Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭൂമി വിറ്റ് 90 കോടിയോളം കടം ഉണ്ടാക്കിയ എറണാകുളം അതിരൂപത 11 ഏക്കർ കൂടി വിറ്റ് കടം കുറച്ചെങ്കിലും വീട്ടുന്നു; 11 ഏക്കർ സ്ഥലത്തിന് സെന്റിന് 6.6 ലക്ഷത്തിന് വാങ്ങിയത് വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി; വത്തിക്കാന്റെ മേൽനോട്ടത്തിൽ പ്രതിസന്ധി മറികടന്ന് സീറോ മലബാർ സഭ

ഭൂമി വിറ്റ് 90 കോടിയോളം കടം ഉണ്ടാക്കിയ എറണാകുളം അതിരൂപത 11 ഏക്കർ കൂടി വിറ്റ് കടം കുറച്ചെങ്കിലും വീട്ടുന്നു; 11 ഏക്കർ സ്ഥലത്തിന് സെന്റിന് 6.6 ലക്ഷത്തിന് വാങ്ങിയത് വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി; വത്തിക്കാന്റെ മേൽനോട്ടത്തിൽ പ്രതിസന്ധി മറികടന്ന് സീറോ മലബാർ സഭ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭയെ പിടിച്ചുലച്ച ഭൂമി കുംഭകോണവും തുടർന്ന് എറണാകുളം -അങ്കമാലി അതിരൂപത നേരിട്ട വലിയ കടബാധ്യതയും പരിഹരിക്കാൻ വീണ്ടും ഭൂമി വില്പന. 11 ഏക്കർ ഭൂമി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കാണ് വിറ്റത്. സെന്റിന് 6.60 ലക്ഷം രൂപ വിലയിട്ടാണ് വില്പന. കാക്കനാട് ബിജോ ഭവന് സമീപമുള്ള ഭൂമിയാണ് വിറ്റത്. അതിരൂപത അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററുടേയും വൈദിക സമിതിയുടെയും അനുമതിയോടെയായിരുന്നു കച്ചവടം. ഇതോടെ വലിയ കടക്കെണിയിൽ നിന്ന് സഭ രക്ഷപ്പെടുകയാണ്. വത്തിക്കാന്റെ ഇടപെടലാണ് പ്രശ്‌ന പരിഹാരത്തിന് വഴിയൊരുക്കിയത്.

നേരത്തെ ഉയർന്ന വിവാദങ്ങളിൽ അതിരൂപതയ്ക്കു 95 കോടി രൂപയോളം കടബാധ്യതയാണ് വന്നുചേർന്നത്. അതിൽ 75 കോടിയോളം കൊടുത്തുതീർക്കാൻ പുതിയ വില്പന കൊണ്ട് കഴിഞ്ഞു. ഓരോ മാസവും ലക്ഷക്കണക്കിന് രൂപയാണ് പലിശ ഇനത്തിൽ അതിരൂപത ബാങ്കുകളിൽ അടച്ചുകൊണ്ടിരുന്നത്. 75 കോടി അടച്ചുതീർത്തതോടെ വായ്പകൾ ഒരു പരിധിവരെ തീർന്നു. ഇനി വലിയ പ്രതിസന്ധിയില്ലാതെ മുമ്പോട്ട് പോകാൻ കഴിയും. കർദിനാൾ ആലഞ്ചേരിയെ ചതിച്ച് ചിലർ നടത്തിയ ഇടപാടായിരുന്നു എല്ലാത്തിനും കാരണം. ഇതിന് ശേഷം ആലഞ്ചേരിയെ കുറ്റക്കാരനാക്കാനും നീക്കം നടന്നു. എന്നാൽ എറണാകുളം അതി രൂപതയിലെ ചിലരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായതോടെ കർദിനാളിനെതിരായ നീക്കം പൊളിഞ്ഞു.

2016ൽ നടന്ന ഭൂമി വില്പന ചോദ്യം ചെയ്ത് നിരവധി പരാതികൾ പൊലീസിനും കോടതികളിലുമെത്തി. ഹൈക്കോടയിൽ എത്തിയ കേസിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഇടനിലക്കാരൻ, രണ്ട് വൈദികർ എന്നിവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി കേസെടുക്കാൻ ഉത്തരവും വന്നിരുന്നു. എന്നാൽ കോടതി കേസ് തള്ളി. പിന്നീട് വത്തിക്കാൻ കർദ്ദിനാളിനെ എറണാകുളം- അങ്കമാലി അതിരുപതയുടെ ഭരണപരമായ ചുമതലകളിൽ നിന്ന് നീക്കി അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ആയി പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിനെ നിയമിക്കുകയും ചെയ്തു. കർദിനാളിനെ വിശ്വാസത്തിലെടുത്ത് പ്രശ്‌ന പരിഹാരവും സാധ്യമാക്കി.

എറണാകുളം നഗരത്തിലെ ഹൃദയ ഭാഗത്ത് അതിരൂപതയുടെ പേരിലുണ്ടായിരുന്ന പ്ലോട്ടുകളാണ് തുച്ഛമായ വിലയ്ക്ക് ഇടനിലക്കാർ വഴി 2016ൽ വിറ്റത്. അതിരൂപതയ്ക്കു മെഡിക്കൽ കോളജ് ആശുപത്രി തുടങ്ങുന്നതിനു വേണ്ടി മറ്റൂരിൽ ഭൂമി വാങ്ങിയ വകയിൽ വന്ന കടം വീട്ടുന്നതിനായിരുന്നു ഇത്. എന്നാൽ അമ്പത് കോടി രൂപ പോലും അതിരൂപതയുടെ അക്കൗണ്ടിൽ എത്തിയിരുന്നില്ല. പൊതുവിപണിയിൽ 100 കോടിയോളം വിലയുള്ള ഭൂമിയാണ് ഒമ്പത് കോടിക്ക് വിറ്റതെന്ന ആരോപണം ഉയർന്നു. കള്ളപ്പണവും ചർച്ചയായി. ഇടനിലക്കാരൻ പണം നൽകിയില്ല എന്ന വാദവും ചർച്ചയായി. കോതമംഗലത്തും മറ്റു ചിലയിടങ്ങളിലുമായിരുന്നു ഭൂമി പകരമായി ലഭിച്ചത്.

ഇതിൽ ചിലവ പാരിസ്ഥിതിക ദുർബല മേഖലയിൽ ആയിരുന്നുവെന്നും മറിച്ചുവിൽക്കാൻ പോലും കഴിയാത്ത ആണെന്നും ആരോപണമുയർന്നു. വിവാദങ്ങൾ മൂർച്ഛിക്കുന്നതിടെ വിധി ബാങ്കുകളിൽ അതിരൂപതയുടെ കടം കുതിച്ചുയരുകയായിരുന്നു. 95 കോടി രൂപയായി ഉയർന്ന കടത്തിൽ മാസം 80 ലക്ഷത്തോളം രൂപയാണ് പലിശയായി നൽകിക്കൊണ്ടിരുന്നത്. അതിരൂപതാ സമിതികളെല്ലാം മരവിപ്പിച്ച് ഭൂമി വില്പനയ്ക്ക് അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ നടപടിയെടുത്തു.

കഴിഞ്ഞ ഒക്ടോബറിൽ നടപടികൾ പൂർത്തിയായെങ്കിലും അത് സഭയുടെ ചട്ടങ്ങൾ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ വില്പന കോടതി സ്റ്റേ ചെയ്തിരുന്നു. ഇതോടെ വില്പനയ്ക്ക് അനുമതി ലഭിക്കേണ്ട സമിതികൾ രൂപീകരിച്ച അഡ്‌മിനിസ്ട്രേറ്റർ കോടതിയിൽ നിന്നുള്ള സ്റ്റേ നീക്കിയാണ് വില്പന പൂർത്തിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP