശ്ശേരി സബ് കലക്ടറായിരുന്നു. തലശ്ശേരി സബ് കലക്ടർ സ്ഥാനത്തെത്തിയത് ഒരു സ്ഥലമാറ്റ ഉത്തരവിലൂടെയാണ്. കാഞ്ഞങ്ങാട് സബ്കലക്ടറായിരിക്കെ പുഴയോരം കയ്യേറിയ ഭൂമാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിന് തലശ്ശേരിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ്മലപ്പുറം പൊന്നാനിക്കടുത്ത മാറഞ്ചേരി സ്വദേശിനിയാണ് ടി വി അനുപമ. 2010 ബാച്ചിൽ ഐഎഎസ് ബാച്ചുകാരിയാണ് അനുപമ. തെറ്റുകൾക്കെതിരെ ഈ പെൺകുട്ടി പെരുതിയപ്പോൾ കേരളം ഇവൾക്കൊപ്പം നിന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP