Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കശ്മീർ കാര്യത്തിൽ കേന്ദ്ര സർക്കാർ നടത്തിയത് കാൽകുലേറ്റഡ് റിസ്‌ക്; തോക്കിൻ കുഴലിലൂടെ പിന്നീട് ശാശ്വത സമാധാനമാക്കി മാറ്റാം; ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങൾ ഈ വഴി സ്വീകരിച്ചവർ; കശ്മീരിൽ ഭീകരവാദം അവസാനിക്കുന്നത് എല്ലാവരും അംഗീകരിക്കുന്ന തീരുമാനം; ലോക നേതാക്കളുടെ മൗനം ഇന്ത്യയ്ക്ക് ഗുണകരമാണ്; സെക്യൂരിറ്റി കൗൺസിലിൽ പ്രശ്‌നം വന്നാൽ പാക്കിസ്ഥാനെ അനുകൂലിക്കാനും ആള് കാണും; കശ്മീർ കാര്യത്തിൽ മറുനാടനോട് പ്രതികരിച്ച് പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ

കശ്മീർ കാര്യത്തിൽ കേന്ദ്ര സർക്കാർ നടത്തിയത് കാൽകുലേറ്റഡ് റിസ്‌ക്;  തോക്കിൻ കുഴലിലൂടെ പിന്നീട് ശാശ്വത സമാധാനമാക്കി മാറ്റാം; ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങൾ ഈ വഴി സ്വീകരിച്ചവർ; കശ്മീരിൽ ഭീകരവാദം അവസാനിക്കുന്നത് എല്ലാവരും അംഗീകരിക്കുന്ന തീരുമാനം;  ലോക നേതാക്കളുടെ മൗനം ഇന്ത്യയ്ക്ക് ഗുണകരമാണ്; സെക്യൂരിറ്റി കൗൺസിലിൽ പ്രശ്‌നം വന്നാൽ പാക്കിസ്ഥാനെ അനുകൂലിക്കാനും ആള് കാണും; കശ്മീർ കാര്യത്തിൽ മറുനാടനോട് പ്രതികരിച്ച് പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ

എം മനോജ് കുമാർ

തിരുവനന്തപുരം: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതും വിഭജനം വന്നതുമെല്ലാം കശ്മീരികളെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന തീരുമാനമാണെന്ന് പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കശ്മീരികൾക്കുള്ള പ്രത്യേക അധികാരങ്ങൾ ഇപ്പോൾ എടുത്തു കളയപ്പെട്ടിട്ടുണ്ട്. അവർക്കുണ്ടായിരുന്ന പ്രത്യേക ഫ്രീഡം നഷ്ടമായിരിക്കുന്നു. ഇത് അവർക്ക് ആശങ്ക ജനിപ്പിക്കുന്ന തീരുമാനമാണ്. മുൻപ് തീരുമാനം വന്നിരുന്നത് കശ്മീരിൽ നിന്ന് മാത്രമായിരുന്നു ഇപ്പോൾ തീരുമാനം വരുന്നത് ഡൽഹിയിൽ നിന്നാണ്. ഇതാണ് ഇവരെ ആശങ്കയിലാഴ്‌ത്തുന്നത്-ടി.പി.ശ്രീനിവാസൻ പറയുന്നു.

കശ്മീരിൽ അസംബ്ലി ഉണ്ടായാലും അസംബ്ലിക്ക് വലിയ പവർ കിട്ടില്ല. ഡൽഹി തീരുമാനങ്ങൾ ആയിരിക്കും നിലനിൽക്കുക. പക്ഷെ കശ്മീരിൽ ഭീകരവാദം അവസാനിക്കുന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. പാക്കിസ്ഥാന്റെ ഇടപെടൽ ആണ് കശ്മീരിൽ സമാധാനം ഇല്ലാതാക്കുന്നത്. തോക്കിൻ കുഴലിലൂടെയുള്ള സമാധാനം അത് താത്കാലികമാണ്. പക്ഷെ തോക്കിൻ കുഴലിലൂടെ സമാധാനം കൊണ്ട് വന്നു അത് പിന്നീട് ശാശ്വത സമാധാനമാക്കി മാറ്റാം. തോക്കിൻകുഴലിലൂടെ പല രാജ്യങ്ങളിലും ശാശ്വത സമാധാനം വന്നിട്ടുണ്ട്. ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങൾ ഉദാഹരണം.

കശ്മീരിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ എടുത്ത തീരുമാനം കാൽകുലേറ്റഡ് റിസ്‌ക് ആണ്. കരുതിയുള്ള തീരുമാനം തന്നെയാണിത്. കശ്മീർ വിഭജന കാര്യത്തിൽ ലോക നേതാക്കളുടെ മൗനം ഇന്ത്യയ്ക്ക് ഗുണകരമാണ്. അത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമായാണ് അവർ കാണുന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടക്കമുള്ള നേതാക്കൾ ഇതുവരെ ട്വിറ്റുകൾ നടത്തിയിട്ടില്ല. പക്ഷെ പാക്കിസ്ഥാൻ കശ്മീർ പ്രശ്‌നത്തിൽ പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷെ പാക്കിസ്ഥാൻ പ്രശ്‌നമുണ്ടാക്കിയാൽ അത് യുഎൻ സെക്യൂരിറ്റി കൗൺസിലിലേക്ക് വന്നേക്കും. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ കശ്മീർ പ്രശ്‌നം ഒരു തർക്കവിഷയമാണ്. അവിടെ യുഎൻ ഫോഴ്‌സുമുണ്ട്. സെക്യൂരിറ്റി കൗൺസിലിൽ ഈ പ്രശ്‌നം വന്നാൽ പാക്കിസ്ഥാനെ പിന്തുണയ്ക്കാനും ആള് കാണും. ചൈന അടക്കമുള്ള രാജ്യങ്ങൾ. പക്ഷെ ചൈന ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. അതും കണക്കിലെടുക്കണം.

കശ്മീരിൽ 370 ആം വകുപ്പ് നീക്കിയത് ഗുണകരമാണോ ഇല്ലയോ എന്ന് വർഷങ്ങൾ കഴിഞ്ഞു മാത്രമേ വിലയിരുത്താൻ കഴിയൂ. ന്യൂക്ലിയർ ആയുധങ്ങൾ ടെസ്റ്റ് ചെയ്തത് ഗുണമാണോ ദോഷമാണോ എന്ന് പിന്നിട് ആണ് വ്യക്തമായത്. ഇന്ദിരാഗാന്ധി ബാങ്കുകൾ ദേശസാൽക്കരിച്ചു, പ്രിവിപെഴ്‌സ് എടുത്ത് കളഞ്ഞു, നോട്ടു നിരോധനം മോശം തീരുമാനമാണോ എന്ന് പിന്നീടാണ് വിലയിരുത്താൻ കഴിയുക. ഇതെല്ലാം അതാത് സമയങ്ങളിലെ വിപ്ലവകരമായ തീരുമാനങ്ങൾ ആയിരുന്നു. അതെല്ലാം പിന്നീട് ശരിയായിക്കൊള്ളും. ജനാധിപത്യമാണ് ആ കോമ്പിനേഷനിൽ നിന്നും മാറാൻ കഴിയില്ല. വിഭജനത്തിലും 370 വകുപ്പ് എടുത്ത് മാറ്റിയതിലും പ്രത്യേകമായ കുഴപ്പങ്ങൾ ഒന്നും ഇല്ല. നെഗറ്റീവ് ആയി ഒന്നും കാണാൻ കഴിയില്ല. മുൻപത്തെ സർക്കാരുകൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആരും ഒന്നും ചെയ്യാതിരുന്നു. ഇങ്ങിനെ ശക്തമായ തീരുമാനം എടുക്കാനുള്ള ഭൂരിപക്ഷവും നേതൃത്വവും അതിനുള്ള അന്തരീക്ഷവും സർക്കാരുകൾക്കും മുന്നിലുണ്ടായിരുന്നില്ല.

രാജ്യസഭയിൽ ഭൂരിപക്ഷം വേണം. സംസ്ഥാന തലങ്ങളിൽ ഭൂരിപക്ഷം വേണം. അതുകൊണ്ടാണ് ഇത്തരം തീരുമാനങ്ങൾ സർക്കാരുകൾ എടുക്കാതിരുന്നത്. അല്ലെങ്കിൽ വാജ്‌പേയി സർക്കാർ തന്നെ ഇത്തരത്തിൽ തീരുമാനം എടുക്കുമായിരുന്നു. പക്ഷെ എൻഡിഎ സർക്കാർ വേറെ വഴി കണ്ടുപിടിച്ചു. അവർ പ്രമേയം വഴി കശ്മീരിനുണ്ടായിരുന്ന 370 ആം വകുപ്പ് എടുത്ത് മാറ്റി. ഇത് ഒരു പക്ഷെ സുപ്രീംകോടതിയിൽ ഇത് ചോദ്യമായി വരും. ജമ്മു കശ്മീർ അസംബ്ലി നിലനിൽക്കുന്നില്ല. സ്റ്റേറ്റ് അസംബ്ലിയുടെ എഗ്രിമെന്റ് വേണം എന്നാണ് എഴുതിയിരിക്കുന്നത്. അതിനു പകരം ഗവർണറുടെ എഗ്രിമെന്റ് ആണ് നൽകിയിരിക്കുന്നത്. അങ്ങിനെ ഒരു പാടു പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്.

നെഹ്രുവിന്റെ കാലത്ത് കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയത് മണ്ടത്തരം എന്ന് പറയാൻ കഴിയില്ല. അത് താത്കാലിക സംവിധാനമായിരുന്നു. അന്ന് സാഹചര്യങ്ങൾ വ്യത്യസ്ഥമായിരുന്നു. കശ്മീർ ഇന്ത്യൻ യൂണിയനിൽ ജോയിൻ ചെയ്യണമെങ്കിൽ അവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകണമായിരുന്നു. ഇത് നെഹ്രുവിന്റെ തന്നെ ആശയമായിരുന്നു. പക്ഷെ വേറൊരു ലെവലിൽ എത്തുമ്പോൾ മറ്റു സ്റ്റേറ്റുകൾ പോലെ തന്നെ വികസിപ്പിച്ച് കശ്മീരും ആക്കേണ്ടതായിരുന്നു എന്നാണ് തീരുമാനിച്ചിരുന്നത്. പക്ഷെ ടെററിസവും പാക് അനുകൂല തീവ്രവാദവും ഒക്കെ കാര്യങ്ങൾ മാറ്റി മറിച്ചു.

രണ്ടു ഭാഗങ്ങളായുള്ള കശ്മീരിന്റെ വിഭജനം നല്ല കാര്യമാണ്. ലഡാക്ക് വ്യത്യാസമുണ്ട്. നമ്മൾ കശ്മീർ കശ്മീർ എന്ന് പറയുന്ന പോലെയല്ല കാര്യങ്ങൾ. കശ്മീർ വിഭജിക്കണമെന്നു പണ്ട് മുതലേയുള്ള ആവശ്യമാണ്. ജമ്മുവും കശ്മീരും ലഡാക്കും മൂന്നായി വിഭജിക്കണമെന്നായിരുന്നു ആവശ്യം. കശ്മീർ പ്രശ്‌നം പരിഹരിക്കണമെന്നുള്ള വിവിധ നിർദ്ദേശങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു ആവശ്യം ഉയർന്നു വന്നത്. ഇപ്പോൾ രണ്ടായി വിഭജിച്ച് തീരുമാനം വന്നിരിക്കുന്നു-ശ്രീനിവാസൻ പറയുന്നു.

അതേസമയം ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കൽ പ്രമേയം, കശ്മീർ പുനഃസംഘടനാ ബിൽ എന്നിവ രാജ്യസഭ പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇരുബില്ലുകളും സഭയിൽ അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണ് പദവി റദ്ദാക്കൽ പ്രമേയം പാസാക്കിയത്. പ്രതിപക്ഷം അവതരിപ്പിച്ച എതിർപ്രമേയം ഉപരാഷ്ട്രപതി തള്ളി. അംഗങ്ങൾക്ക് സ്ലിപ് നൽകിയാണ് പുനഃസംഘടനാ ബില്ലിൽ വോട്ടെടുപ്പ് നടത്തിയത്. 125 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 61 പേർ എതിർത്തു. കശ്മീരിനു പ്രത്യേക പദവി നൽകുന്ന. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. പ്രത്യേക ഭരണഘടന പദവി റദ്ദാക്കിയതിനെതിരെ ഉയർന്നേക്കാവുന്ന പ്രതിഷേധങ്ങൾ തടയാൻ അസാധാരണ നടപടികളാണ് ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത്. മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ഉൾപ്പെടേയുള്ള മുഖ്യധാര രാഷ്ട്രീയ നേതാക്കളെ വീട്ട് തടങ്കലിലാക്കി. സംസ്ഥാനത്ത് അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൈനിക നിയന്ത്രണത്തിലായ കശ്മീർ താഴ്‌വരയിലെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. കശ്മീർ താഴ്‌വരയിൽ ഇന്റർനെറ്റ് മൊബൈൽ കേബിൾ ടിവി സേവനങ്ങൾ നിലച്ച അവസ്ഥയിലാണ്. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP