Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202306Tuesday

എന്റെ പേര് സ്വപ്നയുടെ മുന്നിൽ ആളാകാൻ ദുരുപയോഗിച്ചിട്ടുണ്ട് എങ്കിൽ ഷാജ് ദുഃഖിക്കും; എനിക്ക് ആകെയുള്ള സ്വത്ത് ക്രെഡിബിലിറ്റിയാണ്; അത് തട്ടിക്കളിക്കാൻ ഷാജ് എന്റെ ആരുമല്ല; വരട്ടെ, സ്വപ്ന തെളിവ് പുറത്തു വിടട്ടെ; ആരോപണങ്ങൾ നിഷേധിച്ച് നികേഷ് കുമാർ; വാട്‌സാപ്പ് തെളിവും പുറത്തുവിട്ട് റിപ്പോർട്ടർ ടിവി മേധാവി

എന്റെ പേര് സ്വപ്നയുടെ മുന്നിൽ ആളാകാൻ ദുരുപയോഗിച്ചിട്ടുണ്ട് എങ്കിൽ ഷാജ് ദുഃഖിക്കും; എനിക്ക് ആകെയുള്ള സ്വത്ത് ക്രെഡിബിലിറ്റിയാണ്; അത് തട്ടിക്കളിക്കാൻ ഷാജ് എന്റെ ആരുമല്ല; വരട്ടെ, സ്വപ്ന തെളിവ് പുറത്തു വിടട്ടെ; ആരോപണങ്ങൾ നിഷേധിച്ച് നികേഷ് കുമാർ; വാട്‌സാപ്പ് തെളിവും പുറത്തുവിട്ട് റിപ്പോർട്ടർ ടിവി മേധാവി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളാണ് വാർത്തകളിൽ നിറയുന്നത്. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിൽ പ്രതിയാകുകയും മുൻകൂർ ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്തതിന് പിന്നാലെ കൂടുതൽ ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തുവരികയുണ്ടായി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് താൻ നൽകിയ രഹസ്യമൊഴി മാറ്റാൻ സമ്മർദ്ദമുണ്ടെന്നും മുൻ മാധ്യമ പ്രവർത്തകൻ ഷാജ് കിരൺ അതിന് വേണ്ടി മാനസികമായി പീഡിപ്പിച്ചെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

നികേഷ് കുമാർ എന്ന വ്യക്തി മുഖ്യമന്ത്രിക്ക് വേണ്ടി ഒത്തുതീർപ്പ് ഇടപെടൽ നടത്താൻ ശ്രമിക്കുന്നതായി ഷാജ് കിരൺ പറഞ്ഞെന്ന സ്വപ്നയുടെ ആരോപണവും വിവാദമായി. ഷാജ് കിരണും സ്വപ്ന സുരേഷും തന്റെ പേര് പരാമർശിക്കുന്നത് ചർച്ചയാകവെ റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എം വി നികേഷ് കുമാർ ആരോപണങ്ങൾ വിശദീകരിക്കുകയാണ്. നികേഷ് കുമാറിന്റെ നിലപാട് വിശദീകരണം റിപ്പോർട്ടർ ടിവിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാട്‌സാപ്പ് ചാറ്റും നികേഷ് പുറത്തു വിട്ടിട്ടുണ്ട്.

നികേഷ് കുമാറിന്റെ റിപ്പോർട്ടർ പ്രസിദ്ധീകരിച്ച വിശദീകരണം ചുവടെ

സ്വപ്ന സുരേഷ്, ഷാജ് കിരൺ എന്നീ രണ്ട് വ്യക്തികൾ ഇന്ന് പരാമർശിച്ച നികേഷ് കുമാർ താങ്കളാണോ?

എന്റെ പേര് തന്നെയാണ് സ്വപ്ന പറഞ്ഞത് എന്ന് ഷാജ് കിരൺ പറഞ്ഞുവല്ലോ. ഷാജ് കിരൺ ഇന്റവ്യൂവിന് എന്നെ ക്ഷണിച്ചിട്ടുമുണ്ട്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളിൽ എംവി നികേഷ് കുമാറിന് മാധ്യമപ്രവർത്തകൻ എന്നതിനും അപ്പുറത്ത് എന്താണ് റോൾ?

ഇന്നലെ എന്നെ ഷാജ് കിരൺ എന്ന ആൾ വിളിച്ചിരുന്നു. രണ്ടു മൂന്നു പ്രാവശ്യം വിളിച്ചപ്പോഴും എടുക്കാൻ പറ്റിയില്ല. ഫോൺ എടുക്കാത്തതുകൊണ്ടാകാം അയാൾ രാത്രി 8:44ന് എനിക്ക് ഒരു എസ്എംഎസ് അയച്ചു. 'സർ വെരി അർജെന്റ്' എന്നും 'ഇമ്പോർട്ടന്റ് മാറ്റർ സ്വപ്ന കേസ്' എന്നീ രണ്ടു മെസേജുകൾ എന്റെ ഫോണിൽ ഉണ്ട്. വാർത്താപരമായ കാര്യമായതിനാൽ ഒൻപത് മണി കഴിഞ്ഞ് തിരിച്ചു വിളിച്ചു. ഷാജി പറഞ്ഞത് ഇങ്ങനെയാണ് 'സ്വപ്നാ സുരേഷ് വിഷയം നമ്മൾ പുറത്തു കേൾക്കുന്നതൊന്നും അല്ല. അവരെ എച്ച്ആർഡിഎസ് തടങ്കലിൽ വെച്ചിരിക്കുകയാണ്. വക്കീൽ ആണ് അവരെക്കൊണ്ട് പലതും പറയിപ്പിക്കുന്നത്. അവർ എന്നെ ബാത്റൂമിൽ ഇരുന്ന് വിളിച്ചു. ഞാൻ (സ്വപ്ന )ആത്മഹത്യാ മുനമ്പിൽ ആണെന്ന് പറഞ്ഞു'. ഈ കാര്യം പറഞ്ഞതിനു ശേഷം ഷാജി എന്നോട് ആവശ്യപ്പെട്ടു, സർ വന്ന് ഒരു എക്സ്‌ക്ലൂസീവ് ഇന്റർവ്യൂ എടുക്കണം. സാറിനോട് മാത്രമേ അവർ തുറന്നു പറയുകയുള്ളൂ.'

എനിക്ക് എച്ച്ആർഡിഎസിലെ ആൾക്കൂട്ടത്തെക്കുറിച്ച് ധാരണ ഉള്ളതുകൊണ്ട്, ഇന്റർവ്യൂ എടുക്കാം, പക്ഷെ ആളുകൾ ചുറ്റും കൂടി നിന്നു കൊണ്ടുള്ള ഒരു ഇന്റർവ്യൂ പറ്റില്ല. അതിന് അവർ തയ്യാറാണോ എന്ന് ചോദിക്കൂ എന്ന് പറഞ്ഞു. തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത ഷാജി അവർ വേണമെങ്കിൽ ഞാൻ ഉള്ള കൊച്ചിയിൽ വരാനും തയ്യാറാണ് എന്ന് പറഞ്ഞു. അത് വേണ്ട, ഞാൻ ട്രാവൽ ചെയ്തോളാം. രാവിലെ എനിക്ക് നേരത്തെ നിശ്ചയിച്ച ചില കാര്യങ്ങൾ ഉണ്ട്, അതുകൊണ്ട് വരാൻ പറ്റുന്ന സമയം അറിയിക്കാം എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.രാവിലെ നടക്കേണ്ട എന്റെ മീറ്റിങ് നീണ്ടുപോയി. അതിനിടയിൽ ഷാജി വിളിക്കുമ്പോഴും എനിക്ക് എപ്പോൾ ഇന്റർവ്യൂവിനായി വരാൻ കഴിയും എന്നത് സംബന്ധിച്ച് ഒരു വ്യക്തത നൽകാൻ കഴിയുന്നുണ്ടായിരുന്നില്ല. ഈ സമയം എല്ലാം ഷാജി എന്നെ ഇന്റർവ്യൂവിന് നിർബന്ധിക്കുന്നുണ്ടായിരുന്നു. വൈകീട്ട് സ്വപ്നയുടെ വാർത്താ സമ്മേളനം കണ്ടപ്പോൾ എനിക്ക് ഇതിന്റെ തിരക്കഥ സംബന്ധിച്ച് സംശയം വരുന്നു. എന്റെ സംശയം രണ്ടു തരത്തിൽ ആണ്.ഒന്ന്: ഷാജിയും സ്വപ്നയും ചേർന്ന് എന്നെ അവിടെ എത്തിച്ച് പുതിയ ഒരു തിരക്കഥ സൃഷ്ടിക്കാൻ ശ്രമം നടത്തിയിരുന്നോ?രണ്ട്: ഷാജിയുടെ 'തള്ള് ' ഇതിൽ പങ്കുവഹിച്ചിട്ടുണ്ടോ? ഒരു ബലം കിട്ടാൻ സ്വപ്നയുടെ മുൻപിൽ ഷാജി വായിൽ തോന്നുന്നത് പറഞ്ഞിട്ടുണ്ടോ?രണ്ടായാലും എനിക്ക് കാര്യം അറിയണം. എന്റെ പേര് രണ്ടു പേരിൽ ആരെങ്കിലും ദുരുപയോഗിച്ചിട്ടുണ്ടെങ്കിൽ വിടില്ല ഞാൻ. അറ്റം വരെ പോകും.സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി താങ്കൾക്ക് എന്താണ് ബന്ധം?സ്വപ്നാ സുരേഷിനെ ഒരിക്കലും ഞാൻ ഫോണിൽ വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല. ഒരു വാർത്താ സോഴ്സ് എന്ന നിലയിൽ വിളിക്കുന്നതിലോ കാണുന്നതിലോ തെറ്റില്ല. പക്ഷെ, അങ്ങനെ ഉണ്ടായിട്ടില്ല എന്ന് മാത്രം.

കുറ്റാരോപിതരായാലും സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരായാലും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നവരെ മാധ്യമ പ്രവർത്തകർ റിപ്പോർട്ടിങ്ങിനായി സമീപിക്കുന്നത് സ്വാഭാവികമാണ്. സ്വപ്നയുമായി താങ്കൾ ബന്ധപ്പെട്ടതിൽ വാർത്തയ്ക്ക് അപ്പുറമുള്ള എന്തെങ്കിലും താൽപര്യമുണ്ടായിരുന്നോ?

സ്വപ്നയെ ഞാൻ ബന്ധപ്പെട്ടിട്ടില്ല. ഷാജിയാണ് എന്നെ വിളിക്കുന്നത്. സ്വപ്ന ഷാജിയുടെ കൃത്രിമ ഗർഭം ധരിക്കാം എന്ന് പറഞ്ഞിട്ടുണ്ടത്രേ. അവർക്ക് ഒരു പ്രശ്നം വന്നപ്പോൾ അത് പുറം ലോകത്തെ അറിയിക്കാൻ അയാൾക്ക് പരിചയമുള്ള മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എന്നെ വിളിച്ചു എന്നാണ് ഷാജി പറയുന്നത്. അതിനപ്പുറം ഉണ്ടെങ്കിൽ ഞാൻ കണ്ടു പിടിക്കും.

മുഖ്യമന്ത്രിയുടെ ശബ്ദമാണ് നികേഷ് കുമാർ, ഫോൺ നികേഷ് കുമാറിന് കൊടുക്കണം എന്നെല്ലാം ഷാജ് കിരൺ പറഞ്ഞതായാണ് സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളിൽ താങ്കളുടെ ഇടപെടൽ ആവശ്യപ്പെടാറുണ്ടോ?

ഇക്കാര്യം ഞാനും മനസിലാക്കാൻ ശ്രമിക്കുന്ന വിഷയമാണ്. അതാണ് 'തള്ള് ' ഉണ്ടായിട്ടുണ്ടോ എന്ന് അറിയണം എന്ന് പറഞ്ഞത്. ഞാൻ ഇന്റർവ്യൂ എടുത്താൽ അത് മുഖ്യമന്ത്രി കാണും, അങ്ങനെ പ്രശ്നങ്ങളിൽ അയവ് വരും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഷാജിയുടെ വിവരക്കേട് ആണ്. മുഖ്യമന്ത്രിയുടെ ശബ്ദമാണ് ഞാൻ എന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ്. എന്റെ കയ്യിൽ സ്വപ്നയുടെ ഫോൺ കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഷാജിക്ക് തല്ലു കൊള്ളാത്തതിന്റെ കുഴപ്പമുണ്ട്. ഇതിലൊക്കെ ഓഡിയോ റെക്കോർഡ് ഉണ്ടെന്നാണല്ലോ സ്വപ്ന പറയുന്നത്. പുറത്തു വരട്ടെ. എന്നിട്ട് പറയാം. മുഖ്യമന്ത്രിയെ രക്ഷിക്കാൻ ഒത്തുതീർപ്പ് ശ്രമം നടത്തി എന്നതാണ് താങ്കൾക്കെതിരെയുള്ള ആരോപണം. വ്യക്തി എന്നതിനേക്കാൾ ഒരു മാധ്യമസ്ഥാപനത്തിന്റെ ഉടമയും കൂടിയാണ്. ഇത്തരം ആരോപണങ്ങൾ

താങ്കളുടേയും സ്ഥാപനത്തിന്റേയും വിശ്വാസ്യതയെ ബാധിക്കില്ലേ?

മാധ്യമ പ്രവർത്തനം പൂർണ്ണമായും ആസ്വദിക്കുന്ന ആളാണ് ഞാൻ. സോഴ്സിൽ എത്തിപ്പെടുമ്പോൾ ഉള്ള ആനന്ദം വേറൊന്നാണ്. അതിൽ നിന്ന് ഒരു ബ്രെയ്ക്കിങ് ന്യൂസ് രൂപപ്പെടുമ്പോൾ കുഞ്ഞു ജനിക്കുന്നതിന്റെ ആഹ്ലാദം ആണ് മാധ്യമപ്രവർത്തകർക്ക് അനുഭവപ്പെടുക. എനിക്കും അങ്ങനെയാണ്. മുഖം നോക്കാതെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ ആണ് സുഖം. ഒത്തു തീർപ്പിന് ഇറങ്ങിയാൽ ആ സുഖം പോയില്ലേ.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് താങ്കൾ. ഈയിടെ നടന്ന സിപിഐഎം പാർട്ടി കോൺഗ്രസിൽ താങ്കൾ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. എൽഡിഎഫ് സർക്കാരിന് വേണ്ടി ഇടപെട്ടെന്ന വാദത്തിന് ഈ ഘടകങ്ങൾ ബലം പകരുന്നില്ലേ?ഞാൻ ഒരു പാർട്ടിയിലും അംഗമല്ല. പക്ഷെ, രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ട്. അത് തുടരും. എല്ലാ നല്ല മാധ്യമ പ്രവർത്തകർക്കും കൃത്യമായ രാഷ്ട്രീയ വീക്ഷണം ഉണ്ടായിരുന്നു എന്ന് ഇന്ത്യയിലെ മാധ്യമ ചരിത്രം പരിശോധിച്ചാൽ മനസിലാകും. എന്റെ രാഷ്ട്രീയ വീക്ഷണത്തിൽ എനിക്ക് അഭിമാനമേയുള്ളൂ.

നികേഷ് കുമാറുമായി വർഷങ്ങളുടെ പരിചയമുണ്ടെന്ന് ഷാജ് കിരൺ ആവർത്തിക്കുന്നു. ഇന്ത്യാവിഷൻ കാലത്ത് സഹപ്രവർത്തകരായിരുന്നെന്നും പറയുകയുണ്ടായി. താങ്കൾക്ക് ഷാജ് കിരൺ ആരാണ്?ഇന്ത്യാവിഷനിൽ ഞാൻ എക്സിക്യൂട്ടീവ് എഡിറ്റർ ആയിരിക്കുന്ന ഘട്ടത്തിൽ ട്രെയ്നി ആയി വന്ന ആളാണ് ഷാജ് കിരൺ. അയാളെ കൂടുതൽ പഠിക്കാൻ ഡൽഹിക്ക് ട്രാൻസ്ഫർ ചെയ്തു. അതിന്റെ സാധ്യത അയാൾക്ക് മനസിലായില്ല. രാജിവെച്ച് ഏഷ്യാനെറ്റിൽ പോയി.

സ്വപ്ന ആരോപിക്കുന്ന കാര്യങ്ങൾ താങ്കൾ ഷാജ് കിരണിനോട് പറഞ്ഞിട്ടുണ്ടോ?

വ്യാഴാഴ്ച രാത്രി എട്ടു മണിയുടെ എഡിറ്റേഴ്സ് അവർ പരിപാടിയിൽ സ്വപ്ന പറഞ്ഞ കാര്യങ്ങളിൽ ഷാജിനോട് ഞാൻ ലൈവ് ആയി വിശദീകരണം ചോദിച്ചല്ലോ. മറുപടി തൃപ്തികരമല്ല.

താങ്കൾ സ്വപ്നയുടെ ആരോപണം നിഷേധിക്കുകയാണല്ലോ. ഇവിടെ ആരോ ഒരാൾ നുണ പറയുന്നെന്ന് വ്യക്തം. സ്വപ്നാ സുരേഷാണോ? ഷാജ് കിരണാണോ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്?ആരായാലും എന്റെ പേര് ദുരുപയോഗിച്ചാൽ വെറുതെ വിടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇടുന്ന ഉടുപ്പ് അല്ലാതെ സ്വന്തമായി സമ്പാദ്യം ഇല്ലാത്ത ആൾ ആണ്. വീടോ കാറോ സമ്പാദിക്കാൻ ശ്രമിച്ചിട്ടില്ല. ഒരു സ്വതന്ത്ര ടെലിവിഷൻ ചാനൽ നടത്തുക വലിയ വെല്ലുവിളിയാണ്. എന്റെ ക്രെഡിബിലിറ്റി തട്ടിക്കളിക്കാൻ സ്വപ്നയേയോ ഷാജിനെയോ അനുവദിക്കാൻ ആവില്ല. അത് എന്നെ മാത്രമല്ല എന്റെ കൂടെ പ്രവർത്തിക്കുന്ന എല്ലാവരേയും ബാധിക്കും. അതിനാൽ അവസാനം വരെ പോകും.

വാർത്തയ്ക്ക് വേണ്ടി ബന്ധപ്പെട്ട താങ്കളുടെ വിശ്വാസ്യതയും മാധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള പ്രശസ്തിയും ഷാജ് കിരൺ വിലപേശലിനോ, ഒത്ത് തീർപ്പിനോ അല്ലെങ്കിൽ മറ്റെന്തിലും ലക്ഷ്യത്തോടെ ദുരുപയോഗം ചെയ്തിട്ടുണ്ടോ?

എന്റെ പേര് സ്വപ്നയുടെ മുന്നിൽ ആളാകാൻ ദുരുപയോഗിച്ചിട്ടുണ്ട് എങ്കിൽ ഷാജ് ദുഃഖിക്കും. എനിക്ക് ആകെയുള്ള സ്വത്ത് ക്രെഡിബിലിറ്റിയാണ്. അത് തട്ടിക്കളിക്കാൻ ഷാജ് എന്റെ ആരുമല്ല. വരട്ടെ, സ്വപ്ന തെളിവ് പുറത്തു വിടട്ടെ. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് താങ്കളുടെ പേര് ഉയർന്നുവരുന്നതിൽ മറ്റെന്തെങ്കിലും താൽപര്യങ്ങളുണ്ടോ? എന്തായിരിക്കും അത് ആസൂത്രണം ചെയ്തവരുടെ ലക്ഷ്യം?എന്റെ പേര് കൂട്ടിച്ചേർക്കപ്പെട്ടത് ചിലർ നന്നായി ഉപയോഗിക്കുന്നുണ്ട്. പൂർണ്ണ ബോധ്യം ഇല്ലാതെ ആസൂത്രണമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാനാകില്ല. ഏതായാലും, ഈ വിഷയത്തിൽ ഗൗരവമായ ഇടപെടൽ ഒരു മാധ്യമ സ്ഥാപനം എന്ന നിലയില് റിപ്പോർട്ടർ ടിവി നടത്തും. കാരണം ഇരുപക്ഷവും രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. ആരാണ് ശരി ആരാണ് തെറ്റ് എന്ന് കണ്ടെത്തേണ്ടതുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP