Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഡിറ്റിൽ രജിസ്ട്രാറായി വിരമിച്ച ജയരാജിനെ തൊട്ടടുത്ത ദിവസം ഡയറക്ടറാക്കി നിയമിച്ചത് എങ്ങനെ? ടിഎൻ സീമയുടെ ഭർത്താവിന്റെ വിവാദ നിയമനത്തിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി; ഡയറക്ടറുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങൾ മാറ്റാൻ ഗവേണിങ് ബോഡി യോഗം അനുമതി നൽകിയെന്ന് കത്തയച്ചത് അടക്കം ജയരാജിന്റെ കസേര ഉറപ്പിക്കാനെന്ന് ആക്ഷേപം; ബന്ധുത്വ നിയമന വിവാദത്തിലും വനിതാ നേതാവിന്റെ ഭർത്താവിനെ സംരക്ഷിക്കാൻ ഉറപ്പിച്ചു സർക്കാർ

സിഡിറ്റിൽ രജിസ്ട്രാറായി വിരമിച്ച ജയരാജിനെ തൊട്ടടുത്ത ദിവസം ഡയറക്ടറാക്കി നിയമിച്ചത് എങ്ങനെ? ടിഎൻ സീമയുടെ ഭർത്താവിന്റെ വിവാദ നിയമനത്തിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി; ഡയറക്ടറുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങൾ മാറ്റാൻ ഗവേണിങ് ബോഡി യോഗം അനുമതി നൽകിയെന്ന് കത്തയച്ചത് അടക്കം ജയരാജിന്റെ കസേര ഉറപ്പിക്കാനെന്ന് ആക്ഷേപം; ബന്ധുത്വ നിയമന വിവാദത്തിലും വനിതാ നേതാവിന്റെ ഭർത്താവിനെ സംരക്ഷിക്കാൻ ഉറപ്പിച്ചു സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുൻ എംപിയും സിപിഎം നേതാവുമായ ടിഎൻ സീമയുടെ ഭർത്താവിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ചതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. കൃത്യമായ യോഗ്യത ഇല്ലാതെയാണ് ടിഎൻ സീമയുടെ ഭർത്താവ് ജി ജയരാജിനെ നിയമിച്ചതെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. സിഡിറ്റ് ഇ ഗവേർണൻസ് ആൻഡ് എസ്റ്റാബ്ലീഷ്മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ എംആർ മോഹനചന്ദ്രൻ നൽകിയ ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്.

സിഡിറ്റിൽ രജിസ്ട്രാറായിരുന്ന ജയരാജ് വിരമിച്ച ശേഷം കരാർ അടിസ്ഥാനത്തിൽ ആ പദവിയിൽ തുടരുകയായിരുന്നു. വിരമിച്ച് തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ഡയറക്ടറാക്കി സർക്കാർ ഉത്തരവിറക്കുകയായിരുന്നു. സിപിഎം സംസ്ഥാനസമിതിയംഗമാണ് ടി എൻ സീമ. ഇവരുടെ ഭർത്താവിനെ സിഡിറ്റ് ഡയറക്ടറായി നിയമിച്ചത് പക്ഷേ പാർട്ടിക്കുള്ളിൽ ചർച്ചയാകില്ല. സിപിഎമ്മിലെ പലർക്കും എതിർപ്പുണ്ടെക്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനെതിരെ സംസാരിക്കുന്നത് ഗുണകരമാകില്ലെന്ന് അവർ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെയാണ് വിഷയം പാർട്ടിക്കുള്ളിലും വിവാദമാകാതിരിക്കുന്നത്.

പുനർനിയമനവ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വർഷത്തേക്കു നിയമിക്കുകയാണ് സർക്കാർ ചെയ്തത്. ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തിൽ ജയരാജ് ഡയറക്ടറായി ചുമതലയെടുക്കുകയും ചെയ്തു. വിപുലമായ പ്രവൃത്തിപരിചയവും സ്ഥാപനത്തിന്റെ പ്രവർത്തനമേഖലയിലുള്ള അവഗാഹവും കണക്കിലെടുത്താണു നിയമനമെന്ന് ഉത്തരവിൽ പറയുന്നു. സിഡിറ്റിന്റെ നിയമാവലി പ്രകാരം ഭരണസമിതി നിർദ്ദേശിക്കുന്ന പാനലിൽ നിന്നു മാത്രമേ സർക്കാരിന് ഡയറക്ടറെ നിയമിക്കാനാകൂ. ജയരാജിന് സിഡിറ്റ് നിയമാവലി അനുശാസിക്കുന്ന യോഗ്യതയില്ലെന്നും കത്തിലുണ്ടായിരുന്നു. ഡയറക്ടറുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങൾ മാറ്റാൻ ഗവേണിങ് ബോഡി യോഗം അനുമതി നൽകിയെന്ന് ജയരാജ് സിഡിറ്റ് രജിസ്റ്റ്രാറായിരിക്കെ സർക്കാരിനയച്ച കത്തിൽ പറയുന്നു. എന്നാൽ ഗവേണിങ് ബോഡി ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന വാദവും സജീവമാണ്.

ജയരാജ് രജിസ്റ്റ്രാർ ആയിരുന്ന കാലത്താണ് സിഡിറ്റിന്റെ സുപ്രധാന പദ്ധതികൾ പലതും പുറംകരാർ നൽകിയത്. ഇങ്ങനെ സിഡിറ്റിന്റെ സാമ്പത്തിക അടിത്തറ തകർത്തയാളെ ഡയറക്ടറാക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല സംഘടനയായ സിഡിറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തു നൽകിയിരുന്നു. ഭരണപക്ഷ യൂണിയനായ സിഡിറ്റ് എംപ്ലോയീസ് അസോസിയേഷനും ജയരാജിനെ ഡയറക്ടർ ആക്കുന്നതിൽ എതിർപ്പുമായി രംഗത്തെത്തി. കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘങ്ങൾക്ക് വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സർക്കാരിന്റെ ഏജൻസി തന്നെയായ സിഡിറ്റിനു അനുമതി നൽകിയത് വിവാദമായിരുന്നു. അന്ന് സി-ഡിറ്റ് രജിസ്റ്റാർ തസ്തികയിൽ ജി. ജയരാജിന് റിട്ടയർ ചെയ്ത ശേഷം സർവ്വീസ് നീട്ടിക്കൊടുത്തത് തിരഞ്ഞെടുപ്പ് കാലത്ത് സിഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സീമയുടെ ഭർത്താവിനെ, വിരമിച്ച ശേഷം വീണ്ടും സിഡിറ്റ് രജിസ്ട്രാർ തസ്തികയിൽ പുനർ നിയമനം നൽകിയത് വിവാദമായിരുന്നു.

പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2016 ജൂൺ ഒന്നിനാണ് സിഡിറ്റിന്റെ രജിസ്ട്രാർ ആയി ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജനെ നിയമിച്ചത്. ഫെബ്രുവരി 28ന് ജയരാജൻ സർവീസിൽ നിന്ന് വിരമിച്ചു. ഇതിന് പിന്നാലെയാണ് ജയരാജന് പുനർനിയമനം നൽകി മാർച്ച് ഒന്നിന് സർക്കാർ ഉത്തരവിറക്കിയത്. സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്ന സ്ഥാപനമാണ് സിഡിറ്റ്. തിരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണിക്ക് വേണ്ടി സിഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണ് പാർട്ടി മുൻഎംപിയായ വനിതാ നേതാവിന്റെ ഭർത്താവിന് രജിസ്റ്റാർ സ്ഥാനത്ത് സർവ്വീസ് നീട്ടിക്കൊടുത്തതെന്നായിരുന്നു രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പിന്നീട് റിട്ടയർ ചെയ്തു. അതിന് ശേഷം വീണ്ടും അതേ സ്ഥാപനത്തിൽ ഡയറക്ടറായി എത്തുന്നു. സിപിഎം നേതൃത്വം പറയുന്നതെല്ലാം ചെയ്തു കൊടുക്കുന്ന ഉദ്യോഗസ്ഥനായിരുന്നു എന്നും ജയരാജൻ. സി ഡിറ്റിലെ പീഡനത്തിൽ സിപിഎം സഹയാത്രികനായ പ്രൊഡ്യൂസറെ കേസിൽ നിന്ന് രക്ഷിച്ചതും അന്ന് രജിസ്ട്രാറായിരുന്ന ജയരാജനായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നാം മുന്നോട്ട് പരിപാടിയുടെ നിർമ്മാതാവായ സബ്‌നേഷിനെതിരെ പരാതി കിട്ടിയിട്ടും അത് പൊലീസിന് കൈമാറിയില്ല. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള വർക് പ്ലെയ്‌സ് ഹരാസ്‌മെന്റ് നിയമ പ്രകാരം പൊലീസിൽ പരാതികൊടുക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന ന്യായവുമായി അന്ന് പ്രൊഡ്യൂസറെ കേസിൽ നിന്ന് രക്ഷിച്ചു. സിപിഎം സംസ്ഥാ സമിതി അംഗവും സ്ത്രീപക്ഷ സഹയാത്രികയുമായ ടിഎൻ സീമയുടെ ഭർത്താവാണ് ജി ജയരാജൻ. സിപിഎം നേതൃത്വവുമായി ജയരാജനും അടുത്ത ബന്ധമുണ്ട്. വി എസ് അച്യുതാനന്ദൻ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന പികെ ശ്രീമതിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജയരാജൻ. ഈ ബന്ധമാണ് സി ഡിറ്റിന്റെ രജസ്ട്രാർ പദവിയിലും ജയരാജനെ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP