Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉണ്ടായിരുന്നത് നിർണായ സ്വാധീനം; മുഖ്യമന്ത്രിയുമായിട്ടുള്ളത് സാധാരണ പരിചയം മാത്രം; പിടിച്ചെടുത്ത സ്വർണം വിട്ട് കിട്ടാൻ സ്വപ്ന ഇടപെട്ടിരുന്നെന്നും എൻ.ഐ.എ; സ്പേസ് പാർക്ക് പദ്ധതിയിലും സ്വപ്നയുടെ സ്വാധീനം; സ്വപ്നയുടെ ജാമ്യ ഹർജി എതിർത്ത് എൻ.ഐ.എ; സ്വർണം വിട്ടുകിട്ടാനും ശിവശങ്കറിനെ സ്വാധീനിച്ചു; ശിവശങ്കരൻ സഹായിച്ചില്ലെന്നും എൻ.ഐ.എ; സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്കുള്ളത് നിർണായക പങ്ക്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തയതന്ത്ര ബാഗ് വഴിയുള്ള സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ സംഘം കോടതിയിൽ. സ്വപ്നയുടെ ജാമ്യഹർജി എതിർത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എൻഐഎയ്ക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ വിജയ കുമാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ഇന്ന് വാദം തുടങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായി സ്വപ്നയ്ക്ക് ബന്ധമുള്ള കാര്യം നേരത്തെ പുറത്തുവന്നതാണെങ്കിലും കോടതിയിൽ ഒരു വാദമായി എൻഐഎ ഇക്കാര്യം ഉയർത്തുന്നത് ഗൗരവകരമാണ്. ശിവശങ്കറുമായി ബന്ധമുണ്ടെങ്കിലും മുഖ്യമന്ത്രിയുമായി സ്വപ്‌നയ്ക്ക് സാധാരണ പരിചയം മാത്രമാണുണ്ടായിരുന്നതെന്നും പറയുന്നു.

സ്വർണം കടത്തിയ കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന് എൻഐഎ കോടതി കഴിഞ്ഞ ദിവസം അഭിഭാഷകനോട് ആരാഞ്ഞിരുന്നു. സ്വർണക്കടത്ത് സാമ്പത്തിക ഭീകരവാദമാണെന്ന വാദമായിരുന്നു ഇതിന് മറുപടിയായി എൻഐഎ കോടതിയിൽ നൽകിയത്.
സ്വർണക്കടത്തിന്റെ പേരിൽ തനിക്കെതിരായുള്ള ചോദ്യം ചെയ്യലുകൾ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന കോടതിയോട് അപേക്ഷിച്ചിരുന്നു. ഇത് നികുതി വെട്ടിപ്പു കേസ് മാത്രമാണെന്ന വാദമായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റേത്. ഇതിന് മറുപടിയായി സംഗതി കൂടുതൽ ഗൗരവമുള്ളതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം.

അതേ സമയം സ്വർണക്കടത്ത് കേസിൽ കേസിലെ മുഖ്യകണ്ണിയായ കെ.ടി. റമീസ് ഫോൺ നശിപ്പിച്ചതിന് കാരണം യഥാർത്ഥ ഗൂഡാലോചകനെ രക്ഷിക്കാനാണെന്നാണ് സൂചന. നശിപ്പിച്ചു കളഞ്ഞ ഫോണിലെ 'രഹസ്യങ്ങൾ' വെളിപ്പെടുത്താൻ റമീസ് ഇതുവരെ തയാറായിട്ടില്ല.

ദുബായിൽ നിന്നെത്തിയ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് ജൂൺ 30നു തടഞ്ഞുവച്ച വിവരം അറിഞ്ഞ അന്നു രാത്രിയാണു മൊബൈൽ ഫോൺ നശിപ്പിച്ചത്. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, പി.എസ്. സരിത് എന്നിവരെ വിളിക്കാൻ ഉപയോഗിച്ചിരുന്ന ഫോണുകൾ റമീസ് നശിപ്പിച്ചതുമില്ല. ഒളിവിൽ പോകാനും ശ്രമിച്ചില്ല. ഇതിന്റെ കാരണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സരിതയേയും സന്ദീപിനേയും വിളിച്ച ഫോണും ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും റമീസിന്റെ വീട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സരിത് പിടിക്കപ്പെട്ടതോടെ അന്വേഷണം തന്നിലെത്തുമെന്നു റമീസിന് അറിയാമായിരുന്നു. ഫോൺ നശിപ്പിച്ചത് ഇതിനു തെളിവാണ്.

റമീസിന് മാത്രമേ ഈ നമ്പറും അറിയൂ. അതുകൊണ്ട് തന്നെ ഇതിലെ വിവരങ്ങൾ പുറത്തു വരണമെങ്കിൽ റമീസ് തന്നെ സഹകരിക്കണം. എന്തുവന്നാലും പറയില്ലെന്ന നിലപാടിലാണ് റമീസും. നശിപ്പിച്ച ഫോണിൽ റമീസിന്റെ ഉന്നത ബന്ധങ്ങളുടെ തെളിവുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഈ സാഹചര്യത്തിലാണു റമീസിനെ കൂടുതൽ ചോദ്യം ചെയ്യാനായി 3 ദിവസം കൂടി ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. കേസിൽ അറസ്റ്റിലായ മറ്റു 11 പ്രതികൾക്കും റമീസിന്റെ നശിപ്പിക്കപ്പെട്ട ഫോണിന്റെ നമ്പർ അറിയില്ല.

നയതന്ത്രചാനൽ ദുരുപയോഗം ചെയ്ത് നടത്തിയ സ്വർണക്കടത്തുകളിൽ ഓരോഘട്ടത്തിലും ഇടപെട്ടവരെ തിരിച്ചറിയാനും തെളിവുകൾ ശേഖരിക്കാനും എൻ.ഐ.എ സംഘം യു.എ.ഇയിലേക്ക് പോവുന്നതും ഈ സാഹചര്യത്തിലാണ്. അറസ്റ്റിലായ ഫൈസൽഫരീദിനെ ചോദ്യം ചെയ്യാനും നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും കഴിയും.യു.എ.ഇ സന്ദർശനങ്ങളിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആരൊക്കെയായി ബന്ധപ്പെട്ടു എന്നതും അന്വേഷിക്കും.

യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയുടെ നിർദ്ദേശപ്രകാരമല്ല സ്വപ്ന സുരേഷ് ഡിപ്ലൊമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസിനെ വിളിച്ചതെന്ന് എൻ.ഐ.എ പറയുന്നു. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ച ശേഷം ഇതിൽ ആഹാരസാധനങ്ങളാണന്ന വ്യാജരേഖ ഉണ്ടാക്കിയതായും സ്വപ്നയുടെ ജാമ്യ ഹർജിയെ എതിർത്തു കൊണ്ട് എൻ.ഐ.എ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. ബാഗേജ് വിട്ടുകിട്ടാൻ നിരവധി തവണ സ്വപ്ന കസ്റ്റംസ് അധികൃതരെ വിളിച്ചിട്ടുണ്ടെന്നും എൻ.ഐ.എ വ്യക്തമാക്കുന്നു.

കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന കാലം മുതലാണ് സ്വപ്ന സുരേഷ് സ്വർണ്ണക്കടത്ത് ആരംഭിച്ചതെന്നാണ് എൻ.ഐ.എയുടെ നിഗമനം. നയതന്ത്ര ഓഫിസിന്റെ പ്രത്യേക പരിരക്ഷ ഉപയോഗപ്പെടുത്തിയായിരുന്നു സ്വർണ്ണക്കടത്ത്. സ്വപ്ന, സന്ദീപ് എന്നിവർക്ക് ഉന്നത ബന്ധമുണ്ടെന്നും സ്വാധീനമുണ്ടെന്നും എൻ.ഐ.എ പറയുന്നു. ലോക്ഡൗൺ കാലത്ത് സംസ്ഥാനം വിടാൻ ഇവരെ സഹായിച്ചതും ഈ സ്വാധീനമാണ്.

സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്നും ഒരു കിലോഗ്രാം സ്വർണ്ണവും ഒരു കോടി രൂപയും ലഭിച്ചു. 40 ലക്ഷത്തോളം രൂപയുടെ വിവിധ ബാങ്കുകളിലെ ഡെപ്പോസിറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സന്ദീപിൽ നിന്ന് 2 കോടി രൂപയും 51 ലക്ഷം രൂപയുടെ ബാങ്ക് ഡപ്പോസിറ്റ് രേഖകളും ലഭിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP