Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗവർണർക്ക് നൽകിയ പട്ടികയിൽ നിസാമും കൊടും ക്രിമിനലുകളും ഇല്ലെന്ന വാദവുമായി സർക്കാർ; വിശദീകരണം ജയിൽ വകുപ്പ് തയ്യാറാക്കിയ പട്ടികയിൽ കൊടുംക്രിമിനലുകൾ ഉൾപ്പെട്ടെന്ന വിവരാവകാശ രേഖ മറുനാടൻ പുറത്തുവിട്ടതോടെ; കാര്യമായ മാറ്റം വരുത്തിയാണ് അന്തിമ പട്ടികയെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ഷീലാ റാണി

ഗവർണർക്ക് നൽകിയ പട്ടികയിൽ നിസാമും കൊടും ക്രിമിനലുകളും ഇല്ലെന്ന വാദവുമായി സർക്കാർ; വിശദീകരണം ജയിൽ വകുപ്പ് തയ്യാറാക്കിയ പട്ടികയിൽ കൊടുംക്രിമിനലുകൾ ഉൾപ്പെട്ടെന്ന വിവരാവകാശ രേഖ മറുനാടൻ പുറത്തുവിട്ടതോടെ; കാര്യമായ മാറ്റം വരുത്തിയാണ് അന്തിമ പട്ടികയെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ഷീലാ റാണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ശിക്ഷാ ഇളവ് നൽകാൻ തീരുമാനിച്ച് ഗവർണർക്ക് മുമ്പാകെ സമർപ്പിച്ചവരുടെ പട്ടികയിൽ ചന്ദ്രബോസിന്റെ കൊലയാളി നിസാമും കൊടുംക്രിമിനലുകളും ഇല്ലെന്ന വാദവുമായി സർക്കാർ. ജയിൽ വകുപ്പ് തയ്യാറാക്കി ഗവർണർക്ക് സമർപ്പിച്ച പട്ടികയിൽ നിന്നും കാപ്പ ചുമത്തിയ നിസാം അടക്കമുള്ള ക്രിമനലുകളുടെ പേരുകൾ നീക്കം ചെയ്തുവെന്നാണ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നത്. ജയിൽവകുപ്പ് തയ്യാറാക്കിയ പട്ടികയിൽ കൊടി സുനി അടക്കമുള്ള കൊടുംക്രിമിനലുകൾ ഉൾപ്പെട്ടു വിവരാവകാശ രേഖ മറുനാടൻ മലയാളിയാണ് പുറത്തുവിട്ടത്. മറുനാടൻ വാർത്ത ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് സർക്കാർ ഭാഗം ന്യായീകരിച്ച് ആഭ്യന്തര വകുപ്പ് രംഗത്തെത്തിയത്.

സംസ്ഥാന സർക്കാർ ശിക്ഷായിളവ് നൽകാൻ തീരുമാനിച്ചവരുടെ പട്ടികയിൽ നിസാമും കൊടും ക്രിമിനലുകളും ഉണ്ടായിരുന്നില്ലെന്നാണ് ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ഷീലാ റാണി വ്യക്തമാക്കിയത്. ജയിൽ വകുപ്പ് നൽകാൻ തീരുമാനിച്ച പ്രതികളുടെ പട്ടികയിൽ നിന്നും വീണ്ടും തിരുത്ൽ വരുത്തി നിസാമിനേയും അടക്കം പലരേയും ഒഴിവാക്കിയിരുന്നുവെന്ന് സർക്കാരിന് വേണ്ടി ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി വ്യക്തമാക്കി. ജയിൽ വകുപ്പിന്റെ പട്ടിക പരിശോധിച്ച ശേഷം സർക്കാർ ലിസ്റ്റ് തയ്യാറാക്കിയതിന്റെ മേൽനോട്ട് ചുമതല ഷീലാറാണിക്കായിരുന്നു.

ശിക്ഷാ ഇളവ് നൽകുന്നതിന് പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നും ഷീലാ റാണി വ്യക്തമാക്കി..ജയിൽ വകുപ്പിന്റെ റിപ്പോർട്ടിൽ നിന്നും കാര്യമായ മാറ്റത്തോടെയാണ് അന്തിമ പട്ടികയെന്നാണ് വിശദീകരണം. അതേസമയം വിവരാവാകാശ നിയമപ്രകാരം ഈ പട്ടികയുടെ ലിസ്റ്റ് നേരത്തെ തേടിയപ്പോൾ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകാൻ ആഭ്യന്തര വകുപ്പ് തയ്യാറായിരുന്നില്ല. പിന്നീടാണ് ജയിൽ വകുപ്പ് ഇത് സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം കൈമാറിയത്.

കൊടി സുനി, കുഞ്ഞനന്തൻ, കെ.സി രാമചന്ദ്രൻ, സിജിത്ത്,മനോജ്, റഫീഖ് എന്നിവരാണ് ജയിൽവകുപ്പ് ശിക്ഷാ ഇളവ് നൽകാൻ തീരുമാനിച്ച പ്രതികളുടെ ലിസ്റ്റിലുള്ളത്. നേരത്തെ ടിപി കേസ് പ്രതികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന നിയമസഭയിലെ ചോദ്യത്തിന് ഇളവ് നൽകാൻ നിശ്ചയിച്ച പട്ടികയിലെ എല്ലാവരും ആരാണെന്ന് ഓർക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഈ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ തീർത്തും ഉരുണ്ടു കളിക്കുന്ന അവസ്ഥയാണ് ഉണ്ടായത്.

2017 ഫെബ്രുവരി 21ന് ജയിൽ ആസ്ഥാനത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് നൽകിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് നിരവധി കുറ്റവാളികൾക്ക് ശിക്ഷാഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചതായി വ്യക്തമാകുന്നത്. കെ.സി രാമചന്ദ്രൻ, കുഞ്ഞനന്തൻ, സിജിത്ത്,മനോജ്,റഫീക്ക്, അനൂപ്, മനോജ്കുമാർ, സുനിൽകുമാർ,രജീഷ്,മുഹമ്മദ് ഷാഫി,ഷിനോജ് എന്നിങ്ങനെ ടിപി വധക്കേസിലെ പതിനൊന്ന് പ്രതികൾക്കാണ് സർക്കാർ ശിക്ഷായിളവ് നൽകാൻ തീരുമാനിച്ചിരുന്നത്. ഇവർക്ക് പുറമേ ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം, മണിച്ചൻ, കാരണവർ വധക്കേസ് പ്രതി ഷെറിൻ തുടങ്ങിയവരും ലിസ്റ്റിൽ ഇടം പിടിച്ചിരകുന്നു.

2016 ൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണു പ്രത്യേക ശിക്ഷായിളവ് ഉദ്ദേശിച്ചിരുന്നത്. ഇതനുസരിച്ച് മൂവായിരത്തോളം തടവുകാരിൽ 1911 പേർക്ക് ശിക്ഷായിളവ് നൽകണമെന്ന് കാണിച്ച് ജയിൽവകുപ്പ് 2016 ഒക്ടോബർ 17ന് സർക്കാരിന് പ്രോപ്പസൽ സമർപ്പിച്ചു. ഇതിൽ കൊലപാതകം തൊഴിലാക്കിയവർ, വാടകക്കൊലയാളികൾ, രാജ്യദ്രോഹ കുറ്റത്തിനു ശിക്ഷിച്ചവർ, കള്ളക്കടത്തുമായി ബന്ധപ്പെട്ടു കൊല നടത്തിയവർ, ജയിൽ ഉദ്യോഗസ്ഥരെ കൊല ചെയ്തവർ, സ്ത്രീകളെയും കുട്ടികളെയും കൊല ചെയ്തവർ, 65നു മേൽ പ്രായമുള്ളവരെ കൊല ചെയ്തവർ, ലഹരിമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ടവർ, വിദേശികളായ തടവുകാർ എന്നിവരെയൊന്നും പരിഗണിക്കരുതെന്നു സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഇതു പ്രകാരമാണ് ലിസ്റ്റ് നൽകിയതും. തുടർന്ന് ഈ ലിസ്റ്റ് പരിശോധിക്കാൻ ആഭ്യന്തര അഡീഷനൽ സെക്രട്ടറി ഷീലാറാണി ചെയർപേഴ്സണായ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഇപ്രകാരം ജയിൽവകുപ്പ് നൽകിയ ലിസ്റ്റിൽ നിന്നും 61 പേരെ ഒഴിവാക്കിയെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. എന്നാൽ ഈ ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിൽ കൊടി സുനിയും കൂട്ടരും ഉണ്ടോ എന്ന തീർത്തു പറയാൻ ഷീല റാണി തയ്യാറായില്ല. ഇവരെ വിട്ടയക്കില്ലെന്നാണ് ഷീല പ്രധാനമായും പറഞ്ഞത്. സർക്കാർ നിയോഗിച്ച കമ്മിറ്റി പരിശോധിച്ച് അർഹരെന്ന് കണ്ടത്തെിയ 1850 തടവുകാർക്ക് ഇളവ് നൽകാനുള്ള ശുപാർശയാണ് ഗവർണറിലേക്ക് എത്തുന്നതുമെന്നതാണ് സർക്കാർ വാദം. എന്നാൽ, ഈ പട്ടിക ഗവർണർ പി സദാശിവം തിരിച്ചയച്ചതോടെയാണ് ഇതേക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. ഇത് സംബന്ധിച്ച് രാജ്ഭവനിൽ നിന്നും മാധ്യമങ്ങൾക്ക് പ്രസ് റിലീസ് നൽകിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

എന്നാൽ, ജയിൽവകുപ്പിന്റെ പട്ടികയിൽ പോലും ഈ കുപ്രസിദ്ധരായ പ്രതികൾ എങ്ങനെ ഇടം പിടിച്ചു എന്ന ചോദ്യത്തിന് ജയിൽവകുപ്പും സർക്കാറും തന്നെയാണ് ഉത്തരം പറയേണ്ടത്. ഫെബ്രുവരി 21ന് ജയിൽ ആസ്ഥാനത്തെ പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്ക് ഞങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലെ ആദ്യം ചോദ്യം ഇതായിരുന്നു. കേരള പിറവിയുടെ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജയിൽ വകുപ്പ് ശിക്ഷ ഇളവിന് ശുപാർശ ചെയ്തവരുടെ എണ്ണം എത്ര? പട്ടികയുടെ പകർപ്പ് ലഭ്യമാക്കാമോ ? ഇതിന് ജയിൽ ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ളിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിൽ 1911 തടവുകാരുടെ ലിസ്റ്റ് സർക്കാരിന് സമർപ്പിച്ചതായി വ്യക്തമാക്കുന്നു. എന്നാൽ സർക്കാരിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ പട്ടിക ലഭ്യമാക്കാൻ കഴിയില്ലെന്നും മറുപടി നൽകി.

ശുപാർശ പട്ടികയിൽ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഉണ്ടോ? ഉണ്ടെങ്കിൽ ആരൊക്കെ? ഇതായരുന്നു രണ്ടാമത്തെ ചോദ്യം ഇതിന് ലഭിച്ച മറുപടി ഉണ്ട് എന്നായിരുന്നു. . കെ സി രാമചന്ദ്രൻ, കുഞ്ഞനന്തൻ,സിജിത്ത്,മനോജ്, റഫീക്ക്,അനൂപ്, മനോജ്കുമാർ, സുനിൽകുമാർ, രജീഷ്, മുഹമ്മദ്ഷാഫി,ഷിനോജ്.എന്നിവർ ശിക്ഷ ഇളവ് പട്ടികയിൽ ഇടം നേടിയെന്നായിരുന്നു വിവരാവകാശ ഓഫീസറുടെ രേ്ഖമൂലമുള്ള വിശദീകരണം. ഇതോടെ ടിപി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ ഇടയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ സൂചന കളവാണന്ന് വ്യക്തമായരിരുന്നു.

വിവരാവകാശ രേഖ പ്രകാരം മൂന്നാമത്തെ ചോദ്യം ഇതായിരുന്നു. കാരണവർ വധക്കേസിലെ പ്രതി ഷെറിൻ, അപ്രാണി കൃഷ്ണകുമാർ വധക്കേസ് പ്രതി ഓം പ്രകാശ്,കല്ലൂവാതിൽക്കൽ കേസ് പ്രതികൾ എന്നിവർ ശുപാർശ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ? ഉണ്ട് എന്നായരുന്നു മറുപടി.കല്ലുവാതിൽക്കൽ മദ്യദുരന്ത കേസിലെ പ്രധാന പ്രതി മണിച്ചനു പുറമെ സഹോദരൻ വിനോദും പട്ടികയിലുണ്ട്. ഇപ്പോൾ നെട്ടുകാൽത്തേരി ഓപ്പൺ ജയിലിൽ കഴിയുന്ന മണിച്ചനെ നേരത്തെ വിട്ടയയ്ക്കാൻ ജയിൽ ഉപദേശക സമിതിയിൽ വന്ന ശുപാർശ ജില്ലാ ജഡ്ജിയുടെയും പൊലീസ് സുപ്രണ്ടിന്റെയും എതിർപ്പിനെ തുർന്ന് തള്ളപ്പെട്ടിരുന്നു.

മണിച്ചന്റെ സഹോദരൻ വിനോദിനെ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റവെ കയ്യിൽ നിന്നും മൊബൈൽ പിടിച്ചതിനെ തുടർന്ന് കണ്ണൂർ സെന്ററൽ ജയിലിലാക്കുകയായിരുന്നു.കാരണവർ വധക്കേസിലെ പ്രതി ഷെറിനേയും ഇപ്പോൾ കണ്ണൂർ സെന്ററൽ ജയിലിലുള്ള ഓം പ്രകാശിനേയും പട്ടികയിൽ ഉൾപ്പെടുത്താൻ ജയിൽ വകുപ്പിലെ ഒരു ഉന്നതൻ തന്നെ മുന്നിട്ടിറങ്ങി എന്നാണ് വിവരം. ജയിൽ സുപ്രണ്ടുമാർ നൽകിയ ശുപാർശ ജയിൽ മേധാവി വഴി പരിശോധന സമിതിക്കു മുന്നിൽ വരുന്നതിന് മുൻപ് തന്നെ ഷെറിന്റെ കാര്യത്തിൽ തീരുമാനം എടുത്തിരുന്നുവെന്നാണ് വിവരം.അറുപത്തിഅഞ്ചു വയസു കഴിഞ്ഞ വയോധികരെ കൊലപ്പെടുത്തിയവരെ ശിക്ഷ ഇളവ് പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാണ് ചട്ടം ഇതു മനസിലാക്കി ഷെറിൻ കൊലപ്പെടുത്തിയ കാരണവർക്ക് മരിക്കുമ്പോൾ 63 വയസേ ഉണ്ടായിരുന്നുള്ളുവെന്നാണ് സമിതി കണ്ടെത്തൽ.

വിട്ടയക്കേണ്ടവരുടെ പട്ടിക പരിശോധിക്കേണ്ട സമിതിയിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിക്കും നിയമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിക്കും പുറമെ ജയിൽ ഡി ഐ ജി പ്രദീപും അംഗമായിരുന്ന പട്ടികയിൽ ഓം പ്രകാശിനെ ഉൾപ്പെടുത്താൻ കടുത്ത സമ്മർദ്ദം സമിതിയിക്ക് മേൽ ഉണ്ടയിരുന്നതായാണ് വിവരം. വാടക കൊലയാളികളെയും ഗുണ്ടകളെയും പട്ടികയിൽ ഉൾപ്പെടുത്താൻ വ്യവസ്ഥ ഇല്ലാതിരുന്നിട്ടും പ്രത്യേക താൽപര്യത്തിൽ ഓം പ്രകാശിനെയും ഉൾപ്പെടുത്തുകയായിരുന്നു. അപ്രാണി കൃഷ്ണകുമാർ വധക്കേസിൽ 2015 ൽ ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കപ്പെട്ട ഓം പ്രകാശ് ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഉള്ളത്.

വിവരവാകാശ നിയമപ്രകാരം നാലമത്തെ ചോദ്യം ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം ശുപാർശ പട്ടികയിൽ ഉണ്ടായിരുന്നോ? കാപ്പ ചുമത്തപ്പെട്ടനിസാമിനെ ഏതുവ്യവസ്ഥയുടെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ ശിക്ഷാ ഇളവ് പട്ടികയിൽ ഉൾപ്പെടുത്തി എന്നാതായിരുന്നു. ഇതിന് ലഭിച്ച മറുപടി ഉണ്ട് എന്നായിരുന്നു.മുഹമ്മദ് നിസാമിനെ ജയിലിൽ പ്രവേശിപ്പിച്ച സമയത്ത് കാപ്പ ചുമത്തിയിരുന്നു. എന്നാൽ സ്പെഷ്യൽ രെമിഷനുള്ള ലിസ്റ്റ് സമർപ്പിക്കുന്ന സമയത്ത് കാപ്പ ഇല്ലായരുന്നുവെന്നും മറുപടിയിൽ പറയുന്നു.

ഇതേ വിഷയത്തിൽ ആഭ്യന്തര വകുപ്പിന് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് അധികൃതർ നൽകിയത് വിചിത്രമായ മറുപടിയായിരുന്നു.ആവിശ്യപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമം 2005ന്റെ 8 (1)വകുപ്പ് പ്രകാരം മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുവരെ വെളിപ്പെടുത്താൻ നിർവ്വാഹമില്ലന്നായിരുന്നു. ആഭ്യന്തര വകുപ്പിലെ പബ്ള്കി ഇൻഫർമേഷൻ ഓഫീസർ ആർ സുഭാഷാണ് ഇത്തരത്തിൽ ഒരു മറുപടി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP