Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടു വർഷം മുൻപ് യുകെയിൽ പോയത് സ്റ്റുഡന്റ് വിസയിൽ; എംബിഎ പഠനം പൂർത്തിയാക്കി ഹോട്ടൽ പണിക്കിറങ്ങിയ തൊടുപുഴക്കാരൻ ലണ്ടനിൽ സബ് വേ തുടങ്ങി; യുകെയിലെമ്പാടുമുള്ള 2700 ഫ്രാഞ്ചൈസികളെ പിന്നിലാക്കി ഒടുവിൽ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ഉടമയുമായി: മലയാളികൾക്ക് അഭിമാനത്തോടെ നെഞ്ചോടു ചേർക്കാൻ ശ്യാം ഗോപാൽ

എട്ടു വർഷം മുൻപ് യുകെയിൽ പോയത് സ്റ്റുഡന്റ് വിസയിൽ; എംബിഎ പഠനം പൂർത്തിയാക്കി ഹോട്ടൽ പണിക്കിറങ്ങിയ തൊടുപുഴക്കാരൻ ലണ്ടനിൽ സബ് വേ തുടങ്ങി; യുകെയിലെമ്പാടുമുള്ള 2700 ഫ്രാഞ്ചൈസികളെ പിന്നിലാക്കി ഒടുവിൽ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ഉടമയുമായി: മലയാളികൾക്ക് അഭിമാനത്തോടെ നെഞ്ചോടു ചേർക്കാൻ ശ്യാം ഗോപാൽ

കെ ആർ ഷൈജുമോൻ

ലണ്ടൻ: ചന്ദ്രനിൽ ചെന്നാലും കാണാം മലയാളി തട്ടുകട എന്നതു അനേക വർഷമായി കേട്ട് പരിചയിച്ച മലയാളി ഫലിതം. എന്നാൽ അതിനേക്കാൾ സാഹസമാണ് പാശ്ചാത്യ ലോകത്തെ ഭക്ഷണ ശൃംഖലയിൽ സാന്നിധ്യം അറിയിക്കുക എന്നത്. എന്നാൽ സാന്നിധ്യം മാത്രമല്ല, ആധിപത്യം കൂടി ഉറപ്പിക്കുകയാണ് ലണ്ടൻ മലയാളിയായ ശ്യാം ഗോപാൽ. വെറും എട്ടു വർഷമേ ആയിട്ടുള്ളൂ ശ്യാം ഗോപാൽ എന്ന തൊടുപുഴക്കാരൻ യുകെയിൽ എത്തിയിട്ട്.

കഴിഞ്ഞ രണ്ടു വർഷമായി ലോകത്തെ ഏറ്റവും വലിയ ഭക്ഷണ ശൃംഖലകളിൽ ഒന്നായ സബ്‌വെയുടെ ലണ്ടനിലെ ഒരു കടയുടെ ഉടമയും. എന്നാൽ ആരെയും അമ്പരപ്പിക്കും വിധം യുകെയിലും അയർലന്റിലുമായി വ്യാപിച്ചു കിടക്കുന്ന 2700 സബ്‌വേ കടകളിൽ ഏറ്റവും മുൻപിൽ എത്തിയിരിക്കുകയാണ് ഈ മലയാളി യുവാവ്. അതും നേട്ടം ഒന്നല്ല, രണ്ടാണ് ശ്യാമിന്റെ കടയ്ക്കു പറയാനുള്ളത്. മികച്ച കസ്റ്റമർ സർവീസിനും രാജ്യത്തെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി എന്ന അംഗീകാരവും ഒരാളെ തന്നെ തേടി എത്തി എന്ന അസൂയാർഹമായ നേട്ടമാണ് ശ്യാമും ഭാര്യ ലിമയും ചേർന്ന് നടത്തുന്ന ലണ്ടൻ നോർബറിയിലെ സബ്‌വേയ്ക്കു പറയാനുള്ളത്.

ഈ രംഗത്ത്, സബ്‌വേയുടെ കീഴിൽ തന്നെ ബ്രിട്ടനിൽ വേറെയും മലയാളികൾ ബിസിനസ് ചെയ്യുന്നുണ്ടെങ്കിലും അവരാരും ഇത്തരം ഒരു അവാർഡിന്റെ പരിഗണനയിൽ പോലും എത്തിയിട്ടില്ല എന്നിരിക്കെയാണ് ഈ അവാർഡുകൾക്ക് തിളക്കം കൂടുന്നത്. തൊടുപുഴയിലെ പ്രമുഖ ബിസിനെസ്സ് കുടുംബത്തിലെ അംഗമായ ശ്യാം വെയിൽസിലെ ഗ്ലെൻഡോർ യൂണിവേഴ്‌സിറ്റിയിൽ എംബിഎ പഠിക്കാൻ എത്തുന്നത് തന്നെ യുകെയിൽ ബിസിനസ് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ്. ഇതിനായി ഒന്നര വർഷത്തോളം ഒരു ഇറ്റാലിയൻ റെസ്റ്റോറന്റിൽ മാനേജരായി ജോലി ചെയ്യുകയും ചെയ്തു.

ഭക്ഷണ വിപണിയുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കിയാണ് സ്വന്തമായി ഒരു ഭക്ഷണ വിൽപ്പന ശാല മികച്ച ഒരു ബ്രാൻഡിന്റെ കീഴിൽ തുടങ്ങാം എന്ന ആശയത്തിലേക്ക് ശ്യാം എത്തുന്നതും.

എന്തുകൊണ്ട് സബ്‌വേ?
ഈ ചോദ്യം ആദ്യം ചോദിച്ചത് ശ്യാം തന്നോട് തന്നെയാണ്. കാരണം ആദ്യം മനസ്സിൽ മക്‌ഡൊണാൾഡ് എന്ന വമ്പൻ പേരായിരുന്നു. പിന്നീട് കുറച്ചു കൂടി ആരോഗ്യം ശ്രദ്ധിക്കുന്ന ബ്രാൻഡ് തന്നെ ആകാം എന്ന ആശയത്തിലേക്കെത്തി. അങ്ങനെയാണ് സബ്‌വേ മനസ്സിൽ വേര് പിടിച്ചത്. എന്നാൽ ഒരു പേര് കണ്ടു പിടിച്ചു കയ്യിൽ കാശുമായി ചെന്നാൽ ആർക്കും ഇത്തരം ഫുഡ് റെസ്റ്റോറന്റ് ചെയിനിൽ നിക്ഷേപിക്കാം എന്ന് കരുതണ്ട.

ഏകദേശം ഒന്നര വർഷത്തോളം ഇട്ടു വട്ടം കറക്കിയ ശേഷമാണ് ശ്യാമിന് സബ്‌വേ ഒരു ഏജൻസി അനുവദിക്കുന്നത്. അതും പുതുതായി ഒന്ന് കണ്ടെത്തുക ആയിരുന്നു. ശ്യാമിനും ഇഷ്ടം പുതിയ കട തന്നെ ആയിരുന്നു. നിലവിലെ സ്റ്റാറിന്റെ ബ്രാൻഡ് ഇമേജ് ഏതു വിധം ആയിരിക്കും എന്നുറപ്പിക്കാൻ കഴിയാത്തതിനാൽ ആണ് സ്വന്തം കട എന്ന ആശയത്തെ ഇദ്ദേഹം മുറുക്കെ പിടിക്കുന്നത്.

ആരാണ് സബ്‌വേയുടെ ഇഷ്ടക്കാർ

ശ്യാമിന്റെ അനുഭവത്തിൽ ചെറുപ്പക്കാരാണ് സബ്‌വേ ഇഷ്ടപ്പെടുന്നത്. അതും 17 നും 35 നും ഇടയിൽ ഉള്ളവർ. ഇവരുടെ രുചിയും ഇഷ്ടവുമാണ് സബ്‌വേയുടെ മെനുവിൽ നിറയുന്നതും. കൂടുതൽ ആരോഗ്യ സമ്പുഷ്ടം ആയ ഭക്ഷണം എന്നതാണ് ഈ പ്രായത്തിൽ ഉള്ളവരെ സബ്‌വേയിലേക്കു ആകർഷിക്കുന്നത്. ശ്യാം സ്റ്റോർ ലൊക്കേഷൻ ആയി കണ്ടെത്തിയ നോർബറി ലണ്ടനിലെ ഭക്ഷണ പ്രേമികളുടെ ഇഷ്ടയിടമാണ്.

അനേകം ഫുഡ് റസ്റ്റോറന്റുകൾ ഉള്ള ഇവിടെ ചെറുപ്പക്കാരായ അനേകം പ്രൊഫഷണലുകൾ വന്നു പോകുന്ന ഇടം കൂടിയാണ്. ഇക്കാരണത്താൽ തന്നെയാണ് രണ്ടു വർഷം കൊണ്ട് വിറ്റുവരവിലും ഉപഭോക്തൃ സമ്പതൃപ്തിയിലും മലയാളി നടത്തുന്ന ഈ സബ്‌വേ സ്റ്റോർ രാജ്യത്തെ ഒന്നാം സ്ഥാനം കണ്ടെത്തിയത്.

കോർപറേറ്റിനെ വെല്ലുന്ന മലയാളി ബുദ്ധി
വൻ ബിസിനസ് സാമ്രാജ്യം നയിക്കുന്ന കോർപറേറ്റുകൾക്ക് സ്വന്തം താൽപ്പര്യങ്ങൾ എങ്ങനെയും സംരക്ഷിച്ചേ മതിയാകൂ. അതിനാൽ അവർ ആര് ഫ്രാഞ്ചൈസി നടത്തുന്നു എന്നൊന്നും നോക്കില്ല. പുറത്തുള്ള ഏജൻസികളെ നിയോഗിച്ചു രഹസ്യ നിരീക്ഷണം നടത്തും. സബ്‌വേ കടകളിൽ ഓരോ മാസവും രണ്ടു വീതം രഹസ്യ ഉപയോക്താക്കൾ എത്തും. ഇവരുടെ ലക്ഷ്യം കട നിരീക്ഷണമാണ്. കടയിലെ ജീവനക്കാരുടെ പെരുമാറ്റം മുതൽ വൃത്തിയും ഡിസ്‌പ്ലേയും അടക്കമുള്ള കാര്യങ്ങൾ രഹസ്യ ക്യാമറ വഴി പകർത്തും.

ഇത്തരത്തിൽ കഴിഞ്ഞ ഒരു വർഷത്തെ 24 രഹസ്യ നിരീക്ഷണത്തിലും ശ്യാമിന്റെ കട നൂറിൽ നൂറു മാർക്ക് കണ്ടെത്തിയപോൾ സബ്‌വേയുടെ ലോകത്തെ ആകെയുള്ള 45000 നെറ്റ്‌വർക്ക് ശ്യംഖലയിൽ ഒന്നായി മാറുക ആയിരുന്നു. ലോകത്തു തന്നെ നൂറു ശതമാനം കസ്റ്റമർ സാറ്റിസ്ഫാക്ഷൻ നേടിയ ആറോ എഴോ കടകളിൽ ഒന്നാണ് ശ്യാമിന്റെ സബ്‌വേ. ഈ നേട്ടത്തിന്റെ അംഗീകാരം ശ്യാമിന് മാത്രം സ്വന്തമല്ല. കടയുടെ ദൈനംദിന നടത്തിപ്പിൽ മുഴുവൻ ശ്രദ്ധ നൽകുന്ന ഭാര്യ ലിമ ശ്യാം ആണ് ഈ നേട്ടത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. കട തുടങ്ങിയ നാൾ മുതൽ ലിമ ഓരോ കാര്യവും ശ്രദ്ധിച്ചു മുൻ നിരയിൽ തന്നെയുണ്ട്.

എളുപ്പമല്ല തുടക്കം, എങ്കിലും വളർച്ച എളുപ്പം തന്നെ
പറഞ്ഞു പോകും പോലെ അത്ര എളുപ്പമല്ല ഇത്തരം ബിസിനസ്. നൂലാമാലയും പൊല്ലാപ്പും ആവശ്യത്തിനുണ്ട്. ശ്യാമിന്റെ കട ലണ്ടനിലെ പോഷ് ഏരിയ ആയതിനാൽ നല്ല ഉപയോക്താക്കളെ കിട്ടുന്നു എന്നത് പ്രധാനമാണ്. പക്ഷെ ഇതിനായി ശ്യാം വൻ തുകയാണ് ഫ്രാഞ്ചൈസി ഫീസായി മുടക്കിയത്. സാധാരണ പ്രദേശങ്ങളിൽ രണ്ടു ലക്ഷം പൗണ്ട് മുതൽ മേൽപ്പോട്ടു ഫ്രാഞ്ചൈസി ഫീസ് വരുമ്പോൾ പോഷ് ഏരിയയിലും കച്ചവടം കൂടുതൽ ഉള്ളിടത്തും മൂന്നര ലക്ഷം പൗണ്ട് വരെ മുതൽ മുടക്കു വരും. എന്നാൽ ലോക ശ്രദ്ധ ഉള്ള ബ്രാൻഡ് എന്ന നിലയിൽ വളർച്ച എളുപ്പമാണ്.

സാധനങ്ങളുടെ വാങ്ങൽ മുതൽ സ്റ്റോർ കണക്കെടുപ്പു വരെയുള്ള കാര്യങ്ങളിൽ കോർപറേറ്റ് പിന്തുണ ഉണ്ട് എന്നതാണ് പ്രധാനം. ജീവനക്കാരുടെ അറ്റൻഡൻസും ഡ്യൂട്ടി റോട്ടയും വരെ മൊബൈൽ ആപ്ലിക്കേഷൻ സാങ്കേതിക വിദ്യയുടെ പിന്തുണയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഫ്രാഞ്ചൈസി ഉടമയുടെ തലവേദന കുറെയൊക്കെ കോർപറേറ്റ് ബ്രാൻഡ് ഏറ്റെടുക്കുന്നു. ഈ ഫോർമുലയിൽ സ്ഥിരോത്സാഹികൾക്കു വളരാൻ എളുപ്പമാണ്. ശ്യാം അടുത്ത കടയും ഉടൻ ആരംഭിക്കുകയാണ്.

വെല്ലുവിളികൾ കൂടുന്നു, നേരിട്ടേ മതിയാകൂ
ആവശ്യത്തിന് ജോലിക്കാരെ കിട്ടാത്തത് ഇത്തരം ബിസിനസ്സിൽ എല്ലായ്‌പ്പോഴും തലവേദന. ഇതിനു അധികം ആരും പ്രയോഗിക്കാത്ത ഒരു സൂത്രമുണ്ട് ശ്യാമിന്റെ കൈവശം. പത്തു ജോലിക്കാർ ആവശ്യം ഉള്ളിടത്തു 13 പേരെ നിയമിക്കും. ഇവർക്ക് ബുദ്ധിപൂർവം ഷിഫ്റ്റ് പകുത്തു നൽകും. താൻ ചെന്നല്ലെങ്കിൽ മറ്റൊരാൾ ജോലിക്കുണ്ടാകും എന്ന സാധ്യതയിൽ സാധാരണ ആരും ജോലിക്കു അപ്രതീക്ഷിതമായി വരാതിരിക്കില്ല. ഉഴപ്പിയാൽ ആൾ കൂടുതൽ ഉണ്ടെന്ന കാരണത്താൽ എപ്പോൾ വേണമെങ്കിലും ജോലി തെറിക്കും എന്ന വസ്തുത മുന്നിൽ ഉള്ളതിനാൽ ജീവനക്കാർ കൂടുതൽ ശ്രദ്ധയോടെ ജോലിയും ചെയ്യും.

ഇതിനൊക്കെ പുറമെ ബ്രക്‌സിറ്റ് മുതൽ ടാക്‌സ് സിസ്റ്റം വരെ ഭാവിയിലെ വെല്ലുവിളി ആണെന്നും നേരിട്ടേ മതിയാകൂ എന്നും ശ്യാം പറയുന്നു. അമേരിക്കയിൽ നിന്നും എത്തുന്ന ടിഷ്യു ടവ്വലും തായ്‌ലാന്റിൽ നിന്നും വരുന്ന മത്സ്യ മാംസവും ഒക്കെ ബ്രെക്‌സിറ്റ് ശേഷം എങ്ങനെ ബാധിക്കും എന്നത് ഇപ്പോഴും പിടി കിട്ടുന്നില്ലെന്ന് ശ്യാം പറയുന്നു. പക്ഷെ നേരിടാൻ ഉള്ള ഒരുക്കത്തിൽ തന്നെയാണ് ഈ ബിസിനസ് പ്രതിഭ. പത്താം ക്ലാസിൽ പഠിക്കുന്ന ഗൗരി ശങ്കർ ആണ് ഏക മകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP