Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനാഭിമുഖ കുർബാന എന്നതു കുറച്ചു വൈദികരുടെ മാത്രം ആവശ്യമെന്ന പ്രചരണത്തിന് മറുപടി നൽകാൻ സാധിച്ചു; വിശ്വാസ സംരക്ഷണറാലിയിൽ പതിനായിരങ്ങൾ അണിനിരന്നതോടെ ആവേശത്തിൽ വൈദികർ; വത്തിക്കാനെ വെല്ലുവിളിച്ച പ്രകടനത്തിന് പിന്നാലെയുള്ള നടപടികൾ നിർണായകം

ജനാഭിമുഖ കുർബാന എന്നതു കുറച്ചു വൈദികരുടെ മാത്രം ആവശ്യമെന്ന പ്രചരണത്തിന് മറുപടി നൽകാൻ സാധിച്ചു; വിശ്വാസ സംരക്ഷണറാലിയിൽ പതിനായിരങ്ങൾ അണിനിരന്നതോടെ ആവേശത്തിൽ വൈദികർ; വത്തിക്കാനെ വെല്ലുവിളിച്ച പ്രകടനത്തിന് പിന്നാലെയുള്ള നടപടികൾ നിർണായകം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വത്തിക്കാന്റെ തീരുമാനത്തെ ലംഘിക്കാൻ പതിനായിരങ്ങൾ തെരുവിൽ ഇറങ്ങിയ കാഴ്‌ച്ചയാണ് എറണാകുളം-അങ്കമാലി അതിരൂപതയിൽ കഴിഞ്ഞ ദിവസം കണ്ടത്. തെരുവിലേക്ക് നീണ്ട ഈ പ്രതിഷേധം വരും ദിവസങ്ങളിൽ സഭയിൽ എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കണ്ട് തന്നെ അറിയണം.

പതിനായിരങ്ങളെ അണിനിരത്തി വിശ്വാസ സംരക്ഷണ മഹാറാലി നടത്താൻ കഴിഞ്ഞതോടെ അതിരൂപതയിലെ വൈദികർ വർധിച്ച ആത്മവിശ്വാസത്തിലാണ്. അറുപതിനായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ജനാഭിമുഖ കുർബാന എന്നതു കുറച്ചു വൈദികരുടെ മാത്രം ആവശ്യമാണെന്ന പ്രചാരണത്തിനു മറുപടി നൽകാൻ വിശ്വാസികളുടെ കൂറ്റൻ പങ്കാളിത്തത്തിലൂടെ കഴിഞ്ഞെന്നാണ് വൈദികരുടെ അവകാശവാദം.

'അച്ചന്മാരുടെ പ്രശ്നത്തിൽനിന്നു മാറി വിശ്വാസികളുടെ പ്രശ്നമായി വിഷയം ഉയർന്നുവന്നു. ഇരിങ്ങാലക്കുടയിലും തൃശ്ശൂരിലും ജനാഭിമുഖ കുർബാന ആവശ്യപ്പെട്ടു വൈദികർ രംഗത്തുവന്നിരുന്നെങ്കിലും വിശ്വാസികളെ പിന്നിൽ അണിനിരത്താൻ കഴിയാഞ്ഞതിനാൽ പ്രതിഷേധം മുന്നോട്ടുപോയില്ല. ഇതിൽനിന്നു വ്യത്യസ്തമായി കലൂരിൽ നടന്ന റാലിയിൽ വലിയ വിശ്വാസി സമൂഹത്തെ അണിനിരത്താൻ കഴിഞ്ഞുവെന്നാണ് ഒരു മുതിർന്ന വൈദികൻ പറഞ്ഞത്.

സിനഡ് കുർബാന നിർബന്ധമാക്കി അതിരൂപതയുടെ അപ്പൊസ്തൊലിക് അഡ്‌മിനിസ്ട്രേറ്റർ ഉത്തരവിറക്കിയാലും വിശ്വാസികൾ ചെറുക്കുമെന്നതിന്റെ സൂചനയായും മഹാസംഗമത്തെ വൈദികർ വ്യാഖ്യാനിക്കുന്നു. കന്യാസ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധിക്കപ്പെട്ടു. സഭാ
നേതൃത്വത്തിൽനിന്ന് ഇനിയുള്ള നടപടികളാവും നിർണായകമാകുക. മുന്നൂറോളം വൈദികർക്കെതിരേ നടപടിയെടുക്കുക പ്രായോഗികമല്ല. മാത്രമല്ല, വിശ്വാസ സംരക്ഷണ റാലിയെ ഔദ്യോഗികമായി വിലക്കിയിരുന്നുമില്ല.

ഇതിനു തൊട്ടുമുമ്പു ചേർന്ന പ്രസ്ബിത്തേരിയത്തിൽ വൈദികർ പലതവണ ഇതേക്കുറിച്ചു പറഞ്ഞെങ്കിലും എതിർത്തോ അനുകൂലിച്ചോ പ്രതികരണങ്ങളുണ്ടായിരുന്നില്ല. എന്നാൽ, ഗുരുതരമായ അച്ചടക്കലംഘനമാണ് തുടർച്ചയായി നടക്കുന്നതെന്നാണ് ഔദ്യോഗിക നിലപാട്. ഫ്രാൻസിസ് മാർപാപ്പയും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയവും സ്വീകരിച്ച നടപടികളെ ചോദ്യംചെയ്തും സഭാസിനഡിന്റെ അധികാരത്തെ നിരാകരിച്ചും സമ്മേളനം സംഘടിപ്പിക്കുന്നവരും പ്രസ്താവനകളിലൂടെ സഭയുടെ അധികാരത്തെ വെല്ലുവിളിക്കുന്നവരും ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തുന്നതെന്ന് സഭാനേതൃത്വം വ്യക്തമാക്കിയിരുന്നു.

സമ്മേളനത്തലേന്നു രാത്രി വൈകി പുറത്തുവിട്ട വിശദീകരണക്കുറിപ്പിലാണ് ഈ പരാമർശമുള്ളത്. സമ്മേളനം നടന്ന ഞായറാഴ്ച അപ്പൊസ്തൊലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് തൃശ്ശൂരിലായിരുന്നു. തിരിച്ചെത്തുന്ന അദ്ദേഹം പുതിയ അതിരൂപത കൂരിയയെ ഉടൻ നിശ്ചയിച്ചേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP