Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദളിതർക്ക് ലോൺ കൊടുത്താൽ എങ്ങനെ അടയ്ക്കും; ഇനി ബാങ്കിൽ കയറിയാൽ പൊലീസിനെ കൊണ്ട് പിടിപ്പിക്കും; സിൻഡിക്കേറ്റ് ബാങ്ക് മാനജർക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിച്ച് യുവമോർച്ചാ നേതാവ്; പലിശ രഹിതവായ്പ വാങ്ങാൻ പെടാപാടുപ്പെട്ട യുവാവിന് നേരിടേണ്ടി വന്നത് ജാതിയുടെ പേരിൽ കടുത്ത അപമാനം; ആരോപണം നിഷേധിച്ച് മാനേജർ ദിവ്യയും; കിളിമാനൂരിലെ സിൻഡിക്കേറ്റ് ബാങ്ക് പുലിവാല് പിടിക്കുമ്പോൾ

ദളിതർക്ക് ലോൺ കൊടുത്താൽ എങ്ങനെ അടയ്ക്കും; ഇനി ബാങ്കിൽ കയറിയാൽ പൊലീസിനെ കൊണ്ട് പിടിപ്പിക്കും; സിൻഡിക്കേറ്റ് ബാങ്ക് മാനജർക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിച്ച് യുവമോർച്ചാ നേതാവ്; പലിശ രഹിതവായ്പ വാങ്ങാൻ പെടാപാടുപ്പെട്ട യുവാവിന് നേരിടേണ്ടി വന്നത് ജാതിയുടെ പേരിൽ കടുത്ത അപമാനം; ആരോപണം നിഷേധിച്ച് മാനേജർ ദിവ്യയും; കിളിമാനൂരിലെ സിൻഡിക്കേറ്റ് ബാങ്ക് പുലിവാല് പിടിക്കുമ്പോൾ

എം മനോജ് കുമാർ

കിളിമാനൂർ: പ്രധാനമന്ത്രിയുടെ മുദ്രാ ലോൺ പദ്ധതിയിൽ കോൺക്രീറ്റ് മിക്‌സർ വാങ്ങിക്കാൻ അനുമതി തേടിയ ദളിത് യുവാവിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചത് വിവാദത്തിൽ. സിൻഡിക്കേറ്റ് ബാങ്കിന്റെ കിളിമാനൂർ ശാഖാ മാനേജരാണ് യുവാവിനെ ജാതിപ്പേര് വിളിച്ചതായി പരാതി ഉയർന്നത്. കിളിമാനൂരിലെ ദളിത് യുവാവും കിളിമാനൂർ യുവമോർച്ചാ നേതാവുമായ വിനോദിനാണ് മുദ്രാ ലോണിന്റെ പേരിൽ ജാതിപ്പേര് വിളിച്ചുള്ള അപമാനവും ലോൺ നിഷേധവും ഒരുമിച്ച് നേരിടേണ്ടി വന്നത് സംഭവത്തിൽ അപമാനിതനായി മടങ്ങിയ വിനോദ് ജാതിപ്പേര് വിളിച്ച് അപമാനിച്ചതിന്റെ പേരിൽ സിൻഡിക്കേറ്റ് ബാങ്ക് കിളിമാനൂർ ശാഖാ മാനേജർക്ക് എതിരെ പൊലീസിൽ പരാതിയും നൽകി.

കെട്ടിടം പണിക്ക് പോകുന്ന വിനോദ് 50000 രൂപയോളം മുടക്കി പേപ്പർ ജോലികൾ തീർത്താണ് കോൺക്രീറ്റ് മിക്‌സ്ചർ വാങ്ങാൻ സിൻഡിക്കേറ്റ് ബാങ്കിൽ മുദ്രാ ലോണിനു അപേക്ഷ നൽകിയത്. ലോൺ ലഭിച്ചില്ലെന്നത് പോകട്ടെ കാശും അപമാനവും ബാക്കിയായതിന്റെ വിഷമത്തിലാണ് ജാതിപ്പേർ വിളിച്ചുള്ള ആക്ഷേപത്തിന്റെ പേരിൽ വിനോദ് പൊലീസിൽ പരാതി നൽകിയത്. മുദ്രാ ലോണിന്റെ പേരിൽ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി വിനോദ് പറയുന്നതും ഇതിന്റെ പേരിൽ ബാങ്കിൽ നടന്ന പ്രശ്‌നങ്ങളും സോഷ്യൽ മീഡിയയിൽ വൈറലുമാണ്.

രണ്ടു മാസം മുൻപാണ് യുവമോർച്ചാ നേതാവുകൂടിയായ വിനോദ് കോൺക്രീറ്റ് മിക്‌സ്ചർ വാങ്ങിക്കാൻ മുദ്രാ ലോണിനായി ബാങ്കിന്റെ അടുക്കൽ എത്തുന്നത്. അതിനായി ക്വട്ടെഷനും അപേക്ഷയും പേപ്പർ ജോലികളും ഒക്കെ പൂർത്തീകരിക്കാനാണ് ബാങ്ക് വിനോദിനോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരം പേപ്പർ ജോലികളും കോൺക്രീറ്റ് മിക്‌സ്ചർ യന്ത്രത്തിനായി തൃശൂരിൽ പോയി ക്വട്ടെഷനും വിനോദ് ബാങ്കിൽ നൽകി. എല്ലാം പൂർത്തിയായപ്പോൾ വിനോദിന്റെ അപേക്ഷ നിരസിക്കപ്പെട്ടു. ഇതോടെ വിനോദ് അടുപ്പമുള്ളവരെ കൂട്ടി ഇന്നലെ ബാങ്കിലെത്തി. എന്നാൽ ബാങ്ക് മാനേജർ വിനോദിനെ കാണാൻ കൂട്ടാക്കിയില്ല.

പക്ഷെ ഉച്ചയ്ക്ക് എത്തിയ വിനോദ് ബാങ്ക് മാനേജറെ കാണും വരെ ബാങ്കിൽ തുടർന്നു. പക്ഷെ ലോൺ നിരസിക്കപ്പെട്ടു എന്ന മറുപടിയാണ് മാനേജർ പറഞ്ഞത്. ഇത് വിനോദിന്റെ കൂടെയുള്ളവർ ചോദ്യം ചെയ്തു. മാനേജർ പൊലീസിനെ വിളിച്ച് വിനോദിനെയും കൂടെയുള്ളവരെയും ഇറക്കിവിടുകയായിരുന്നു. എന്നാൽ മാനേജർ ജാതിപ്പേര് വിളിച്ച അപമാനിച്ച കാര്യം വിനോദ് പറഞ്ഞപ്പോൾ അതിനു സ്റ്റേഷനിൽ പരാതി നൽകാൻ പൊലീസ് നിർദ്ദേശിച്ചത് അനുസരിച്ചാണ് വിനോദ് കിളിമാനൂർ പൊലീസിൽ പരാതി നൽകിയത്. സംഭവങ്ങളെക്കുറിച്ച് വിനോദ് മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെ:

ജാതിപ്പേര് വിളിച്ചുള്ള അപമാനവും കാശ് നഷ്ടവുമാണ് മുദ്രാ ലോണിന്റെ പേരിൽ വന്നത്: വിനോദ്

എന്റെ വീട് കിളിമാനൂരാണ്. കെട്ടിടം പണി ഉൾപ്പെടെയുള്ള ജോലികൾ ചെയ്താണ് ഞാൻ കുടുംബം പുലർത്തുന്നത്. അതുകൊണ്ട് തന്നെ കോൺക്രീറ്റ് മിക്‌സ്ചർ എന്റെ ഒരു സ്വപ്നമായിരുന്നു. ഇത് മനസ്സിൽ കൂടുകെട്ടിയപ്പോഴാണ് മുദ്രാ ലോണിന്റെ സാധ്യതകൾ തേടി കോൺക്രീറ്റ് മിക്‌സ്ചറിനായി ഞാൻ കിളിമാനൂരെ സിൻഡിക്കേറ്റ് ബാങ്കിനെ സമീപിക്കുന്നത്. രണ്ടു മാസം മുൻപാണ് ബാങ്കിൽ എത്തുന്നത്. ആറു ലക്ഷത്തോളം രൂപ കോൺക്രീറ്റ് മിക്‌സ്ചറിനായി വരും. പ്രധാനമന്ത്രി മുദ്രാ ലോൺ നൽകുന്നത് ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവർക്ക് വേണ്ടിയാണ്. ഈ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് മുദ്രാ ലോണിനു വേണ്ടി ഞാൻ ബാങ്കിലെത്തിയത്.

ആദ്യം അപേക്ഷ നല്കാൻ പറഞ്ഞു. ഫോം തന്നു. പൂരിപ്പിച്ച് നല്കി. എന്താണ് പദ്ധതി എന്ന് ചോദിച്ചു. കോൺക്രീറ്റ് മിക്‌സ്ചർ എന്ന് ഞാൻ മറുപടിയും നൽകി. ക്വട്ടേഷൻ ബിൽ നല്കാൻ പറഞ്ഞു. അതിനായി തൃശൂരിൽ പോയി ക്വട്ടേഷൻ ബിൽ തയ്യാറാക്കി നൽകി. അപ്പോൾ പ്രോജക്റ്റ് റിപ്പോർട്ട് കൂടി വേണം എന്ന് പറഞ്ഞു. എന്റെ കുഞ്ഞിനു അസുഖമായ സമയമായിരുന്നു. ആ പണം കൂടി എടുത്താണ് ഞാൻ പ്രോജ്കറ്റ് റിപ്പോർട്ട് തയ്യാറാക്കാൻ നൽകിയത്. ലോൺ ശരിയാവുമായിരുന്നെങ്കിൽ അത് അന്നേ പറയാമായിരുന്നു. അത് പക്ഷെ മാനേജർ പറഞ്ഞില്ല. പകരം പറഞ്ഞത് കട എടുക്കണം എന്നാണ്. അതിനായി ഞാൻ ഇല്ലാത്ത പണവും മുടക്കി ഒരു കടയും എടുത്തു. 25000 രൂപ മുടക്കിയാണ് വാടകയ്ക്ക് കട എടുത്തത്. കട എടുത്തപ്പോൾ പഞ്ചായത്ത് ലൈസൻസ് വേറെയും എടുത്തു.

എന്നിട്ടും ലോൺ ശരിയാകാത്തപ്പോഴാണ് ഞാൻ സുഹൃത്തുക്കളെ വിളിച്ച് ബാങ്കിൽ എത്തിയത്. ഇവർ അത് ചോദ്യം ചെയ്തു. ഈ പക ബാങ്ക് മാനേജരുടെ മനസിലുണ്ടായിരുന്നു. പാവപ്പെട്ടവർക്ക് ജീവിക്കേണ്ടേ? പണക്കാർക്ക് മാത്രം ജീവിച്ചാൽ മതിയോ എന്നവർ മാനേജരോട് ചോദിക്കുകയും ചെയ്തു. അപ്പോൾ രണ്ടാമതും പ്രോജക്റ്റ് റിപ്പോർട്ട് നൽകാൻ പറഞ്ഞു. അത് നൽകിയപ്പോൾ രണ്ടാഴ്ച കഴിഞ്ഞിട്ട് വിളിക്കാം എന്ന് പറഞ്ഞു. ഇന്നലെ പതിനൊന്നു മണിയോടു വിളിച്ച് ബാങ്കിലേക്ക് വരാൻ പറഞ്ഞു. അപ്പോൾ കേൾക്കുന്ന വാർത്ത മുദ്രാ ലോൺ അപേക്ഷ തിരസ്‌ക്കരിക്കപ്പെട്ടുവെന്നാണ്. കോൺക്രീറ്റ് മിക്‌സ്ചർ യന്ത്രം വാങ്ങുമ്പോൾ അത് ലാഭകരമല്ല. അതിനാൽ ലോൺ നൽകാൻ കഴിയില്ല. തീരുമാനം വന്നത് തിരുവനന്തപുരം ഓഫീസിൽ നിന്നാണ് വന്നതും എന്നും പറഞ്ഞു. ലോൺ അപേക്ഷ നിരസിക്കപ്പെട്ടപ്പോൾ ഉച്ചയ്ക്ക് ശേഷം എന്റെ രണ്ടു സുഹൃത്തുക്കളെയും കൂട്ടി ഞാൻ ബാങ്കിൽ ചെന്നു. കാരണം അത്രയും പണം ഈ കാര്യത്തിൽ എനിക്ക് നഷ്ടമായിട്ടുണ്ട്. ലോൺ ലഭിക്കില്ലെങ്കിൽ അന്നേ പറഞ്ഞിരുന്നെങ്കിൽ ഈ പണം എനിക്ക് എന്റെ കയ്യിൽ തന്നെ നിൽക്കുമായിരുന്നു. പക്ഷെ ഉച്ചയ്ക്ക് ശേഷം ബാങ്കിൽ എത്തിയപ്പോൾ പൊലീസുണ്ട്. മാനേജർ പൊലീസ് സഹായം തേടിയിരുന്നു. എന്നോടു സംസാരിക്കാൻ കഴിയില്ലാ എന്നാണ് മാനേജർ പറഞ്ഞത്. ഇനി നീ ബാങ്കിനകത്ത് കയറിക്കഴിഞ്ഞാൽ പൊലീസിനെക്കൊണ്ട് പിടിപ്പിക്കും.

പട്ടിക ജാതിക്കാർക്കും ------- വിഭാഗത്തിൽ പെട്ടവർക്കും ലോൺ നൽകിയാൽ എങ്ങിനെ അടയ്ക്കും-ഇതാണ് മാനേജർ പറഞ്ഞത്. മുദ്രാ ലോണിന്റെ പേരിൽ അത്രയധികം മാനേജർ എന്നെ അസ്വസ്ഥനാക്കിയിരുന്നു. അതും കൂടാതെ എനിക്ക് കാശ് നഷ്ടവും, ഇതാ ഇപ്പോൾ ലോൺ നിഷേധവും. അതിനൊപ്പം മുഴങ്ങുന്നതോ പട്ടികജാതി-സമുദായം എന്ന പ്രയോഗവും. എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാൻ അങ്ങിനെ തന്നെ ബാങ്കിൽ ഇരുന്നു. ഇങ്ങിനെ ഒരു ആക്ഷേപം എന്നോടു പറഞ്ഞിട്ടുണ്ട്. അതിനാൽ എല്ലാവരും വരണം എന്ന് സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. അവർ എത്തി. അവരുടെ മുന്നിൽ നിന്നാണ് മാനേജർ ജാതിപ്പേര് വിളിച്ച് അപമാനിച്ചത്. അവർ ഇതു കേട്ടിട്ടുണ്ട്.

അവരും പറഞ്ഞു മാഡം, ഇങ്ങിനെ ജാതിപ്പേര് വിളിക്കാൻ പാടില്ലാ എന്നും അവരും മാനേജരോട് പറഞ്ഞിരുന്നു. മാഡത്തിന്നോട് സംസാരിക്കണം എന്നും അവരും പറഞ്ഞു. പക്ഷെ ആരോടും സംസാരിക്കേണ്ട ആവശ്യമില്ലാ എന്നാണ് മാനേജർ പറഞ്ഞത്. അപ്പോൾ കൂടുതൽ പൊലീസും എത്തി. ബാങ്കിൽ നിന്ന് ഇറങ്ങിയില്ലെങ്കിൽ അറസ്റ്റ് എന്നും പൊലീസും. ഞാൻ ജാതിപ്പേര് വിളിച്ച് അപമാനിച്ച കാര്യം പൊലീസിനോട് പറഞ്ഞു. അപ്പോൾ സ്റ്റേഷനിൽ വന്നു പരാതി നൽകാൻ പറഞ്ഞു. അതിനാലാണ് ഞാൻ പരാതി നൽകിയത്.

ജാതിപ്പേര് വിളിച്ചില്ല; ലോൺ നൽകാൻ കഴിയില്ല എന്ന് ആദ്യമേ അറിയിച്ചു: സിൻഡിക്കേറ്റ് ബാങ്ക് മാനേജർ

പക്ഷെ വിനോദിന്റെ പരാതി നിഷേധിക്കും വിധമാണ് ബാങ്ക് മാനേജർ ദിവ്യ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഞാൻ ക്വട്ടേഷൻ നൽകാനോ, പ്രോജക്റ്റ് റിപ്പോർട്ട് നൽകാനോ ആവശ്യപ്പെട്ടിട്ടില്ല. ഇതൊന്നും ആവശ്യപ്പെടാതെ തന്നെ എല്ലാം സബ്മിറ്റ് ചെയ്ത് ലോൺ അനുവദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബിജെപിക്കാരൻ ആയതിനാൽ മുദ്രാ ലോൺ നൽകിയേ തീരൂ എന്ന നിലപാടിലായിരുന്നു വിനോദ്. ബാങ്കിന് ബാങ്കിന്റെതായ നടപടിക്രമങ്ങളുണ്ട്. ലോൺ അപേക്ഷ നിരസിച്ചത് ബാങ്കിന്റെ തിരുവനന്തപുരത്തെ റീജിയണൽ ഓഫീസിൽ നിന്നാണ്. വിനോദ് തലവേദനയായി മാറിയപ്പോൾ ഞാൻ ഫയൽ തീരുമാനത്തിനായി റീജിയണൽ ഓഫീസിലേക്ക് കൈമാറിയിരുന്നു. അത് പ്രകാരമുള്ള തീരുമാനമാണ് ഇന്നലെ വന്നത്. പക്ഷെ വിനോദും ബിജെപിക്കാരും ഇന്നലെ ബാങ്കിൽ വന്നു പ്രശ്‌നമുണ്ടാക്കി. അതിനാലാണ് പൊലീസിന്റെ സഹായം തേടിയത്. ബാങ്കിൽ ഞാൻ പുതിയ മാനേജർ ആയി എത്തിയതേയുള്ളൂ. അതുകൊണ്ട് തന്നെ എനിക്ക് എല്ലാം പഠിക്കേണ്ടി വന്നിരുന്നു. രണ്ടു മാസം മുൻപാണ് ഞാൻ ബാങ്കിൽ വരുന്നത്.

യുവമോർച്ച മണ്ഡലം പ്രസിഡന്റ് ആണെന്നാണ് പറഞ്ഞത്. എനിക്ക് മോദിയുടെ മുദ്രാ ലോൺ വേണം എന്നാണ് എന്നോടു പറഞ്ഞത്. എന്തിനാണ് എന്ന് ചോദിച്ചപ്പോൾ കോൺക്രീറ്റ് മിക്‌സ്ചർ വാങ്ങി വാടകയ്ക്ക് നൽകാൻ എന്നാണ് പറഞ്ഞത്. ലോൺ നൽകുമ്പോൾ സ്വന്തം ബിസിനസിനു ആണ്. ഇങ്ങിനെ മൂന്നാമത് പാർട്ടിക്ക് എന്ന് തന്നെ പറയുമ്പോൾ മുദ്രാ ലോൺ വഴി അതിനു അനുമതി നൽകാൻ കഴിയില്ല. ഇത് പറഞ്ഞപ്പോൾ വിനോദ് ഒച്ചയുണ്ടാക്കി. അപ്പോൾ ഇത് ബാങ്കിന്റെ ഉന്നതർക്കും പൊലീസിനുമായി പരാതിയുടെ രൂപത്തിൽ നൽകേണ്ടി വരുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇതോടെയാണ് ബിജെപി പ്രവർത്തകർ ഇളകി. നിരന്തര അന്വേഷണമായിരുന്നു. ഞാൻ ലോൺ നൽകുന്നില്ല എന്ന രീതിയിൽ വന്നു അന്വേഷിക്കുക. ഇത് തന്നെ തലവേദനയായി. ആരാണ് ശരിയായ കസ്റ്റമർ എന്നുപോലും എനിക്ക് തിരിച്ചറിയാൻ കഴിയാതെയായി. ജെസിബി വരെ വാങ്ങിക്കണം. എന്ന രീതിയിൽ ആണ് മുദ്രാ ലോണിനായി ആവശ്യം വരുന്നത്. ഇതെല്ലാം വിനോദ് പ്രശ്‌നം വന്നശേഷം എനിക്ക് നേരിടേണ്ടി വന്നു. ഞാൻ ചോദിക്കാതെ തന്നെ എല്ലാ ഡോക്യുമെന്റും വിനോദ് നൽകി. പ്രോജക്റ്റ് റിപ്പോർട്ടും അടക്കം. ഒന്നും ചോദിക്കാതെ നൽകിയതാണ്. ഞാൻ ജാതിപ്പേര് വിളിച്ചിട്ടില്ല. സംസാരിക്കാൻ കഴിയില്ലാ എന്നാണ് പറഞ്ഞത്. എല്ലാം സിസിടിവിയിലുണ്ട്. ബിജെപിക്കാർ ബാങ്കിൽ വന്നു പ്രശ്‌നമുണ്ടാക്കി. മുദ്രാ ലോൺ ഞാൻ നൽകുന്നില്ല എന്ന രീതിയിലാണ് പ്രശ്‌നങ്ങൾ നീങ്ങിയത്. അതോടെയാണ് റീജിയണൽ ഓഫീസിനെ ഞാൻ കാര്യങ്ങൾ ധരിപ്പിച്ചത്. എനിക്ക് കാര്യങ്ങൾ താങ്ങാൻ കഴിയുമായിരുന്നില്ല. റീജിയണൽ ഓഫീസാണ് ഇന്നലെ റിജക്ഷൻ ലെറ്റർ നൽകിയത്. അതിനാണ് വിനോദിനെ വിളിച്ചത്. ഉച്ചയക്ക് ശേഷം ബിജെപിക്കാരും വിനോദും ഓഫീസിലെത്തി പ്രശ്‌നമുണ്ടാക്കി. അതോടെയാണ് ഞാൻ പൊലീസിനെ വിളിച്ചത്. കാബിനിൽ കയറാതെയാണ് ഞാൻ വിനോദിനോടും ഒപ്പമുള്ളവരോടും സംസാരിച്ചത്.

ബിജെപിക്കാർ എന്നോടു തട്ടിക്കയറി. കാബിനിൽ വന്നിരിക്കണം എന്നാണ് എന്നോടു പറഞ്ഞത്. ലോൺ വേണ്ട ആളോട് സംസാരിക്കാം. കൂടെ വന്ന ആളോട് ഞാൻ എന്തിനു സംസാരിക്കണം. അതുമല്ല അവരുടെ ടോൺ വേറെയുമായിരുന്നു. അങ്ങിനെയാണ് പൊലീസ് സഹായം തേടാൻ തീരുമാനിച്ചതും പൊലീസ് എത്തിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP